നിന്നെ കാണുന്പോൾ വിടരുന്ന കവിത!
Sunday, May 28, 2023 1:34 AM IST
ആളുകൾക്ക് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു- ബോബി എന്ന സിനിമ എന്നെ ഒരു അഭിനേതാവായി അവതരിപ്പിക്കാൻ നിർമിച്ചതാണെന്ന്. സത്യം അതല്ല. മേരാ നാം ജോക്കർ എന്ന സിനിമ വരുത്തിവച്ച കടങ്ങൾ തീർക്കാൻ നിർമിച്ച സിനിമയാണത്. ഒരു ടീനേജ് പ്രണയകഥ സിനിമയാക്കാനാണ് എന്റെ പിതാവ് ആഗ്രഹിച്ചത്. അതിൽ രാജേഷ് ഖന്നയെ അഭിനയിപ്പിക്കാനുള്ള പണം അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല- ഋഷി കപൂർ പറഞ്ഞതാണിത്.
ഒരുപക്ഷേ ആവശ്യത്തിനു പണമില്ലാതിരുന്നതു തന്നെയാകണം ബോബിയിലെ പാട്ടുകൾ പാടാൻ മുഹമ്മദ് റഫിയെയോ കിഷോർ കുമാറിനെയോ മുകേഷിനെയോ വിളിക്കാതിരുന്നത്. പകരം ശൈലേന്ദ്ര സിംഗും നരേന്ദ്ര ചഞ്ചലും എത്തിയത്. പാട്ടുകൾ എഴുതാൻ രാജ്കവി ഇന്ദ്രജിത് തുൾസി, ശ്രീ വിത്തൽഭായ് പട്ടേൽ എന്നീ പുതുമുഖങ്ങൾ വന്നതും.
രാജ് കപൂറിനൊപ്പം ആദ്യമായെത്തിയ സംഗീതസംവിധാകരായ ലക്ഷ്മീകാന്ത്-പ്യാരേലാൽ ദ്വയം അക്കാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാവും ബോബി! 1960കളുടെ രണ്ടാം പകുതി മുതൽക്കേ നന്പർ വണ് പദവിയിലെത്തിയിരുന്ന ലക്ഷ്മി-പ്യാരേക്ക് ബോബി നൽകിയത് മാസീവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ജനപ്രീതിയാണ്.
പാട്ടുകളുടെ ചിറകിൽ
ബോബിയുടെ വിജയത്തിനു പ്രധാന പങ്ക് പാട്ടുകൾക്കായിരുന്നു എന്നതാണ് യാഥാർഥ്യം. സുന്ദരവും ശക്തവും സന്പന്നവുമായ ഓർക്കസ്ട്രേഷനാണ് ബോബിയിലെ പാട്ടുകളുടെ ഏറ്റവും വലിയ സവിശേഷത. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും അതിസുന്ദരം. റൊമാന്റിക് തീമിനൊപ്പം ഇഴചേർന്നൊഴുകി അതും.
സിനിമയുടെ റിലീസിംഗിന് അഞ്ചുമാസം മുന്പ്, 1973 ജൂലൈയിലാണ് രാജ് കപൂറും റെക്കോർഡിംഗ് കന്പനിയായ എച്ച്എംവിയും പാട്ടുകളുടെ ലോംഗ് പ്ലേ, ഇപി റെക്കോർഡുകൾ പുറത്തിറക്കിയത്. ഒട്ടും വൈകാതെ രാജ്യത്തെവിടെച്ചെന്നാലും ബോബിയിലെ പാട്ടുകൾ കേൾക്കുന്ന അവസ്ഥയായി. പാട്ടുകൾ സിനിമാപ്രേമികളെ തിയറ്ററുകളിലേക്ക് കൈപിടിച്ചു കൊണ്ടുപോവുകയും ചെയ്തു.
ഏതെങ്കിലും സിനിമയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എൽപി റെക്കോർഡ് ആയി പുറത്തിറക്കുക എന്നത് അക്കാലത്ത് അപൂർവങ്ങളിൽ അപൂർവമായിരുന്നു. ബോബിയുടെ കാര്യത്തിൽ അതും സംഭവിച്ചു. രാജ് കപൂറിന്റെ നിർദേശാനുസരണം എച്ച്എംവി എൽപി റെക്കോർഡ് പുറത്തിറക്കുകയായിരുന്നു. മേ ശായർ തോ നഹീ...
കവിയല്ലെങ്കിലും നിന്നെ കാണുന്പോൾ കവിത വരുന്നുവെന്ന ആനന്ദ് ബക്ഷിയുടെ സുന്ദരമായ വരികൾക്ക് വാൾട്സ് എന്ന ശൈലിയിലാണ് ലക്ഷ്മി-പ്യാരേ ഈണമിട്ടത്. (വിയന്നയിൽനിന്നുള്ള ബാൾറൂം ഫോക് ഡാൻസ് ആണ് വാൾട്സ്). വയലിനുകൾ, ഇറാനി സന്തൂർ, ഗിറ്റാർ, അക്കോഡിയൻ, വയോള എന്നിവയും ശൈലേന്ദ്ര സിംഗിന്റെ പുതുസ്വരവും ചേർന്ന് മേ ശായർ തോ നഹീ എന്ന ആ പാട്ടിൽ വിടർന്നത് അതിസുന്ദരാനുഭവം. ഗാനചിത്രീകരണവും മനോഹരം.
മറ്റൊരു സൂപ്പർഹിറ്റ് ഗാനമായ ഹം തും ഇക് കമരേ മേ.. ലതാ മങ്കേഷ്കറുടെയും ശൈലേന്ദ്രയുടെയും ശബ്ദത്തിലുള്ളതാണ്. വിസ്മയകരമായ ഓർക്കസ്ട്ര അറേഞ്ച്മെന്റ്, കാൽവിരലുകളിൽ നൃത്തച്ചുവടുകളിണക്കുന്ന താളം എന്നിവയാണ് പാട്ടിന്റെ ഹൈലൈറ്റ്.
ഇറാനി സന്തൂർ, അക്കോഡിയൻ, ബോംഗോ ഡ്രംസ് എന്നിവയാണ് ഇതിനു പിന്നിൽ. അനുപല്ലവിയിലെത്തുന്പോൾ സാക്സഫോണ്, ഫ്രഞ്ച് ഹോണ്, അക്കൗസ്റ്റിക് ഗിറ്റാർ, വയലിനുകൾ, മൗത്ത് ഓർഗൻ എന്നിങ്ങനെ ഉപകരണങ്ങളുടെ സന്പന്നമായ നിര എത്തും. ഹം തും എന്ന വാക്കുകൾക്കു ശേഷമാണ് റിഥം തുടങ്ങുന്നത്. മൂന്നു ഇന്റർല്യൂഡുകൾക്ക് വ്യത്യസ്ത ഈണങ്ങൾ, ചരണമെത്തുന്പോഴും അടിമുടി വ്യത്യസ്ത. ഓർക്കസ്ട്ര അറേഞ്ച്മെന്റിന്റെ കാര്യത്തിൽ ലക്ഷ്മി-പ്യാരേയുടെ അത്ഭുതങ്ങളുടെ മുൻനിരയിൽ ഈ പാട്ടുണ്ട്.
രാജ്ബാഗിലെ ഫാം ഹൗസിനോടു ചേർന്ന കപൂർ കുടുംബത്തിന്റെ ബംഗ്ലാവിലാണ് ഈ പാട്ട് ചിത്രീകരിച്ചിട്ടുള്ളത്. ഇപ്പോൾ രാജ് കപൂർ സ്മാരകമാണ് ഈ മന്ദിരം. എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി കാന്പസിലാണ് ഇതുള്ളത്. പുനെയ്ക്ക് 30 കിലോമീറ്റർ കിഴക്ക് നദിയോരത്തുള്ള ഈ സ്ഥലം സിനിമ പോലെ മനോഹരമാണ്.
ഒരല്പം പാശ്ചാത്യമായ താളത്തിൽ, ലതാ മങ്കേഷ്കർ വ്യത്യസ്തമായ ശൈലിയിൽ പാടിയ മുജേ കുഛ് കെഹ്നാ ഹേ.., ഡോലകിന്റെ താളം സുന്ദരമാക്കുന്ന ഡാൻസ് നന്പർ ജൂഠ് ബോലേ കൗവ്വാ കാട്ടേ എന്നീ ഗാനങ്ങളും ശ്രദ്ധനേടിയവ. ഇടയ്ക്കു നൽകുന്ന നിർത്തലുകളാണ് രണ്ടാമത്തെ ഗാനത്തിന്റെ മറ്റൊരു സവിശേഷത. നാ മാംഗൂം സോനാ ചാന്ദീ എന്ന പാട്ട് മന്നാ ഡേ, ശൈലേന്ദ്ര എന്നിവരാണ് പാടിയിരിക്കുന്നത്. ഗോവൻ നാടോടി സംഗീതമാണ് ഇതിന്റെ കാതൽ. 54 സെക്കൻഡ് നീളുന്ന വിസ്മയകരമായ പ്രെല്യൂഡ് ആണ് ഈ പാട്ടിനുള്ളത്.
ബാക്കിയുള്ള ട്രാക്കുകളും ലക്ഷങ്ങൾ ഏറ്റുപാടിയവ. ജനഹൃദയങ്ങളിൽ ഇന്നും തിളക്കത്തോടെ നിൽക്കുന്നു എന്നതാണ് ബോബിയിലെ പാട്ടുകൾക്കു കിട്ടിയ ഏറ്റവും വലിയ പുരസ്കാരം