കളങ്കത്തേക്കാൾ കറുപ്പുള്ള സുലേഖ
Sunday, June 4, 2023 1:12 AM IST
കഴ്സണ് പ്രഭുവിന്റെ ബംഗാൾ വിഭജനത്തോടെയാണ് ബ്രിട്ടീഷ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് പ്രചാരം ലഭിക്കുന്നത്. ഗാന്ധിജിയുടെ ആഹ്വാനത്തിൽ സ്വദേശി ഉത്പന്നങ്ങൾക്ക് വ്യാപക പ്രചാരം ലഭിച്ചു.
1930 കാലഘട്ടത്തിൽ സ്വദേശി പ്രസ്ഥാനം ശക്തമായി നിൽക്കെ ഗാന്ധിജിയുടെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു പൂർണമായി ഇന്ത്യയിൽ നിർമിച്ച മഷികൂടി ഉണ്ടാവണം എന്നത്. പശ്ചിമബംഗാളിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനി സതീഷ് ചന്ദ്രദാസ് ഗുപ്തയോട് ഗാന്ധിജി ഈ ആഗ്രഹം അറിയിച്ചു.
ഇന്ത്യയുടെ ആദ്യത്തെ സ്വദേശി മഷിയായ കൃഷ്ണധാരയുടെ ഉപജ്ഞാതാവായ അദ്ദേഹം ഈ ആശയം മൈത്ര സഹോദരൻമാർ എന്നറിയപ്പെടുന്ന നാനി ഗോപാലിനോടും ശങ്കരാചര്യയോടും പങ്കുവച്ചു. ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ രാജ്ഷാഹിയിലായിരുന്ന മൈത്ര സഹോദരൻമാർ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിൽ മോചിതരായി ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.
ദേശീയത തലയ്ക്കുപിടിച്ച നാനി ഗോപാൽ രാജ്ഷാഹി അധ്യാപകജോലി ഉപേക്ഷിച്ചാണ് സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിയത്. തന്റെ പതിവ് വേഷമായ മുണ്ട് (ധോത്തി) ഉപേക്ഷിച്ച് സ്യൂട്ട് ഇടാൻ നിർബന്ധിക്കപ്പെട്ടതാണ് ജോലി ഉപേക്ഷിക്കാൻ കാരണം. അദ്ദേഹം കോൽക്കത്തയിലേക്ക് പ്രവർത്തനം മാറ്റുകയും മഷിയുടെ വിതരണം ഏറ്റെടുക്കുകയും ചെയ്തു.
ഈ മഷിക്ക് സുലേഖ എന്ന പേര് നൽകിയത് മഹാകവി രവീന്ദ്രനാഥ് ടാഗോറാണ്. സു എന്നാൽ നല്ലത്. ലേഖ എന്നാൽ എഴുത്ത്. സുലേഖ മഷി ഉപയോഗിച്ച് എഴുതിയിരുന്നവരിൽ ഗാന്ധിജിക്കു പുറമേ ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്, രാജേന്ദ്ര പ്രസാദ്, മൊറാർജി ദേശായി, ഡോ. ബിധാൻ ചന്ദ്ര റോയ്, സത്യജിത് റേ തുടങ്ങിയവരും ഉൾപ്പെടുന്നു.
1976 ൽ പുറത്തിങ്ങിയ ജന ആര്യ എന്ന സത്യജിത് റേ ചിത്രത്തിലാണ് സുലേഖ മഷിക്കുപ്പി ആദ്യമായി മുഖം കാണിക്കുന്നത്. പ്രശസ്ത ബംഗാളി എഴുത്തുകാരനായ താരാശങ്കർ ബന്ദോപാധ്യയും സുലേഖ ഉപയോഗിച്ചാണ് എഴുതിയിരുന്നത്.
നാനി ഗോപാലിന്റെയും ശങ്കരാചാര്യയുടെയും മാതാപിതാക്കളായ അംബിക ചരണും സത്യഭായിയും സ്വാതന്ത്ര്യ സമര പോരാളികളായിരുന്നു. സുലേഖ ആരംഭിക്കാൻ വേണ്ടി തങ്ങളുടെ സന്പാദ്യം മുഴുവൻ അവർ മക്കൾക്കു വിട്ടുനൽകി.
ഒരു ഇടുങ്ങിയ മുറിക്കുള്ളിലായിരുന്നു ആദ്യം സുലേഖ നിർമിച്ചു തുടങ്ങിയത്. ആദ്യകാലത്ത് റെയിൽവേ സ്റ്റേഷനുകളിലും വിദ്യാർഥികൾ, അധ്യാപകർ, അഭിഭാഷകർ, ഡോക്ടർമാർ എന്നിവർക്കിടയിൽ മാത്രമാണ് വിറ്റിരുന്നത്. അഞ്ചു വർഷം കഴിഞ്ഞപ്പോൾ വ്യാപാരം കോൽക്കത്തയിലെ ബാവ്ബസാറിലേക്ക് പറിച്ചുനട്ടു. പിന്നീട് കസ്ബയിലും ജാധവ്പൂരിലും ബ്രാഞ്ചുകളുണ്ടായി. 1946ൽ സുലേഖ ആയിരം ഓഹരി ഉടമകളുള്ള പബ്ലിക് ലിമിറ്റഡ് കന്പനിയായി മാറി. മഷിക്കുപ്പിയുടെ പായ്ക്കറ്റിൽ ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ചിരുന്നതും സുലേഖയ്ക്ക് പ്രചാരം നേടിക്കൊടുത്തു.
വിപണിയുടെ പുത്തൻ തന്ത്രങ്ങളിലൂടെ അല്ലാതെ ജനങ്ങളുടെ മനസിൽ സുലേഖ ഇടം പിടിച്ചതിനെക്കുറിച്ച് മൈത്ര കുടുംബത്തിലെ ഇന്നത്തെ തലമുറയിലുള്ള കൗശിക് മിത്ര പറയുന്നത് ഇങ്ങനെയാണ്. വീട്ടിൽ മുത്തച്ഛനെ ചികിത്സിക്കാൻ എത്തുന്ന ഡോക്ടർ ഒരിക്കൽ പോലും ഫീസ് വാങ്ങിയിരുന്നില്ല.
ഞങ്ങളുടെ ലബോറട്ടറിയിൽ പാർട്ട് ടൈം ജോലി ചെയ്തു പഠിച്ചാണ് താനൊരു ഡോക്ടറായതെന്നാണ് അതിന് കാരണമായി അദ്ദേഹം പറഞ്ഞിരുന്നതെന്ന് കൗശിക് പറഞ്ഞു. പ്രതാപകാലത്ത് സുലേഖ മഷിയുമായി വിവിധ ഇടങ്ങളിലേക്ക് വിതരണത്തിന് പോകുന്ന എല്ലാ ജീവനക്കാർക്കും ഉച്ചഭക്ഷണം സൗജന്യമായി നൽകിയിരുന്നു.
മൈത്ര കന്പനി സുലേഖ മഷി വിൽപനയിലൂടെ പതിൻമടങ്ങു വളർന്നു. പ്രതിമാസം ഒരു ദശലക്ഷം മഷിക്കുപ്പികൾ വരെയാണ് വിറ്റഴിഞ്ഞിരുന്നത്. എഴുത്തിന്റെ രൂപവും കാലവും മാറിയതോടെ സ്വാഭാവികമായി സുലേഖയുടേയും ഒളി മങ്ങി. 1989ൽ കന്പനി പൂട്ടി.
2020 നവംബറിൽ സ്കാർലറ്റ്, ചുവപ്പ്, എക്സിക്യൂട്ടീവ് ബ്ലാക്ക്, റോയൽ ബ്ലൂ നിറങ്ങളിൽ ആ പഴയ സുലേഖ മഷി വീണ്ടും അവതരിച്ചു. ഇത്തവണ മഷിക്കുപ്പിക്ക് മീതെ ദേശീയതയുടെ ഒരു ആവരണമായി ശാന്തി നികേതനിൽ ഖാദി പൗച്ച് കൂടി ഉണ്ടായിരുന്നു. രണ്ടാംവരവിൽ വിദേശ രാജ്യങ്ങളിൽ നിന്നുകൂടി മഷിക്ക് ആവശ്യക്കാർ കൂടി വന്നു. സുലേഖ ഇങ്ക് ലവേഴ്സ് എന്ന പേരിൽ രണ്ടായിരം പേരോളം വരുന്ന ഒരു ഗ്രൂപ്പും ഫേസ് ബുക്കിലുണ്ട്.
സെബി മാത്യു