ഓർമകളിൽ നിറഞ്ഞ് കെ.കെ...
Sunday, June 4, 2023 1:37 AM IST
അയാൾ എക്കാലവും ജീവിക്കും- സംഗീതസംവിധായകൻ ജീത് ഗാംഗുലി പറയുന്നത് ഏറ്റവും അടുത്ത സുഹൃത്തായിരുന്ന കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്തിനെക്കുറിച്ചാണ്. കെ.കെയെപ്പോലെ ഒരു ഒരു കലാകാരനെയും സുഹൃത്തിനെയും കണ്ടെത്തുക ഇനി അസാധ്യമാണ്. അയാൾ പോയിട്ട് ഒരു വർഷമായി. പക്ഷേ അയാൾ എന്നോടൊപ്പമില്ലെന്ന് ഒരിക്കൽപ്പോലും എനിക്കു തോന്നിയിട്ടില്ല. അയാളുടെ പാട്ടുകൾ എന്റെ ഹൃദയത്തിലും ഹെഡ്ഫോണിലും നിരന്തരം പ്ലേ ചെയ്യുന്നുണ്ട്. ജീത് തുടർന്നു പറയുന്നു.
കെ.കെയെ അടുത്തറിഞ്ഞ, അയാളുടെ പാട്ടുകൾ ഇഷ്ടപ്പെട്ട ഒട്ടുമിക്കപേരും ഇതേ അവസ്ഥയിലൂടെയാവും കടന്നുപോകുന്നത്. കെ.കെ ഇനിയില്ല എന്നു ചിന്തിക്കാൻ പലരും മടിക്കുന്നു.
ജീത് ഗാംഗുലിയും കെ.കെയും ഏതാണ്ട് ഒരേ സമയം സംഗീതരംഗത്തുവന്നവരാണ്. പ്രഫഷണലുകൾ എന്നതിനേക്കാൾ ഹൃദയബന്ധം ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നു. കെ.കെ ഒരേയൊരു ബംഗാളി ഗാനമേ സിനിമയ്ക്കുവേണ്ടി പാടിയിട്ടുള്ളൂ. ആകാഷേർ നിലേ എന്നു തുടങ്ങുന്ന ആ പാട്ട് ജീത് ഈണമിട്ടതാണ്. സംഗീതം ഉള്ളിടത്തോളംകാലം കെ.കെ തന്റെ പാട്ടുകളിലൂടെ ജീവിക്കുമെന്നാണ് ജീത് പറയുന്നത്.
തനിക്കു കിട്ടിയ പാട്ടുകളിൽ പൂർണസന്തോഷവാനായിരുന്നു കെ.കെ എന്ന് ഓർമിച്ചു, ജതിൻ-ലളിത് ദ്വയത്തിലെ സംഗീതസംവിധായൻ ലളിത് പണ്ഡിറ്റ്. മറ്റു പല ഗായകരും ചെയ്യുന്നതുപോലെ അവസരങ്ങൾക്കുവേണ്ടി സംഗീതസംവിധായകരെ തേടിച്ചെല്ലുന്ന പതിവ് കെ.കെക്ക് ഇല്ലായിരുന്നു. സ്വന്തം കഴിവുകൊണ്ട് പാട്ടുകൾ അദ്ദേഹത്തെ തേടിച്ചെല്ലുമായിരുന്നു- ലളിത് പറയുന്നു.
ജതിൻ-ലളിത് ദ്വയം പിരിഞ്ഞശേഷം ലളിത് ഈണമൊരുക്കിയ ഷോബിസ് എന്ന ചിത്രത്തിലെ പാട്ടുകൾ എല്ലാം കെ.കെ ആണ് പാടിയത്. നിർമാതാവ് മുകേഷ് ഭട്ടിനും കെ.കെയുടെ കഴിവിൽ വിശ്വാസമായിരുന്നു. ഒരു ഗായകൻ എന്ന നിലയ്ക്കുള്ള കെ.കെയുടെ സമർപ്പണവും സ്വരത്തിലെ ആഴവും പാട്ടുകൾ മനോഹരമാക്കിയെന്ന് ലളിത്.
കെ.കെയുടെ ആത്മസുഹൃത്തുക്കളിലൊരാളും, ഒന്നിച്ച് ഒട്ടേറെ ഹിറ്റുകൾ പാടിയ ഗായകനുമായ ഷാൻ പറഞ്ഞതുകൂടി കേൾക്കാം- ഞങ്ങളുടെ ഡ്യുയറ്റുകൾ ഇപ്പോൾ സ്റ്റേജിൽ പാടുന്പോൾ ഞാൻ സങ്കടത്തിൽ മുങ്ങുന്നു. യാരോം ദോസ്തി എന്ന ഞങ്ങളുടെ പാട്ട് കെ.കെക്കുള്ള ശ്രദ്ധാഞ്ജലിയായി പാടേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
തൃശൂരിൽനിന്ന് സംഗീതലോകത്ത്
തൃശൂർ സ്വദേശി സി.എസ്. മേനോൻ- കനകവല്ലി ദന്പതികളുടെ മകനായ കൃഷ്ണകുമാർ ഡൽഹിയിലാണ് ജനിച്ചതും വളർന്നതും. തൃശൂർ വിവേകോദയം സ്കൂളിൽ സംഗീതാധ്യാപിക ആയിരുന്ന അമ്മൂമ്മ മാധവിയമ്മയുടെയും, നന്നായി പാടുമായിരുന്ന അമ്മയുടെയും സംഗീത പാരന്പര്യം കെ.കെക്കു ലഭിച്ചു. കെ.കെ മലയാളിയാണെന്ന് അധികമാർക്കും അറിയുമായിരുന്നില്ല. മലയാളത്തിൽ പാടുന്നത് അദ്ദേഹത്തിന് അല്പം പ്രയാസവുമായിരുന്നു. പുതിയ മുഖം എന്ന ചിത്രത്തിലെ പാട്ടിന്റെ ഉച്ചാരണം എഴുതിയെടുത്ത് അതുപോലെ പാടുകയായിരുന്നു.
ഞാൻ പറയുന്ന മലയാളം തൃപ്തികരമാണെന്നാണ് ആളുകളുടെ പക്ഷം. എന്നാൽ പലവാക്കുകളും എന്നെ വട്ടംകറക്കും- കെ.കെ ഒരിക്കൽ പറഞ്ഞു. തൃശൂരിൽ പൂങ്കുന്നം റെയിൽവേ സ്റ്റേഷനു സമീപമുള്ള വീട്ടിൽ അവധിക്കാലത്ത് എത്തുന്പോഴെല്ലാം കുഞ്ഞു കൃഷ്ണകുമാർ പാടാറുള്ളത് കിഷോർ കുമാറിന്റെ പാട്ടുകൾതന്നെ.
ചെറുപ്രായത്തിൽ വളരെക്കുറച്ചുകാലം പാട്ടുപഠിക്കാൻ പോയിരുന്നു. എന്നാൽ അതിൽ താത്പര്യമില്ലാത്തതിനാൽ വൈകാതെ നിർത്തി. കിഷോർ കുമാർ പാട്ടു പഠിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ ക്ലാസിൽ പോകാതിരിക്കാൻ ഒരു കാരണംകൂടി കിട്ടി. തുടക്കംമുതൽക്കുതന്നെ ഒരു പാട്ടുകേട്ടാൽ അത് സ്വന്തമായി പാടാനുള്ള കഴിവ് കെ.കെ ആർജ്ജിച്ചിരുന്നു.
മൂവായിരത്തഞ്ഞൂറോളം പരസ്യ ജിംഗിളുകൾക്ക് കെ.കെ ശബ്ദംനൽകിയിട്ടുണ്ട്. ഡൽഹിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി വിവാഹം കഴിഞ്ഞ് മുംബൈയിൽ എത്തിയശേഷമാണ് കെ.കെ പരസ്യങ്ങളുടെ ലോകത്തേക്കു കടന്നത്. ഹീറോ ഹോണ്ട, കോൾഗേറ്റ്, നെരോലാക് പെയിന്റ് തുടങ്ങിയവയുടെ ആദ്യകാല പരസ്യങ്ങൾ കെ.കെയുടെ ശബ്ദത്തിൽ ഹിറ്റുകളായിരുന്നു.
കാതൽദേശം എന്ന ചിത്രത്തിൽ എ.ആർ. റഹ്മാൻ ഒരുക്കിയ കല്ലൂരി ശാലൈ ആണ് കെ.കെയുടെ ആദ്യ സിനിമാഗാനം. മലയാളത്തിൽ പാടിയത് ദീപക് ദേവിന്റെ പുതിയ മുഖം എന്ന ചിത്രത്തിലെ രഹസ്യമായ് രഹസ്യമായ് എന്ന പാട്ട്. എന്നെങ്കിലും ഒരു സംഗീതസംവിധായകനാവാൻ അവസരം കിട്ടിയാൽ കെ.കെയെക്കൊണ്ട് പാടിക്കണം എന്നത് വളരെക്കാലത്തെ ആഗ്രഹമായിരുന്നുവെന്ന് ഓർമിച്ചിട്ടുണ്ട് ദീപക് ദേവ്.
പതിനൊന്നു ഭാഷകളിലായി എഴുനൂറിലേറെ പാട്ടുകൾ പാടിയ കെ.കെയുടെ അന്ത്യം കൊൽക്കത്തയിലായിരുന്നു. ഒരു സംഗീത പരിപാടി കഴിഞ്ഞയുടെ ഹൃദയത്തിന്റെ താളംതെറ്റി. അവിശ്വസനീയമായ മരണം.
എന്തുകൊണ്ട് കെ.കെ?
ഇന്റർനെറ്റിൽ പലരും തെരഞ്ഞിട്ടുള്ള ഒരു ചോദ്യമുണ്ട്- എന്തുകൊണ്ടാണ് കെ.കെയുടെ സ്വരം ഇത്ര പ്രിയങ്കരമായത്? പ്രണയത്തിന്റെയും വിരഹത്തിന്റെയും സ്വരമായിരുന്നു അതെന്ന് ഒരുത്തരം. അതുവരെ പാശ്ചാത്യ സംഗീതം മാത്രം ഇഷ്ടപ്പെട്ടിരുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ ഒരുകാലത്തെ ഉത്കണ്ഠകളുടെയും വിയോജിപ്പുകളുടെയും സ്വരംകൂടിയായിരുന്നു കെ.കെയുടേതെന്നും ഗൂഗിൾ ഉത്തരം നൽകുന്നു.
ശരിയാണ്, സംഗീതപ്രേമികൾ തങ്ങളുടെ ഹൃദയത്തിന്റെ സ്വരമായി അതിനെ തിരിച്ചറിഞ്ഞു. ഇപ്പോഴും അവരതു കേൾക്കുന്നു. സമാനതകളില്ലാത്ത പാരന്പര്യമാണ് അദ്ദേഹത്തിന്റെ സംഗീതം ബാക്കിവച്ചിരിക്കുന്നത്.
ഹരിപ്രസാദ