മഞ്ഞിൽവിരിഞ്ഞ പനിനീർപ്പൂവിന്റെ ഓർമ!
Sunday, November 12, 2023 4:58 AM IST
യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലേക്കു കാലെടുത്തു കുത്തുന്പോൾ യുദ്ധം വന്നതോടെ അവൾ ഒരു നഴ്സായി റെഡ്ക്രോസിൽ ചേർന്നു യുദ്ധമുന്നണിിൽ പട്ടാള ആശുപത്രിയിൽ സ്വയം മറന്നു സേവനം ചെയ്തു. യുദ്ധം അവസാനിച്ചപ്പോൾ ധീരതയ്ക്കുള്ള മെഡലും നേടിക്കൊണ്ടാണ് മടങ്ങിയത്.
ഓഷ്വിറ്റ്സ് വെറുമൊരു ചരിത്ര സ്മാരകമല്ല, അത് ആധുനിക മനുഷ്യന്റെ പൈശാചികതയുടെ പ്രതീകമാണ്. മുള്ളുവേലികളും ഗ്യാസ് ചേന്പറുകളും ഇപ്പോഴും കാണാവുന്ന ആ മണ്ണിൽ 11 ലക്ഷം മനുഷ്യജീവിതങ്ങൾ ചാരമായി അലിഞ്ഞുചേർന്നിട്ടുണ്ട്. അതിൽ പത്തുലക്ഷം പേർ യഹൂദരായിരുന്നു. ഇവർക്കിടയിൽ രണ്ട് സഭാവിശുദ്ധരും ചേർക്കപ്പെട്ടിരിക്കുന്നു. മാക്സ് മില്യൻ കോൾബെ എന്ന ഫ്രാൻസിസ്കൻ സന്യാസിയും കുരിശിന്റെ മരിയ ബനഡിക്ട (ഈഡിത് സ്റ്റൈൻ) എന്ന കർമലീത്ത സന്യാസിനിയും.
അനേകം പഠനങ്ങൾക്കും രണ്ടുമൂന്നു ചലച്ചിത്രങ്ങൾക്കും വിഷയമായ ഈഡിത് സ്റ്റൈൻ 1891ൽ പോളണ്ടിലെ ബ്രെസ്ലോയിൽ ഒരു യാഥാസ്ഥിക യഹൂദ കുടുംബത്തിലെ ഏഴാമത്തെ സന്തതിയായി ജനിച്ചു. അവിടംമുതൽ 1942 ഓഗസ്റ്റ് മാസത്തിൽ ഓഷ്വിറ്റ്സിൽ സ്വന്തം സഹോദരിക്കൊപ്പം നാസി ഭീകരതയുടെ ബലിയാടായതുവരെയുള്ള അനിതര സാധാരണമായ ഒരു കഥ ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു. ഈഡിത്തിന്റെ രചനകൾ, ഒപ്പം ഈഡിത്തിനെ പല തലങ്ങളിൽ അറിഞ്ഞിട്ടുള്ളവരും സ്നേഹിതരും ഓർമിച്ചെടുക്കുന്ന കാര്യങ്ങൾ, അതിന് അകന്പടിയായി ഈഡിത് ജീവിച്ച കാലഘട്ടത്തിലെ പ്രത്യേകിച്ച് നാസി യുഗത്തിന്റെ നേർക്കാഴ്ചകളായി ഡോക്യുമെന്ററി ചിത്രങ്ങളും ചേർത്തുവച്ചാണ് ഈ ഡോക്യു ഡ്രാമ നിർമിച്ചിട്ടുള്ളത്.
ഈഡിത് ജനിച്ചു രണ്ടു വയസ് തികയുംമുന്പേ അവരുടെ പിതാവ് മരിച്ചു. ഭക്തയും കഠിനാധ്വാനിയുമായ അമ്മയുടെ ശിക്ഷണത്തിൽ അവൾ സ്നേഹിക്കപ്പെട്ടു വളർന്നു. അസാമാന്യ ബുദ്ധിയും പഠനസാമർഥ്യവും അറിവിനോടുള്ള ദാഹവും ഈഡിത്തിന്റെ പ്രത്യേകതകളായിരുന്നു. എന്നാൽ 14-ാം വയസിൽ അവൾ വിശ്വാസം വിട്ട് നാസ്തികയായി മാറി എന്നാൽ, നിരീശ്വരത്വം ഒരു പുതിയ അന്വേഷണ വഴിമാത്രമായിരുന്നു ഈഡിത്തിന്.
വഴിത്തിരിവ് ആ ആത്മകഥ
യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലേക്കു കാലെടുത്തു കുത്തുന്പോൾ യുദ്ധം വന്നതോടെ അവൾ ഒരു നഴ്സായി റെഡ്ക്രോസിൽ ചേർന്നു യുദ്ധമുന്നണിിൽ പട്ടാള ആശുപത്രിയിൽ സ്വയം മറന്നു സേവനം ചെയ്തു. യുദ്ധം അവസാനിച്ചപ്പോൾ ധീരതയ്ക്കുള്ള മെഡലും നേടിക്കൊണ്ടാണ് മടങ്ങിയത്.
യുദ്ധകാലത്ത് ഈഡിത്തിന്റെ ചിന്താമണ്ഡലത്തെ മാറ്റിമറിച്ച ഒരു സംഭവം ഓർക്കപ്പെടുന്നുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ട സ്നേഹിതൻ അഡോൾഫ് റെയ്നിക്കിന്റെ വിധവയെ സഹായിക്കാൻ ചെന്ന സന്ദർഭത്തിൽ, തനിക്കുണ്ടായ നഷ്ടത്തിൽ നൈരാശ്യമില്ലാതെ ഗാഢമായ വിശ്വാസം നൽകുന്ന പ്രത്യാശയും പ്രസന്നതയും റെയിനിക്കിന്റെ ഭാര്യ പ്രകടിപ്പിച്ചുതുകണ്ട ഈഡിത് മരണത്തെ പുതിയ കണ്ണുകൾ കൊണ്ട് കാണാൻ പഠിച്ചു.
യൂണിവേഴ്സിറ്റി പഠനം തുടരുന്ന വേളയിൽ ആവിലായിലെ അമ്മ ത്രേസ്യയുടെ ആത്മകഥ വായിച്ചത് കർമലീത്ത സഭയിൽ ചേരാനുള്ള പ്രചോദനമായി. ഈഡിത്തിന്റെ വിശ്വാസത്തിന്റെ വീണ്ടെടുക്കൽ, സഭയിലും തുടർന്നു സന്യാസ ജീവിതത്തിലും അവളെ എത്തിച്ചു.
ഗോട്ടിംഗൻ, ഫ്രൈബർഗ് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. മാർട്ടിൻ ഹൈഡഗർ, എഡ്മൗണ്ട് ഹുസേൾ എന്നീ പ്രഗല്ഭ ചിന്തകരുടെ ശിഷ്യയായിരുന്നു. ഒരു റാഡിക്കൽ ഫെമിനിസ്റ്റ് എന്ന നിലയിൽ ഈഡിത് സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ചു. മനഃശാസ്ത്രം, തത്വചിന്ത, ദൈവശാസ്ത്രം എന്നീ മേഖലകളിൽ ശ്രദ്ധേയമായ അനേകം രചനകളും അക്കാലഘട്ടത്തിൽ നടത്തി.
പതറാതെ മരണത്തിലേക്ക്
1931ൽ മ്യൂൺസ്റ്ററിൽ അധ്യാപികയായെങ്കിലും 33ൽ നാസികൾ അധികാരം പിടിക്കുകയും യഹൂദവിദ്വേഷത്തിന്റെ നാളുകളിൽ പുറത്താക്കപ്പെടുകയും ചെയ്തു. ഹോളണ്ടിലെ ഒരു മഠത്തിലേക്കു മാറ്റപ്പെട്ടെങ്കിലും ആ രാജ്യം ഹിറ്റ്ലർ പിടിച്ചതോടെ അവിടെയും യഹൂദമർദനം തുടങ്ങി. ഹോളണ്ടിലെ സഭ തുറന്ന എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് അവിടെയുള്ള ക്രിസ്തീയ വിശ്വാസികളായ യഹൂദരെയും പിടികൂടി കോൺസൻട്രേഷൻ ക്യാന്പുകളിലേക്കു കടത്തി. ഇതിനോടകം കർമലീത്ത മൂന്നാം സഭാംഗമായിരുന്ന സഹോദരി റോസയെയും ഈഡിത്തിനൊപ്പം തടവിലാക്കി.
1942 ഓഗസ്റ്റ് ആദ്യവാരത്തിൽ ഓഷ്വിറ്റ്സിലെത്തിച്ചു. മരണത്തിലേക്കാണ് പോകുന്നതെന്നറിഞ്ഞ ഈഡിത് തന്റെ സഹനം സ്വന്തം ജനതയുടെ രക്ഷയ്ക്കായുള്ള ആത്മബലിയായി കരുതിയിരുന്നുവെന്ന സൂചന അവൾ റോസയോടു പറഞ്ഞ വാക്കുകളിലുണ്ട്. "വരൂ റോസ നാം പോകുന്നത് നമ്മുടെ ജനത്തിനുവേണ്ടിയാണ്.' അങ്ങനെ അവൾ തന്റെ സന്യാസപ്പേര് അന്വർഥമാക്കി.
ചിത്രത്തിന്റെ അവസാന സ്വീക്വൻസിൽ മിന്നിമറയുന്ന നാസി ഭീകരതയുടെ ചിത്രങ്ങൾ കാണുന്പോൾ മനസിൽ ദുരന്തബോധം അടിവരയിട്ട ഒരു ചോദ്യമുയരുന്നു: ""ദൈവമേ എന്തുകൊണ്ട്, ഇതാണോ ഈ ജനതയ്ക്ക്, നിന്റെ ജനത്തിനു നല്കിയ ചരിത്രദൗത്യം?'' ഈഡിത് അങ്ങനെയായിരുന്നു ചിന്തിച്ചതെന്ന് തോന്നും.
ജിജി ജോസഫ് കൂട്ടുമ്മേൽ