മാന്തുക
Sunday, November 19, 2023 5:13 AM IST
മാന്തുക എവിടെനിന്നു വന്നു എന്നതിൽ വ്യക്തതയില്ല. സ്കൂളും പോസ്റ്റ് ഓഫീസുമെല്ലാം ഈ മേൽവിലാസത്തിലാണ്. ഇടയ്ക്ക് നാട്ടിൽ ഒരു ദേവാലയത്തിന്റെ പേര് എഴുതിയപ്പോൾ അവർ മാന്തളിർ എന്നു പരിഷ്കരിച്ചു.
കേൾക്കുന്പോൾത്തന്നെ ഇതു സ്ഥലപ്പേരാണോയെന്നു നമ്മൾ സംശയിക്കും. അത്തരമൊരു സ്ഥലമാണ് പത്തനംതിട്ടയിലെ മാന്തുക!. സ്ഥലത്തിന്റെ പേരു കേട്ട് നെറ്റി ചുളിക്കുന്നവരോടു ഇവിടത്തുകാർ പറയും, ഞങ്ങൾ ആരെയും മാന്താറില്ല.
സമൂഹമാധ്യമങ്ങളിൽ മാന്തുക എന്ന സ്ഥലത്തെ ട്രോളർമാർ ധാരാളം ഉപയോഗപ്പെടുത്തുന്നുണ്ട്. അതിൽ നാട്ടുകാർക്കു വലിയ പരാതിയുമില്ല. പേരിന്റെ പ്രത്യേകതകൊണ്ട് നാടിനെ എല്ലാവരും അറിയുമല്ലോ. എന്നാലും മറ്റുള്ളവർ ചോദിക്കുന്പോൾ മാന്തുക എന്നു പറയാൻ മടിയുള്ളവരും ഇല്ലാതില്ല. ഇത്തരക്കാർ അടുത്തുള്ള മറ്റെതെങ്കിലും സ്ഥലത്തിന്റെ പേരു പറഞ്ഞു രക്ഷപ്പെടും.
എംസി റോഡരികിൽ പത്തനംതിട്ട കുളനട ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ എംസി റോഡിൽ അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണിത്. തിരുവനന്തപുരം ഭാഗത്തുനിന്ന് എത്തുന്നവർ മാന്തുക പിന്നിട്ടു കഴിഞ്ഞാൽ പിന്നീട് കാരയ്ക്കാട്ടേക്കാണ് പ്രവേശിക്കുന്നത്. കാരയ്ക്കാട് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലാണ്.
മാന്തുക എവിടെനിന്നു വന്നു എന്നതിൽ വ്യക്തതയില്ല. സ്കൂളും പോസ്റ്റ് ഓഫീസുമെല്ലാം ഈ മേൽവിലാസത്തിലാണ്. ഇടയ്ക്ക് നാട്ടിൽ ഒരു ദേവാലയത്തിന്റെ പേര് എഴുതിയപ്പോൾ അവർ മാന്തളിർ എന്നു പരിഷ്കരിച്ചു. പക്ഷേ, ഇന്നും മറ്റു പല ബോർഡുകളിലും മാന്തുക തന്നെ. എഴുത്തുകാരനായ ബെന്യാമിന്റെ ജന്മനാടായ ഞെട്ടൂർ ഗ്രാമത്തിനു സമീപമാണ് മാന്തുക. അദ്ദേഹത്തിന്റെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും മാന്തുക പലപ്പോഴും കടന്നുവന്നിട്ടുണ്ട്.