കായലും കാഴ്ചയും
Sunday, November 19, 2023 5:32 AM IST
നെൽകൃഷി കാലത്തു പച്ചപുതച്ചു കിടക്കുന്ന ഏക്കറുകണക്കിന് നെൽപാടങ്ങൾ, ഒഴുകിയെത്തുന്ന കുളിർകാറ്റ് എല്ലാം മനസിനും ശരീരത്തിനും ഉന്മേഷം പകരും. മറ്റ് കായലുകൾ പോലെ ഇതുവഴി വള്ളങ്ങളുടെയോ ഹൗസ് ബോട്ടുകളുടെയോ വലിയ തിരക്കില്ല.
ജില്ല: ആലപ്പുഴ
സ്ഥലം: കാവാലം, രാജപുരം
കാഴ്ച: കായലും തീരങ്ങളും
നഗരത്തിരക്കിൽനിന്നു മാറി കുട്ടനാടൻ ഗ്രാമത്തിന്റെ പച്ചപ്പും സൗന്ദര്യവും ആവോളം നുകരാൻ പറ്റിയ ഇടമാണ് ആലപ്പുഴ ജില്ലയിലെ കാവാലം. പമ്പാനദിയുടെ കൈവഴിയും ചേർന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും ആരെയും വശീകരിക്കും. കാവാലത്തുനിന്നു ലിസ്യൂ പള്ളിക്കു മുന്നിലൂടെ പമ്പയാറിന്റെ കൈവഴിയായി ഒഴുകുന്ന കാവാലം ആറ്റിലൂടെ രാജപുരം കായൽ വഴി ഒരു വഞ്ചിയാത്ര നിങ്ങൾ ഒരിക്കലും മറക്കില്ല.
നെൽകൃഷി കാലത്തു പച്ചപുതച്ചു കിടക്കുന്ന ഏക്കറുകണക്കിന് നെൽപാടങ്ങൾ, ഒഴുകിയെത്തുന്ന കുളിർകാറ്റ് എല്ലാം മനസിനും ശരീരത്തിനും ഉന്മേഷം പകരും. മറ്റ് കായലുകൾ പോലെ ഇതുവഴി വള്ളങ്ങളുടെയോ ഹൗസ് ബോട്ടുകളുടെയോ വലിയ തിരക്കില്ല. അതുകൊണ്ടുതന്നെ ശാന്തവും സുരക്ഷിതവുമാണ് യാത്ര. ഇവിടെയുള്ള രാജപുരം ഷാപ്പിനോടു ചേർന്നുള്ള റസ്റ്ററന്റ് രുചികരമായ നാടൻ ഭക്ഷണത്തിനു പെരുമ കേട്ടതാണ്. കാവാലം ആറിനും രാജപുരം കായലിനും ഇടയിലായിട്ടാണ് ഈ രുചികേന്ദ്രം. ഹൗസ്ബോട്ടിൽ തയാറാക്കിയ റസ്റ്ററന്റ് ഇവിടുത്തെ മറ്റൊരു കൗതുകമാണ്.
യാത്ര: കോട്ടയത്തുനിന്നു വരുന്നവർക്കു കുറിച്ചി- കാവാലം വഴിയും ചങ്ങനാശേരി ഭാഗത്തുനിന്നുള്ളവർക്കു വാലടി -കൃഷ്ണപുരം വഴിയും കാവാലത്തെത്താം. ആലപ്പുഴയിൽനിന്ന് എസി റോഡിലൂടെ പള്ളിക്കൂട്ടുമ്മ- പുളിങ്കുന്ന്-തട്ടാശേരി റോഡിലൂടെ ഇവിടേയ്ക്കെത്താം. അവിടെനിന്നു ലിസ്യുവിലേക്കും.
ശ്രദ്ധിക്കേണ്ടത്: ആറും കായലുമായതിനാൽ സഞ്ചാരികൾ നീന്തൽ വശമുള്ളവരാണെങ്കിൽകൂടി വെള്ളത്തിൽ ഇറങ്ങാതിരിക്കുക. പ്രദേശങ്ങളിൽ ജനവാസം കുറവുമാണ്. കായലായതിനാൽ അപ്രതീക്ഷിത കാറ്റിനു സാധ്യതയുണ്ട്. അതിനാൽ തീർത്തും ചെറുവള്ളങ്ങളിലെ യാത്ര ഒഴിവാക്കുക.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ