പേരക്കുട്ടികളെ തേടി സിറിയൻ ക്യാന്പിൽ ഒരാൾ!
Sunday, November 26, 2023 1:54 AM IST
ചിലിയിൽ ജനിച്ചു വളർന്ന പട്രീഷ്യോ സാൽവസ് അഗസ്തോഹനോച്ചെയുടെ മർദകഭരണത്തിൽനിന്നും അഭയാർഥിയായി സ്വീഡനിലെത്തി അവിടെ ഒരു പോപ് സംഗീതജ്ഞനും ചലച്ചിത്ര നിർമാതാവുമായി അറിയപ്പെട്ടു. ബാക്കിയുണ്ടായിരുന്നത് മകൾ അമൻഡ മാത്രം.
ലോകത്തിന്റെ പ്രതീക്ഷയ്ക്കു വിരുദ്ധമായി 21-ാം നൂറ്റാണ്ട് പിറന്നത് സമാധാനത്തിന്റെ തൊട്ടിലിലേയ്ക്കല്ല. ആഗോള ഭീകരതയുടെ ഇരുണ്ട നാളുകളിലേക്കായിരുന്നു. തുറന്നിട്ട അതിരുകളുമായി ബഹുസ്വരതയെ സ്വാഗതംചെയ്ത പാശ്ചാത്യലോകം അതിനു കൊടുക്കേണ്ടിവന്ന വില എന്താണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങളിൽനിന്ന് അഭയാർഥികളായി വന്ന ചെറുസമൂഹങ്ങൾ ഒപ്പം കൊണ്ടുചെന്നത് പ്രാകൃതമായ ഗോത്രസംസ്കാരവും മതഭീകരതയുടെ പ്രത്യയശാസ്ത്രവുമായിരുന്നു.
സെപ്റ്റംബർ 11 മുതൽ ഇന്നത്തെ പലസ്തീൻ യുദ്ധം വരെ ഇതിന്റെ ആവിഷ്കാരങ്ങളാണ്. പട്രീഷ്യോ ഗാൽവസും ഗോർക്കി ഗ്രാസർ മുള്ളറും ചേർന്ന് നിർമിച്ച ഈ ഡോക്യു ഡ്രാമ നമ്മോടു പറയുന്നത് മേൽപറഞ്ഞ പശ്ചാത്തലത്തിൽനിന്നു വരുന്ന സംഭവകഥയാണ്. ഒരർഥത്തിൽ ഗാൽവസിന്റെ ആത്മകഥ തന്നെ. സസ്പെൻസ് -ത്രില്ലർ പോലെയും അതേസമയം ആർദ്രതയുണർത്തുന്നതുമായ ഒരു അന്വേഷണത്തിന്റെ ചിത്രണം.
ഞെട്ടിക്കുന്ന കഥ
ചിലിയിൽ ജനിച്ചു വളർന്ന പട്രീഷ്യോ സാൽവസ് അഗസ്തോഹനോച്ചെയുടെ മർദകഭരണത്തിൽനിന്നും അഭയാർഥിയായി സ്വീഡനിലെത്തി അവിടെ ഒരു പോപ് സംഗീതജ്ഞനും ചലച്ചിത്ര നിർമാതാവുമായി അറിയപ്പെട്ടു. ബാക്കിയുണ്ടായിരുന്നത് മകൾ അമൻഡ മാത്രം. എന്നാൽ, മകൾ തെരഞ്ഞെടുത്ത വഴി പിതാവിന്റെ ജീവിതം തകിടംമറിച്ചു. സലഫിസത്തിൽ ആകൃഷ്ടനായി മതംമാറി അബ്ദുൾ സമദ് എന്ന പേരു സ്വീകരിച്ച മൈക്കേൽ സ്ക്രാമോ എന്ന ഭീകരവാദിയെ വിവാഹം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി.
സ്വീഡനിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരകനും റിക്രൂട്ടറുമായിരുന്ന സ്ക്രാമോ 2014ൽ അമൻഡയെയും മക്കളെയും കൂട്ടി സിറിയയിലേക്കു ജിഹാദിയായി പോയി. 2018ൽ തന്റെ എട്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരുന്ന അമൻഡ, വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സ്ക്രാമോ വീണ്ടും വിവാഹം കഴിച്ചു, അധികം കഴിയുംമുന്പേ അയാൾ യുദ്ധഭൂമിയിൽ വധിക്കപ്പെടുകയും ചെയ്തു. ഈ ദന്പതികൾക്കുണ്ടായ ഏഴു മക്കൾ സ്വന്ത രാജ്യവും ഉടയോരുമില്ലാത്തവരായി സിറിയൻ മരുഭൂമിയിലെ നരകസമാനമായ അഭയാർഥി ക്യാന്പുകളിലെത്തിപ്പെട്ടു.
തടവറ ക്യാന്പ്
2019ൽ കത്തിക്കരിഞ്ഞ ഒരു വെടിക്കെട്ടു പുരയുടെ അവസ്ഥയിലായിരുന്നു സിറിയ. ജിഹാദികൾ അവശേഷിപ്പിച്ചുപോയ വിധവകൾ, പിഞ്ചുകുഞ്ഞുങ്ങൾ, പരിക്കേറ്റും പകർച്ചവ്യാധികൾ ബാധിച്ചും മരിച്ചുകൊണ്ടിരുന്ന പതിനായിരങ്ങൾ എല്ലാം സിറിയ-ഇറാക്ക് അതിർത്തിയിലെ മരുപ്രദേശത്ത് അടിഞ്ഞുകൂടി. കുട്ടികളായിരുന്നു കൂടുതൽ.
പ്രാഥമിക സൗകര്യങ്ങൾ പോലു മില്ലാതെ തന്പുകളിൽ തടവുകാരെപ്പോലെ അവർ കഴിഞ്ഞു. മരണങ്ങൾ ദിനംതോറും നടന്നിട്ടും അവശേഷിച്ച ജിഹാദികൾ തങ്ങളുടെ നിയന്ത്രണം വിട്ടില്ല. സ്വന്ത രാജ്യങ്ങൾ ഉപേക്ഷിച്ചു പോന്നവരുടെ കുടുംബങ്ങളെ തിരികെ എടുക്കാനും പുനരധിവസിപ്പിക്കാനും ഒരു രാജ്യവും മുന്നോട്ടു വന്നതുമില്ല. അന്താരാഷ്ട്ര ഡിപ്ലോമസിയുടെ വൈതരണികൾ റെഡ്ക്രോസ് പോലുള്ള സംഘടനകളെയും നിർവീര്യമാക്കി.
കണ്ണുനിറച്ച്
പട്രീഷ്യോയ്ക്ക് മകളുടെ മരണവും ബാക്കിയായ ഏഴു പിഞ്ചു കുഞ്ഞുങ്ങളും നൽകിയ ഹൃദയഭാരം ചെറുതല്ല. തന്റെ പേരക്കുട്ടികളെ രക്ഷിച്ചു നാട്ടിലെത്തിക്കാൻ കഴിയുമോ എന്നായി ആലോചന. ഇതിനുള്ള സാഹസയാത്രയുടെ ആഖ്യാനമാണ് തുടർന്നു കാണുന്നത്. പട്രീഷ്യോയ്ക്കു സഹായിയും ഒപ്പം ഈ യാത്രയുടെ ചലച്ചിത്രാവിഷ്കാരകനുമായി ഗ്ലാഡർമുള്ളറും കൂടെ പോയി.
സ്വീഡീഷ് സർക്കാർ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറല്ലായിരുന്നു. ചിലിയൻ സർക്കാരും ഇതേ നിലപാടിൽ നിന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ അവർ വീസ പോലും ഇല്ലാതെ ഇറാക്ക് അതിർത്തിവഴി സിറിയയിലെ അൽഹോൾ അഭയാർഥി ക്യാന്പിലെത്തി.
ക്യാന്പിന്റെ പലേടങ്ങളിലായി ചിതറിപ്പോയ തന്റെ പേരക്കുട്ടികളെ ക്ഷമയോടെ തേടിപ്പിടിച്ചു പട്രീഷ്യോ ഒന്നിച്ചാക്കി. ഏറ്റവും ഇളയ ഒരു വയസുകാരൻ മുഹമ്മദ് പട്ടിണിമൂലം അർധപ്രാണനായിരുന്നു. മനസു മരവിപ്പിക്കുന്ന ദുരന്തകാഴ്ചകളാണ് ചുറ്റും കാണാനുള്ളത്. സിറിയൻ സർക്കാരിനും വിദേശ സർക്കാരുകൾക്കും അനാഥരാക്കപ്പെട്ട പതിനായിരക്കണക്കിനു അഭയാർഥിക്കുഞ്ഞുങ്ങൾ ’ശത്രുവിന്റെ’ മക്കളാണ്.
എന്തായാലും ഒരു മനുഷ്യന്റെ നിശ്ചയദാർഢ്യവും കുടുംബസ്നേഹവും അതിനെയെല്ലാം അതിജീവിക്കുന്ന കാഴ്ച നാം കാണുന്നു. നാട്ടിലേക്കു കുഞ്ഞുങ്ങളുമായി മടങ്ങി എത്തിയ പട്രീഷ്യോയുടെ പ്രവർത്തനത്തെ അഭിനന്ദിക്കാൻ ഏറെ നാട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. നിലവിലുള്ള നിയമമനുസരിച്ചു കുട്ടികളുടെ സംരക്ഷണം പട്രീഷ്യോയ്ക്കു കിട്ടിയതുമില്ല. അയാൾ കാത്തിരിക്കുകയാണ് തന്റെ കൊച്ചുമക്കളെ ഒന്നിച്ചു ചേർത്തു തന്റെ കുടുംബമാക്കാൻ.
ജിജി ജോസഫ് കൂട്ടുമ്മേൽ