എന്‍ജിനിയറിംഗിന്റെ സംഗീതം!
Sunday, December 3, 2023 2:13 AM IST
സംഗീതരംഗത്ത് ഒട്ടേറെ എന്‍ജിനിയര്‍മാരുണ്ട്. പറയുന്നത് സൗണ്ട് എന്ജിനിയര്മാരെക്കുറിച്ചല്ല, പാടുന്ന, ഈണമൊരുക്കുന്ന, ഉപകരണങ്ങള്‍ വായിക്കുന്നവരെക്കുറിച്ചാണ്. എന്താണ് എന്‍ജിനിയറിംഗും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള ബന്ധം? ഒട്ടേറെ സമാനതകളും അത്രതന്നെ വ്യത്യസ്തതകളുമുണ്ട് രണ്ടിനും തമ്മില്‍. ഇതാ, ഒരു എന്‍ജിനിയറിംഗ് അധ്യാപകനായ വയലിനിസ്റ്റ്...
തൃശൂര്‍ പൂരത്തിന്റെ തിരുവമ്പാടി വിഭാഗം നടത്തിപ്പുകാരില്‍ പ്രധാനിയായിരുന്നു പൂങ്കുന്നത്തെ മണി മേനോന് എന്നറിയപ്പെട്ട എന്‍. വേലായുധമേനോന്‍. നഗരത്തിന്റെ സാംസ്കാരിക രംഗത്തു നിറഞ്ഞുനിന്ന വ്യക്തിത്വം. സംഗീതത്തോടും മറ്റു കലകളോടും അതീവ താത്പര്യം. ചെണ്ടയില്‍ അവഗാഹം. വയലിനോട് അല്പം ഇഷ്ടക്കൂടുതല് ഉണ്ടായിരുന്നെങ്കിലും പഠിക്കാന്‍ മണി മേനോനു സാധിച്ചില്ല. അങ്ങനെയാണ് ഒമ്പതു വയസുകാരനായ മകന് രതീഷ് മേനോനെ വയലിന് വിദ്വാന് ചേര്‍ത്തല സത്യമൂര്‍ത്തിയുടെ അടുത്തെത്തിക്കുന്നത്.
മകനെ വയലിന് പഠിക്കാന്വിട്ടു വെറുതെയിരുന്നില്ല മണി മേനോന്. നിര്‍ബന്ധിച്ചു പ്രാക്ടീസ് ചെയ്യിച്ചു. തുടക്കത്തില്‍ മടിയുണ്ടായിരുന്നെങ്കിലും ക്രമേണ അവനു വയലിന് ഇഷ്ടമായി. അച്ഛന്റെ നിര്‍ബന്ധമില്ലാതെതന്നെ പ്രാക്ടീസ് തുടങ്ങി. തൃശൂര്‍ രാധ ടീച്ചര്‍, ഗുരുവായൂര്‍ നാരായണന് തുടങ്ങിയവരുടെ കീഴില്‍ പഠനം തുടര്‍ന്നു. വലിയ ശിഷ്യസമ്പത്തിന് ഉടമയായ നെടുമങ്ങാട് ശിവാനന്ദന്റെ ശിഷ്യനായി പിന്നീട്. അദ്ദേഹത്തിന്റെ ബാണി പിന്തുടര്ന്ന് ഒട്ടേറെ കച്ചേരികളിലും സോളോ പ്രകടനങ്ങളിലും കഴിവു തെളിയിച്ച രതീഷ് ഇപ്പോള്‍ ഡോ. രതീഷ് മേനോനാണ്. എന്‍ജിനിയര്‍ വയലിനിസ്റ്റ്!
എന്‍ജിനിയറിംഗും സംഗീതവും
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതല്‍ രതീഷ് കച്ചേരികള്‍ക്കു വായിച്ചുതുടങ്ങി. എന്‍ജിനിയറിംഗ് പഠനകാലത്തും തുടര്‍ന്നു. തുടര്‍പഠനങ്ങള്‍ക്കു വിദേശ രാജ്യങ്ങളിലായിരുന്നപ്പോഴും വയലിന് കൂട്ടുണ്ടായിരുന്നു. ഇപ്പോള്‍ കച്ചേരികളും സോളോകളും ലൈവ് ഡെമോണ്സ്ട്രേഷനുകളുമായി സംഗീതം സജീവം.
എന്‍ജിനിയറിംഗും ക്ലാസിക്കല്‍ മ്യൂസിക്കും തമ്മിലുള്ള സാമ്യങ്ങളും വ്യത്യസ്തതകളും ഒരുപോലെ ഇഷ്ടപ്പെടുന്നു എന്‍ജിനീയറിംഗ് കോളജ് അധ്യാപകനായ ഡോ. രതീഷ് മേനോന്. രണ്ടും സര്‍ഗാത്മകമാണെന്നു പറയാം. നവീകരണത്തിനും ശുദ്ധീകരണത്തിനും രണ്ടിലും സാധ്യതകളുണ്ട്. പാറ്റേണുകള്‍ വ്യാഖ്യാനിച്ചെടുക്കാം.
അതേസമയം എന്‍ജിനിയറിംഗ് ഓബ്ജക്ടീവും സംഗീതം സബ്ജക്ടീവുമാണ്. ശ്രോതാക്കള്‍ സംഗീതം സ്വീകരിക്കുന്ന രീതിയും കൗതുകകരമാണ്. ചിലര്‍ക്കു ചിലരുടെ പാട്ടുകള്‍ ഇഷ്ടമാകുന്നതിന്റെ കാരണം അതാണല്ലോ. സാങ്കേതികമായി പറഞ്ഞാല്‍ ഇതു രണ്ടും മനുഷ്യമസ്തിഷ്കത്തിന്റെ രണ്ടു ഭാഗങ്ങളിലാണ് കൈകാര്യം ചെയ്യപ്പെടുന്നത് - എന്‍ജിനിയറിംഗ് ഇടതുവശത്തും കലകള്‍ വലതുവശത്തും - രതീഷ് മേനോന് പറയുന്നു.
പുതുതലമുറയ്ക്കൊപ്പം
കോളജുകളിലടക്കം ഒട്ടേറെ ലൈവ് പ്രോഗ്രാമുകള്‍ ഡോ. രതീഷ് മേനോന് ചെയ്യുന്നുണ്ട്. ശാസ്ത്രീയ സംഗീതത്തെ പുതുതലമുറ സഹര്‍ഷം സ്വീകരിക്കുന്നുവെന്നതാണ് അനുഭവം. ഒട്ടൊന്നു ലഘൂകരിച്ച് ഫ്യൂഷന്‍ രീതിയിലും ന്യൂജെന്‍ ട്രെന്ഡിലുമാകും മിക്കപ്പോഴും അവതരണം. ഓഡിയന്സിന്റെ പ്രതികരണങ്ങള്‍ അറിഞ്ഞാവും അടുത്തതെന്ത് എന്നു തീരുമാനിക്കുക.
ഈ മേഖലയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നു ധാരാളം അവസരങ്ങളുണ്ട്. സോഷ്യല്‍ മീഡിയ വഴി ലോകത്തെങ്ങുമുള്ള ശ്രോതാക്കളിലേക്ക് എത്താം. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ പഠനപര്യടനകാലത്തു വെസ്റ്റേണ്‍ ടെക്നിക്കുകള്‍ അടുത്തറിയാനായി. നമ്മുടെ രീതികള്‍ അവിടെയുള്ളവര്‍ വലിയ താത്പര്യത്തോടെയാണ് ശ്രദ്ധിക്കുന്നതും.
കവര്‍ പതിപ്പുകള്‍ക്കും പുതിയ തലമുറയില്‍ ആരാധകരേറെയുണ്ട്. ഇംപ്രൊവൈസ് ചെയ്യുക എന്നത് പാട്ടുകാരന്റെ സ്വാതന്ത്ര്യമായി കാണണം. സംഗീതത്തെ കെട്ടിപ്പൂട്ടി വയ്ക്കാനാവില്ല. കൃതികള്‍ക്കും പാട്ടുകള്‍ക്കും കാലാന്തരത്തില്‍ വരുന്ന മാറ്റങ്ങളാണ് അതിന്റെ സൗന്ദര്യം.
കര്‍ണാടക സംഗീതംതന്നെയാണ് രതീഷ് മേനോന്റെ ഇഷ്ടസംഗീതധാര. മഹാരാജപുരം സന്താനത്തെയും മധുരൈ മണി അയ്യരെയും ഇഷ്ടം. ലാല്‍ഗുഡി ജയറാം, ടി.എന്‍. കൃഷ്ണന്, എം.എസ്. ഗോപാലകൃഷ്ണന്, ഡോ.എല്‍. സുബ്രഹ്മണ്യം എന്നിവരുടെ വായനാരീതികളാണ് വയലിനില്‍ താത്പര്യം. ഒപ്പം യാനി, ഹാന്‍സ് സിമ്മര്‍ എന്നിവരുടെ സംഗീത്തോടും ആരാധന.
കറുകുറ്റി എസ്സിഎംഎസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി സിവില്‍ വിഭാഗം പ്രഫസറും വകുപ്പു തലവനുമാണ് ഡോ. രതീഷ് മേനോന്. ഭാര്യ വിനീത ആര്‍ക്കിടെക്ടും അധ്യാപികയുമാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പ്രണവും യുകെജി വിദ്യാര്‍ഥിനി പല്ലവിയും മക്കള്‍. വായ്പ്പാട്ട്, വയലിന്, പിയാനോ എന്നിവയിലൂടെ സംഗീതത്തിന്റെ പാതയില്‍ത്തന്നെയാണ് പ്രണവ്.
സംഗീതം മാത്രമായിരുന്നെങ്കില്‍?
സംഗീതം മാത്രം ജീവിതോപാധിയാക്കിയാലും ഇന്നത്തെ കാലത്തു മുന്നോട്ടു പോകാമെന്നാണ് ഡോ. രതീഷ് മേനോന്റെ അഭിപ്രായം. എന്നാല്‍, സ്വന്തം താത്പര്യം അനുസരിച്ചു പ്രോഗ്രാമുകള്‍ തെരഞ്ഞെടുക്കാനാവില്ല. മറ്റു സ്ഥിരവരുമാനം ഉണ്ടായാലേ അതിനുള്ള സ്വാതന്ത്ര്യമുണ്ടാകൂ.. ശരിയാണ്, സംഗീതത്തിനു ചിറകുകള് ഉണ്ടാകണം.
ഹരിപ്രസാദ്