എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
Sunday, January 14, 2024 5:27 AM IST
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്നു. പരിമിതികളെ മറന്നു നടത്തിയ ഈ പോരാട്ടം ഫലം കാണുകതന്നെ ചെയ്തു. ലാഗോസ് എന്ന മഹാനഗരത്തിനും പ്രാന്തപ്രദേശങ്ങളിലുമായി രണ്ടുകോടിയിലധികം മനുഷ്യ ജീവനുകളെയാണ് അവർ സംരക്ഷിച്ചത്.
ഇന്നത്തെ ലോകം ഏറ്റവും ഭയക്കുന്ന പകർച്ചവ്യാധികളിലൊന്നാണ് എബോള (ഇവിഡി). ആഫ്രിക്കയിലെ എബോള നദിയുടെ കരയിലാണ് ഈ രോഗം ആദ്യം പ്രത്യക്ഷമായത്. വവ്വാലുകൾ വഴിയാണ് പകരുന്നത്. കുരങ്ങുവർഗത്തിൽപെട്ട ജീവികൾ രോഗവാഹകരാണ്. മരണനിരക്ക് 50 ശതമാനം വരെ ആകാം.
1976ലാണ് എബോള ആദ്യം തിരിച്ചറിയപ്പെട്ടത്. മധ്യ ആഫ്രിക്കയിൽ തുടങ്ങി ആ ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളിലേക്കും അതിവേഗം പടർന്നു. ഉഷ്ണമേഖലാ രാജ്യങ്ങളിലെവിടെയും ഇതിനു വളരാൻ അനുകൂല സാഹചര്യങ്ങളുണ്ട്.
2014ൽ ഈ രോഗം പൊടുന്നനേ നൈജീരിയയിൽ ഭീഷണിയുയർത്തി. എന്നാൽ, അവിടത്തെ ഒരുപറ്റം ഡോക്ടർമാരുടെയും സഹപ്രവർത്തകരുടെയും ധീരഇടപെടലിലൂടെ മൂന്നു മാസങ്ങൾകൊണ്ട് രോഗവ്യാപനം തടയാനായി. ഈ സംഭവം നൈജീരിയ എന്ന രാജ്യത്തെപ്പറ്റി പുറം ലോകത്തിനുണ്ടായിരുന്ന ധാരണകൾ മാറ്റിമറിച്ചു.
എന്നാൽ, ഈ പോരാട്ടത്തിനു നേതൃത്വം കൊടുത്ത വനിതാ ഡോക്ടറും മൂന്നു സഹപ്രവർത്തകരും സ്വന്തജീവൻ വിലയായി കൊടുക്കേണ്ടി വന്നു. ഈ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് നൈജീരിയൻ ചലച്ചിത്രകാരൻ സ്റ്റീവ് ഗുക്കാസ് അവതരിപ്പിക്കുന്നത്.
എബോള വരുന്നു
കഥ തുടങ്ങുന്നത് 2014 ജൂണിൽ. ലൈബീരിയൻ-അമേരിക്കൻ അഭിഭാഷകനായ പാട്രിക് സോയർ എന്ന നയതന്ത്രജ്ഞൻ നൈജീരിയൻ തലസ്ഥാനമായ ലാഗോസിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാനെത്തുന്പോൾ അദ്ദേഹത്തിന് എബോളയുടെ ലക്ഷണങ്ങൾ. അവശനായ സോയറെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
എബോള ആഫ്രിക്കയിലെങ്കിലും ഭീതി വിതച്ച സമയമായിരുന്നു അത്. തനിക്കു മലേറിയയാണെന്നു വാദിച്ച് ആശുപത്രി സ്റ്റാഫുമായി വഴക്കിട്ട സോയർക്ക് എബോള തന്നെയെന്നു പരിശോധനയിൽ കണ്ടെത്തി. അധികം കഴിയും മുന്പേ അദ്ദേഹം മരിച്ചു. ഫസ്റ്റ് കൺസൾട്ടന്റ് ആശുപത്രിയിലേ പ്രഗല്ഭയായ ഡോക്ടർ സ്റ്റെല്ലാ അമേയോ ആയിരുന്നു പരിശോധന നടത്തിയത്.
പോരാട്ടത്തിന്റെ നാളുകൾ
സോയറുടെ മരണം വാർത്തയായതോടെ ലാഗോസിലെങ്ങും ഭീതി പടർന്നു. പരിശോധനയ്ക്കായി ക്വാറന്റൈനിൽ ആക്കിയിരുന്ന പാട്രിക് സോയറിൽനിന്ന് രോഗം ശുശ്രൂഷകർക്കും പകർന്നിരുന്നു. ഇത്തരമൊരു സാഹചര്യം നേരിടാൻ വേണ്ട സംവിധാനങ്ങൾ രാജ്യത്തുണ്ടായിരുന്നതുമില്ല.
എന്നാൽ, സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ഡോക്ടർ സ്റ്റെല്ല ഉണർന്നു പ്രവർത്തിച്ചു. പകർച്ചവ്യാധി പ്രതിരോധ വകുപ്പു മേധാവി ഡോ. വാസിയും ഗ്ബ്ദമോസിയും ലോകാരോഗ്യ സംഘടനയിൽനിന്നു പരിചയ സന്പന്നയായ ഡോ. ഡേവിഡ് ബ്രെറ്റ് മേജറും ഒപ്പം ചേർന്നു.
പാട്രിക് സോയറിൽനിന്നു തനിക്ക് എബോള പകർന്നതായി ഡോ. സ്റ്റെല്ല തിരിച്ചറിഞ്ഞു. മരണം മുന്നിൽ കണ്ടുകൊണ്ടുതന്നെ അവർ തന്റെ ദൗത്യവുമായി മുന്നോട്ടുപോയി.
രോഗബാധിതരെ കുടുംബാംഗങ്ങൾതന്നെ ആശുപത്രിയിലെ അഗതികളുടെ വാർഡിൽ ഉപേക്ഷിച്ചു പോകാൻ തുടങ്ങിയിരുന്നു. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ഡോ. സ്റ്റെല്ല വിവിധ ഏജൻസികളുമായി സന്പർക്കം പുലർത്തി. രോഗബാധിതയായി ഐസോലേഷൻ വാർഡിൽ ഒറ്റയ്ക്കു കഴിയുന്പോഴും തനിച്ചു ചുറ്റുമുള്ളവരെ ധൈര്യപ്പെടുത്തിയും അടിയുറച്ച നിശ്ചയദാർഢ്യത്തോടും വിശ്വാസത്തോടുംകൂടി അവർ നേതൃത്വം നല്കി.
സ്വന്തം കുടുംബത്തെയും അവർക്കു സാന്ത്വനിപ്പിക്കാനുണ്ടായിരുന്നു. അടിപതറാതെനിന്നു ഭർത്താവിനെയും മകനെയും ധൈര്യപ്പെടുത്തിയ സ്റ്റെല്ല തന്റെ മരണത്തിന്റെ തലേന്നു മകന്റെ ജന്മദിനത്തിനു ഫോണിൽകൂടി ആശംസ നൽകി. തന്റെ പേരിൽ അവനു ജന്മദിന സമ്മാനം നല്കാൻ ഭർത്താവിനെ ചുമതലപ്പെടുത്തി.
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്നു. പരിമിതികളെ മറന്നു നടത്തിയ ഈ പോരാട്ടം ഫലം കാണുകതന്നെ ചെയ്തു. ലാഗോസ് എന്ന മഹാനഗരത്തിനും പ്രാന്തപ്രദേശങ്ങളിലുമായി രണ്ടുകോടിയിലധികം മനുഷ്യ ജീവനുകളെയാണ് അവർ സംരക്ഷിച്ചത്.
2014 ഒക്ടോബർ 20ന് നൈജീരിയയിൽ എബോള ഭീഷണി അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. ഇരുപതു പേർക്കു മാത്രമേ രോഗം വന്നിരുന്നുള്ളൂ. എട്ടു പേർ മരിച്ചു. മരിച്ചവരിൽ നാലുപേർ സ്റ്റെല്ലയടക്കം ഫസ്റ്റ് കൺസൾട്ടന്റ് ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകരായിരുന്നു.
അംഗീകാരങ്ങൾ
ചിത്രത്തിന്റെ അവസാനത്തിൽ എബോള പ്രതിരോധ പോരാളികളെ ബഹുമാനിക്കാനുള്ള അനുസ്മരണ ചടങ്ങിൽ സീനിയർ ഡോക്ടറായ ബഞ്ചമിൻ ഓഹായേരി ഇപ്രകാരം പറഞ്ഞു: "ഇക്കഴിഞ്ഞ മാസങ്ങളിൽ നാം നേരിട്ടതു പോലൊരു വെല്ലുവിളി മുന്പെങ്ങും സംഭവിച്ചിട്ടില്ല, അതിനെ നേരിടാൻ നാം കൊടുത്തതുപോലൊരു വില മുന്പ് കൊടുക്കേണ്ടി വന്നിട്ടുമില്ല. ഈ പോരാട്ടത്തിൽ ജീവൻ ബലികഴിച്ച മനുഷ്യർ നൈജീരിയ ഉള്ള കാലത്തോളം സ്മരിക്കപ്പെടും.'
ആരോഗ്യപ്രവർത്തകർക്കു പ്രചോദനമാകുന്ന ഈ ചിത്രം അനേകം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്കു ക്ഷണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. ഏറ്റവും മികച്ച ആഫ്രിക്കൻ ചലച്ചിത്രങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ 13 നോമിനേഷനുകൾ ഈ ചിത്രത്തിനു ലഭിച്ചു. തന്റെ ഏറ്റവും നല്ല ചിത്രമായി സംവിധായകൻ ഗുക്കാസ് ഈ ചിത്രത്തെ കരുതുന്നു.
ജിജി ജോസഫ് കൂട്ടുമ്മേൽ