തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
Sunday, February 18, 2024 3:29 AM IST
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇടയനാടകങ്ങളിലൂടെ മലയാളത്തിന്റെ ആദ്യ നാടകകൃത്തായി ചാവറയച്ചൻ ഉദിച്ചുയർന്നതിനു പിന്നാലെ മലയാളികൾ ഒാർമിക്കേണ്ട മറ്റൊരു പേരാണ് വി.എസ്. ആൻഡ്രൂസ്.
മലയാളത്തിലെ ആദ്യത്തെ സംഗീത നാടകത്തിന്റെ തുടക്കക്കാരൻ എന്നു വിളിക്കേണ്ടത് ആൻഡ്രൂസിനെയാണ്. തമിഴ് ചേല ചുറ്റി നിന്നാടിയ നാടകത്തെ മലയാളമുടുപ്പിച്ചത് ആൻഡ്രൂസ് ആണ്. 1872 മേയ് അഞ്ചിന് ചെല്ലാനം വാഴക്കൂട്ടത്തിൽ സാം ജോണിന്റെയും ജോണമ്മയുടെയും മകനായിട്ടായിരുന്നു ആൻഡ്രൂസിന്റെ ജനനം.
തുഞ്ചൻ സ്മാരകത്തിൽ
ടി.സി. അച്യുതമേനോന്റെ "സംഗീതനൈഷധ'ത്തെയാണ് മലയാളത്തിലെ ആദ്യത്തെ സംഗീത നാടകമായി പല ഭാഷാ സാഹിത്യ ചരിത്രകാരന്മാരും കരുതുന്നത്. സംഗീതനൈഷധത്തിന് ഒരു വർഷം മുമ്പ് 1891ൽ ഇസ്താക്കി നാടകം രചിക്കപ്പെട്ടു. മലയാളത്തിലെ ആദ്യത്തെ സംഗീത നാടക കർത്താവ് വി.എസ്.ആൻഡ്രൂസ് ആണ്.'- ഇപ്രകാരം ഒരു പ്രസ്താവന തിരൂർ തുഞ്ചൻ പറമ്പിലെ ആർട്ട് ഗാലറിയിൽ കാണാം.
മലയാള സംഗീത നാടകത്തിന്റെ തുടക്കക്കാരൻ. മലയാള നാടകത്തെ മലയാളിക്കു മനസിലാകും വിധം സംഗീത പിൻബലത്തിൽ തട്ടിൽ കയറ്റിയത് വി.എസ്. ആൻഡ്രൂസ് ആണെന്ന യാഥാർഥ്യം അംഗീകരിക്കാൻ പലരും മടിച്ചപ്പോൾ മലയാള ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മരണ നിലനിർത്തുന്ന തുഞ്ചൻ സ്മാരകത്തിനും അതിനു നേതൃത്വം നല്കുന്നവർക്കും ഇക്കാര്യത്തിൽ ഒട്ടും സംശയം ബാക്കിയില്ല എന്നു വ്യക്തമാക്കുന്നതാണ് തുഞ്ചൻ സ്മാരകത്തിലെ ഔദ്യോഗിക രേഖ.
ഇസ്താക്കി ചരിതം
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അക്കാലത്തു നിലവിലിരുന്ന യാഥാസ്ഥിതിക വ്യവസ്ഥിതിയെ വിമർശിക്കുന്ന "ഇസ്താക്കിചരിതം' 1891ൽ വേദിയിൽ എത്തിച്ച വി.എസ്. ആൻഡ്രൂസ് പുതിയ മലയാളനാടക ചരിത്രത്തിനു തുടക്കം ഇടുകയായിരുന്നു.
1891 വരെ തമിഴ് സംഗീത നാടകം കാണാൻ മാത്രം വിധിക്കപ്പെട്ടിരുന്ന മലയാളിക്ക് ആദ്യമായി മലയാള നാടക ഗാനങ്ങളും നാടകങ്ങളും ഒരുക്കിയത് ചെല്ലാനം എന്ന കടലോര ഗ്രാമത്തിൽ 1872 മേയ് അഞ്ചിന് ജനിച്ച വി.എസ്. ആൻഡ്രൂസ് എന്ന നാടക കുലപതി ആയിരുന്നു. പുരാണ കഥാപാത്രങ്ങളെ മാത്രമല്ല ബൈബിളിലെ കഥാപാത്രങ്ങളെയും ആദ്യമായി മലയാള നാടകവേദിയിൽ കയറ്റിയത് ആൻഡ്രൂസ്തന്നെ.
ക്രിസ്ത്യാനികൾക്ക് പ്രവേശനമില്ലാതിരുന്ന കാലത്തു തിരുവനന്തപുരം മഹാരാജാസ് കോളജിൽ ആദ്യമായി മുട്ടാളപ്പട്ടാളം എന്ന ഹാസ്യസംഗീത നാടകം ആൻഡ്രൂസിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു.
മലയാളിയുടെ നാടകം
നല്ല ഒരു അഭിനേതാവു കൂടിയായിരുന്ന അദ്ദേഹം നടൻമാരെ അഭിനയം മാത്രമല്ല എഴുത്തും വായനയും മുതൽ പഠിപ്പിച്ചാണ് സ്റ്റേജിൽ കയറ്റാൻ പ്രാപ്തരാക്കിയത്.
ബൈബിളിലും ഹൈന്ദവ വേദങ്ങളിലും ഉപനിഷത്തുകളിലും അഗാധമായ അറിവ് നേടിയ അദ്ദേഹത്തിന്റെ പുരാണ നാടകങ്ങളും ബൈബിൾ നാടകങ്ങളും സാമൂഹ്യ വിമർശനം ഉയർത്തിയ നാടകങ്ങളും പൊതുസമൂഹത്തെ നാടകവേദികളുടെ മുന്നിൽ പിടിച്ചിരുത്തി. പൊതു സമൂഹത്തിന് ഇത് ഒരു പുതിയ അനുഭവമായിരുന്നു.
30 വർഷത്തോളം തുടർച്ചയായി അരങ്ങേറിയ അദ്ദേഹത്തിന്റെ മിശിഹാചരിത്രം എന്ന നാടകം, മലയാള നാടകരംഗത്തെ നാഴികക്കല്ലായി. പള്ളിപ്രസംഗങ്ങളിൽ പറഞ്ഞു മാത്രം കേട്ടിരുന്ന (ബൈബിൾ അന്നു സാധാരണക്കാർക്കു ലഭ്യമല്ലായിരുന്നു) ബൈബിൾ കഥാപാത്രങ്ങളെ ബൈബിൾ വായിക്കാതെ തന്നെ മലയാളിക്കു പരിചിതമാക്കി നൽകിയതിൽ ആൻഡ്രൂസിന്റെ നാടകങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
പുരാണകഥകളും
വിശ്വാസവിജയം, വേദവിഹാരം, പറുദീസാനഷ്ടം, മിശിഹാചരിത്ര സമ്പൂർണം തുടങ്ങിയ നാടകങ്ങൾ കേരളത്തിനകത്തും പുറത്തും പല വർഷങ്ങളിലും അരങ്ങേറി. ഹിന്ദുരാജ്യം, പാദുക പട്ടാഭിഷേകം, രാമാരണ്യയാത്ര എന്നീ നാടകങ്ങളിലൂടെ ഹൈന്ദവ പുരാണങ്ങളിലുള്ള അറിവ് മറ്റുള്ളവർക്കു പകർന്ന് നല്കി.
വെറുംചിരി, സമത്വവാദി, സരസസേവിനി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ ഒരു കാലത്തു പുറത്തിറക്കിയിരുന്നു. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, ഓച്ചിറ വേലുക്കുട്ടി, ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ, അഗസ്റ്റിൻ ജോസഫ്, വൈക്കം മണി തുടങ്ങി പലരെയും മലയാളിക്കു പ്രിയപ്പെട്ടവരാക്കിയതിന്റെ കാരണക്കാരൻ ആൻഡ്രൂസ് ആയിരുന്നു.
മഹാത്മജി എന്ന ഖണ്ഡകാവ്യവും 23 സംഗീതനാടകങ്ങളും ഉൾപ്പെടെ അന്പതോളം കൃതികൾ അദ്ദേഹത്തിന്റേതായി മലയാളികൾക്കു ലഭിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ആൻഡ്രൂസിന് മലയാള സംഗീത നാടകത്തിന്റെ അമരക്കാരൻ എന്ന അർഹമായ അംഗീകാരം നൽകാൻ മലയാളി മറന്നുപോയെന്നതാണ് സത്യം. 1968 ഒാഗസ്റ്റ് 27ന് മഹത്തായ ആ ജീവിതത്തിനു കർട്ടൻ വീണു.
ആന്റണി ആറിൽചിറ ചമ്പക്കുളം