ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വെള്ളത്തിനടിയിലൂടെ പായുന്നതു കണ്ണാടിയിലെന്ന പോലെ കാണാം.
സൂര്യന്റെ പ്രഭാത കിരണങ്ങള്‍ മുത്തംവച്ചപ്പോൾ നദിയുടെ അടിത്തട്ടിലെ മണൽത്തരികൾ പൊന്നെന്നപോലെ തിളങ്ങി. വെള്ളാരം കല്ലുകൾ നദിയുടെ പച്ചയും നീലയും ഇടകലര്‍ന്ന വർണം കടംകൊണ്ടു. നദിയിലൂടെ ഒഴുകി നീങ്ങിയ ചെറു വള്ളങ്ങൾ ഒരു ത്രിമാന ചിത്രംപോലെ തോന്നി.
സ്ഫടികം പോലെ തെളിഞ്ഞ നദിയും നദീതടവും പ്രകൃതിയും ആസ്വദിച്ചങ്ങനെ നിൽക്കുമ്പോൾ ഏതു സ്വപ്നലോകത്തിൽ എത്തിയെന്നു തെല്ലൊരു നിമിഷം സംശയിച്ചേക്കാം. ഏതു സുന്ദരസ്വപ്നത്തേക്കാളും മനോഹര കാഴ്ചകളാണ് മേഘാലയയിലെ ദൗക്കി നദി നമുക്കായി ഒരുക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദിയാണ് ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയയിലെ ദൗക്കി നദി. ദൗക്കി നദി ഉംഗോട്ട് നദി എന്നും അറിയപ്പെടുന്നു.
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോഗിൽനിന്ന് 80 കിലോമീറ്റർ സഞ്ചരിച്ചാൽ വെസ്റ്റ് ജയ്ന്തിയ ഹിൽസ് ജില്ലയിലെത്താം. ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലെ അവസാന ഗ്രാമമാണ് ദൗക്കി. ദൗക്കി പ്രദേശത്തെത്തുമ്പോൾ ഉംഗോട്ട് നദി ദൗക്കി നദിയായി മാറുന്നു. ദൗക്കി നദിക്ക് മാന്ത്രിക നദി എന്നൊരു വിളിപ്പേരുമുണ്ട്.
സ്ഫടികം പോൽ
കിഴക്കന്‍ ഖാസി ഹിൽസിൽനിന്ന് ഉദ്ഭവിക്കുന്ന ഉംഗോട്ട് നദിയുടെ ഒഴുക്ക് ബംഗ്ലാദേശിലേക്കാണ്.
96 കിലോമീറ്റര്‍ നീളമുള്ള നദി നിരവധി ചെറു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാണ് ബംഗ്ലാദേശിലെത്തുന്നത്. അടിത്തട്ടിലെ ചെറു മണൽത്തരികൾ പോലും കാണാനാവുന്ന രീതിയിൽ സ്ഫടികം പോലെ തെളിഞ്ഞതാണ് നദിയിലെ വെള്ളം. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വെള്ളത്തിനടിയിലൂടെ പായുന്നതു കണ്ണാടിയിലെന്ന പോലെ കാണാം.
ദൗക്കി നദിയെ വൃത്തിയോടെ സൂക്ഷിക്കുന്നതിൽ പ്രദേശവാസികളും സര്‍ക്കാരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നദിയെ മലിനീകരണത്തിൽനിന്നു സംരക്ഷിക്കാനായി മോട്ടോര്‍ ബോട്ടുകളുടെ ഉപയോഗം ഇവിടെ നിരോധിച്ചിട്ടുണ്ട്. ചെറുവള്ളങ്ങളിലാണ് വിനോദസഞ്ചാരികളും പ്രദേശവാസികളും സഞ്ചരിക്കുക. ദൗക്കിയുടെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുന്നത് ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ്.
അഞ്ജലി അനിൽകുമാർ