ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
Sunday, February 25, 2024 2:44 AM IST
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ അവർ ഒതുങ്ങിക്കൂടി. തോമസു പൗലോസും സംതൃപ്തിയോടെ നോക്കിനിൽക്കെ ട്രക്ക് ചാലക്കുടി വിട്ടു. എന്നാൽ, പിന്നീട് സംഭവിച്ചത്...
എന്റെ ബാല്യത്തിലെ ഏറ്റവും വേദനാജനകമായ ഒരനുഭവത്തെപ്പറ്റിയാണ് ഇവിടെ കുറിക്കുന്നത്. ഹൃദയത്തിൽ സൂചിമുനകൊണ്ട് കോറിയിട്ടപോലെയുള്ള ഒരനുഭവം. സംഭവം നടക്കുന്നത് രണ്ടാം ലോകമഹായുദ്ധ കാലത്തിന്റെ അന്ത്യത്തിൽ, അതായത് 1945ൽ.
ഞങ്ങൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽനിന്നു കൈകൊട്ടിയാൽ കേൾക്കുന്ന ദൂരത്താണ് തൃശൂർ കത്തോലിക്കാ ബിഷപ്പിന്റെ അരമന. അവിടത്തെ മുഖ്യ പാചകക്കാരനാണ് യുവാവായ ലൂവീസ്. അയാളെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. പരമ സാധുവും വിനയസന്പന്നനും.
എന്റെ മങ്ങിപ്പോയ ഓർമകൾക്കു തെളിച്ചം കിട്ടാനും സംഭവങ്ങൾക്കു വിശ്വാസ്യത കവരാനും വിട്ടുനിൽക്കുന്ന ചില കണ്ണികളെ കൂട്ടിയോജിപ്പിക്കാനുംവേണ്ടി ലൂവീസുമായി ബന്ധപ്പെട്ട പ്രായമായ ചില വ്യക്തികളെ കുറച്ചുകാലം മുന്പ് ഞാൻ തേടിപ്പിടിച്ചു കണ്ടിരുന്നു.
ലൂവീസിന്റെ കുടുംബം
ലൂവീസ് ആരോഗ്യവാനാണെങ്കിലും കാഴ്ചയ്ക്ക് അത്ര സുന്ദരനല്ല. എന്നാൽ, ലൂവീസിന്റെ ഭാര്യ റോസി കാണാൻ നല്ല സുന്ദരി. അന്ന് അവൾക്ക് ഇരുപത്തിനാല് വയസ്. താരുണ്യം തഴച്ചുനില്ക്കുന്ന പ്രായം. അവർക്കു മൂന്നരയും ഒന്നരയും വയസുള്ള രണ്ട് ആൺകുട്ടികളുണ്ട്. റോസിയുടെ സൗന്ദര്യം ലൂവീസിൽ സന്തോഷത്തേക്കാൾ കൂടുതൽ സ്വസ്ഥതക്കുറവാണുണ്ടാക്കിയത്. അകാരണമായി റോസിയെ സംശയിക്കാൻ തുടങ്ങി. അതു വളർന്നു ലൂവീസ് ഒരു സംശയരോഗിയുടെ മട്ടിലായി. മനസു നീറിയ റോസി കണ്ണീരും പ്രാർഥനയും നേർച്ചയുമായി നാളുകൾ നീക്കി.
ചാലക്കുടിയിൽനിന്നു കുറെ ദൂരെ കോടശേരിക്കടുത്തു കനകമലയിൽ കുരിശുമുത്തപ്പന്റെ പേരിൽ തീർഥകേന്ദ്രമുണ്ട്. അന്ന് അത് ആരംഭിച്ചിട്ട് അധികം കാലമായില്ല. അവിടത്തെ പള്ളിയിൽ അദ്ഭുത പ്രവർത്തകനായ അന്തോനീസ് പുണ്യവാളന്റെ നൊവേനയുണ്ടെന്നും രോഗശാന്തി ലഭിക്കുമെന്നും ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 14 ദിവസത്തെ നോന്പെടുത്തും നേർച്ച നേർന്നും ലൂവീസും റോസിയും ഒരു ദിവസം ഉച്ചയ്ക്കുശേഷം കനകമലയിലേക്കു പോയി.
ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളില്ലാത്ത കാലം. പ്രാർഥനയും വഴിപാടും കഴിച്ചശേഷം അവർ തിരിച്ചുപോന്നപ്പോൾ സമയം വൈകി. കനകമലയിൽനിന്നു എട്ടൊന്പതു നാഴിക നടന്നാണ് അവർ ചാലക്കുടി സെന്ററിൽ എത്തിയത്. അപ്പോഴേയ്ക്കും സമയം രാത്രി ഏഴരയായി. തൃശൂർക്കുള്ള ലാസ്റ്റ് ബസ് പോയിക്കഴിഞ്ഞു. രാത്രിയായാൽ അക്കാലത്തു ബസ് സർവീസുകളില്ല.
ആ ലോറിയിൽ
ലൂവീസും റോസിയും അവിടത്തെ പെട്രോൾ പന്പിൽ കയറിനിന്നു. എങ്ങനെ വീട്ടിലെത്തുമെന്ന വേവലാതിയോടെ അവർ വിഷമിച്ചുനിൽക്കുന്പോൾ തൃശൂർ സെൻട്രൽ ഹോട്ടലുടമയായ വില്യംസ് സായിപ്പിന്റെ ലോറി ഓടിക്കുന്ന തോമസും ക്ലീനർ പൗലോസും പെട്രോളടിക്കാനായി അവിടെയെത്തി. അവർ ചാലക്കുടിയിലാണ് താമസം. ലൂവീസിനെ അവർക്കു നേരത്തേ പരിചയമുണ്ട്. അതുകൊണ്ട് തോമസും പൗലോസും അവർ വാടകയ്ക്കു താമസിക്കുന്നിടത്തേക്കു ദന്പതികളെ ക്ഷണിച്ചു.
""നിങ്ങൾ രണ്ടുപേരും ഇന്നു രാത്രി ഞങ്ങളുടെ വീട്ടിൽ കൂടിക്കോ, ഞങ്ങളു രണ്ടുപേരും ഉമ്മറത്തു കിടന്നോളാം.''
പക്ഷേ, റോസി സമ്മതിച്ചില്ല, ഒന്നര വയസുള്ള മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയുടെ അടുത്താക്കിയിട്ടാണ് പോന്നിട്ടുള്ളത്. രാത്രിതന്നെ വീട്ടിലെത്തണം. ഒല്ലൂരാണ് ലൂവീസിന്റെ വീട്.
സഹതാപം തോന്നിയ തോമസും പൗലോസും വേറെ ഏതെങ്കിലും വണ്ടിയിൽ ഇരുവരെയും കയറ്റിവിടാൻ വേണ്ടി കുറെ നേരം കാത്തുനിന്നു. ആ സമയത്ത് ഒരു മിലിട്ടറി ട്രക്ക് പെട്രോളടിക്കാനായി അവിടെയെത്തി. കൊച്ചിയിൽനിന്നു കോയന്പത്തൂർക്കു പോകുന്ന വണ്ടിയാണ്. അതിന്റെ ഡ്രൈവർ മലയാളിയാണെന്നറിഞ്ഞപ്പോൾ സന്തോഷമായി.
തോമസും പൗലോസും ആവശ്യം പറഞ്ഞു. ഡ്രൈവർ സമ്മതിച്ചു. ട്രക്കിൽ മലയാളികളല്ലാത്ത അഞ്ചെട്ടു മിലിട്ടറിക്കാർ വേറെയുണ്ട്. ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ അവർ ഒതുങ്ങിക്കൂടി. തോമസു പൗലോസും സംതൃപ്തിയോടെ നോക്കിനിൽക്കെ ട്രക്ക് ചാലക്കുടി വിട്ടു.
ഇരുട്ടിലെ ക്രൂരത
കുറച്ചു ദൂരം ചെന്നപ്പോൾ വിജനമായ ഒരു സ്ഥലത്തു വണ്ടി നിർത്താൻ മിലട്ടറിക്കാർ ഡ്രൈവർക്കു നിർദേശം കൊടുത്തു. കണ്ണിൽകുത്തിയാൽ അറിയാത്ത കൂരിരുട്ട്. ചിലർ താഴെയിറങ്ങി. ബാറ്ററിയിൽനിന്നു കണക്ഷൻ കൊടുത്തുകൊണ്ടുള്ള പ്ലഗ് ലൈറ്റടിച്ചു ചുറ്റുപാടും നിരീക്ഷണം നടത്തി. എന്നിട്ട് ലൂവീസിനോടു ഡ്രൈവറുടെ അടുത്തു പോയിരിക്കാൻ പറഞ്ഞു. വീടെത്തുന്പോൾ അറിയാനും സ്ഥലം കൃത്യമായി ചൂണ്ടിക്കാണിക്കാനും അതാണ് സൗകര്യമെന്നു ഡ്രൈവറും പറഞ്ഞു. വിസമ്മതം പ്രകടിപ്പിച്ചെങ്കിലും നിർബന്ധത്തിനു വഴങ്ങി ലൂവീസ് മുൻ സീറ്റിലേക്കു പോന്നു, പോകേണ്ടതായി വന്നു.
പിന്നെ അവിടെ നടന്നത് നരഭോജികളുടെ ഭീഭത്സവും ഭീകരവുമായ ചെയ്തികളായിരുന്നു. റോസിയുടെ ശബ്ദം പുറത്തുവന്നില്ല. അവർ അവളെ ബലമായി കീഴ്പ്പെടുത്തി. ട്രക്ക് ഓടിക്കൊണ്ടിരിക്കുന്പോഴും ചെന്നായ്ക്കൾ ആ പാവത്തിനെ മാറിമാറി കടിച്ചുകീറി. കഴുകന്മാരുടെ പിടിയിൽപ്പെട്ട കിളിക്കുഞ്ഞിന്റെ അവസ്ഥ!
അവൾ രക്തത്തിൽ കുളിച്ചു. കൂരിരുട്ടിൽ ഒന്നും കണ്ടുകൂടാ. അവളുടെ നാഡീഞരന്പുകൾ തളർന്നു. ബോധം മറഞ്ഞു. ശരീരത്തിന് അനക്കമില്ലാത്ത സ്ഥിതി. ശുദ്ധനായ ലൂവീസ് ഇതൊന്നുമറിയാതെ ആശങ്കയോടെ മുൻസീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു.
""റോസി, റോസി'' എന്ന ലൂവീസ് ഇടയ്ക്കിടെ വിളിച്ചെങ്കിലും വണ്ടിയുടെ ഇരന്പിപ്പാച്ചിലിനിടയിൽ ആ വിളികൾ ലയിച്ചുപോയി.
മരണവേദന
പന്തികേടു തോന്നിയ പട്ടാളക്കാർ വണ്ടി നിർത്താൻ നിർദേശം കൊടുത്തു. വണ്ടി നിന്നു. വേഗം റോസിയെ എടുത്ത് വഴിയരികിൽ കിടത്തി. ഉടനെ ലൂവീസിനോട് ഇറങ്ങാൻ പറഞ്ഞു. ലൂവീസ് വേഗമിറങ്ങി.
""റോസീ എവിടെ''
""അതാ അവിടെയുണ്ട്.'' ഇരുട്ടിലേക്കു ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു.
നിമിഷങ്ങൾക്കകം ട്രക്ക് കുതിച്ചുപാഞ്ഞു.
ചുറ്റും അന്ധകാരം. ആകാശത്തിലെ നക്ഷത്രങ്ങളുടെ വെളിച്ചം മാത്രം. ആളനക്കമില്ലാത്ത സ്ഥലം. പരിപൂർണ നിശബ്ദത. ""റോസീ!... റോസീ...'' എന്നു വിളിച്ചു ലൂവീസ് സമീപിച്ചപ്പോൾ കണ്ട കാഴ്ച്ച! മുറിച്ചിട്ട തടിപോലെ അവൾ കിടക്കുന്നു. നേരിയ ഓർമയുണ്ട്. ഉടുത്ത വസ്ത്രം രക്തത്തിൽ കുതിർന്നിരിക്കുന്നു. ചട്ട കീറിപ്പറഞ്ഞിരിക്കുന്നു. ലൂവീസ് നെഞ്ചത്തടിച്ചു കരഞ്ഞു.
അവശയായ റോസിയുടെ ചുണ്ടുകൾ ചലിച്ചു.
""വെള്ളം... വെള്ളം....!''
വെള്ളത്തിന് എവിടെപ്പോകും? ലൂവീസ് അവളെ കോരിയെടുത്ത് ഏറ്റവും അടുത്തുകണ്ട ഒരു പ്രമാണിയുടെ വീട്ടിലേക്കു ചെന്നു. വിതുന്പിക്കരഞ്ഞുകൊണ്ട് വീട്ടുകാരനോടു സത്യാവസ്ഥ മുഴുവൻ പറഞ്ഞു.
""പെണ്ണിനെ മിലിട്ടറിക്കാർക്കു കൊടുത്തിട്ട് നീ വന്നിരിക്കുകയാണോടാ പട്ടീ'' എന്നാക്രോശിച്ചു കൊണ്ട് ആ ദുഷ്ടൻ ലൂവീസിന്റെ ചെകിട്ടത്ത് രണ്ടു പൊട്ടിച്ചു.
(അന്നത്തെ ഹൃദയശൂന്യനായ ആ ക്രിസ്ത്യൻ പ്രമാണിയുടെ പേര് എനിക്കറിയാമെങ്കിലും അയാളുടെ പിൻതലമുറക്കാരെ വേദനിപ്പിക്കേണ്ടെന്നു കരുതി വെളിപ്പെടുത്തുന്നില്ല.)
കുറ്റവാളികൾ രക്ഷപ്പെടുന്നു
ഇനിയെന്തു വേണമെന്നറിയാതെ വെന്തെരിയുന്ന മനസും ഒഴുകുന്ന കണ്ണുകളുമായി ലൂവീസ് നിസഹായനായി നിൽക്കുന്പോൾ അതാ തെക്കുനിന്ന് ഒരു കാളവണ്ടി വരുന്നു. അങ്കമാലിയിൽനിന്നു പോർക്കുകളെ കയറ്റി ഒല്ലൂർക്കു കൊണ്ടുപോകുന്ന വണ്ടിയാണ്.
ആ സമയത്ത് ഇങ്ങനെ രണ്ടുപേരെ കണ്ട് അവൻ വണ്ടി നിർത്തി. ഉടമസ്ഥൻ ഇറങ്ങിവന്നു. തന്റെ പരിചയക്കാരനും ഒല്ലൂർക്കാരനുമായ ലൂവീസിനെ കണ്ട് ഉടമസ്ഥൻ അന്പരന്നു. അയാൾ സന്ദർഭത്തിന്റെ ഗൗരവം മനസിലാക്കി വേറൊന്നും ചിന്തിച്ചില്ല. കാലുകൾ ബന്ധിച്ച പോർക്കുകളെ വേഗം താഴെയിറക്കി. റോസിയെ കാളവണ്ടിയിൽ കയറ്റിക്കിടത്തി. ഒപ്പം ലൂവീസും കയറി. ഉടമസ്ഥൻ അവിടെത്തന്നെ നിന്നു. അയാൾ വണ്ടിക്കാരനു നിർദേശം കൊടുത്തു. വണ്ടി തൃശൂർ സിവിൽ ആശുപത്രിയെ ലക്ഷ്യമാക്കി നീങ്ങി.
നേരം വെളുക്കാറായപ്പോൾ കാളവണ്ടി കുടുങ്ങിക്കുടുങ്ങി തൃശൂരെത്തി. അപ്പോഴേയേക്കും റോസിയുടെ ബോധം മറഞ്ഞു. ഇതിനകം രക്തം കുറെക്കൂടി വാർന്നുപോയിരുന്നു. റോസിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഉടനെ ലൂവീസ് ബിഷിപ്പിന്റെ അരമനയിലേക്കോടി. വിവരങ്ങൾ ധരിപ്പിച്ചു.
അരമനയിൽ വസിക്കുന്ന സെന്റ് തോമസ് കോളജിന്റെ അന്നത്തെ പ്രിൻസിപ്പലും പ്രഗല്ഭനുമായ ഫാ. ഡോ. ജോൺ പാലോക്കാരൻ, അവിടുത്തെ പ്യൂൺ അന്തോണി വശം തൃശൂർ സർക്കിൾ ഇൻസ്പെക്ടർ ഭാസ്കര മാരാർക്ക് അടിയന്തരമായി ഒരു കത്തു കൊടുത്തയച്ചു. അപ്പോൾ സമയം രാവിലെ എട്ടുമണി. അദ്ദേഹം കത്തു വായിച്ചു തീർന്നപ്പോൾ പ്യൂൺ മറുപടിക്കു വേണ്ടി കാത്തുനിന്നു. സിഐ പറഞ്ഞു, ""മറുപടി വേണ്ട. ഞാൻ ഫാദറെ നേരിട്ടുവന്നു കണ്ടുകൊള്ളാമെന്ന് പറഞ്ഞാൽ മതി.''
അന്തോണി തിരിച്ചുപോന്നപ്പോൾ വിവരമറിയിക്കാൻ വേണ്ടി ആശുപത്രിയിൽ കയറി. അപ്പോഴേയ്ക്കും റോസി മരിച്ചുകഴിഞ്ഞിരുന്നു. ലൂവീസ് ഹൃദയം പൊട്ടിക്കരഞ്ഞു. കുഞ്ഞിനു മുലകൊടുക്കാൻവേണ്ടി രാത്രിതന്നെ തിരിച്ചെത്താൻ പുറപ്പെട്ട റോസിയുടെ അതിദാരുണമായ അന്ത്യം.
ഭാസ്കരമാരാരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി. കേസ് രജിസ്റ്റർ ചെയ്തു. അരമന അധികാരികൾ പ്രത്യേക താല്പര്യമെടുത്തു. അഭിവന്ദ്യ ഡോ. ജോർജ് ആലപ്പാട്ടായിരുന്നു അന്നത്തെ ബിഷപ്. മാരാർ ആത്മാർഥമായി പണിയെടുത്തു. ശുഷ്കാന്തിയോടെ എൻക്വയറി നടത്തി. മിലിട്ടറി ഓഫീസുമായി ബന്ധപ്പെട്ടു. അവിടന്നു ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു.
""അങ്ങനെ ഒരു മിലിട്ടറി ട്രക്ക് ആ ദിവസങ്ങളിൽ കൊച്ചിയിൽനിന്നു പുറപ്പെടുകയോ കോയന്പത്തൂർക്കു പോവുകയോ ചെയ്തിട്ടില്ല.''
അതോടെ അന്വേഷണം വഴിമുട്ടി. കുറ്റം ചെയ്തവർ അങ്ങനെ സുന്ദരമായി രക്ഷപ്പെട്ടു. ജീവൻ സംരക്ഷിക്കേണ്ടവർ തന്നെ അതു കവർന്നു. അതായിരുന്നു അന്നത്തെ കാലം. ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലമായിരുന്നല്ലോ അത്. സ്വതന്ത്ര ഇന്ത്യയിലെ പുണ്യപ്പെട്ട ഈ ജനാധിപത്യ യുഗത്തിലും ഇതും ഇതിലപ്പുറവും നടക്കും. നടക്കുന്നില്ലേ? എന്നിട്ടാണോ?
അനേക വർഷങ്ങൾക്കു മുന്പ് നടന്ന ഈ ഭീകരസംഭവത്തെക്കുറിച്ച് എന്റെ മാതാപിതാക്കളും അയൽക്കാരും പറയുന്നതു കേട്ടപ്പോൾ അന്ന് 13 വയസുകാരനായ ഞാൻ എന്തുമാത്രം ദുഃഖിച്ചുവെന്നോ! അനേകം നാൾ ആ ദുഃഖവും വേദനയും എന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്നു. ആ കശ്മലന്മാരുടെ നേരേ എന്റെ അമർഷം പതഞ്ഞുപൊന്തി. അവരെ കൂട്ടത്തോടെ ചുട്ടുകരിക്കാനുള്ളഅരിശമുണ്ടായിരുന്നു എനിക്ക്. പട്ടാളക്കാരെന്നു കേൾക്കുന്പോൾത്തന്നെ അമർഷം തോന്നിയ കാലം.
ദാന്പത്യസൗഭാഗ്യത്തിനുവേണ്ടി നോന്പുനോറ്റു നേർച്ച നേർന്ന്, ഭക്തിപൂർവം തീർഥാടനം നടത്തിയ ആ പാവങ്ങൾക്കു വന്നുപെട്ട ദുരന്തം! എന്റെ കൊച്ചു ജീവിതത്തിൽ ആദ്യമായി ദൈവത്തോടു പിണക്കം തോന്നിയത് അപ്പോഴായിരുന്നു. ആ ലൂവീസ് കുറെ വർഷങ്ങൾക്കുശേഷം മരിച്ചു. അവരുടെ പിഞ്ചു കുഞ്ഞുങ്ങൾ ആയിടയ്ക്കുതന്നെ മാലാഖമാരുടെ നാട്ടിലേക്കു പറന്നുപോയി. ഒരുപക്ഷേ അമ്മയെ തേടിയാവും ആ കുരുന്നുകൾ പോയത്.
സി.എൽ. ജോസ്