ലൈറ്റ് ഹൗസിൽ കയറിയാൽ!
Saturday, March 30, 2024 11:24 PM IST
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്കാഴ്ചയാണ് പയ്യാന്പലം തീരത്തെ ലൈറ്റ്ഹൗസ്. കപ്പലുകൾക്കും മത്സ്യബന്ധന യാനങ്ങൾക്കും കടലിൽ വഴി കാട്ടുന്ന പ്രകാശകിരണം. ചുവപ്പും വെളുപ്പും പൂശിയ ലൈറ്റ് ഹൗസ് വളരെ ദൂരത്തിൽനിന്നേ കാണാം.
ശ്രീനാരായണ പാർക്കിൽനിന്ന് ഏകദേശം 1,400 മീറ്റർ അകലെ കടൽത്തീരത്താണ് ലൈറ്റ് ഹൗസ്. അതിനോടു ചേർന്നുതന്നെയാണ് പിഡബ്ല്യുഡി റസ്റ്റ് ഹൗസും സീ വ്യൂ പാർക്കും. ലൈറ്റ് ഹൗസ് ഏരിയയിൽ പ്രവേശിക്കുന്നതിനു ചെറിയൊരു പ്രവേശന ഫീസ് ഉണ്ട്. പിരിയൻ ഗോവണി വഴി മുകളിലേക്കു കയറാം.
അവസാനത്തെ ഏതാനും പടികൾ കുത്തനെയുള്ളതാണ്. വൈകുന്നേരം അഞ്ചു വരെ സന്ദർശകർക്കു പ്രവേശിക്കാം. ലൈറ്റ് ഹൗസിൽനിന്നാൽ അറബിക്കടലിലേക്കുള്ള കാഴ്ചകൾ വിവരണാതീതം. ഇവിടെ നിന്നാൽ പ്രദേശത്തെ മറ്റ് ബീച്ചുകളും കാണാം. എന്നാൽ, കാറ്റുള്ള ദിവസങ്ങളിൽ, ലൈറ്റ് ഹൗസിന്റെ വാതിലുകൾ സന്ദർശകർക്കു മുന്നിൽ അടയും.
1843ൽ
കടലിൽ കപ്പലുകൾക്കു ദിശ കാട്ടാനായി ബ്രിട്ടീഷുകാർ 1843ൽ ഓയിൽ തിരി വിളക്ക് ഉപയോഗിച്ചു വെളിച്ചം ഉയർത്തുന്ന സമ്പ്രദായം കൊണ്ടുവന്നു. കോട്ടയുടെ കൊത്തളത്തിൽ അവർ 1903ൽ ഒരു കൊത്തുപണി പീഠം നിർമിച്ചു. ലെൻസിനുള്ളിൽ ഒരു ഇരട്ടത്തിരി എണ്ണ വിളക്ക് പീഠത്തിൽ സ്ഥാപിച്ചു. എല്ലാ വർഷവും സെപ്റ്റംബർ മുതൽ മേയ് വരെയുള്ള സീസണുകളിൽ മാത്രമേ കപ്പലുകൾക്കു വെളിച്ചം കാണാൻ കഴിഞ്ഞിരുന്നുള്ളൂ.
1924ൽ ചില മെച്ചപ്പെടുത്തലുകൾ നടന്നു. 1939ൽ കോട്ടയുടെ വടക്കേ കൊത്തളത്തിൽ സ്ഥാപിച്ച 16 മീറ്റർ സ്റ്റീൽ ട്രസ്റ്റിലേക്കു ലൈറ്റ് മാറ്റി.1948ൽ ഡിഎ ഗ്യാസിൽ പ്രവർത്തിക്കുന്ന 10 സെക്കൻഡ് വീതം മിന്നുന്ന ലൈറ്റ് എത്തി. 1975-76 കാലഘട്ടത്തിൽ നിലവിലെ സ്ഥലത്ത് ഒരു പുതിയ ലൈറ്റ് ഹൗസ് ടവർ കമ്മീഷൻ ചെയ്യുന്നതുവരെ ഈ ലൈറ്റ് പ്രവർത്തിച്ചിരുന്നു.
മ്യൂസിയം
ലൈറ്റ് ഹൗസിനോടു ചേർന്നു ചെറിയൊരു മ്യൂസിയവും ഉണ്ട്. ലൈറ്റ് ഹൗസിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയും കാണാം. ആലപ്പുഴ, ചെന്നൈ, മഹാബലിപുരം എന്നിവ കഴിഞ്ഞാൽ രാജ്യത്തെ നാലാമത്തെ ലൈറ്റ്ഹൗസ് മ്യൂസിയമാണ്.
യാത്ര:
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 3.4 കിലോമീറ്റർ അകലെയാണ് വിളക്കുമാടം. ലൈറ്റ് ഹൗസിനു സമീപം സൗജന്യ പാർക്കിംഗ് ഏരിയയുണ്ട്. ഓട്ടോറിക്ഷകളോ പൊതുഗതാഗതമോ എളുപ്പത്തിൽ കിട്ടണമെന്നില്ല. കുറച്ചു ദൂരം നടക്കേണ്ടി വന്നേക്കാം.
അനുമോൾ ജോയി