വേളൂരിന്റെ ചിരി!
Saturday, April 13, 2024 10:22 PM IST
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത്ത എഴുത്തിന്റെ പ്രതിഭ അദ്ദേഹത്തെ മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരനാക്കി മാറ്റി. ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. പേരില്ലെങ്കിലും എഴുത്തുകണ്ടാൽ അന്നു വായനക്കാർ പലരും പറയുമായിരുന്നു ഇതു വേളൂർ കൃഷ്ണൻകുട്ടിയുടെ കൃതിയാണെന്ന്. അത്രയ്ക്ക് രസകരമായ ഒരു ശൈലി അദ്ദേഹം സ്വന്തമാക്കിയിരുന്നു. സാഹിത്യത്തിൽ മാത്രമല്ല കഥാപ്രസംഗവും റേഡിയോ പ്രഭാഷണവുമൊക്കെ അദ്ദേഹത്തിന് എളുപ്പത്തിൽ വഴങ്ങിയിരുന്നു.
ദീപികയിലൂടെ
കോട്ടയത്തിനടുത്ത് വേളൂർ നടുവിലേക്കര വീട്ടിൽ എൻ.എൻ. കുഞ്ഞുണ്ണിയുടെയും പാർവതിയുടെയും മകനായി ജനിച്ച എൻ.കെ. കൃഷ്ണൻ ലളിതമായ നർമത്തിലൂടെ വേളൂർ കൃഷ്ണൻകുട്ടിയായി പേരെടുത്തു. കോട്ടയം എംഡി സെമിനാരി ഹൈസ്കൂളിലും സിഎംഎസ് കോളജിലുമായി പഠനം കഴിഞ്ഞതോടെ ദീപികയിൽ ജേർണലിസ്റ്റായി ചേർന്നു.
അദ്ദേഹത്തിന്റെ സാഹിത്യ താത്പര്യങ്ങൾക്ക് ഏറ്റവും ഉചിതമായ കളരിയായിരുന്നു ദീപിക. പിൽക്കാലത്ത് അദ്ദേഹം ദീപിക പത്രാധിപസമിതിയിൽ അംഗമായി. ദീപിക വീക്കിലിയുടെ പത്രാധിപരായി. പത്രത്തിൽ പത്രപാരായണൻ എന്നൊരു കോളവും അദ്ദേഹം എഴുതിയിരുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഓൾ ഇന്ത്യ റേഡിയോയിലെയും അഡ്വൈസറി ബോർഡ് അംഗമായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് മെംബറുമായിരുന്നു.
എണ്ണം പറഞ്ഞ കൃതികൾ
നൂറ്റന്പതോളം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതു ഹാസ്യ സാഹിത്യരംഗത്തു ഒരു റിക്കാർഡ് ആണെന്നു പറയാം. വേല മനസിലിക്കട്ടെ എന്ന കൃതിക്ക് 1974ൽ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. 1995ൽ കെ. കരുണാകരൻ സപ്തത സ്മാരക സേവാ സംഘത്തിന്റെ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ആകാശവാണിയിൽ ദീർഘകാലം ഹാസപ്രഭാഷകനായിരുന്നു. ഇലക്ഷൻ ഇട്ടൂപ്പ്, അരിന്പാറ ദേവസ്യ, ക്യാബോൽത്താഹേ, കുഞ്ഞുലക്ഷ്മി ആൻഡ് സൺസ്, ഇടവഴീൽ കിട്ടുവാശാൻ, ആൾക്കൂട്ടത്തിൽ ഏലിയാമ്മ, വേല മനസിലിരിക്കട്ടെ, പാലം അപകടത്തിൽ എന്നിങ്ങനെയാണ് പ്രധാന കൃതികൾ. ഇതിൽ പാലം അപകടത്തിൽ പഞ്ചവടിപ്പാലം എന്ന പേരിൽ സിനിമയായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രണ്ടു കൃതികളായ മാസപ്പടി മാത്തുപിള്ള, അന്പിളി അമ്മാവൻ എന്നിവയും സിനിമകളായി.
അമേരിക്ക, ജർമനി തുടങ്ങിയ പല വിദേശ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. അവിടെയൊക്കെ മലയാളി സമൂഹത്തിനായി ചിരിയരങ്ങുകളും അവതരിപ്പിച്ചിട്ടുണ്ട്. 2003 ഓഗസ്റ്റിൽ അദ്ദേഹം അന്തരിച്ചു. ഭാര്യ ശാന്തമ്മ, മൂന്നു മക്കൾ.
പാലത്തിന്റെ കഥ
പാലം അപകടത്തിൽ എന്ന ഹാസ്യകൃതി (പഞ്ചവടിപ്പാലം സിനിമ)യുടെ തുടക്കം ഇവിടെ കോറിയിടുന്നു. ഇതിലൂടെ വേളൂരിന്റെ ഹാസ്യത്തിന്റെ ശൈലി വ്യക്തമാകും: തളം വയ്ക്കാൻ വേണ്ടി വെട്ടിത്തെളിച്ചിട്ടതുപോലെയാണ് ദുശാസനക്കുറുപ്പിന്റെ ഉച്ചിക്കഷണ്ടി. പപ്പടവട്ടപ്പാടുള്ള ആ കേശശൂന്യ പ്രദേശത്തിന് മൊരിക്കാത്ത ഗോതന്പു റൊട്ടിയുടെ നിറം.
അതിനുചുറ്റും കൊയ്ത്ത് കഴിഞ്ഞ പാടത്തെ നെൽച്ചുവടുപോലെ മുടി കുറ്റിച്ചുനിൽക്കുന്നു. ഇഷ്ടന്റെ ഇടത്തേ കണ്ണിനു താഴെയായി ചതഞ്ഞ ഞാറപ്പഴം പതിച്ചുവച്ച മാതിരി ഒരു മറുകുണ്ട്. രോമംകൊണ്ട് പൈപ്പിംഗ് പിടിപ്പിച്ച പോലെയാണ് കാതിന്റെ വക്കുകൾ. സെവൻ എന്ന അക്കമെഴുതി തല തിരിച്ചുവച്ചാലത്തെ ആകൃതിയാണ് മൂക്കിന്.... ഇങ്ങനെ ആ നാടൻ ഹാസ്യ ശൈലി.
സാമൂഹ്യവിമർശനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഹാസ്യത്തിന്റെ മുന. ദീപിക, കേരള ധ്വനി, ഈനാട് എന്നീ പ്രസിദ്ധീകരണങ്ങളിൽ 20 വർഷത്തോളം എഡിറ്ററായി ജോലി നോക്കി. അദ്ദേഹം വിടവാങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പൂർത്തിയാകുന്നു.
മാത്യൂസ് ആർപ്പൂക്കര