ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നൊരു ചൊല്ലുണ്ട്. പരമാര്‍ഥമാണ്, ഉപ്പോളം വരില്ല ഉപ്പിലിട്ടത്. ഈ ചൊല്ല് ഓര്‍മയിലെത്തിക്കുന്ന കാര്യങ്ങള്‍ സംഗീതരംഗത്തു പതിവാകുകയാണ്. വേറൊന്നുമല്ല, എഐ തമാശകള്തന്നെ.മണ്മറഞ്ഞുപോയ ഗായകരുടെ ശബ്ദം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജമായി ഒരുക്കി പാട്ടുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
മറ്റു പലരും പാടിയ പുതിയ പാട്ടുകള്‍ കിഷോര്‍ കുമാറിന്റെ ശബ്ദത്തില്‍ പുനഃസൃഷ്ടിച്ചു കേള്‍പ്പിക്കുന്ന ഒട്ടേറെ യുട്യൂബ് ചാനലുകളുണ്ട്. അവയില്‍ വരുന്ന കമന്റുകള്‍ വായിച്ചാലറിയാം, യഥാര്‍ഥ സംഗീതാസ്വാദകര്‍ക്ക് ഇത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം പാട്ടുകള്‍ക്കു പകരുന്ന ഭാവം പാവം യന്ത്രം എങ്ങനെയുണ്ടാക്കാനാണ്!
മരിച്ചുപോയ തന്റെ പ്രിയപ്പെട്ട രണ്ടു ഗായകരുടെ (ഷാഹുല്‍ ഹമീദ്, ബംബ ബാക്കിയ) ശബ്ദത്തില്‍ എഐ പാട്ടുകളുണ്ടാക്കി എ.ആര്. റഹ്മാന് വിമര്‍ശനമേറ്റുവാങ്ങിയത് അടുത്തയിടെയാണ്. രണ്ടു ഗായകരുടെയും കുടുംബാംഗങ്ങളുടെ അനുമതി വാങ്ങി, ന്യായമായ പ്രതിഫലവും നല്‍കിയാണ് പാട്ടുകളുണ്ടാക്കിയതെന്നായിരുന്നു റഹ്മാന്റെ മറുപടി. അതിന്റെ ശരിതെറ്റുകള്‍ വാദപ്രതിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
എസ്പിബിയിലേക്ക്...
എസ്പിബിയെന്ന മൂന്നക്ഷരങ്ങള്‍ മനസുകളില്‍ നിറയ്ക്കുന്ന വികാരത്തിന് ഇനിയും പേരു കണ്ടുപിടിച്ചിട്ടില്ല. എല്ലാവരും സ്നേഹിച്ചയാള്‍, എല്ലായിടത്തും സ്വീകരിക്കപ്പെട്ടയാള്... കോവിഡ് അനുബന്ധ സങ്കീര്‍ണതകള്‍ അദ്ദേഹത്തിന്റെ ജീവനെടുത്ത ശേഷമുള്ള നാലാമത്തെ ജന്മദിനം വരുന്നു, ഈ നാലിന്. നാലു വയസിന്റെ സ്നേഹവും വാത്സല്യവും എഴുപത്തെട്ടിന്റെ ബഹുമാനവും ആരാധനയും എല്ലാം ഒരേപോലെ തോന്നും അദ്ദേഹത്തോട്. പാട്ടുജീവിതംകൊണ്ട് അദ്ദേഹം സൃഷ്ടിച്ച സ്നേഹപ്രപഞ്ചമാണ് അതിനു പിന്നില്‍.
മൂന്നു മാസംമുമ്പ് ആ പേര് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. തെലുഗു ചിത്രമായ കീടാ കോളയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പാട്ടുണ്ടാക്കി. കുടുംബത്തിന്റെ അനുവാദമില്ലാതെയാണ് ഡീപ്ഫേക്ക് ടെക്നോളജിവഴി ആ അനശ്വര ശബ്ദത്തില്‍ പാട്ട് നിര്‍മിച്ചെടുത്തത്.
അനായാസം എസ്പിബി പാട്ടില്‍ കൊണ്ടുവരാറുള്ള ഭാവഭംഗി എഐയ്ക്കു നിര്‍മിക്കാനായോ എന്ന ചോദ്യം അവിടെനില്‍ക്കട്ടെ.
അനുവാദമില്ലാതെ ശബ്ദം വ്യാജമായുണ്ടാക്കി പാട്ടു പുറത്തിറക്കിയതിന് അദ്ദേഹത്തിന്റെ മകന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംഗീതസംവിധായകനുമെതിരേ കോടതിയെ സമീപിച്ചു. പിതാവിന്റെ ശബ്ദത്തോടു കാണിക്കുന്ന സ്നേഹത്തിനു നന്ദിയുണ്ടെങ്കിലും വാണിജ്യാവശ്യത്തിനായി അനുവാദമില്ലാതെ കൃത്രിമമായുണ്ടാക്കി ഉപയോഗിച്ചതു വേദനാജനകമാണെന്നായിരുന്നു മകന് എസ്.പി. ചരണിന്റെ വാദം.
ഈ പാട്ടുള്പ്പെടുത്തിയ സിനിമ കഴിഞ്ഞവര്‍ഷം നവംബറിലാണ് പുറത്തിറങ്ങിയത്. ഡീപ്ഫേക്ക് ടെക്നോളജി ഉപയോഗിച്ച് എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിക്കുകയായിരുന്നെന്നു സംഗീത സംവിധായകന് വിവേക് സാഗര്‍ ഒരു യുട്യൂബ് ചാനല്‍ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തുകയായിരുന്നു.
പുതു സാങ്കേതികവിദ്യ സംഗീതരംഗത്തു കൊണ്ടുവരികയെന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും അനുവാദം വാങ്ങാതെ ചെയ്യരുതെന്ന് ചരണിന്റെ അഭിഭാഷക പറഞ്ഞു. സാങ്കേതികവിദ്യ മനുഷ്യര്‍ക്കു സഹായം ചെയ്യാനുള്ളതാണ്., ജീവിതമാര്‍ഗം ഇല്ലാതാക്കാനുള്ളതല്ല. ഗായകരുടെ നിലനില്പിനെത്തന്നെ ഇതു ബാധിക്കുമെന്നും അപകടകരമായ കീഴ് വഴക്കമുണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിഷയം പറഞ്ഞുതീര്‍ക്കാനാണ് ആദ്യം ചരണ്‍ ശ്രമിച്ചതെങ്കിലും ചിത്രത്തിന്റെ അണിയറക്കാരില്നിന്നുള്ള പ്രതികരണം പ്രകോപനപരമായിരുന്നു. കോടിക്കണക്കിന് ആരാധകരെ വിസ്മയിപ്പിച്ച സ്വരം സാമാന്യ മര്യാദയില്ലാത്തവര്‍ വിവാദത്തില്‍ മുക്കിയെന്നു ചുരുക്കം.
ബാലുവിന്റെ കണ്ണുനീര്
അപ്രതീക്ഷിത വിയോഗം ആരാധകരെ ഇന്നും കണ്ണീരിലാഴ്ത്തുമ്പോള്‍ എസ്പിബി ഒരിക്കല്‍ കരഞ്ഞ കഥയും ഈയിടെ വാര്‍ത്തകളിലെത്തി. കരിയറിന്റെ തുടക്കകാലത്ത് ഒരു പാട്ടിന്റെ റിഹേഴ്സലിനിടെയായിരുന്നത്രേ ഈ സംഭവം. മാധ്യമപ്രവര്‍ത്തകയും യു ട്യൂബറുമായ ചിത്ര ലക്ഷ്മണന് പങ്കുവച്ച കഥ ഇങ്ങനെ:
സത്യം എന്നു പ്രശസ്തനായ ചെല്ലപ്പിള്ള സത്യനാരായണ ശാസ്ത്രിയുടെ ഈണത്തില്‍ ഒരു പാട്ടുപാടാനെത്തിയതാണ് എസ്പിബി. തെലുഗിലും കന്നഡയിലും ഒട്ടേറെ ഗാനങ്ങളൊരുക്കി പ്രശസ്തനായ സംഗീത സംവിധായകനാണ് സത്യം. ആന്ധ്രയുടെ ആര്.ഡി. ബര്മന് എന്നറിയപ്പെട്ട അദ്ദേഹം ബംഗാളി, ഭോജ്പുരി, ഹിന്ദി ഭാഷകളിലും പാട്ടുകളൊരുക്കിയിട്ടുണ്ട്.
പ്രശസ്ത ഗായിക എല്‍.ആര്. ഈശ്വരിക്കൊപ്പം യുഗ്മഗാനം പാടാനാണ് സത്യം എസ്പിബിയെ വിളിച്ചത്. ചെറുപ്പവും തുടക്കക്കാരന് എന്ന നിലയ്ക്കുള്ള ഭയവും എസ്പിബിയെ കുഴപ്പിച്ചു. ഈശ്വരിയുടെ ശബ്ദത്തിനൊപ്പം പെട്ടെന്നു പാടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സത്യം അളവില്ലാതെ കോപിക്കുന്ന സ്വഭാവക്കാരനാണ്. പാട്ടു ശരിയാകാത്തതിനു കഠിനമായ ചീത്തയാണ് അദ്ദേഹം ബാലുവിനെ വിളിച്ചതത്രേ.
സങ്കടം സഹിക്കാനാകാതെ ബാലു ഒരു മാവിന് ചുവട്ടില്‍ ചെന്നിരുന്നു കരയുകയായിരുന്നു. സിനിമയുടെ അണിയറക്കാര്‍ ഈ കാഴ്ചകണ്ടു. ഇയാളൊരു പുതിയ പയ്യനാണ്, ഇവനെ ഇങ്ങനെ വിഷമിപ്പിക്കരുതേയെന്ന് അവര്‍ സത്യത്തോട് അപേക്ഷിച്ചു. പാടാനറിയാത്തവരെ എല്ലാം വിളിച്ചുകൊണ്ടുവന്ന് ഞാന്‍ അവരെ പഠിപ്പിക്കണമെന്നുപറഞ്ഞാല് നടക്കില്ല, ഇയാള്‍ക്കു പാടാന്‍ പറ്റില്ല എന്നായിരുന്നു അപ്പോഴും സത്യത്തിന്റെ നിലപാട്.
ഒടുവില്‍ എസ്പിബിതന്നെ ആ പാട്ടുപാടി. ശേഷമുള്ളത് ചരിത്രമാണ്. ചീത്തവിളിച്ച അതേ സംഗീതസംവിധായകന് ബാലു തന്റെ മകനെപ്പോലെയാണെന്നു പിന്നീട് അഭിമാനിക്കുകയും ചെയ്തു!കാലം എന്തൊക്കെയാണ് കാത്തുവയ്ക്കുന്നത്., എഐയ്ക്ക് സ്വപ്നം പോലും കാണാനാവാത്തവിധം!!
ഹരിപ്രസാദ്