ഉയിർത്തെഴുന്നേല്പ്
ഇ​ന്ന് ഈ​സ്റ്റ​ർ. മൂന്നുവർഷത്തിനിടെ ആദ്യമായി ഇറാക്കിലെ ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​റാ​ക്കി​ലെ നി​ന​വേ പ്ര​വി​ശ്യ​യി​ലു​ള്ള ഖാ​ര​ക്കോ​ഷി​ലെ സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ളാ​ണ്. തി​ങ്ങി​നി​റ​ഞ്ഞു​നി​ന്ന​വ​ർ തൊ​ണ്ട പൊ​ട്ടു​മാ​റു​ച്ച​ത്തി​ൽ ഓ​ശാ​ന പാ​ടി. പ​ല​രും ക​ണ്ണീ​ർ വാ​ർ​ത്തു. മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് അ​വ​ർ പ​ള്ളി​യി​ലെ​ത്തു​ന്ന​ത്. ആ​ദ്യ​ത്തെ കു​ർ​ബാ​ന ഏ​ഴു​മ​ണി​ക്കാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തേ​ത് ഒ​ന്പ​തി​നും. ആ​ദ്യ​ത്തെ കു​ർ​ബാ​ന​യ്ക്കു ത​ന്നെ മി​ക്ക​വ​രും എ​ത്തി. ഈ​ന്ത​പ്പ​ന​യോ​ല​ക​ളും ഒ​ലി​വു​മ​ര​ച്ചി​ല്ല​ക​ളും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ആ​ളു​ക​ൾ നി​ന​വേ പ​ട്ട​ണ​ത്തി​ന്‍റെ തെ​രു​വു​ക​ളി​ലൂ​ടെ ന​ട​ന്നു. മൂ​ന്നു വ​ർ​ഷം മു​ന്പ് ഈ​സ്റ്റ​ർ ആ​ഘോ​ഷ​ത്തി​ന് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പ​ല​രും ഇ​പ്പോ​ഴി​ല്ല. ഒ​ന്നു​കി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രുടെ കൂ​ട്ട​ക്കൊ​ല​ക​ൾ​ക്ക് ഇ​ര​ക​ളാ​യി. അ​ല്ലെ​ങ്കി​ൽ ഇ​റാ​ക്കി​ന്‍റെ അ​തി​ർ​ത്തി ക​ട​ന്ന് ഓ​ടി​പ്പോ​യി. ടൈ​ഗ്രീ​സ് ന​ദി മൂ​ന്നു വ​ർ​ഷം ഒ​ഴു​കി​യ​ത് ചോ​രനി​റ​ത്തി​ലാ​യി​രു​ന്നു. മൂ​ന്നു വ​ർ​ഷം മു​ന്പ് ഈ​സ്റ്റ​റാ​ഘോ​ഷി​ച്ച ക്രൈസ്തവരിൽ പ​ല​രും ബാ​ഗ്ദാ​ദി​ലും മൊ​സൂ​ളി​ലും കി​ർ​ക്കു​ക്കി​ലും നി​ന​വേ​യി​ലും അ​ൽ​ഖോ​ഷി​ലു​മൊ​ക്കെ കൂ​ട്ട​ക്കു​ഴി​മാ​ട​ങ്ങ​ളി​ൽ ഉ​റ​ങ്ങു​ക​യാ​ണ്.ഐ​എ​സ് കീ​ഴ​ട​ക്കി​യ ഇ​റാ​ക്കി​ൽ മൂ​ന്നു വ​ർ​ഷം ന​ട​ന്ന കൊ​ടി​യ പീ​ഡ​ന​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു.

ഈ ​ഉ​യി​ർ​പ്പു​തി​രു​ന്നാ​ൾ ഇ​റാ​ക്കിന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ല്പുകൂടിയാണ്. നി​ന​വേ പ്ര​വി​ശ്യ​യി​ൽ 50,000 പേ​ർ തി​രി​ച്ചെ​ത്തി. ഇ​റാ​ക്കി​ലെ​ങ്ങും നി​ര​വ​ധി ആ​ളു​ക​ൾ മ​ട​ങ്ങി​യെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ത​ക​ർ​ക്ക​പ്പെ​ട്ട പ​ള്ളി​ക​ൾ​ക്കു പു​റ​ത്തോ താ​ത്കാ​ലി​ക ദേ​വാ​ല​യ​ങ്ങ​ളി​ലോ അ​വ​ർ ഈ​സ്റ്റ​ർ ആ​ഘോ​ഷി​ക്കു​ന്നു. അ​വി​ടെ​നി​ന്നു​ള്ള ക​ൽ​ദാ​യ പാ​ത്രി​യാ​ർ​ക്കീ​സ് ലൂ​യി സാ​ക്കോ കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ജ​നു​വ​രി​യി​ലാ​ണ്. ഈ ​അ​ഭി​മു​ഖം ന​ട​ന്ന​ത് ജ​നു​വ​രി 15-ന്. ​വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭീ​ക​ര​വാ​ദി​ക​ളെ തു​ര​ത്തി​യെ​ന്നും ക്രൈസ്തവരും മു​സ്‌ലിംകളും സൗ​ഹൃ​ദ​ത്തോ​ടെ ജീ​വി​ക്കു​ന്ന അ​ന്ത​രീ​ക്ഷം സം​ജാ​ത​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അഭിമുഖം നടന്ന അ​തേ സ​മ​യ​ത്ത് ബാ​ഗ്ദാ​ദി​ൽ ഇ​ര​ട്ട ചാ​വേ​ർ സ്ഫോ​ട​നം ഉ​ണ്ടാ​യി. 38 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 100 പേ​ർ​ക്കു പ​രി​ക്ക്.

പാ​ത്രി​യാ​ർ​ക്കീ​സി​നോ​ടു​ള്ള ചോ​ദ്യ​ങ്ങ​ളി​ലൊ​ന്ന് ഇതാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ഐ​എ​സി​നെ ഇ​ല്ലാ​താ​ക്കി​യെ​ന്നു പ​റ​യു​ന്പോ​ഴും ഇ​റാ​ക്കി​ൽ വീ​ണ്ടും കൊ​ല​പാ​ത​ക​ങ്ങ​ൾ തു​ട​രു​ന്ന​ത്?
അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ത്ത​രം വ​ള​രെ കൃ​ത്യ​മാ​യി​രു​ന്നു. "സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ഭീ​ക​ര​വാ​ദി​ക​ളെ​യാ​ണ് അ​വ​രു​ടെ ആ​ശ​യ​ത്തെ​യ​ല്ല. ഭീ​ക​ര​ത​യു​ടെ ത​ത്ത്വശാ​സ്ത്ര​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ ഇ​പ്പോ​ഴു​മു​ണ്ട്. അ​തി​ന്‍റെ തെ​ളി​വാ​ണ് നി​ര​പ​രാ​ധി​ക​ൾ കൊ​ല്ല​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.’ മനസുകളിൽനിന്നു നീക്കം ചെയ്യാതെ ഭീകരവാദത്തിന് അന്ത്യമില്ല. തുടർന്ന് ഒരു മണിക്കൂറോളം അദ്ദേഹം സംസാരിച്ചു. റോമിലെ സതീർഥ്യനായിരുന്ന റവ. ഡോ. മാണി പുതിയിടത്തിന്‍റെ സാന്നിധ്യത്തിൽ പാ​ത്രി​യാ​ർ​ക്കീ​സ് സാ​ക്കോ​ മനസു തുറന്നു:

ഞങ്ങൾ തി​രി​കെ​യെ​ത്തു​ന്നു

ഇ​റാ​ക്ക് ഉ​യി​ർ​ത്തെ​ഴു​ന്നേ​ല്പി​ന്‍റെ പാ​ത​യി​ലാ​ണ്. നാ​ടും വീ​ടും വി​ട്ടു​പോ​യ​വ​ർ തി​രി​കെ വ​ന്നു തു​ട​ങ്ങി. അ​വ​ർ​ക്കു വീ​ടി​ല്ല, ആ​ശു​പ​ത്രി​ക​ളി​ല്ല, സ്കൂ​ളു​ക​ളി​ല്ല, പ​ള്ളി​യി​ല്ല...​ഒ​ന്നു​മി​ല്ല. ഞ​ങ്ങ​ൾ ആ​ദ്യം മു​ത​ൽ തു​ട​ങ്ങു​ക​യാ​ണ്.

ഇ​റാ​ക്കി​ലെ ജ​ന​ങ്ങ​ൾ സ​മാ​ധാ​ന​പ്രി​യ​രും മ​ത​സൗ​ഹാ​ർ​ദ്ദ​മു​ള്ള​വ​രു​മാ​ണ്. സ​ദ്ദാം ഹു​സൈ​ന്‍റെ പ​ത​ന​ത്തെ തു​ട​ർ​ന്ന് ഇ​റാ​ക്കി​ൽ ആ​രം​ഭി​ച്ച ദു​രി​ത​ങ്ങ​ൾ ഐ​എ​സി​ന്‍റെ വ​ര​വോ​ടെ പാ​ര​മ്യ​ത​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. സ​ദ്ദാ​മി​ന്‍റെ ഭ​ര​ണം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു സം​ര​ക്ഷ​ണം ന​ല്കി​യി​രു​ന്നു. മ​തേ​ത​ര ഭ​ര​ണ​കൂ​ട​മാ​യി​രു​ന്നു ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് ക്രൈസ്തവർക്കു​നേ​രേ ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യി​ൽ ക്രൈസ്തവർ ഉ​ണ്ടാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​നു​ശേ​ഷം കാ​ര്യ​ങ്ങ​ൾ മാ​റി. സ​ദ്ദാം ഹു​സൈ​നോ​ടു​ള്ള എ​തി​ർ​പ്പു മാ​ത്ര​മ​ല്ല അ​മേ​രി​ക്ക ഈ ​മ​ണ്ണി​ലെ​ത്താ​ൻ കാ​ര​ണം. അ​വ​ർ​ക്കു സാ​ന്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സ​ദ്ദാ​മി​നെ വ​ധി​ച്ചു. അ​വ​ർ ഞ​ങ്ങ​ളു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ൾ തു​റ​ന്നു​കൊ​ടു​ത്തു. പോ​ലീ​സും പ​ട്ടാ​ള​വു​മൊ​ന്നു​മി​ല്ലാ​തെ രാ​ജ്യം അ​രാ​ജ​ക​ത്വ​ത്തി​ലാ​യി. സാ​ന്പ​ത്തി​ക​രം​ഗം ത​ക​ർ​ത്തു. 2005-ൽ ​പു​തി​യ പ​ട്ടാ​ളം നി​ര​ന്നു. പു​തി​യ പോ​ലീ​സ് എ​ത്തി. ഭീ​ക​ര​ർ ത​ല​പൊ​ക്കി. അ​വ​ർ നാ​ടി​ന്‍റെ​യും ന​ഗ​ര​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. മൊ​സൂ​ൾ ന​ഗ​ര​ത്തി​ന്‍റെ 80 ശ​ത​മാ​ന​വും ത​ക​ർ​ത്തു. അ​വി​ടെ മാ​ത്ര​മ​ല്ല, ഇ​റാ​ക്കി​ലെ മി​ക്ക ന​ഗ​ര​ങ്ങ​ളും ചാ​ന്പ​ലാ​യി. ക്രൈസ്തവർ ഉ​ൾ​പ്പെ​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കൂ​ട്ട​ക്കൊ​ല​ക​ൾ​ക്ക് ഇ​ര​യാ​യി. നി​ര​വ​ധി​പ്പേ​ർ പ​ലാ​യ​നം ചെ​യ്തു. 30,000 ക്രൈസ്തവർ ഉ​ണ്ടാ​യി​രു​ന്ന മൊ​സൂ​ൾ ന​ഗ​ര​ത്തി​ൽ ഒ​രാ​ൾ​പോ​ലും ഇ​ല്ലാ​താ​യി. 1,20,000 പേരെയാണ് നിനവേ പ്രവിശ്യയിൽനിന്നു കാണാതായത്. ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ ഇ​ടി​ച്ചു​നി​ര​ത്തി. 65 മു​സ്ലിം പള്ളികളും ത​ക​ർ​ത്തു. നി​ര​വ​ധി മു​സ്ലിം സ​ഹോ​ദ​രന്മാ​രും കൊ​ല്ല​പ്പെ​ട്ടു. എ​ത്ര​യോ മ​നു​ഷ്യ​ർ അ​നാ​ഥ​രാ​യി.

ക്രൈസ്തവരെ വേ​രോ​ടെ പി​ഴു​തെ​റി​യാ​നാ​യി​രു​ന്നു ശ്ര​മം. ക്രി​സ്ത്യ​ൻ ആ​ർ​ക്കൈ​വ്സു​ക​ൾ ചാ​ന്പ​ലാ​ക്കി. ക​ൽ​ദാ​യ ലൈ​ബ്ര​റി​ക​ളി​ലെ ഫ​യ​ലു​ക​ൾ ഞ​ങ്ങ​ൾ ഫി​ലി​മു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ അ​തു ബാ​ക്കി​യു​ണ്ട്. അ​തൊ​ന്നും സാ​ര​മി​ല്ലെ​ന്നു വ​യ്ക്കാം. പ​ള്ളി​ക​ളും ആ​ർ​ക്കൈ​വ്സും വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ഒ​ന്നു​മ​ല്ല, മ​നു​ഷ്യ​രാ​ണു വ​ലു​ത്. ക്രൈ​സ്ത​വി​ക​ത ജന്മം​കൊ​ണ്ട മ​ണ്ണി​ൽ ജീ​വി​ക്കു​ന്ന​വ​രാ​ണ് ഞ​ങ്ങ​ൾ. ഞ​ങ്ങ​ളു​ടെ മാ​തൃ​ഭൂ​മി​യി​ൽ​നി​ന്നാ​ണ് അ​വ​ർ ഞ​ങ്ങ​ളെ ആ​ട്ടി​പ്പാ​യി​ക്കു​ന്ന​ത്.

നാ​സി​ക​ളെ​പ്പോ​ലെ​യാ​ണ് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ. അ​തേ ക്രൂ​ര​ത​യാ​ണ് ഐ​എ​സി​നു​മു​ള്ള​ത്. അ​വ​ർ ക്രൈസ്തവർ​ക്ക് എ​തി​രാ​ണ്. ഷി​യാ​ക​ൾ​ക്ക് എ​തി​രാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് എ​തി​രാ​ണ്. ഈ ​ഭീ​ക​ര​വാ​ഴ്ച​യി​ൽ ഒ​രു ബി​ഷ​പ്പും ആ​റു വൈ​ദി​ക​രും നി​ര​വ​ധി ക്രൈസ്തവരും കൊ​ല്ല​പ്പെ​ട്ടു. ഒ​ന്നി​നും കൃ​ത്യ​മാ​യ ക​ണ​ക്കി​ല്ല.

എ​ന്താ​യാ​ലും ഐ​എ​സി​നെ തു​ര​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി. എ​ങ്കി​ലും ഐ​എ​സി​ന്‍റെ ആ​ശ​യ​ങ്ങ​ൾ തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​നും ഭീ​ക​ര​വാ​ദി​ക​ളു​ടെ വാ​ഴ്ച​യ്ക്കും ശേ​ഷം ശ​ക്ത​മാ​യ മ​ത ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​യി. ഷി​യാ-​സു​ന്നി പോ​രു​ക​ൾ ച​രി​ത്ര​പ​ര​മാ​ണ്. ഓ​ട്ടോ​മ​ൻ തു​ർ​ക്കി ഭ​ര​ണ​കാ​ല​ത്ത് സു​ന്നി അ​ധി​കാ​ര​കേ​ന്ദ്ര​മാ​യി​രു​ന്ന​തും പി​ന്നീ​ട് ന​ഷ്ട​പ്പെ​ട്ട​തു​മാ​യ ഖാ​ലി​ഫേ​റ്റ് പുനഃ​സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സു​ന്നി​ക​ൾ​ക്ക് ഐ​എ​സി​നോ​ട് ആ​ഭി​മു​ഖ്യ​മു​ണ്ട്. അ​ത്ത​ര​മൊ​രു ഖാ​ലി​ഫേ​റ്റ് ഐ​എ​സ് സ്ഥാ​പി​ക്കു​മെ​ന്നാ​ണ് സു​ന്നി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ക​രു​തു​ന്ന​ത്. പ​ശ്ചി​മേഷ്യയിലെ ജനങ്ങൾക്കു പൊ​തു​വെ തീ​വ്ര​പ്ര​തി​ക​ര​ണ​ രീതിയും ഏ​റ്റു​മു​ട്ട​ൽ സ്വ​ഭാ​വ​വു​മൊ​ക്കെ​യു​ണ്ട്. ഈ പ്രദേശത്തിന്‍റെ ഭൂ​പ്ര​കൃ​തി​യും മ​റ്റും ഈ ​സ്വ​ഭാ​വ​ത്തെ രൂ​പീക​രി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. പ​ർ​വ​ത​ങ്ങ​ളി​ലെ​യും മ​രു​ഭൂ​മി​യി​ലെ​യും ജീ​വി​തം, ക​ടു​ത്ത കാ​ലാ​വ​സ്ഥ​ക​ൾ, ഗോ​ത്ര​ങ്ങ​ളാ​യും വം​ശ​ങ്ങ​ളാ​യും വേ​ർ​തി​രി​ക്ക​പ്പെ​ട്ടു​ള്ള ജീ​വി​തം ഇ​തൊ​ക്കെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​ൽ വ​ലി​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്.

പ്ര​തീ​ക്ഷ

ഞ​ങ്ങ​ൾ​ക്കു പ്ര​തീ​ക്ഷ​യു​ണ്ട്. ഇ​റാ​ക്കി​ന്‍റെ ഭാ​വി ഇ​റാ​ക്കി​നെ മാ​ത്ര​മ​ല്ല, പ​ശ്ചി​മേ​ഷ്യ​യെ​ക്കൂ​ടി ആ​ശ്ര​യി​ച്ചാ​ണ് ഇ​രി​ക്കു​ന്ന​ത്. മെ​സപ്പൊട്ടോ​മി​യ, ലി​ബി​യ, സി​റി​യ, ലെ​ബ​നോ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്‌ട്രീയ​വും സാ​ന്പ​ത്തി​ക​വും മ​ത​ധ്രൂ​വീ​ക​ര​ണ​ങ്ങ​ളു​മൊ​ക്കെ ഇ​റാ​ക്കി​നെ​യും ബാ​ധി​ക്കും. ഇ​റാ​ക്കി​ന്‍റെ രാ​ഷ്ട്രീ​യം പ​ശ്ചി​മേ​ഷ്യ​യെ​യും ബാ​ധി​ക്കും. ഇ​റാ​ക്കി​നെ​ക്കു​റി​ച്ചു പ്ര​ത്യേ​കം പ​റ​യു​ക​യാ​ണെ​ങ്കി​ൽ ഏ​ത​ർ​ഥ​ത്തി​ലും ഇ​പ്പോ​ഴ​ത്തേ​തി​ലും മെ​ച്ച​പ്പെ​ട്ട​താ​യി​രി​ക്കും ഭാ​വി​യെ​ന്നു ഞ​ങ്ങ​ൾ ക​രു​തു​ന്നു. സ​ർ​ക്കാ​രി​ന് ഏ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ണ്ട്. സു​ര​ക്ഷി​ത​ബോ​ധ​മി​ല്ലാ​യ്മ, അ​ഴി​മ​തി, കൊ​ള്ള, മ​യ​ക്കു​മ​രു​ന്ന്, തൊ​ഴി​ലി​ല്ലാ​യ്മ, ദാ​രി​ദ്ര്യം എ​ല്ലാം ഇ​ല്ലാ​താ​ക്ക​ണം. മ​ത​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ശ​ത്രു​താ മ​നോ​ഭാ​വം ഇ​ല്ലാ​താ​ക്ക​ണം. ഇ​പ്പോ​ഴും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ന്പ​സു​ക​ളി​ൽ ഉ​ള്ള അ​ഭ​യാ​ർ​ഥി ക്യാ​ന്പു​ക​ളി​ൽ ആ​ളു​ക​ൾ ജീ​വി​ക്കു​ന്നു. അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം. അ​വി​ടെ ജീ​വി​തം ക്ര​മ​ര​ഹി​ത​മാ​ണ്. അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​ൻ എ​ത്ര​യും വേ​ഗം അ​വ​സ​രം ഉ​ണ്ടാ​ക്ക​ണം. ജീ​വി​ത​മാ​ർ​ഗം കാ​ണി​ച്ചു​കൊ​ടു​ക്ക​ണം. സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന മ​നു​ഷ്യ​രെ വ​ശ​ത്താ​ക്കാ​ൻ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കും തീ​വ്ര​വാ​ദി​ക​ൾ​ക്കും എ​ളു​പ്പ​മാ​ണ്. 100 ഡോ​ള​ർ കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ൽ ഒ​രു സ്ഫോ​ട​നം ന​ട​ത്താ​ൻ ആ​ളെ കി​ട്ടു​ന്ന സ്ഥി​തി ഇ​റാ​ക്കി​ലു​ണ്ട്. ഇ​തി​നൊ​ക്കെ മാ​റ്റം വ​ര​ണം.

ന​ല്ല ഭ​ര​ണ​ഘ​ട​ന​യു​ണ്ടാ​വ​ണം

സ​ദ്ദാ​മി​ന്‍റെ കാ​ല​ത്തേ​തു​പോ​ലെ മ​തേ​ത​ര ചി​ന്ത വ​ള​ര​ണം. മു​സ്ലീ​മോ, ക്രൈസ്തവനോ, സു​ന്നി​യോ, ഷി​യാ​യോ ആ​രു​മാ​ക​ട്ടെ രാ​ഷ്ട്ര​ഭ​ര​ണ​ത്തി​ൽ ആ​ളു​ക​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​ത് ഇ​റാ​ക്ക് പൗ​ര​ൻ എ​ന്ന നി​ല​യി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണം. മ​തം രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രു ഇ​ട​പെ​ട​ലും ന​ട​ത്ത​രു​ത്. അ​തി​ന് ആ​ദ്യം മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യു​ണ്ടാ​ക​ണം. ഭാ​വി പ്ര​തീ​ക്ഷാനി​ർ​ഭ​ര​വും ഐ​ശ്വ​ര്യ​സ​മൃ​ദ്ധ​വു​മാ​കാ​ൻ ആ​ദ്യം ചെ​യ്യേ​ണ്ട​ത് അ​താ​ണ്.

ന​ല്ല​തു പ​ഠി​പ്പി​ക്ക​ണം

പ്ര​കൃ​ത്യാ മി​ത​വാ​ദി​ക​ളാ​ണെ​ങ്കി​ലും ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന മ​ത​ധ്രു​വീ​ക​ര​ണ​വും ശ​ത്രു​താ മ​നോ​ഭാ​വ​ങ്ങ​ളും മാ​റ്റി​യെ​ടു​ക്ക​ണം. വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ ഇ​തു സാ​ധി​ക്കും. മ​താ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം അ​പ​ക​ട​ക​ര​മാ​ണ്. ദൂ​ര​വ്യാ​പ​ക​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ അ​തി​നു​ണ്ട്. എ​ല്ലാ മ​നു​ഷ്യ​രെ​യും ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന മ​തേ​ത​ര വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണ്. ഹൃ​ദ​യ​ത്തി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന വി​ദ്വേ​ഷ​ത്തി​ന്‍റെ വി​ത്തു​ക​ളെ ന​ശി​പ്പി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സം​കൊ​ണ്ടേ ക​ഴി​യൂ. വീ​ടു​ക​ളും ആ​ശു​പ​ത്രി​ക​ളും സ്കൂ​ളു​ക​ളു​മൊ​ക്കെ പു​നഃ​സ്ഥാ​പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​റാ​ക്കി​ന് ഇ​തൊ​ക്കെ ചെ​യ്യാ​ൻ സാ​ധി​ക്കും. ക​ഴി​ഞ്ഞ​തൊ​ക്കെ മ​റ​ന്ന് വ​ള​രാ​നു​ള്ള സ്രോ​ത​സു​ക​ളൊ​ക്കെ ഞ​ങ്ങ​ൾ​ക്കു​ണ്ട്. എ​ണ്ണ, ജ​ലം, വി​നോ​ദ​സ​ഞ്ച​ാര​ സാ​ധ്യ​ത​ക​ൾ, കൃ​ഷി​ഭൂ​മി​ക​ൾ എ​ല്ലാം ഞ​ങ്ങ​ൾ​ക്കു​ണ്ട്. വേ​ണ്ട​വി​ധം ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടാ​ൽ ഇ​റാ​ക്കി​നു ഭാ​വി​യു​ണ്ട്.

സഹായത്തിന്‍റെ കൈകൾ

ക്രൈസ്തവർ‌ ഇ​പ്പോ​ൾ മ​ട​ങ്ങി​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പക്ഷേ കടുത്ത പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. അ​വ​രു​ടെ വീ​ടു​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​മൊ​ക്കെ ന​ശി​പ്പി​ച്ചു​ക​ള​ഞ്ഞു. ബാ​ഗ്ദാ​ദി​ലും മൊ​സൂ​ളി​ലും നി​ന​വേ​യി​ലു​മൊ​ക്കെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​ത്ത വീ​ടു​ക​ളു​മു​ണ്ട്. പ​ക്ഷേ, അ​വ​യു​ടെ അ​കത്ത് ഒന്നുമില്ല. വി​ല​യു​ള്ള​തെ​ല്ലാം കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​ണ് വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​വ​ർ ക​ണ്ട​ത്. ഞ​ങ്ങ​ളെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ൻ പ​ല രാ​ജ്യ​ങ്ങ​ളും മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്. ഹം​ഗ​റി 20 ല​ക്ഷം ഡോ​ള​ർ ത​ന്നു സ​ഹാ​യി​ച്ചു. കൊ​ളോ​ണി​ൽ​നി​ന്നും അ​ത്ര​യും തു​ക ല​ഭി​ച്ചു. അ​മേ​രി​ക്ക സഹായിക്കാമെന്നേറ്റിട്ടുണ്ട്. കേരളത്തിൽനിന്നുമുണ്ട് സഹായ വാഗ്ദാനം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ൻ​സു​ക​ളും സ​ഹാ​യി​ക്കും. മി​ക്ക​യി​ട​ത്തും ക്രൈസ്തവരും മു​സ്ലിങ്ങ​ളും യോ​ജി​ച്ചാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഇ​ങ്ങ​നെ ന​ല്ല അ​യ​ൽ​ക്കാ​രു​ണ്ടെ​ങ്കി​ൽ സാ​ധി​ക്കും.

ഇന്ത്യ മാതൃകയാണ്

ഇ​ന്ത്യ​യു​ടെ പാ​ര​ന്പ​ര്യം പ​ശ്ചി​മേ​ഷ്യ​ക്കു മാ​തൃ​ക​യും പാ​ഠ​വു​മാ​ണ്. ഇ​ത്ര​യേ​റെ വൈ​വി​ധ്യ​മു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യു​മൊ​ക്കെ ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സം​സ്കാ​രം ഇ​റാ​ക്കി​നും അ​നു​ക​രി​ക്കാ​നാ​വ​ണം.

ഇ​റാ​ക്കി​ലെ ക്രൈ​സ്ത​വ​രു​ടെ ആ​ത്മീ​യ​കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നു ഞ​ങ്ങ​ൾ​ക്ക് പു​രോ​ഹി​തന്മാ​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യു​മൊ​ക്കെ ആ​വ​ശ്യ​മാ​ണ്. രാ​ജ്യ​ത്ത് ഇ​പ്പോ​ൾ ആ​കെ​യു​ള്ള​ത് 80 വൈ​ദി​ക​രും 100 ക​ന്യാ​സ്ത്രീ​ക​ളു​മാ​ണ്. 2001-ൽ ​ന​മ്മു​ടെ മേ​ജ​ർ സെ​മി​നാ​രി​ക​ളി​ൽ 65 വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ 15 പേ​രാ​ണു​ള്ള​ത്. സീ​റോ-​മ​ല​ബാ​ർ സ​ഭ​യി​ൽ​നി​ന്നു​ൾ​പ്പെ​ടെ ഞ​ങ്ങ​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹാ​യ​മു​ണ്ടാ​ക​ണം. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വു​മാ​യി ഞാ​ൻ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​രു​ന്നു. ഇറാക്കിലെ നഗരങ്ങൾ ശവപ്പറന്പുകൾപോലെയായി. പക്ഷേ, നാശനഷ്ടങ്ങളുടെ ഈ കൂന്പാരങ്ങളിൽനിന്നു ഞങ്ങൾ പുതിയൊരു ജീവിതം ഉണ്ടാക്കും. ക്രിസ്മസും ഈസ്റ്ററുമൊക്കെ ഞങ്ങൾ സമാധാനത്തോടെ ആഘോഷിക്കും. അയൽക്കാരായ മുസ്ലിം സഹോദരന്മാരുമൊത്ത് കൈകോർത്തു ജീവിക്കുന്ന അടുത്ത തലമുറയെ ഞങ്ങൾ സ്വപ്നം കാണുന്നു. ആ സ്വപനത്തിനു ചിറകുകൾ മുളപ്പിക്കുകയാണ് ഞങ്ങൾ ഇറാക്കികൾ.

ജോസ് ആൻഡ്രൂസ്