അതിമാനുഷനായ പോ​ൾ ആ​റാ​മ​ൻ
എ​മ​രി​ത്തൂ​സ് പാ​പ്പാ ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ പോ​ൾ ആ​റാ​മ​നെ സൂ​പ്പ​ർ​മാ​ൻ - അ​തി​മാ​നു​ഷ​ൻ - എ​ന്നു വി​ശേ​ഷി​പ്പി​ച്ചു. രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​ക​ളി​ൽ മി​ശി​ഹാ​യ്ക്കു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ സാ​ധി​ച്ച​വ​ൻ എ​ന്നു ഫ്രാ​ൻ​സി​സ് പാ​പ്പ പ​റ​ഞ്ഞു. മി​ലാ​നി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത ആ​യി​രു​ന്ന​പ്പോ​ൾ എ​ല്ലാ​വ​രും സ്നേ​ഹ​പൂ​ർ​വം ക​ർ​ദി​നാ​ൾ മൊ​ന്തീ​നി എ​ന്നു വി​ളി​ച്ചി​രു​ന്നു. 23-ാം ജോ​ണ്‍ മാ​ർ​പാ​പ്പ മൊ​ന്തീ​നി​യെ ഏ​റെ സ്നേ​ഹി​ച്ചി​രു​ന്നു. മൊ​ന്തീ​നി​ക്ക് ജോ​ണ്‍ മാ​ർ​പാപ്പ 1958 ഡി​സം​ബ​ർ 15-ന് ​ക​ർ​ദിനാ​ൾ പ​ദ​വി ന​ല്കി. രണ്ടാം ​വ​ത്തി​ക്കാ​ൻ സൂ​ന​ഹ​ദോ​സ് വി​ളി​ച്ചു​കൂ​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ചു ജോ​ണ്‍ മാ​ർ​പാ​പ്പ ആ​ദ്യം ആ​ലോ​ച​നാ ക​ത്ത് അ​യ​ച്ച​തു മൊ​ന്തീ​നി​ക്കാ​ണ്.

“​ഞാ​ൻ ഈ ​വി​ഷ​യം സം​ബ​ന്ധി​ച്ച് ആ​ദ്യ ക​ത്ത് താ​ങ്ക​ൾ​ക്കാ​ണ് എ​ഴു​തു​ന്ന​ത്. മി​ലാ​നി​ലെ മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക് എ​ഴു​തു​ന്പോ​ൾ മ​റ്റെ​ല്ലാ മെ​ത്രാന്മാരെ​യും താ​ങ്ക​ളി​ൽ കണ്ടുകൊണ്ടാണ് ഞാ​നി​തെ​ഴു​തു​ന്ന​ത്.’’ കൗ​ണ്‍​സി​ൽ വി​ളി​ച്ചു​കൂ​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ചു മൊ​ന്തീ​നി പ​റ​ഞ്ഞ​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ജന്മസ്ഥ​ല​മാ​യ ബ്രേ​ഷ്യാ​യി​ൽ ഒ​രു പ​റ​ച്ചി​ലുണ്ട്: “​ഈ വൃ​ദ്ധ​നാ​യ കു​ട്ടി ക​ട​ന്ന​ൽ​കൂ​ട്ടി​ൽ ക​ല്ലെ​റി​യു​ക​യാ​ണ് എ​ന്ന​റി​യു​ന്നി​ല്ല.’’ പ​ക്ഷെ ജോ​ണ്‍ മാ​ർ​പാപ്പ​യ്ക്ക് എ​ല്ലാം അ​റി​യാ​മാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള സം​ഭ​വ​ങ്ങ​ൾ അ​താ​ണ​ല്ലോ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​റ്റ​ലി​യി​ലെ ബ്രേ​ഷ്യാ രൂ​പ​ത​യി​ലെ കൊ​ണ്‍​ചേ​സി​യോ എ​ന്ന ഗ്രാ​മ​ത്തി​ൽ 1897 സെ​പ്റ്റം​ബ​ർ 26നാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്, പൂ​ർ​ണ​മാ​യ പേ​ര് ജോ​വാ​ന്നി ബ​ത്തീ​സ്ത എ​ൻ​റി​കോ അ​ന്തോ​ണി​യോ മ​രി​യ മൊ​ന്തീ​നി എ​ന്നാ​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് നി​യ​മ​വി​ദ​ഗ്ധൻ, പ​ത്രാ​ധി​പ​ർ, കത്തോലി​ക്ക പ​ത്ര​മാ​യ ക്വോ​ത്തി​ദി​യാ​നോ ദി ​ബ്രേ​ഷ്യാ​യു​ടെ ഡ​യ​റ​ക്ട​ർ, ഇ​റ്റാ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗം എ​ന്നീ നി​ല​കളിൽ പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യാ​ണ്.

ഫ്രാ​ൻ​സി​സ് പാ​പ്പാ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ പാ​പ്പാ​യാ​ണ് പൗ​ലോ​സ് മാ​ർ​പാ​പ്പ. 2014 ൽ ​ജോ​ണ്‍ പോ​ൾ രണ്ടാ​മ​നും ജോ​ണ്‍ 23-ാമ​നും അ​ൾ​ത്താ​ര വ​ണ​ക്ക​ത്തി​നാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു. ജോ​ണ്‍ മാ​ർ​പാ​പ്പ വ​ത്തി​ക്കാ​ൻ സൂ​ന​ഹ​ദോ​സി​നു​വേണ്ടി സ​ഭ​യു​ടെ കി​ളി​വാ​തി​ൽ തു​റ​ന്നി​ട്ടെ​ങ്കി​ൽ ആ ​സൂ​ന​ഹ​ദോ​സ് പൂ​ർ​ത്തി​യാ​ക്കി ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ആ ​കി​ളി​വാ​തി​ൽ അ​ട​ച്ച​വ​നാ​ണ് പൗ​ലോ​സ് മാ​ർ​പാ​പ്പ. വാ​തി​ൽ അ​ട​ച്ചെ​ങ്കി​ലും വ​ത്തി​ക്കാ​ന്‍റെ ഉ​ള്ള​റ​ക​ൾ മൊ​ന്തീ​നി​ക്ക് ന​ല്ല​വ​ണ്ണം അ​റി​യാ​മാ​യി​രു​ന്നു. 1926 മു​ത​ൽ 1954 വ​രെ വത്തിക്കാനിൽ, പ്രത്യേകിച്ചും സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് ആ​യി പ്ര​വ​ർ​ത്തി​ച്ചു​ള്ള അ​സാ​ധാ​ര​ണ​മാ​യ പ​രി​ച​യം.

പ​ന്ത്രണ്ടാം പി​യൂ​സ് പാ​പ്പാ​യു​ടെ ഏ​റ്റ​വു അ​ടു​ത്ത ഉ​പ​ദേ​ശ​ക​നാ​യി​രു​ന്നു. അ​ദ്ദേ​ഹം ത​ന്നെ പ​റ​യു​ന്നു: “​മു​പ്പ​തി​ല​ധി​കം വ​ർ​ഷം ഞാ​ൻ റോ​മി​ലാ​യി​രുന്നു. മാ​ർ​പാ​പ്പ​യു​ടെ അ​ടു​ത്ത്. മൂ​ന്നു മാ​ർ​പാ​പ്പ​മാ​ർ എ​ന്‍റെ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​യി. രണ്ടുപേ​രെ ഞാ​ൻ ശു​ശ്രൂ​ഷി​ച്ചു. കൂ​ടാ​തെ ഒ​രാ​ളെ 17 വ​ർ​ഷം അ​നു​ദി​നം, അ​ല്ല ഓ​രോ മ​ണി​ക്കൂ​റും എ​ന്നു ഞാ​ൻ പ​റ​യും (പ​ന്ത്രണ്ടാം പി​യൂ​സ്). അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​ഷ​ണ​ത്തി​ൽ എ​ന്നെ ഉ​ൾ​ച്ചേ​ർ​ത്തു. ഒ​രു മ​ക​നോ ഒ​രു വി​ശ്വ​സ്ത​നോ ഒ​രു സെ​ക്ര​ട്ട​റി​ക്കോ മാ​ത്രം ചെ​യ്യാ​ൻ പ​റ്റു​ന്ന ശു​ശ്രൂ​ഷ​ക​ൾ എ​ന്നോ​ടു ചോ​ദി​ക്കാ​ൻ മാ​ർ​പാ​പ്പ മ​ടി​കാ​ണി​ച്ചി​ട്ടി​ല്ല.’’

വ​ത്തി​ക്കാ​ന് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട വൈ​ദി​ക​നാ​യി​രു​ന്നു മൊ​ന്തീ​നി. കൃ​ത്യ​ത​യും വ്യ​ക്ത​ത​യും സ​ത്യ​സ​ന്ധ​ത​യും ഉ​ള്ള തീ​രു​മാ​ന​ങ്ങ​ളു​ടെ ഉ​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ന​ൻ നി​യ​മ​ത്തി​ൽ ഡോ​ക്ട​ർ ബി​രു​ദം നേ​ടി​യ മൊ​ന്തീ​നി വ​ത്തി​ക്കാ​ന്‍റെ ഡി​പ്ലോ​മാ​റ്റി​ക് സ​ർ​വീ​സി​ൽ ദീ​ർ​ഘ​കാ​ലം ശു​ശ്രൂ​ഷ ചെ​യ്തു. വ​ത്തി​ക്കാ​ൻ വി​ട്ട​ത് 1954-ൽ ​മി​ലാ​നി​ലെ മെ​ത്രാ​പ്പോ​ലീ​ത്തയാ​യാ​ണ്.

പോ​ൾ ആ​റാ​മ​ൻ 1963 ജൂൺ 21-നാണ് 262-ാമ​ത്തെ മാ​ർ​പാ​പ്പ​യാ​യി ത​ന്‍റെ ശു​ശൂ​ഷ ആ​രം​ഭി​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗം നേ​താ​ക്കന്മാർ​ക്കും ഭ​ര​ണ​മോ ശു​ശ്രൂ​ഷ​ക​ളോ ആ​രം​ഭി​ച്ച് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​ന്പോ​ൾ എ​തി​ർ​പ്പു​ക​ൾ നേ​രി​ടേണ്ടിവ​രി​ക സ്വാ​ഭാ​വി​ക​മാ​ണ്. പൗ​ലോ​സ് മാ​ർ​പാ​പ്പ​യ്ക്ക് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ഇ​ത് അ​നു​ഭ​വി​ക്കേണ്ടിവ​ന്നു. ഇ​റ്റ​ലി​യി​ലെ കാ​സ്റ്റ​ൽ ഗണ്ടോൾ​ഫോ​യി​ൽ​വ​ച്ച് 1978 ഓ​ഗ​സ്റ്റ് ആ​റി​ന് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം പാ​പ്പാ മ​ര​ണ​മ​ട​ഞ്ഞു. പാ​പ്പ​ായാ​യി സ്ഥാന​മേ​ൽ​ക്കു​ന്പോ​ൾ സാ​ധാ​ര​ണ​മാ​യി​രു​ന്ന കി​രീ​ട​ധാ​ര​ണം ല​ഭി​ച്ച അ​വ​സാ​ന​ത്തെ മാ​ർ​പാ​പ്പയാ​ണ് അ​ദ്ദേ​ഹം. പി​ന്നീ​ട് വ​ന്ന​വ​ർ കി​രീ​ട​ധാ​ര​ണം ഉ​പേ​ക്ഷി​ച്ചു.

രൂ​പാ​ന്ത​രീ​ക​ര​ണ​ത്തി​ന്‍റെ പാ​പ്പാ

പൗ​ലോ​സ് പാ​പ്പാ​യു​ടെ ആ​പ്ത​വാ​ക്യം cum ipso in monte - അ​വ​നോ​ടു​കൂ​ടെ മ​ല​മു​ക​ളി​ൽ - എ​ന്നാ​യി​രു​ന്നു. അ​താ​യ​ത് പൗ​ലോ​സ് മാ​ർ​പാ​പ്പ രൂ​പാ​ന്ത​രീ​ക​ര​ണ​ത്തി​ന്‍റെ പാ​പ്പാ​യാ​യി​രു​ന്നു. ഈ​ശോ​യു​ടെ രൂ​പാ​ന്ത​രീ​ക​ര​ണ​ത്തി​ന്‍റെ തി​രു​നാ​ൾ ദി​വ​സ​മാ​യ ഓ​ഗ​സ്റ്റ് ആ​റി​ന് പാ​പ്പാ മ​രി​ച്ച​തും യാ​ദൃ​ച്ഛി​ക​മാ​യി​രി​ക്കു​ക​യി​ല്ല. മി​ലാ​നി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത ആ​യി​രു​ന്ന​പ്പോ​ൾ സു​വി​ശേ​ഷ​വ​ത്കര​ണ​ത്തി​ലൂ​ടെ രൂ​പാ​ന്ത​രീ​ക​ര​ണ​ത്തി​ന്‍റെ വ​ലി​യ ശ​ബ്ദം കേ​ൾ​പ്പി​ച്ചു പ്ര​കാ​ശം പ​ര​ത്തി. ലോ​ക​ത്തെ സു​വി​ശേ​ഷം കേ​ൾ​പ്പി​ക്കു​ന്ന​തി​ൽ പാ​പ്പാ തീ​വ്ര പ​രി​ശ്ര​മം ന​ട​ത്തി. കു​ടും​ബ ധാ​ർ​മിക​ത​യി​ലും ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ലും ക​ത്തോ​ലി​ക്കാ​സ​ഭ​യി​ൽ രൂ​പാ​ന്ത​രീ​ക​ര​ണം ന​ട​ത്തി.

“ലോ​ക​ത്തി​ലെ എ​ന്‍റെ ജീ​വി​തം അ​വ​സാ​നി​ക്കു​ന്പോ​ൾ പ്ര​കാ​ശ​ത്തി​ലാ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു” എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന​കാ​ല വാ​ക്കു​ക​ൾ രൂ​പാ​ന്ത​രീ​ക​ര​ണ​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ്.

പൗ​ലോ​സ് മാ​ർ​പാ​പ്പയ്ക്ക് 1964 ഒ​രു അ​ദ്ഭുത വ​ർ​ഷം (Annus Mirabilis) ആ​യി​രു​ന്നു​വെ​ങ്കി​ൽ 1968 മു​ത​ൽ ദു​രി​ത​ങ്ങ​ളു​ടേ​താ​യി​രു​ന്നു (Annus Horribilis). ജോ​ണ്‍ പോ​ൾ രണ്ടാമ​ൻ പാ​പ്പാ​യു​ടെ പ​ല ചി​ന്ത​ക​ൾ​ക്കും രൂ​പം ന​ല്കി​യ​തു പൗ​ലോ​സ് മാ​ർ​പാ​പ്പ​യാ​ണ്. ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ ചി​ന്ത​ക​ളെ, പ്ര​ത്യേ​കി​ച്ച് സു​വി​ശേ​ഷ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ന്ത​ക​ളെ​യും ഏ​റെ സ്വാ​ധീ​നി​ച്ചി​ട്ടുണ്ട്. രുണ്ടു​പേ​രും സു​വി​ശേ​ഷ​വ​ത്കര​ണ​ത്തി​ന്‍റെ അ​ഭി​ന​വ ശ്ലീ​ഹന്മാരാ​ണ്.

സൂ​ന​ഹ​ദോ​സി​ന്‍റെ അ​മ​ര​ക്കാ​ര​ൻ

പൗ​ലോ​സ് മാ​ർ​പാ​പ്പ​യു​ടെ ഏ​റ്റ​വും വ​ലി​യ മു​ദ്ര, അ​ന​ശ്വ​ര​മാ​യ മു​ദ്ര, രണ്ടാം ​വ​ത്തി​ക്കാ​ൻ സൂ​ന​ഹ​ദോ​സി​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും അ​തി​ന്‍റെ പ്ര​ബോ​ധ​ന​ങ്ങ​ളെ ലോ​കം മു​ഴു​വ​ൻ എ​ത്തി​ക്കു​ക​യും ചെ​യ്തു എ​ന്ന​താ​ണ്. കൗ​ണ്‍​സി​ലി​ന്‍റെ പ്ര​ബോ​ധ​ന​ങ്ങ​ളി​ലെ​ല്ലാം പൗ​ലോ​സ് മാ​ർ​പാ​പ്പ​യു​ടെ മു​ദ്ര​യു​ണ്ട്. ഈ ​കൗ​ണ്‍​സി​ലി​ന്‍റെ പ്ര​ബോ​ധ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ഠി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത ഒ​രു പ്ര​ദേ​ശം ഇ​ന്ത്യ​യി​ലെ കേ​ര​ള​മാ​ണ് എ​ന്നു പ​റ​യു​ന്ന​തി​ൽ അ​തി​ശ​യോ​ക്തി ഒ​ട്ടുംത​ന്നെ കാ​ണു​ക​യി​ല്ല.

ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ പാ​പ്പാ

പൗ​ലോ​സ് മാ​ർ​പാ​പ്പ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ പാ​പ്പാ​യാ​ണ്. സ​ത്യ​ത്തി​നു​വേണ്ടിയും സ​ഭാ​ത്മ​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നു​വേണ്ടി​യും പോ​രാ​ടി​യ ര​ക്ത​സാ​ക്ഷി. കൗ​ണ്‍​സി​ലി​ന്‍റെ രണ്ടാ​മ​ത്തെ സെ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ പൗ​ലോ​സ് മാ​ർ​പാ​പ്പ പ​റ​ഞ്ഞു: Te Chrsite solum novimus ​"ഞ​ങ്ങ​ൾ​ക്ക് അ​റി​യാ​വു​ന്ന​ത് ക​ർ​ത്താ​വേ നി​ന്നെ മാ​ത്ര​മാ​ണ്.’ കൗ​ണ്‍​സി​ലി​ന്‍റെ സ​മാ​പ​ന​ത്തി​ലും പൗ​ലോ​സ് മാ​ർ​പാ​പ്പ പ​റ​ഞ്ഞു: “ദൈ​വം ഈ ​ശു​ശ്രൂ​ഷ​യ്ക്കാ​യി എ​ന്നെ ക​രു​തി​വ​ച്ച​ത് ഞാ​ൻ പ്ര​ത്യേ​കി​ച്ച് അ​തി​നു യോ​ഗ്യ​നാ​യ ആ​ളാ​യ​തു​കൊണ്ടല്ല. ഈ ​ആ​ധുനി​ക​കാ​ല​ത്തെ പ്ര​ശ്ന​പ്ര​തി​സ​ന്ധി​ക​ളി​ൽനി​ന്നു സ​ഭ​യെ മോ​ചി​പ്പി​ച്ചു ന​യി​ക്കാ​ൻ ഞാ​ൻ പ്രാ​പ്ത​നാ​യ​തു​കൊണ്ടുമ​ല്ല; പ്ര​ത്യു​ത സ​ഭ​യ്ക്കു​വേണ്ടി സ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു​വ​ൻ എ​ന്ന​തു​കൊണ്ടായി​രി​ക്കും. ഈ​യ​ർ​തഥ​ത്തി​ൽ ഒ​രു കാ​ര്യം വ്യ​ക്ത​മാ​ണ്. അ​വ​ൻ (ഈ​ശോ) മാ​ത്ര​മാ​ണ് സ​ഭ​യെ ന​യി​ക്കു​ന്ന​തും ര​ക്ഷി​ക്കു​ന്ന​തും.’’
പൗ​ലോ​സ് മാ​ർ​പാ​പ്പ പൗ​ലോ​സ് ശ്ലീ​ഹാ​യെ​പ്പോ​ലെ ആ​കാ​ൻ ആ​ഗ്ര​ഹി​ച്ച​വ​നാ​യി​രു​ന്നു.

പൗ​ലോ​സി​ന്‍റെ ഹൃ​ദ​യം ക്രി​സ്തു​വി​ന്‍റെ ഹൃ​ദ​യ​മാ​യി​രു​ന്നു എ​ന്നു പ​റ​യു​ന്ന​ത് ഇ​വ​ർ ഇ​രു​വ​രി​ലും അ​ന്വ​ർ​ഥമാ​ണ്. രണ്ടു ​പൗ​ലോ​സു​മാ​രും സു​വി​ശേ​ഷ​ത്തി​ന്‍റെ ത​ള​രാ​ത്ത ഓ​ട്ട​ക്കാ​രാ​യി​രു​ന്നു. എ​ന്‍റെ പേ​ര് പൗ​ലോ​സ് എ​ന്നും വീ​ട്ടു​പേ​ര് പ​ത്രോ​സ് എ​ന്നു​മാ​ണ് എ​ന്നു പാ​പ്പാ പ​റ​യു​ന്ന​തി​ലും ഏ​റെ അ​ർ​ത്ഥ​മുണ്ട്. സു​വി​ശേ​ഷ​വ​ത്കര​ണ​ത്തെ​ക്കു​റി​ച്ച് പാ​പ്പാ എ​ഴു​തി: “സ​ഭ നി​ര​ന്ത​ര​മാ​യി സു​വി​ശേ​ഷ​വ​ത്ക​രി​ക്ക​പ്പെ​ട​ണം. ജ​ന​ങ്ങ​ൾ അ​ധ്യാ​പ​ക​രെ​യ​ല്ല, സാ​ക്ഷി​ക​ളെ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ അ​ധ്യാ​പ​ക​രെ ശ്ര​വി​ക്കു​ന്നു​ണ്ടെങ്കി​ൽ അ​ത് അവ​ർ സാ​ക്ഷി​ക​ളാ​യ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ്.’’

വി​ന​യ​വും ലാ​ളി​ത്യ​വും ത​മ്മി​ൽ കൂ​ട്ടി വി​ള​ക്കി​യ ഒ​രു സ​ഭാ​ശു​ശ്രൂ​ഷ​യ്ക്കു​വേണ്ടി പൗ​ലോ​സ് മാ​ർ​പാ​പ്പ ഏ​റെ ശ്ര​ദ്ധി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം വ്യ​ക്തി​ത്വ​ത്തി​ൽ അ​ദ്വി​തീ​യ​നും തീ​രു​മാ​ന​ങ്ങ​ളി​ൽ കൃ​ത്യ​തയുള്ള ചി​ന്ത​ക​നു​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ന​യി​ച്ച ആ​ത്മീ​യ​ത, മ​റ്റു​ള്ള​വ​ർ​ക്കു താ​ത്പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ജ​ന​പ്രി​യ​ൻ ആ​കാ​ന​ല്ല മ​റ്റു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ശ​രി​യി​ൽ നി​ൽക്കാ​നാ​ണു ശ്ര​മി​ക്കേ​ണ്ടത് എ​ന്ന ത​ത്ത്വമാ​ണ്.

പൗ​ലോ​സ് മാ​ർ​പാ​പ്പ​യു​ടെ ഒ​രു ജീ​വ​ച​രി​ത്ര​കാ​ര​ൻ എ​ഴു​തു​ന്നു: ഓ​രോ ചൊ​വ്വാ​ഴ്ച​യും പാ​പ്പാ മു​റി അ​ട​ച്ച് വാ​യ​ന​യി​ൽ മു​ഴു​കു​മാ​യി​രു​ന്നു. സ്വ​ന്തം കൈ​പ്പ​ട​യി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു​ള്ള പ്ര​സം​ഗം ത​യാ​റാ​ക്കാ​ൻ. സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ഫാ. ​ജോ​ണ്‍ മാ​ഗി​യോ​ട് വിശുദ്ധ ​ആ​ഗ​സ്തീ​നോ​സി​ന്‍റെ ഗ്ര​ന്ഥം എ​ടു​ത്തു​കൊണ്ടു​വ​രാ​ൻ പ​ല​പ്പോ​ഴും ആ​വ​ശ്യ​പ്പെ​ടു​മാ​യി​രു​ന്നു. കാ​ര​ണം അ​ഗ​സ്റ്റി​ന്‍റെ ഗ്ര​ന്ഥ​ങ്ങ​ൾ ദൈ​വം സ​ഹ​ന​ങ്ങ​ളെ എ​പ്ര​കാ​ര​മാ​ണു സ​ന്തോ​ഷ​മാ​യി പ​ക​ർ​ത്തു​ന്ന​ത് എ​ന്നു കാ​ണി​ച്ചി​രു​ന്നു.

അ​തു​ല്യ​നാ​യ ദൈ​വ​ശാ​സ്ത്ര​ജ്ഞ​ൻ

സ​ഭ കണ്ട ​ഏ​റ്റ​വും വ​ലി​യ ദൈ​വ​ശാ​സ്ത്ര​ജ്ഞരിൽ ഒരാളും നി​യ​മ​പ​ണ്ഡി​ത​നു​മാ​യി​രു​ന്നു പൗ​ലോ​സ് മാ​ർ​പാ​പ്പ. വ​ത്തി​ക്കാ​ൻ സൂ​ന​ഹ​ദോ​സി​ന്‍റെ ദൈ​വ​ശാ​സ്ത്ര​പ​ര​മാ​യ സം​ഭാ​വ​ന​ക​ളി​ൽ ഏ​റി​യപ​ങ്കും മൊ​ന്തീ​നി​യു​ടേ​താ​യി​രു​ന്നു. യാ​ഥാ​സ്ഥി​തി​ക നി​ല​പാ​ടും പു​രോ​ഗ​മ​ന നി​ല​പാ​ടും വി​വേ​ക​പൂ​ർ​വം ദൈ​വ​ശാ​സ്ത്ര​ത്തി​ൽ സ​മ്മേ​ളി​പ്പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ മൊ​ന്തീ​നി.

സ​ഭ​യു​ടെ ദൈ​വാ​രാ​ധ​ന​യെ സം​ബ​ന്ധി​ച്ചും ആ​രാ​ധ​നാ​ഭാ​ഷ​യെ സം​ബ​ന്ധി​ച്ചും പാ​പ്പാ​യ്ക്കു മ​റ്റാ​രേയും​കാ​ൾ ആ​ഴ​മാ​യ ദ​ർ​ശ​ന​ങ്ങ​ളും നി​ല​പാ​ടു​ക​ളും ഉണ്ടാ​യി​രു​ന്നു. പ്രാ​ർ​ഥന​യെ​ക്കു​റി​ച്ചു പ​ഠി​പ്പി​ക്കു​ന്പോ​ൾ വിശുദ്ധ ​കു​ർ​ബാ​ന​യാ​ണ് ഏ​റ്റ​വും ന​ല്ല പ്രാ​ർ​ഥ​ന എ​ന്നു പ​റ​ഞ്ഞു. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള മെ​ത്രാ​ൻ സ​മി​തി​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സ​ഭ​ക​ൾ ത​മ്മി​ൽ കൂ​ട്ടാ​യ്മ​യു​ടെ അ​ന്ത​രീ​ക്ഷം പു​ല​ർ​ത്ത​ണം എ​ന്നു പ​ഠി​പ്പി​ക്കു​ക​യും ചെ​യ്തു.

1963 മു​ത​ൽ 1978 വ​രെ ക​ത്തോ​ലി​ക്കാ സ​ഭ​യെ സ​മൃ​ദ്ധ​മാ​യി ന​യി​ച്ചു എ​ന്ന​തു​ത​ന്നെ​യാ​ണ് പൗ​ലോ​സ് മാ​ർ​പാ​പ്പ​യു​ടെ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി. 1964-ൽ ​"എ​ക്ലേ​സി​യാം സു​വാം’ എ​ന്ന ചാ​ക്രി​ക ലേ​ഖ​നം​വ​ഴി സ​ഭ​യി​ലെ യാ​ഥാ​സ്ഥി​തി​ക നി​ല​പാ​ടു​ക​ൾ ഉ​റ​പ്പി​ച്ചു. സ​ഭ​യും ലോ​ക​വും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​നാ​യി ഒ​രു പ്ര​ത്യേ​ക വി​ളി ത​നി​ക്കുണ്ട് എ​ന്നു വ്യ​ക്ത​മാ​ക്കി. "പോ​പ്പു​ളോ​രും പ്രോ​ഗ്രേ​സ്സി​യോ’ യു​ടെ പാ​പ്പാ എ​ന്ന നി​ല​യി​ൽ സാ​മൂ​ഹ്യ, സാ​ന്പ​ത്തി​ക നീ​തി​ക്കു​വേണ്ടി നി​ല​കൊണ്ടു.


"​ഒ​ക്തോ​ജെ​സി​മാ അ​ഡ്വേ​നി​യ​ൻ​സി’​ലൂ​ടെ സ​ഭ​യി​ലെ രാ​ഷ്ട്രീ​യ ബ​ഹു​ത്വ​നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കി.ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ "ഹു​മാ​നേ വീ​ത്തേ’ (1968) എ​ന്ന ചാ​ക്രി​ക ലേ​ഖ​ന​ത്തി​ലൂ​ടെ സ​ഭ​യു​ടെ പ​ര​ന്പ​രാ​ഗ​ത​മാ​യ ധാ​ർ​മ്മി​ക നി​ല​പാ​ടു​ക​ളെ ഒ​ന്നു​കൂ​ടി ക​ർ​ക്ക​ശ​മാ​ക്കി. ഇ​ന്ന് ഇ​ന്ത്യ​ൻ സു​പ്രീം കോ​ട​തി പോ​ലും നി​യ​മ​പ​ര​മാ​യി അ​നു​വ​ദി​ക്കു​ന്ന അ​ല്ലെ​ങ്കി​ൽ വ​ള​രെ അ​യ​ഞ്ഞ ന​ല​പാ​ടു​ക​ൾ എ​ടു​ക്കു​ന്ന സ്വ​വ​ർ​ഗ​വി​വാ​ഹം, വി​വാ​ഹേ​ത​ര ബ​ന്ധം, ഗ​ർ​ഭഛി​ദ്രം, ദ​യാ​വ​ധം എ​ന്നീ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വ​ള​രെ ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ പാ​പ്പാ​യ്ക്കുണ്ടാ​യി​രു​ന്നു.

ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ർ​ണ​മാ​യ മാ​തൃ​ത്വ​ത്തി​ലേ​ക്കും പി​തൃ​ത്വ​ത്തി​ലേ​ക്കും ദ​ന്പ​തി​ക​ളെ പ​ഠി​പ്പി​ച്ചു ബോ​ധ്യ​പ്പെ​ടു​ത്തി. കൃ​ത്രി​മ ജ​ന​ന നി​യ​ന്ത്ര​ണ​ത്തി​നെ​തി​രാ​യി കാ​ർ​ക്ക​ശ്യം പു​ല​ർ​ത്തി. പ​ത്തു വ​ർ​ഷ​ങ്ങ​ൾ​കൂ​ടി സ​ഭ​യെ ഭ​രി​ച്ചെ​ങ്കി​ലും ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ ചാ​ക്രി​ക​ലേ​ഖ​ന​മാ​യി​രു​ന്നു. 1975-ൽ ​എ​ഴു​തി​യ "​ഇ​വാ​ഞ്ചെ​ലി​യും നു​ൻ​സി​യാ​ന്തി’ എ​ന്ന തി​രു​വെ​ഴു​ത്ത് ലോ​ക​പ്ര​സി​ദ്ധ​മാ​യി. നാ​ളി​തു​വ​രെ ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ഏ​റ്റ​വും സ​ന്പ​ന്ന​മാ​യ അ​ജ​പാ​ല​ന ഉ​പ​ദേ​ശ ഗ്ര​ന്ഥ​മാ​ണി​ത്.

സ്ഥാ​യീ​ഭാ​വ​ത്തി​ന്‍റെ​യും തു​ട​ർ​ച്ച​യു​ടെ​യും ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും പാ​പ്പാ​യാ​യി​രു​ന്നു പൗ​ലോ​സ് മാ​ർ​പാ​പ്പ. പാ​പ്പാ മ​രി​ച്ച​പ്പോ​ൾ ന്യൂ​യോ​ർ​ക് ടൈം​സ് എ​ഴു​തി : "​ഒ​രു ബ്യൂ​റോ​ക്രാ​റ്റ് വി​ട​വാ​ങ്ങി.’’ എ​ന്നാ​ൽ പാ​പ്പാ മൊ​ന്തീ​നി ഒ​രു ബ്യൂ​റോ​ക്രാ​റ്റി​നു​മൊ​ക്കെ വ​ള​രെ അ​പ്പു​റം എ​ത്തി​യ​വ​നും മ​റു​പു​റം ക​ണ്ടവ​നു​മാ​യി​രു​ന്നു. പാ​പ്പാ ആ​ദ്ധ്യാ​ത്മി​ക ചി​ന്ത​ക​നും അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ വി​ശു​ദ്ധി ജീ​വി​ത​ത്തി​ൽ കൊണ്ടുന​ട​ന്ന​വ​നു​മാ​യി​രു​ന്നു.

പൗ​ലോ​സ് മാ​ർ​പാപ്പ​യെ ഒ​ക്ടോ​ബ​ർ 14-ാം തീ​യ​തി വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​ഴി ഫ്രാ​ൻ​സി​സ് പാ​പ്പാ ഒ​രി​ക്ക​ൽ​കൂ​ടി സ​ഭ​യു​ടെ സ്ഥാ​യീ​ഭാ​വ​മു​ള്ള പ്ര​ബോ​ധ​ന​ങ്ങ​ളെ അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ക​യാ​ണ്. സ​ഭ​യി​ലെ മാ​റ്റ​മി​ല്ലാ​ത്ത നി​ല​പാ​ടു​ക​ൾ എ​ടു​ത്തു​കാ​ണി​ക്കു​ക​യാ​ണ്.

കണ്ടുമു​ട്ട​ലു​ക​ളു​ടെ​യും സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ​യും തീ​ർ​ഥാ​ട​ന​ങ്ങ​ളു​ടെ​യും പാ​പ്പാ

പോ​ൾ ആ​റാ​മ​നാ​ണ് 1000 വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​ണ്‍​സ്റ്റാ​ന്‍റി​നോ​പ്പി​ളി​ലെ എ​ക്യു​മെ​നി​ക്ക​ൽ പാ​ത്രീ​യ​ർ​ക്കീ​സു​മാ​യി ആ​ദ്യ​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി​യ​മാ​ർ​പാ​പ്പ. ജ​റു​സ​ല​ത്തുവച്ചു ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലൂ​ടെ ആ​ഴ​മാ​യ ദൈ​വ​ശാ​സ്ത്ര​വും സ​ഭൈ​ക്യ​ശാ​സ്ത്ര​വും അ​തി​ലു​പ​രി സ​ഹോ​ദ​രീ​സ​ഭ​ക​ൾ എ​ന്ന അ​തി​ശ്രേ​ഷ്ഠ​മാ​യ സ​ഭാ​വി​ജ്ഞാ​നീ​യ ദ​ർ​ശ​ന​ങ്ങ​ളും പു​റ​ത്തു​കൊണ്ടു​വ​ന്നു. 1964 ​ജ​നു​വ​രി അ​ഞ്ചി​നു വി​ശു​ദ്ധ നാ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ന​സ്ര​ത്തി​ലെ ഭ​വ​ന​ത്തി​ൽ​വ​ച്ചു പ​റ​ഞ്ഞു: “ന​സ്ര​ത്തി​ലെ ഭ​വ​നം എ​ല്ലാ​റ്റി​ലു​മു​പ​രി​യാ​യി ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത് നി​ശ​ബ്ദ​ത​യാ​ണ്. ആ​ത്മാ​വി​ന്‍റെ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത ഏ​റ്റം അ​ഭി​ല​ഷ​ണീ​യ​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് നി​ശ​ബ്ദ​ത. ഈ ​നി​ശ​ബ്ദ​ത ന​ല്ല ചി​ന്ത​ക​ളി​ൽ ഉ​റ​ച്ചു​നി​ൽക്കു​വാ​നാ​യി, ആ​ന്ത​രി​ക​ജീ​വി​ത​ത്തി​ൽ വ​ള​രു​വാ​നാ​യി, ദൈ​വ​ത്തി​ന്‍റെ ര​ഹ​സ്യാ​ത്മ​ക​മാ​യ പ്ര​ചോ​ദ​ന​ങ്ങ​ളി​ലും യ​ഥാ​ർ​ഥ അ​ധ്യാ​പ​ക​രു​ടെ ഉ​പ​ദേ​ശ​ങ്ങ​ളി​ലും നി​ല​നി​ൽക്കു​വാ​നാ​യി ന​മ്മെ നി​ര​ന്ത​രം പ്ര​ചോ​ദി​പ്പി​ക്ക​ണം.’’

2) ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ആ​ദ്യ​മാ​യി സം​സാ​രി​ച്ച പാ​പ്പാ പോ​ൾ ആ​റാ​മ​നാ​ണ്. അ​വി​ടെ​വ​ച്ച് അ​ന്ന​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ലി​ൻഡൻ ജോ​ണ്‍​സ​നു​മാ​യി അ​ദ്ദേ​ഹം ദീ​ർ​ഘ​നേ​രം ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ ന​ട​ത്തി.

3) ഇ​ന്ത്യ​യും (1964- ഡിസംബർ 2-5) ഫി​ലി​പ്പീ​ൻ​സും ആ​ഫ്രി​ക്ക​യും സ​ന്ദ​ർ​ശി​ച്ച ആ​ദ്യ പാ​പ്പാ​യും പോ​ൾ ആ​റാ​മ​ൻ ത​ന്നെ​യാ​ണ്. "പോ​ൾ ആ​റാ​മ​ൻ പാ​പ്പാ ഇ​ന്ത്യ​യി​ൽ; ലോ​ക​ച​രി​ത്രം ദ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത മ​ഹാ​സം​ഭ​വം’ എ​ന്നാ​യി​രു​ന്നു അ​ന്ന് ദീ​പി​ക കൊ​ടു​ത്ത ശീ​ർ​ഷ​കം. ഇ​ന്നും അ​ത് അ​നേ​ക​രി​ൽ കെ​ടാ​വി​ള​ക്കാ​യി നി​ല്ക്കു​ന്നു.

4) 1964-ൽ ​റോ​മാ പ​ട്ട​ണ​ത്തി​നു പു​റ​ത്തു​ള്ള സെ​ന്‍റ് പോ​ൾ ബ​സിലിക്ക​യി​ൽ​വ​ച്ച് കാ​ന്‍റെ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പാ​യി​രു​ന്ന മൈ​ക്ക​ൽ റാം​സേ​യു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി. തന്മൂലം ആം​ഗ്ലി​ക്ക​ൻ- കാ​ത്ത​ലി​ക് സം​ഭാ​ഷ​ണം പു​തി​യ ദി​ശ​യി​ൽ നീ​ങ്ങാ​ൻ തു​ട​ങ്ങി.

ഓസ്കർ റൊമേറോ ഉൾപ്പെടെ ആറു വിശുദ്ധർകൂടി

പോൾ ആറാമൻ മാ​ർ​പാപ്പ​യെ കൂ​ടാ​തെ സാൻ സാ​ൽ​വ​ദൊ​റി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ആ​ർ​ച്ച്ബി​ഷ​പ്പ് ഓ​സ്കർ റൊ​മേ​റോ ഉൾപ്പെടെ ആറു പേർകൂടി ഇന്നു വിശുദ്ധ പദിവിയിലേക്ക്. ഫാ. ​ഫ്ര​ൻ​ചേ​സ്കോ സ്പി​നേ​ല്ലി, ഫാ. ​വി​ൻ​ചേ​ൻ​സോ റൊ​മാ​നോ, സിസ്റ്റർ ​കാ​ത​റി​ന കാ​സ്പ​ർ, സിസ്റ്റർ നാ​സ​റി​യ ഇ​ഗ്നാ​സി​യ, 19-ാം വയസിൽ മരിച്ച നുൺസ്യോ സുൾപ്രിസിയോ എ​ന്നീ ആറു പേ​ർ കൂ​ടി ഇന്നു വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടു​ന്നു.

ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവദോറിലെ സാൻ സാൽവദോർ അതിരൂപത അധ്യക്ഷനായിരുന്നു ഓസ്കർ റൊമേറോ. 1980 മാർച്ച് 24ന് ദിവ്യബലി അർപ്പിക്കുന്പോഴാണ് ദേവാലയത്തിൽവച്ച് അക്രമികൾ അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തിയത്. ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെതിരേ ഏറെ ശബ്ദിച്ചിരുന്നയാളായിരുന്നു അദ്ദേഹം. പട്ടാള ഭരണകൂടമാണ് അദ്ദേഹത്തെ കൊല്ലിച്ചത്.


ബി​ഷ​പ് ജോ​സ​ഫ് ക​ല്ല​റ​ങ്ങാട്ട്