ഓരോ 6 സെക്കന്‍ഡിലും മസ്തിഷ്കാഘാതത്താൽ ഒരാൾ മരിക്കുന്നു. ഓരോ സെക്കന്‍ഡിലും പ്രായലിംഗഭേദമെന്യേ ഒരാൾക്ക് മസ്തിഷ്കാഘാതം/ പക്ഷാഘാതം സംഭവിക്കുന്നു. 17 മില്യൻ ജനങ്ങൾക്ക് ഓരോ വർഷവും പക്ഷാഘാതം ഉണ്ടാകുന്നു. അതിൽ 6 മില്യണ്‍ ജനങ്ങൾ പക്ഷാഘാതത്താൽ മരിക്കുന്നു. ഏകദേശം 33 മില്യണ്‍ ജനങ്ങൾക്ക് പക്ഷാഘാതത്താൽ വൈകല്യങ്ങൾ ഉണ്ടാകുന്നു.
ലോക പക്ഷാഘാത സംഘടന world stroke organization (wso) നിർദ്ദേശിക്കുന്ന ത് 3 അടിസ്ഥാന തത്ത്വങ്ങളാണ്.
പക്ഷാഘാതം തടയാനാകും.
പക്ഷാഘാതം ചികിത്സിക്കാൻ സാധിക്കും.
പക്ഷാഘാതത്തിന് തുടർപരിചരണം ആവശ്യമാണ്.
എന്താണ് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം
തലച്ചോറിലേക്കുളള രക്തധമനി പെട്ടെന്ന് അടയുകയോ പൊട്ടുകയോ ചെയ്യുന്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം. ബ്രെയിൻ അറ്റാക്ക് എന്നും ഇതിനെ വിളിക്കാം. തലച്ചോറിലേക്കുളള അനുസ്യൂതമായ രക്തപ്രവാഹത്തിന് ഏതെങ്കിലും വിധത്തിൽ തടസം നേരിടുകയാണെങ്കിൽ മസ്തിഷ്ക കോശങ്ങൾ ആവശ്യമായ പോഷകപദാർത്ഥങ്ങളും ഓക്സിജനും ലഭ്യമാകാതെ നശിച്ചുപോകും.
ലക്ഷണങ്ങൾ
തലച്ചോറിന്റെ ഏത് ഭാഗത്താണ് തകരാറ് എന്നതനുസരിച്ചായിരിക്കും ലക്ഷണങ്ങൾ. സാധാരണ കാണുന്ന ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്.
പെട്ടെന്ന് ശരീരത്തിന്റെ ഒരുവശം തളരുക.
മുഖം കോടിപ്പോവുക.
പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക.
പെട്ടെന്ന് കാഴ്ചശക്തി നഷ്ടപ്പെടുക.
പെട്ടെന്ന് ബോധക്ഷയം ഉണ്ടാവുക
ശക്തമായ തലവേദനയും തലകറക്കവും.
സ്ട്രോക്ക് എങ്ങനെ മനസ്സിലാക്കാം (BE FAST)
B ബാലൻസ് - ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് വരുന്ന മാറ്റങ്ങൾ.
E കണ്ണുകൾ - പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക, രണ്ടായി കാണുക.
F ഫേസ് - മുഖം കോടിപ്പിടിക്കുക.
Aആം - കൈകാലുകളുടെ ചലനശേഷി ഇല്ലാതാകുക.
S സ്പീച്ച് - സംസാരിക്കുന്നതിലും കാര്യങ്ങൾ മനസ്സിലാക്കുന്നതിലുമുളള ബുദ്ധിമുട്ട്.
T ടൈം - സമയം മസ്തിഷ്കമാണ്.
രക്തക്കുഴലുകൾക്കുണ്ടാവുന്ന തകരാറാണ് സ്ട്രോക്കിന്റെ കാരണം എന്നു പറഞ്ഞല്ലോ എന്നാൽ ഇതിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
അമിതമായ രക്തസമ്മർദ്ദം.
പ്രമേഹം
പുകവലി, മദ്യപാനം
പൊണ്ണത്തടി, വ്യായാമക്കുറവ്
അധികകൊഴുപ്പ്
ഹൃദയസംബന്ധമായ രോഗങ്ങൾ
അടിയന്തര ചികിത്സ
ആധുനിക വൈദ്യശാസ്ത്രരംഗത്ത,് സ്ട്രോക്ക് ചികിത്സയിൽ സമീപകാലത്ത് വളരെയേറെ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ട്രോക്കിനുശേഷമുളള ഓരോ നിമിഷത്തിലും അനേകായിരം മസ്തിഷ്ക കോശങ്ങളാണ് നശിച്ചുപോകുന്നത്. അതുകൊണ്ട് കാലതാമസം വരുത്താതെ ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ്. ലക്ഷണങ്ങൾ തുടങ്ങി നാലര മണിക്കൂറിനുളളിൽ രക്തധമനിയിലെ തടസം (രക്തക്കട്ട) അലിയാനുളള മരുന്ന് നല്കിയാൽ മസ്തിഷ്ക കോശങ്ങൾക്കുണ്ടാകുന്ന നാശം വളരെ ലഘൂകരിക്കാൻ സാധിക്കും. കൂടാതെ തീവ്രപരിചരണം, രക്തം കട്ടപിടിക്കുന്നത് തടയാനുളള മരുന്നുകൾ, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ തുടങ്ങിയവ നിയന്ത്രിക്കുക എന്നിവയും പ്രധാനമാണ്.
ഈ ചികിത്സയോടൊപ്പം ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി മുതലായവ വഴി രോഗിയെ എത്രയുംപെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും.
എങ്ങനെ പ്രതിരോധിക്കാം.
താഴെ കാണുന്ന 6 രീതികളിൽ കൂടി ആർക്കും പക്ഷാഘാതത്തിന്റെ അപകടസാധ്യതയെയും ആപത്തിനെയും കുറയ്ക്കാം.
രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നീ അപകടഘടകങ്ങളെ തിരിച്ചറിയുക.
കൃത്യമായ ശാരീരിക വ്യായാമത്തിൽ ദിവസേന ഏർപ്പെടുക, ആരോഗ്യകരമായ ശാരീരിക തൂക്കം ലക്ഷ്യമിടുക.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ഉപ്പ്, പഞ്ചസാര, ട്രാൻസ് കൊഴുപ്പുകൾ ഒഴിവാക്കുകയും ചെയ്താൽ രക്തസമ്മർദ്ദം കുറയും.
മദ്യപാനം കുറയ്ക്കുക.
പുകവലി ഒഴിവാക്കുക, പുകവലിക്കുന്ന ആളാണെങ്കിൽ അത് നിർത്താൻ ഉടൻ വൈദ്യസഹായം നേടുക.
പക്ഷാഘാതത്തിന്റെ രോഗലക്ഷണങ്ങളെ തിരിച്ചറിയുക.
വീണ്ടും സ്ട്രോക്ക് വരാതെ എങ്ങനെ നോക്കാം.
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ ഇവ ചികിത്സവഴി നിയന്ത്രിക്കുക.
രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന മരുന്നുകൾ ഡോക്ടറുടെ നിർദ്ദേകപ്രകാരം ഉപയോഗിക്കുക.
സ്ട്രോക്കിനുശേഷം തളരാതെ മുന്നോട്ട്.
സ്ട്രോക്ക് പുനഃരധിവാസത്തിന്റെ ആദ്യത്തെ ചുവട് രോഗികളുടെ വൈകല്യം നിർണ്ണയിക്കുക എന്നതാണ്. അതിനുശേഷം രോഗികൾക്ക് മാനസികവും, വൈകാരികവുമായ പിന്തുണ നല്‍കിക്കൊണ്ട് അവർക്ക് നിലവിലുളള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും, പുതിയ കഴിവുകൾ പരിശീലിപ്പിക്കുന്നതിനും ഉളള സാഹചര്യം സൃഷ്ടിക്കുന്നതുവഴി അവരെ സ്വയം പര്യാപ്തരാക്കി മാറ്റി സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൈപിടിച്ചു കൊണ്ടുവരാവുന്നതാണ്.