തെരുവിനായി തുറന്ന പുസ്തകം
മ​ഞ്ഞു​കാ​ല​ത്തി​ന്‍റെ തു​ട​ക്കം ഡ​ല്‍​ഹി​യു​ടെ ന​ട്ടു​ച്ച​നേ​ര​ങ്ങ​ളെ അ​ല്‍​പ​മൊ​ന്നു മ​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​മ​യം ഒ​രുമ​ണി ക​ഴി​ഞ്ഞു. കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ക​ര്‍​ക്ക​ര്‍​ഡൂ​മ സെ​ഷ​ന്‍​സ് കോ​ട​തി ഉ​ച്ച​യൂ​ണി​നും വി​ശ്ര​മ​ത്തി​നു​മാ​യി അ​തു​വ​രെയുള്ള വാ​ദ​പ്ര​തി​വാ​ദങ്ങ​ള്‍​ക്ക് ഇ​ട​വേ​ള കൊ​ടു​ത്തി​രി​ക്കു​ന്നു. കോ​ട​തിവ​ള​പ്പി​നു പി​ന്നി​ലെ മ​തി​ലി​നോ​ടു ചേ​ര്‍​ന്ന് മൂ​ന്നു കു​ട്ടി​ക​ളും ഒ​രു ചെ​റു​പ്പ​ക്കാ​ര​നും ന​ട​പ്പാ​ത​യി​ലെ ക​രി​യി​ല​ക​ള്‍ ത​ട്ടി​ക്ക​ള​ഞ്ഞ് നി​റംമ​ങ്ങി​യ ഒ​രു നീ​ല ട​ര്‍​പ്പാ​യ വി​രി​ക്കു​ക​യാ​ണ്. അ​ഞ്ചുവ​യ​സു​കാ​ര​ന്‍ ല​ക്കി​യു​ടെ ത​ല​യി​ലേ​റി ഒ​രു ക​റു​ത്ത ബോ​ര്‍​ഡ് റോ​ഡു മു​റി​ച്ചു ക​ട​ന്നുവ​രു​ന്നു​ണ്ട്. സ​മ​യം ഒ​ന്ന​ര​യാ​യി. ഇ​പ്പോ​ള്‍ നി​ല​ത്തു വി​രി​ച്ചി​രി​ക്കു​ന്ന ട​ര്‍​പ്പാ​യ​യി​ല്‍ പ​ല പ്രാ​യ​ത്തി​ലു​ള്ള ഇ​രു​പ​തോ​ളം കു​ട്ടി​ക​ൾ ഇ​രി​ക്കു​ന്നു. എ​ണ്ണ പു​ര​ളാ​ത്ത മു​ടി​യും നി​റം മ​ങ്ങി​യ ഉ​ടു​പ്പു​ക​ളു​മാ​ണ​വ​ര്‍​ക്ക്. അ​രി​കും മൂ​ല​യും കീ​റി​ത്തു​ട​ങ്ങി​യ പ​ഴ​യ നോ​ട്ടുപു​സ്ത​ക​ങ്ങ​ളി​ല്‍ നെ​യിം​സ്ലി​പ്പി​ന്‍റെ​യോ ബ്രൗ​ണ്‍ പേ​പ്പ​റി​ന്‍റെ​യോ ആ​ഡം​ബ​ര​ങ്ങ​ളി​ല്ല. അ​വ​രി​ലാ​ര്‍​ക്കൊ​ക്കെ​യോ അ​ന്നു മു​ഴു​വ​നും അ​തി​ക​ഠി​ന​മാ​യി വി​ശ​ക്കു​ന്നു​മു​ണ്ടാ​കാം.

കോ​ട​തി​യു​ടെ പി​ന്‍​വ​ശ​ത്തെ മ​തി​ലി​ലേ​ക്കു ചാ​രി വ​ച്ച ക​റു​ത്ത ബോ​ര്‍​ഡി​ല്‍ 25 വ​യ​സ് തോ​ന്നി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍ അ​ന്ന​ത്തെ തീ​യ​തി​യും ദി​വ​സ​വും ചോ​ക്കുകൊണ്ട് എ​ഴു​തി​യ​തോ​ടെ ആ​കാ​ശ​ത്തി​നു കീ​ഴി​ല്‍ ഒ​രു പാ​ഠ​ശാ​ല അ​ന്നുവ​രെ​യു​ള്ള പ​തി​വ് തെ​റ്റി​ക്കാ​തെ തു​ട​ങ്ങു​ക​യാ​യി. ഇ​വി​ടെ ഒ​രു അ​ധ്യാ​പ​ക​നേ ഉ​ള്ളൂ. അ​യാ​ളാ​ണ് ന​മ്മ​ള്‍ ആ​ദ്യം കാ​ണു​മ്പോ​ള്‍ കു​ട്ടി​ക​ളോ​ടൊ​പ്പം ക​രി​യി​ല​ക​ള്‍ അ​ടി​ച്ചുവാ​രി നി​ല​ത്ത് ട​ര്‍​പ്പാ​യ വി​രി​ച്ചുകൊ​ണ്ടി​രു​ന്ന​ത്. ര​ജി​ത് ജോ​ണ്‍ എ​ന്ന ആ ​അ​ധ്യാ​പ​ക​നെ ഈ ​സ്കൂ​ളി​ല്‍ ആ​രും സാ​ര്‍ എ​ന്നു വി​ളി​ക്കാ​റി​ല്ല. അ​വ​രു​ടെ ഭ​യ്യ ആ​ണ് അ​യാ​ള്‍. ഇ​ടു​ങ്ങി​യ ഗ​ലി​ക​ളി​ല്‍നി​ന്ന് അ​വ​ര്‍ അ​ക്ഷ​ര​ങ്ങ​ളും അ​റി​വും തേ​ടി ഈ ​ഭ​യ്യ​യു​ടെ അ​ടു​ത്തേ​ക്കു മു​ട​ങ്ങാ​തെ എ​ത്തു​ന്നു. ക്ലാ​സ് തു​ട​ങ്ങു​ന്ന​തി​നു മു​ന്‍​പാ​യി പ​ത്തുവ​യ​സു​കാ​ര​ന്‍ അ​ര്‍​മാ​ന്‍ ‍ എ​ഴു​ന്നേ​റ്റുനി​ന്ന് തു​രു​മ്പെ​ടു​ത്തു തു​ട​ങ്ങി​യ ഒ​രു ക​ട്ട​റി​ല്‍ കൂ​ട്ടു​കാ​രു​ടെ പെ​ന്‍​സി​ലി​ന്‍റെ മു​ന കൂ​ര്‍​പ്പി​ച്ചുകൊ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. അ​ര്‍​മാ​ന്‍ ഇ​തു​വ​രെ സ്കൂ​ളി​ൽ പോ​യി​ട്ടുപോ​ലു​മി​ല്ല. അ​വന്‍റെ​ ജീ​വി​ത​ത്തി​ല്‍ സ്കൂ​ള്‍ എ​ന്നാ​ല്‍ ഭ​യ്യ​യു​ടെ ഈ ​മ​ര​ത്ത​ണ​ലാ​ണ്.

• തെ​രു​വി​ലെ തു​റ​ന്ന പാ​ഠ​ശാ​ല

കൂ​ടി​യി​രി​ക്കു​ന്ന കു​ട്ടി​ക​ളി​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ര്‍ മാ​ത്ര​മാ​ണ് പ​തി​വാ​യി സ്കൂ​ളി​ല്‍ പോ​കു​ന്ന​വ​ര്‍. ബാ​ക്കി​യു​ള്ള ഭൂ​രി​പ​ക്ഷം കു​ട്ടി​ക​ളും പ​ള്ളി​ക്കൂ​ടം എ​ന്ന പ​കി​ട്ടി​ന്‍റെ പ​ടി കാ​ണാ​ന്‍ ജീ​വി​തംകൊ​ണ്ടു ഭാ​ഗ്യം ല​ഭി​ക്കാ​ത്ത​വ​രാ​ണ്. ആ ​ചെ​രാ​തു​ക​ളി​ലേ​ക്കാ​ണു ര​ജി​ത് ജോ​ണ്‍ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍ ജീ​വി​ത പ്രാ​രാ​ബ്ദ​ങ്ങ​ളോ​ടു പ​ട​വെ​ട്ടി താ​ന്‍ ആ​ര്‍​ജി​ച്ചെ​ടു​ത്ത അ​റി​വി​ന്‍റെ ​വെ​ളി​ച്ചം പ​ക​ര്‍​ന്നുകൊ​ടു​ക്കു​ന്ന​ത്. അ​തേ, അ​റി​യേ​ണ്ട പ്രാ​യ​ത്തി​ല്‍ അ​റി​വി​ലേ​ക്കെ​ത്താ​തെ അ​ണ​ഞ്ഞു പോ​കാ​തി​രി​ക്കാ​ന്‍ ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍ ജീ​വി​തംകൊ​ണ്ട​ണ​ച്ചുപി​ടി​ച്ചു വെ​ളി​ച്ചം പ​ക​ര്‍​ന്നുകൊ​ടു​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ​ വ​ലി​പ്പം പ​ള്ളി​ക്കൂ​ടം എ​ന്ന ചു​വ​രും മേ​ല്‍​ക്കൂ​ര​യും ഉ​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്കും അ​പ്പു​റ​മാ​ണ്.

ഇ​ന്ന​ത്തെ ആ​ദ്യ വി​ഷ​യം ക​ണ​ക്കാ​ണ്. ക്ലാ​സി​ന്‍റെ​ തു​ട​ക്ക​ത്തി​ല്‍ അ​ന്നു സ്കൂ​ളി​ല്‍ പോ​യി വ​ന്ന കു​ട്ടി​ക​ളു​ടെ ഗൃ​ഹ​പാ​ഠം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കും. പി​ന്നെ​യാ​ണ് ഇ​രു​പ​തോ​ളംവ​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് പൊ​തു​വാ​യ പാ​ഠ​ങ്ങ​ള്‍ ര​ജി​ത് പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​ത്. കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ആ​ന​ന്ദ് വി​ഹാ​റി​ലെ ഗ​ലി​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് ര​ജി​ത്തി​ന്‍റെ​ വി​ദ്യാ​ര്‍​ഥി​ക​ള്‍. പ​ല​രും സ്കൂ​ളി​ല്‍ പോ​കാ​ന്‍ നി​വൃ​ത്തി​യി​ല്ലാ​ത്ത​വ​ര്‍. ഇ​ട​യ്ക്കുവ​ച്ച് പ​ഠ​നം നി​ര്‍​ത്തിപോ​ന്ന​വ​രു​മു​ണ്ട്. സ്കൂ​ളി​ല്‍ പോ​കു​ന്ന കു​ട്ടി​ക​ളെ ഒ​രു ട്യൂ​ഷ​നു വി​ടാ​നോ അവർക്കു ഹോംവ​ര്‍​ക്ക് പ​റ​ഞ്ഞുകൊ​ടു​ക്കാ​നോ ഉ​ള്ള ക​ഴി​വ് മാ​താ​പി​താ​ക്ക​ള്‍​ക്കി​ല്ല.

തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി​ വ​രെ എ​ന്നും ഉ​ച്ചക​ഴി​ഞ്ഞ് ഒ​ന്ന​ര മു​ത​ല്‍ മൂ​ന്നുമ​ണി വ​രെ​യാ​ണ് ര​ജി​ത് ജോ​ണ്‍ ​നി​ര​ത്തുവ​ക്കി​ലി​രു​ത്തി കു​ട്ടി​ക​ള്‍​ക്ക് പാ​ഠ​ങ്ങ​ള്‍ പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​ത്. 2017-ലാ​ണ് തെ​രു​വുകു​ട്ടി​ക​ള്‍​ക്കാ​യി ഡ​ല്‍​ഹി​യി​ല്‍ ര​ജി​ത് ഈ ​തു​റ​ന്ന പാ​ഠ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്. പ​ണ​മോ സൗ​ക​ര്യ​മോ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സം നേ​ടാ​ന്‍ ക​ഴി​യി​ല്ല എ​ന്ന യാ​ഥാ​ര്‍​ഥ്യം താ​ന്‍ ജീ​വി​തംകൊ​ണ്ടു തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് ര​ജി​ത് പ​റ​ഞ്ഞ​ത്. താ​ന്‍ കു​ട്ടി​ക്കാ​ല​ത്ത് അ​നു​ഭ​വി​ച്ചി​ട്ടു​ള്ള അ​ത്ര​യും യാ​ത​ന​ക​ളും പ്രാ​രാ​ബ്ധങ്ങ​ളും കു​റ​ച്ചു കു​ട്ടി​ക​ളി​ല്‍ നി​ന്നെ​ങ്കി​ല്‍ അ​ക​റ്റ​ണ​മെ​ന്നു ക​രു​തി​യാ​ണ് ഈ ​തു​റ​ന്ന പാ​ഠ​ശാ​ല തു​ട​ങ്ങു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ പ​ത്തി​ല്‍ താ​ഴെ​യാ​യി​രു​ന്നു കു​ട്ടി​ക​ള്‍. പി​ന്നീ​ട് അ​തു വ​ര്‍​ധി​ച്ചുവ​ന്ന് ഇ​പ്പോ​ള്‍ മു​പ്പ​തോ​ള​മാ​യി. ബാ​ക്കി​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ സ​മീ​പ​ത്തെ ഫ്ളാ​റ്റു​ക​ളി​ലും മ​റ്റും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ട്യൂ​ഷ​നെ​ടു​ത്താ​ണ് ര​ജി​ത് വ​രു​മാ​നമാ​ര്‍​ഗം ക​ണ്ടെ​ത്തു​ന്ന​ത്. ആ ​വ​രു​മാ​ന​ത്തി​ന്‍റെ​ പ​കു​തി​യും ആ​കാ​ശ​ത്തി​നു കീ​ഴി​ല്‍ എ​ന്നു ര​ജി​ത്‌ത​ന്നെ വി​ശേ​ഷി​പ്പി​ക്കു​ന്ന നി​ല​ത്തി​രു​ന്നു പ​ഠി​ക്കു​ന്ന ഈ ​കു​ട്ടി​ക​ള്‍​ക്കു പു​സ്ത​ക​വും പേ​ന​യും പെ​ന്‍​സി​ലു​മൊ​ക്കെ വാ​ങ്ങാ​ൻ ചെല​വ​ഴി​ക്കു​ന്നു.

• ഈ ​പാ​ഠം ആ​ശ്വാ​സ​മാ​ണ്

എ​ട്ടാംക്ലാ​സു​കാ​രി ആ​ശ (12), ആ​ന​ന്ദ് വി​ഹാ​റി​ലെ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലാ​ണു പ​ഠി​ക്കു​ന്ന​ത്. പ​ഠി​ക്കാ​ന്‍ മി​ടു​ക്കി​യാണെന്നു പ​റ​ഞ്ഞ് ര​ജി​ത്‌ത​ന്നെ​യാ​ണ് ആ​ശ​യെ വി​ളി​ച്ച് അ​ടു​ത്തുനി​ര്‍​ത്തി​യ​ത്. ക്ലാ​സി​ല്‍ പ​ല​പ്പോ​ഴും ടീ​ച്ച​ര്‍ പ​ഠി​പ്പി​ക്കു​ന്ന വേ​ഗ​ത്തി​നൊ​പ്പം ആ​ശ​യ്ക്കു പ​ഠി​ച്ചു മ​ന​സി​ലേ​ക്കി​രു​ത്താ​ന്‍ ക​ഴി​യാ​റി​ല്ല. ട്യൂ​ഷ​ന് വി​ടാ​ന്‍ റി​ക്ഷാ തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ന് ക​ഴി​വു​മി​ല്ല. ര​ജി​ത് ഭ​യ്യ​യു​ടെ അ​ടു​ത്തു വ​ന്ന​പ്പോ​ള്‍ എ​ല്ലാം എ​ളു​പ്പ​ത്തി​ല്‍ പ​ഠി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് ആ​ശ പ​റ​യുന്ന​ത്. ക​ണ​ക്കും സ​യ​ന്‍​സും ഇം​ഗ്ലീ​ഷു​മാ​ണ് ര​ജി​ത് പ്ര​ധാ​ന​മാ​യും കു​ട്ടി​ക​ള്‍​ക്കു പ​റ​ഞ്ഞുകൊ​ടു​ക്കു​ന്ന​ത്. എ​ട്ടാംക്ലാ​സ് വി​ദ്യാ​ര്‍​ഥി താ​ര​യാ​ണ് തു​റ​ന്ന പാ​ഠ​ശാ​ല​യി​ലെ ലീ​ഡ​ര്‍. കി​ര​ണ്‍ വി​ഹാ​റി​ലെ രാ​ജ​കീ​യ സ​ര്‍​വോ​ദ​യ ബാ​ലവി​ദ്യാ​ല​യ​ത്തി​ലെ എ​ട്ടാംക്ലാ​സ് വി​ദ്യാ​ര്‍​ഥി ഹീ​ന​യും ര​ജി​ത്തി​ന്‍റെ​ കു​ട്ടി​ക​ളോ​ടൊ​പ്പം പ​തി​വാ​യി​ പ​ഠി​ക്കു​ന്നു​ണ്ട്. അ​ച്ഛ​നും അ​മ്മ​യ്ക്കും ഹോംവ​ര്‍​ക്ക് പ​റ​ഞ്ഞുത​രാ​ന്‍ അ​റി​യാ​ത്ത​തുകൊ​ണ്ടാ​ണ് ര​ജി​ത് ഭ​യ്യ​യു​ടെ സ്കൂ​ളി​ലേ​ക്കു വ​രു​ന്ന​തെ​ന്നാ​ണ് ഹീ​ന പ​റ​ഞ്ഞ​ത്.

ത​ന്‍റെ​ കു​ട്ടി​ക​ളെ അ​നാ​യാ​സ​മാ​യി ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​ന്‍ പ​ഠി​പ്പി​ക്കു​ക എ​ന്ന​താ​ണ് ര​ജി​ത്തി​ന്‍റെ​ മ​റ്റൊ​രു പ്ര​ധാ​ന ല​ക്ഷ്യം. കു​റ​ഞ്ഞപ​ക്ഷം യൗ​വ്വ​ന​ത്തോ​ട​ടു​ക്കു​മ്പോ​ള്‍ അ​വ​രു​ടെ കൈ​വ​ശം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ക​ന​മി​ല്ലെ​ങ്കി​ലും ഒ​രു ജോ​ലി കി​ട്ടാ​ന്‍ അ​തു സ​ഹാ​യി​ച്ചേ​ക്കും എ​ന്നാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ​ ക​ണ​ക്കു​കൂ​ട്ട​ല്‍.

• ക​ട​ന്നുവ​ന്ന വ​ഴി​ക​ള്‍

ഡ​ല്‍​ഹി​യോ​ടു ചേ​ര്‍​ന്നുകി​ട​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ര്‍​ നോ​യി​ഡ​യ്ക്ക​ടു​ത്ത് തി​ല​പ്ത എ​ന്ന ഗ്രാ​മ​മാ​ണ് ര​ജി​ത്തി​ന്‍റെ​ സ്വ​ദേ​ശം. പി​താ​വി​നു കൂ​ലി​പ്പ​ണി​യാ​യി​രു​ന്നു. മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ള​ട​ങ്ങു​ന്ന കു​ടു​ംബം പ്രാ​രാ​ബ്ധങ്ങ​ളു​ടെ ന​ടു​വി​ല്‍ പൊ​റു​തി​മു​ട്ടി​ക്ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ര​ജി​ത്തി​ന്‍റെ​ സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം. എ​ട്ടാംക്ലാ​സ് മു​ത​ല്‍ ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ പ​ല ഓ​ഫീ​സു​ക​ളി​ലും തൂ​പ്പുജോ​ലികൂ​ടി എ​ടു​ത്താ​ണ് ര​ജി​ത് പ​ന്ത്ര​ണ്ടാംക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ന​ല്ല ഒ​ഴു​ക്കോ​ടെ ഇം​ഗ്ലീ​ഷി​ല്‍ എ​ഴു​തു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന ര​ജി​ത്തിന്‍റെ പി​ന്നീ​ടു​ള്ള വി​ദ്യാ​ഭ്യാ​സം സ്വ​യാ​ര്‍​ജി​ത മേ​ഖ​ല​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. ബി​എ, എം​എ സി​ല​ബ​സു​ക​ളി​ലു​ള്ള പ​ഴ​യ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങി വാ​യി​ച്ചുപ​ഠി​ച്ചു. ഗ്രേ​റ്റ​ര്‍​നോ​യി​ഡ​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന കാ​ല​ത്തും തെ​രു​വു കു​ട്ടി​ക​ള്‍​ക്ക് അ​റി​വു പ​ക​ര്‍​ന്നു കൊ​ടു​ത്തി​രു​ന്നു. പ​ത്തു വ​ര്‍​ഷ​ത്തോ​ളം ഇ​തു തു​ട​ര്‍​ന്ന ശേ​ഷ​മാ​ണ് ഏ​താ​നും വ​ര്‍​ഷം മു​ന്‍​പ് ഡ​ല്‍​ഹി ആ​ന​ന്ദ് വി​ഹാ​റി​ലേ​ക്ക് താ​മ​സം മാ​റ്റു​ന്ന​ത്. 2017 മു​ത​ലാ​ണ് ക​ര്‍​ക്ക​ര്‍​ഡൂ​മ കോ​ട​തി​ക്കു പി​ന്നി​ല്‍ തു​റ​ന്ന പാ​ഠ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്. ഭാ​ര്യ ജ്യോ​തി​യും ര​ണ്ടുവ​യ​സു​കാ​ര​ന്‍ മ​ക​ന്‍ ജ​യിം​സി​നു​മൊ​പ്പം ആ​ന​ന്ദ് വി​ഹാ​റി​ലെ ഒ​റ്റ​മു​റി ഫ്ളാ​റ്റി​ലാ​ണു താ​മ​സം.

• ക​ണ്ടു പ​ഠി​ക്കേ​ണ്ട പാ​ഠ​ങ്ങ​ള്‍

ര​ജി​ത്തു​മാ​യി സം​സാ​രി​ച്ചുകൊ​ണ്ടു നി​ല്‍​ക്കു​മ്പോ​ഴാ​ണ് ര​ണ്ടു കാ​റു​ക​ള്‍ കു​ട്ടി​ക​ള്‍ ഇ​രു​ന്നു പ​ഠി​ക്കു​ന്ന​തി​നോ​ടു ചേ​ര്‍​ത്തു നി​ര്‍​ത്തി​യ​ത്. ആ​ദ്യ​ത്തേ​തി​ല്‍നി​ന്നു മ​ധ്യ​വ​യ​സ് പി​ന്നി​ട്ട ര​ണ്ടു സ്ത്രീ​ക​ളാ​ണ് ഇ​റ​ങ്ങി​യ​ത്. അ​വ​ര്‍ ഇ​ന്ന​ലെ ഇ​തുവ​ഴി ക​ട​ന്നുപോ​യ​പ്പോ​ള്‍ കു​ട്ടി​ക​ളു​ടെ അ​ടു​ത്തു വ​ണ്ടി നി​ര്‍​ത്തി ര​ജി​ത്തി​ന്‍റെ​ പാ​ഠ​ശാ​ല​യെ​ക്കു​റി​ച്ചു ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​ന്ന് കു​ട്ടി​ക​ള്‍​ക്കു​ള്ള നോ​ട്ടുബു​ക്കു​ക​ളും ചെ​റി​യ സ​മ്മാ​ന​പ്പെ​ട്ടി​ക​ളു​മാ​യി വ​ന്ന​താ​ണ്. കൂ​ട്ട​ത്തി​ല്‍ മു​തി​ര്‍​ന്ന സ്ത്രീ ​ജ്യോ​തി അടുത്തുള്ള ഫ്ളാ​റ്റി​ലാ​ണു താ​മ​സി​ക്കു​ന്ന​ത്. അ​വ​രോ​ടൊ​പ്പ​മു​ള്ള സ​ഹോ​ദ​രി സ​ബി​ത മും​ബൈയി​ല്‍നി​ന്നു ക​ഴി​ഞ്ഞദി​വ​സം ഇ​വി​ടെ എ​ത്തി​യ​താ​ണ്. സ​ബി​ത​യു​ടെ ഭ​ര്‍​ത്താ​വ് പാ​ല​ക്കാ​ട് ചി​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​ണ്. കു​ട്ടി​ക​ള്‍​ക്കു​ള്ള ചെ​റി​യ സ​മ്മാ​ന​പ്പെ​ട്ടി​ക​ള്‍ സ​ബി​ത​യു​ടെ വ​ക​യാ​ണ്. അ​ടു​ത്ത കാ​റി​ല്‍ നി​ന്നി​റ​ങ്ങി​യ ഡോ. ​പ്രിയ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ നേ​ത്രരോ​ഗ വി​ദ​ഗ്ധ​യാ​ണ്. കു​ട്ടി​ക​ള്‍ വ​ഴി​യോ​ര​ത്തിരു​ന്നു പ​ഠി​ക്കു​ന്ന​തു ക​ണ്ട് കാ​ര്‍ നി​ര്‍​ത്തി​യ​താ​ണ്. ര​ജി​ത്തി​നും കു​ട്ടി​ക​ള്‍​ക്കും എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്താ​ണ് ഡോ. ​പ്രിയ മ​ട​ങ്ങി​യ​ത്. ഇ​ങ്ങ​നെ​യൊ​രു കൂ​ടി​ച്ചേ​ര​ലി​നു ത​ണ​ല്‍ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഈ ​കു​ട്ടി​ക​ളും തി​ര​ക്കേ​റി​യ ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ളി​ല്‍ കൈ ​നീ​ട്ടി ഇ​ര​ിക്കു​ന്ന ഡ​ല്‍​ഹി​യി​ലെ മ​റ്റൊ​രു വേ​ദ​നി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി മാ​റു​മാ​യി​രു​ന്നു എ​ന്നാ​ണു പ്രിയ പ​റ​ഞ്ഞ​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലു​തെ​ന്നു വി​ശേ​ഷി​പ്പി​ച്ചുകൊ​ണ്ട് മേ​ഘ​ങ്ങ​ള്‍​ക്കും മു​ക​ളി​ലേ​ക്ക് ത​ല ഉ​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ പ്ര​തി​മ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നാ​ച്ഛാ​ദ​നം ചെ​യ്ത ദി​വ​സ​മാ​ണ് ഞ​ങ്ങ​ള്‍ ര​ജി​ത് ജോ​ണി​ന്‍റെ​ തു​റ​ന്ന പാ​ഠ​ശാ​ല​യി​ലേ​ക്കു ക​ട​ന്നു‌ചെ​ന്ന​ത്. യാ​ദൃ​ശ്ചി​ക​മെ​ങ്കി​ലും ന​മ്മ​ള്‍ ജീ​വി​ക്കുന്ന ഇ​ന്ത്യ​യു​ടെ ഒ​രു പ​രി​ച്ഛേ​ദ​ത്തി​ന്‍റെ​കൂ​ടി ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു ആ ​ദി​വ​സ​വും ര​ജി​ത്തി​ന്‍റെ​ തു​റ​ന്ന പ​ള്ളി​ക്കൂ​ട​വും. നാ​നാ​ത്വ​ങ്ങ​ളു​ടെ​ ഏ​ക​ത്വ​ത്തി​നു​മി​ട​യി​ല്‍ ഇ​തു​പോ​ലെ എ​ത്ര യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ ക​ണ്ടും കാ​ണാ​തെ​യും പോ​കു​ന്നു.

ഇ​നി​യും ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടേ​യി​ല്ലാ​ത്ത ഒ​രു സ്ഥാ​പ​ന​ത്തി​ന് ശ്രേ​ഷ്ഠപ​ദ​വി ക​ല്‍​പിച്ചുകൊ​ടു​ക്കു​ന്ന രാ​ജ്യ​ത്തുത​ന്നെ​യാ​ണ് അ​ന​ക്ക​മി​ല്ലാ​ത്ത അ​നേ​കം പ്ര​തി​മ​ക​ളു​ടെ ഇ​ട​യി​ല്‍നി​ന്ന് പാർശ്വവ​ത്ക​രി​ക്ക​പ്പെ​ട്ടു ജീ​വി​ക്കു​ന്ന കു​രു​ന്നു​ക​ളു​ടെ ഇ​ട​യി​ല്‍ അ​റി​വി​ന്‍റെ​പ്ര​കാ​ശം പ​ര​ത്തി ജീ​വി​തം അ​വ​ര്‍​ക്കുവേ​ണ്ടി ഉ​ഴി​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന ര​ജി​ത്തിനെപ്പോലുള്ള ചെ​റു​പ്പ​ക്കാ​ര്‍ ഉ​ണ​ര്‍​ന്നി​രി​ക്കു​ന്ന​ത്. അ​വ​രെ ഓ​ര്‍​ത്ത് നമുക്ക് അ​ഭി​മാ​നി​ക്കാം. ന​മ്മ​ള്‍ അ​കം​പു​റം അ​നു​ഭ​വി​ച്ച് ആ​ശ്വ​സി​ച്ചി​രി​ക്കു​ന്ന​തുപോ​ലെ​യ​ല്ലെ​ങ്കി​ലും ഇ​ത് അ​വ​രു​ടെകൂ​ടി ഇ​ന്ത്യ​യാ​ണ്.

സെ​ബി മാ​ത്യു