പറവകളെ പ്രണയിച്ച്...പ്രണയിച്ച്...
""ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 20, ന​ട്ടു​ച്ച​സ​മ​യം. പ്ര​ള​യം വി​ഴു​ങ്ങി​യ കൊ​ര​ട്ടി ചി​റ്റാ​രി​ക്ക​ലി​ലെ കൂ​ട്ടാ​ല​പ്പാ​ട​ത്ത് നി​ലം ഉ​ഴു​തു​കൊ​ണ്ടി​രു​ന്ന ക​ർ​ഷ​ക​ൻ​കൂ​ടി​യാ​യ നാ​രാ​യ​ണേ​ട്ട​ൻ ഓ​ടി​ക്കി​ത​ച്ച് എ​ന്‍റെ അ​രി​കി​ലെ​ത്തി "മാ​ഷേ, ട്രി​ല്ല​റ​ടി​ക്കു​ന്പോ മൂ​ന്നാ​ല് കി​ളി​മു​ട്ട ഞാ​ൻ ക​ണ്ടു; അ​ട​യി​രു​ന്ന പ​ക്ഷി പ​റ​ന്നു​പോ​യി. പ​ക്ഷേ, അ​വി​ടം ഉ​ഴാ​ൻ എ​നി​ക്കു മ​ന​സുവ​ന്നി​ല്ല. മാ​ഷൊ​ന്ന് വ​ന്ന് നോ​ക്ക്യേ....’ ഉ​ട​ൻ​ത​ന്നെ കാ​മ​റ​യു​മാ​യി ഞ​ങ്ങ​ള​വി​ടെ​യെ​ത്തി. അ​പ്പോ​ഴും മു​ട്ട​യു​ടെ മേ​ൽ കി​ളി അ​ട​യി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മ​റ്റു കി​ളി​ക​ൾ അ​ടു​ത്തെ​ത്തി​യ​തോ​ടെ സ്വ​യ​ര​ക്ഷ​യ്ക്കാ​യി ഒ​രു പ്ര​ത്യേ​ക​ത​രം ശ​ബ്ദ​മു​ണ്ടാ​ക്കി കാ​ളി​യു​ടെ കി​രീ​ടം​പോ​ലെ അ​തു ചി​റ​കു​വി​രി​ച്ചു.

തെ​യ്യം​പോ​ലെ ചി​റ​കു​വി​രി​ച്ച ആ ​മ​നോ​ഹ​ര​ചി​ത്രം കോ​ൾ ​ബേ​ഡേ​ഴ്സ് അം​ഗ​വും സു​ഹൃ​ത്തു​മാ​യ ശ്രീ​കു​മാ​ർ ഗോ​വി​ന്ദ​ൻ​കു​ട്ടി​യെ​ക്കാ​ണി​ച്ചു. കേ​ര​ള​ത്തി​ൽ വി​ര​ള​മാ​യി കാ​ണു​ന്ന കാ​ളി​ക്കാ​ട​യാ​യി​രു​ന്നു അ​ത്. ഉ​ട​ൻ കോ​ൾ ബേ​ഡേ​ഴ്സി​ന്‍റെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലി​ട്ടു. അ​പ്പോ​ഴാ​ണ് ആ​ണ്‍​വ​ർ​ഗ​ത്തി​ൽ​പെ​ട്ട പ​ക്ഷി​ക​ളാ​ണ് മു​ട്ട​യ്ക്ക് അ​ട​യി​രി​ക്കു​ന്ന​ത് എന്നതുൾ​പ്പെ​ടെ ഇ​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള​റി​യാ​നി​ട​യാ​യ​ത്.''കു​ന്നം​കു​ളം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ അ​ധ്യാ​പ​ക​നും കോ​ൾ ബേ​ഡേ​ഴ്സ് ക​മ്യൂ​ണി​റ്റി​യി​ലെ അം​ഗ​വു​മാ​യ ല​തീ​ഷ് ആ​ർ. നാ​ഥ് പ​റ​ഞ്ഞു.

കോ​ൾ ബേ​ഡേ​ഴ്സ് ക​മ്യൂ​ണി​റ്റി

ചാ​ല​ക്കു​ടി​പ്പു​ഴ​യ്ക്കും ഭാ​ര​ത​പ്പു​ഴ​യ്ക്കും ഇ​ട​യി​ലു​ള്ള റം​സാ​ർ (അ​ന്താ​രാ​ഷ്ട്ര പ്രാ​ധാ​ന്യ​മു​ള്ള ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ) പ്ര​ദേ​ശ​ങ്ങ​ളാ​യ കോ​ൾ​നി​ല​ങ്ങ​ളു​ടെ ജൈ​വ​വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചും കൃ​ഷി​യെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​രു കൂ​ട്ടാ​യ്മ​യാ​ണു കോ​ൾ ബേ​ഡേ​ഴ്സ്. സ്വ​യം പ​ഠി​ക്കു​ക​യും അ​വ​ന​വ​ന്‍റെ അ​റി​വ് മ​റ്റു​ള്ള​വ​ർ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ക​യും പാ​രി​സ്ഥി​തി​ക പ​രി​ജ്ഞാ​നം വ​രും​ത​ല​മു​റ​യ്ക്കാ​യി ഡോ​ക്യു​മെ​ന്‍റ് ചെ​യ്യു​ക​യു​മാ​ണു ല​ക്ഷ്യം. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി പ​രി​സ്ഥി​തി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും സ​ർ​ക്കാ​രും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യുമായും സ​ഹ​ക​രി​ച്ച് നി​ര​വ​ധി സ​ർ​വേ​ക​ൾ​ക്കു സ​ഹാ​യ​മേ​കു​ക​യും ചെ​യ്യു​ന്ന ഈ ​കൂ​ട്ടാ​യ്മ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് ആ​വാ​സ​വ്യ​വ​സ്ഥ​യെ നി​ല​നി​ർ​ത്താ​ൻ ത​ങ്ങ​ളാ​ലാ​വു​ന്ന ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്നു.

പക്ഷിനിരീക്ഷണത്തിന്‍റെ തുടക്കം

"1986ൽ ​വ​ന​ശാ​സ്ത്ര വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് പ​ക്ഷി​സ​ർ​വേ​യെ​ക്കു​റി​ച്ച് താ​ല്പ​ര്യം ജ​നി​ക്കു​ന്ന​ത്. 87-ൽ ​ഏ​ഷ്യ​ൻ വാ​ട്ട​ർ ബേ​ർ​ഡ് സെ​ൻ​സ​സ് ന​ട​ന്നി​രു​ന്നു. ഈ​യ​വ​സ​ര​ത്തി​ൽ എ​ന്‍റെ സു​ഹൃ​ത്ത് പാ​ല​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ ജ​യ​ദേ​വ​ൻ പ​റ​ഞ്ഞു: ​എ​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള പാ​ല​യ്ക്ക​ൽ പാ​ട​ത്ത് പ​ല​ത​രം പ​ക്ഷി​ക​ൾ വ​രു​ന്നു​ണ്ട്. പ​ല​തും ദേ​ശാ​ട​ന​പ​ക്ഷി​ക​ളാ​ണെ​ന്നു തോ​ന്നു​ന്നു. നീ​യൊ​ന്ന് വ​ന്നു​നോ​ക്ക്. ആ ​നി​രീ​ക്ഷ​ണം പി​ന്നെ ഏ​നാ​മാ​വ്, മ​ന​ക്കൊ​ടി, അ​ടാ​ട്ട്, മു​രി​യാ​ട് തു​ട​ങ്ങി​യ കോ​ൾ​മേ​ഖ​ല​ക​ളി​ലേ​ക്കു പ​ട​രു​ക​യാ​യി​രു​ന്നു.​' കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വ​ന്യ​ജീ​വി വി​ഭാ​ഗം പ്ര​ഫ​സ​റും മേ​ധാ​വി​യു​മാ​യ ഡോ. ​പി.​എ. ​ന​മീ​ർ പ​റ​ഞ്ഞു​തു​ട​ങ്ങി.

1991 - ൽ ​കേ​ര​ള​ത്തി​ന്‍റെ സ​ലീം അ​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ഫ. കെ.​കെ.​ നീ​ല​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ സ​ർ​വേ. തു​ട​ർ​ന്ന് എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി​യി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച​യാ​ണ് നീ​ർ​പ​ക്ഷി​ക​ളു​ടെ സ​ർ​വേ ന​ട​ത്തി​പ്പോ​രു​ന്ന​ത്. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന സ​ർ​വേ​യി​ൽ ഓ​രോ വ​ർ​ഷ​വും നൂ​റു​ക​ണ​ക്ക​ിനാ​ളു​ക​ളാ​ണു പ​ങ്കു​ചേ​രു​ന്ന​ത്. അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, എ​ൻ​ജി​നിയ​ർ​മാ​ർ, ഫോ​ട്ടോ​ഗ്രഫ​ർ​മാ​ർ, ക​ർ​ഷ​ക​ർ, വീട്ടമ്മമാർ ഉൾപ്പെടെ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​കാ​ൻ തു​ട​ങ്ങി.

2018 ജ​നു​വ​രി​യി​ൽ 75 വി​വി​ധ​യി​ന​ങ്ങ​ളി​ലു​ള്ള അ​ന്പ​തി​നാ​യി​ര​ത്തോ​ളം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 16,500 ഓ​ളം പ​ക്ഷി​ക​ളെ​യാ​ണ് ഈ ​വ​ർ​ഷം ക​ണ്ടെ​ത്തി​യ​ത്. അ​ടാ​ട്ട്, ഏ​നാ​മാ​വ്, പാ​ല​യൂ​ർ, തൊ​മ്മാ​ന, മു​ള്ളൂ​ർ​ക്കാ​യ​ൽ, മ​ന​ക്കൊ​ടി, പു​ല്ല​ഴി, ഉ​പ്പു​ങ്ങ​ൽ-1, 2, മാ​റാ​ഞ്ചേ​രി തു​ട​ങ്ങി 10 മേ​ഖ​ല​ക​ളി​ലാ​യാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ൽ സ​ർ​വേ​ക്കെ​ത്തു​ന്ന​വ​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്നു ഒ​രു കൂ​ട്ടാ​യ്മ. അ​ങ്ങ​നെ​യാ​ണ് അ​ഞ്ചു​വ​ർ​ഷം മു​ന്പ് "കോ​ൾ ബേ​ഡേ​ഴ്സ്’ എ​ന്ന പേ​രി​ൽ ഒ​രു സമൂഹം രൂ​പം​കൊ​ണ്ട​ത്. ഇ​ന്നി​തി​ൽ 200ഓ​ളം അം​ഗ​ങ്ങ​ളു​ണ്ട്'. പ്രാ​രം​ഭ​ക​നാ​യ ഡോ. ​ന​മീ​ർ പ​റ​ഞ്ഞു​നി​ർ​ത്തി.

അഭിനിവേശം

ഇ​ന്ന് കോ​ൾ​ ബേ​ഡേ​ഴ്സി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കെ​ല്ലാം പ​ക്ഷി​നി​രീ​ക്ഷ​ണം മാ​ന​സി​കോ​ല്ലാ​സം മാ​ത്ര​മ​ല്ല, അഭിനിവേശം ​കൂ​ടി​യാ​ണ്. ഒരു പടികൂടികടന്ന് പൗരശാസ്ത്രത്തിന്‍റെ ഭാഗമാണ്.
പു​തി​യൊ​രു പ​ക്ഷി​യെ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ അ​വ​ർ ചി​ത്ര​മെ​ടു​ക്കു​ക​യും റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്യു​ന്ന ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. പാ​ല​യ്ക്ക​ൽ പാ​ട​ത്ത് പൈഡ് ആവോസാറ്റിനെയും (Pied Avocet) അ​ടാ​ട്ട് കോ​ൾ​പ്പാ​ട​ത്ത് 50 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ചെന്തലയൻ പുള്ളി നെയും (Red Nuck Falcon) ക​ണ്ടെ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ സ​ന്തോ​ഷം അ​തി​രി​ല്ലാ​ത്ത​താ​യി​രു​ന്നു'. കൂ​ട്ടാ​യ്മ​യി​ലെ മു​തി​ർ​ന്ന അം​ഗ​വും ചാ​ല​ക്കു​ടി പേ​രാ​ന്പ്ര അ​പ്പോ​ളോ ട​യേ​ഴ്സി​ലെ മാ​നേ​ജ​രു​മാ​യ ഇ.​ എ​സ്.​ പ്ര​വീ​ണ്‍ പ​റ​ഞ്ഞു.

കോളിലെ മീൻ സർവേ

ഇ​ത്ത​വ​ണ​ത്തെ ലോ​ക ത​ണ്ണീ​ർ​ത്ത​ട ദി​ന​ത്തി​ൽ കേ​ര​ള ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വ​ന​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കോ​ൾ ബേ​ഡേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ മു​ത​ൽ പൊ​ന്നാ​നി​വ​രെ​യു​ള്ള കോ​ൾ​പ​ട​വു​ക​ളി​ൽ ന​ട​ത്തി​യ മ​ത്സ്യ സ​ർ​വേ 55 ത​ദ്ദേ​ശീ​യ മ​ത്സ്യ​ങ്ങ​ളെ​യും മൂ​ന്നു വി​ദേ​ശീ​യ മ​ത്സ്യ​ങ്ങ​ളെ​യും ക​ണ്ടെ​ത്തി.

ക​രി​മീ​ൻ, കു​റു​വ​പ്പ​ര​ൽ,മ​ഞ്ഞ​ക്കൂ​രി, ആ​റ്റു​കൊ​ഴു​വ, വ​രാ​ൽ തു​ട​ങ്ങി മ​ല​യാ​ളി​ക​ളു​ടെ രു​ചി​ഭേ​ദ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന നാ​ട​ൻ മ​ത്സ്യ​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​ര​മാ​ണു കോ​ൾ​പ്പാ​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കു​ഞ്ഞ​ൻ മ​ത്സ്യ​മാ​യ ഹോ​റ​ഡാ​ന്‍റി​യ ബ്രി​ട്ടാ​നി എ​ന്ന കു​ഞ്ഞ​ൻ മ​ത്സ്യ​ത്തെ​യും ഈ ​സ​ർ​വേ​യി​ൽ പു​ഴ​യ്ക്ക​ൽ, പു​ല്ല​ഴി കോ​ൾ​പ​ട​വു​ക​ളി​ൽ നി​ന്നാ​യി ക​ണ്ടെ​ത്തി. പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്തി​യ ഈ ​മ​ത്സ്യ​ത്തി​നു പ​ര​മാ​വ​ധി ര​ണ്ടു​സെ​ന്‍റി​മീ​റ്റ​ർ വ​ലി​പ്പ​മേ​യു​ള്ളൂ.

തു​ന്പി സ​ർ​വേ

ഏ​റ്റ​വും ഒ​ടു​വി​ൽ കഴിഞ്ഞമാസം 13-ന് ​കോ​ൾ​പാ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ തു​ന്പി സ​ർ​വേ​യി​ൽ 31 ഇ​നം തു​ന്പി​ക​ളെ ക​ണ്ടെ​ത്തി. അ​ത്യ​പൂ​ർ​വ​മാ​യ പ​ച്ച​ക്ക​ണ്ണ​ൻ ചേ​ര​ാച്ചി​റ​ക​ൻ തു​ന്പി​യു​ൾ​പ്പെ​ടെ​യു​ള്ള ഇ​ന​ങ്ങ​ളെ​യാ​ണ് തൊ​മ്മാ​ന മു​ത​ൽ ബി​യ്യം​കാ​യ​ൽ​വ​രെ​യു​ള്ള കോ​ൾ​ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ​നി​ന്നും എ​ഴു​പ​തോ​ളംവ​രു​ന്ന പ​ക്ഷി-​തു​ന്പി നി​രീ​ക്ഷ​ക​ർ റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്. സ​ർ​വേ ന​ട​ത്തി​യ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ദേ​ശാ​ട​ന തു​ന്പി​യാ​യ തു​ലാ​ത്തു​ന്പി​യു​ടെ വ​ലി​യ കൂ​ട്ട​ങ്ങ​ളെ ക​ണ്ടെ​ത്തി.

മ​കു​ടി​വാ​ല​ൻ തു​ന്പി, പാ​ണ്ട​ൻ വ​യ​ൽ തെ​യ്യ​ൻ, ചെ​ന്പ​ൻ തു​ന്പി, ഓ​ണ​ത്തു​ന്പി, വ​യ​ൽ​ത്തു​ന്പി എ​ന്നീ ക​ല്ല​ൻ​തു​ന്പി​ക​ളെ ധാ​രാ​ള​മാ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും സൂ​ചി​ത്തു​ന്പി​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്നു​വെ​ന്നു സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത തു​ന്പി ഗ​വേ​ഷ​ക​രാ​യ ജീ​വ​ൻ ജോ​സ്, റെ​യ്സ​ൻ തു​ന്പൂ​ർ, മു​ഹ​മ്മ​ദ് ഷെ​റീ​ഫ്, സു​ജി​ത്ത് വി. ​ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സെ​മി​നാ​ർ പ്ര​ശ​സ്ത തു​ന്പി​ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ഫ്രാ​ൻ​സി കാ​ക്ക​ശേ​രി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

പി​ടലി​ക്ക​റു​പ്പ​ൻ ആ​ള​യെ ക​ണ്ടെ​ത്തി​യ​തു പൊന്നാനിയിൽ

ക​ട​ലി​ൽ​മാ​ത്രം ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ർ​ക്ക് കാ​ണാ​നി​ടന​ൽ​കാ​ത്ത അ​പൂ​ർ​വ ക​ട​ൽ​പ​ക്ഷി​യാ​യ ബ്ലാ​ക്ക് നേ​ക്ഡ് ടേ​ണ്‍ എ​ന്ന പി​ട​ലി​ക്ക​റു​പ്പ​ൻ ആ​ള​യെ കേ​ര​ള​തീര​ത്ത് ക​ണ്ടെ​ത്തി​യ​തു വടക്കാഞ്ചേരി പാർ​ളി​ക്കാ​ട് സ്വ​ദേ​ശി​യും സി​നി​മാ സ​ഹ​സം​വി​ധാ​യ​ക​നു​മാ​യ കൃ​ഷ്ണ​കു​മാ​ർ കെ. ​അ​യ്യ​ർ. 2018 ഏ​പ്രി​ൽ 28നാ​ണ് പൊ​ന്നാ​നി തീ​ര​ത്തു​വ​ച്ച് വ​ള​രെ യാ​ദൃ​ച്ഛിക​മാ​യി ഇ​തി​നെ ക​ണ്ടെ​ത്തി​യ​ത്: "വെ​ളു​ത്ത​നി​റ​ത്തി​ൽ കൂ​ർ​ത്ത കൊ​ക്കു​ക​ളോ​ടെ​യു​ള്ള ഇ​തു​വ​രെ കാ​ണാ​ത്ത ഒ​രു പ​ക്ഷിയെ ​ക​ണ്ട​പ്പോ​ൾ ഉ​ട​നെ കാ​മ​റ​യെ​ടു​ത്ത് ക്ലി​ക്ക് ചെ​യ്തു'. അ​തോ​ടെ ഇ​വ​യെ കേ​ര​ള​തീ​ര​ത്തു ക​ണ്ട​തി​ന്‍റെ ച​രി​ത്രം പി​റ​ന്നു; ഒ​പ്പം കേ​ര​ള​ത്തി​ന്‍റെ പ​ക്ഷി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ത് 520-ാ​മ​ത്തെ പ​ക്ഷി​യു​മാ​യി. ഇ​ന്തോ​നേ​ഷ്യ, ചൈ​ന, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും അ​ത്യ​പൂ​ർ​വ​മാ​യി ആ​ൻ​ഡ​മ​ൻ ദ്വീ​പു​ക​ളി​ലെ ക​ട​ലു​ക​ളി​ലു​മാ​ണ് ഇ​വ​യെ മു​ന്പു ക​ണ്ടതാ​യി റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ള്ള​ത്.

തൊ​മ്മാ​ന​യി​ൽ ക​ണ്ട​തു വെ​ള്ള​ക്ക​റു​പ്പ​ൻ പ​രു​ന്ത്

"സു​ഹൃ​ത്ത് നി​ഖി​ൽ കൃ​ഷ്ണ​യ്ക്കൊ​പ്പം കോ​ന്തി​പു​ലം - തൊ​മ്മാന കോ​ൾ മേ​ഖ​ല​യി​ൽ ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24-ന് ​വെ​റു​തെ​യൊ​ന്നു ക​റ​ങ്ങു​ക​യാ​യി​രു​ന്നു. നി​ല​ക്കോ​ഴി​ക​ളും ച​ര​ൽ​ക്കു​രു​വി​ക​ളും ചു​റ്റീ​ന്ത​ൽ​ക്കി​ളി​യും വ​യ​ൽ​വ​ര​ന്പന്മാ​രും തു​ട​ങ്ങി നീ​ർ​പ​ക്ഷി​ക​ളു​ടെ സ​ജീ​വ​മാ​യ ഒ​രു മേ​ഖ​ല.

ബ​ണ്ട് റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ പെ​ട്ടെ​ന്ന് ഒ​രു പ​രു​ന്ത് മു​ന്നി​ലേ​ക്കു പ​റ​ന്നി​റ​ങ്ങി. കാ​ലി​ന്‍റെ ഭാ​ഗം വെ​ള്ള, ചിറ​കു​ക​ൾ​ക്ക് എ​ണ്ണ​ക്ക​റു​പ്പ്, ക​ണ്ണു​ക​ൾ തി​ള​ങ്ങു​ന്ന മ​ഞ്ഞ...​അ​തെ, പ​രു​ന്തു​ക​ളി​ലെ സു​ന്ദ​ര​ൻ വെ​ള്ള​ക്ക​റു​പ്പ​ൻ മേ​ടു​ത​പ്പി (പൈ​ഡ് ഹാ​രി​യ​ർ)​യാ​യി​രു​ന്നു അ​ത്. വ​ട​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലും ആ​സാ​മി​ലും പ്ര​ജ​ന​നം ന​ട​ത്തു​ന്ന ഇ​വ കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി മ​ഞ്ഞു​കാ​ല വ​ിരു​ന്നു​കാ​ര​ാ​യാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. ഇ - ​ബേ​​ഡി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഒ​ന്പ​താം ത​വ​ണ​യാ​ണ് കേ​ര​ള​ത്തി​ൽ ഇ​വ റി​പ്പോ​ർ​ട്ടു ചെ​യ്ത​ി​ട്ടു​ള്ള​ത്'. ഐ​ടി പ്ര​ഫ​ഷ​ണ​ൽ കൂ​ടി​യാ​യ പ​ക്ഷി നി​രീ​ക്ഷ​ക​ൻ മ​നോ​ജ് ക​രി​ങ്ങാ​മ​ഠ​ത്തി​ൽ പ​റ​ഞ്ഞു.

പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ പൗരശാസ്ത്രത്തിന്‍റെ ഭാഗമാകാൻ നി​ങ്ങ​ൾ​ക്കും ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ യാ​തൊ​രു വ​രി​സം​ഖ്യയുമി​ല്ലാ​തെ നി​ങ്ങ​ൾ​ക്കും കോ​ൾ ബേ​ഡ്സ് ക​മ്യൂ​ണി​റ്റി​യുടെ ഭാഗ​മാ​കാം. പക്ഷേ, ഒ​ന്നു​ണ്ടാ​ക​ണം - ​പ​ക്ഷി​ക​ളെ തീ​വ്ര​മാ​യി സ്നേ​ഹി​ക്കാ​നു​ള്ള ഒ​രു മ​ന​സ്; പോ​രോ, അതിലുപരി ഒ​രു ഹൃ​ദ​യ​വും.

സെബി മാളിയേക്കൽ
ഫോട്ടോകൾ: ജിജു അഥീന, അനിത് നായർ, ലതീഷ് ആർ. നാഥ്, കെ. മനോജ്, മനോജ് കരിങ്ങാമഠത്തിൽ