പുൽക്കൂട്
പുൽക്കൂട്
എഡിറ്റർ: ഫാ. ജോയി ചെഞ്ചേരിൽ
പേ​ജ് 120, വി​ല: 150 രൂപ
എമ്മാവൂസ് പബ്ലിക്കേഷൻസ്, കൊച്ചി
ഫോൺ: 0484 2663933, 9496468035
ക്രിസ്മസിന്‍റെ യാഥാർഥ്യങ്ങളെയും ഗൃഹാതുരത്വങ്ങളെയും അതിമനോഹരമായി ആവിഷ്കരിച്ച പുസ്തകം. അഞ്ചു ഭാഗങ്ങളിലായി 24 എഴുത്തുകാർ ഒന്നിച്ചിരിക്കുന്നു. ചരിത്രവും ആത്മീയതയും കവിതയും ഓർമക്കുറിപ്പുകളുമൊക്കെ ഒരു നോവൽപോലെ വായിച്ചുപോകാം. വായിക്കുന്ന നിമിഷംതന്നെ വായനക്കാരുടെ ഹൃദയത്തിൽ ഒരു പൂൽക്കൂട് കെട്ടിപ്പടുക്കാൻ പര്യാപ്തമായ വാക്കുകൾ. ഒളിമങ്ങാത്ത ഓർമകൾ എന്ന ഭാഗത്ത് ക്രിസ്മസ് തങ്ങളുടെ ജീവിതത്തിൽ ഇട്ട അസാധാരണമായ അടയാളങ്ങളെ നക്ഷത്ര തിളക്കത്തോടെ അവതരിപ്പിക്കുകയാണ് എഴുത്തുകാർ. ഈ ക്രിസ്മസിന് ആർക്കും സമ്മാനിക്കാവുന്ന പുസ്തകം.

കാളിപ്പന
ജോസ് മംഗലശേരി
പേ​ജ് 187, വി​ല: 170 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
പ്രഭാത് നോവൽ അവാർഡ് ലഭിച്ച കൃതി. ചെത്തുതൊഴിലാളികളുടെ ജീവിതത്തെ അടുത്തറിഞ്ഞ് എഴുതിയ വ്യത്യസ്തതയുള്ള കഥ. ഒരു കഥാപാത്രമെന്നവണ്ണം ചെത്തുപനയും വായനക്കാർക്കു മുന്നിലെത്തുന്നു.

അരങ്ങ്
ജയരാജ് മാനങ്ങത്ത്
പേ​ജ് 259, വി​ല: 240 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
നാടകനടീനടന്മാരുടെ ജീവിതം പ്രമേയമാക്കിയ നോവൽ. അരങ്ങത്തെയും അണിയറയിലെയും കഥകൾ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

മോഹൻദാസ് മൊകേരിയുടെ കവിതകൾ
പേ​ജ് 120, വി​ല: 110 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
72 കവിതകളുടെ സമാഹാരം. വ്യക്തിയും സമൂഹവും രാഷ‌ട്രീയവുമൊക്കെ പ്രമേയമാകുന്നു. ലളിതമായ ഭാഷ. ഡോ. എം. ലീലാവതിയുടേതാണ് അവതാരിക.

സന്തുഷ്ട കുടുംബത്തിന്‍റെ സമവാക്യം
21 കുറുക്കുവഴികൾ
പ്രഫ. കൊച്ചുത്രേസ്യാ തോമസ്
പേ​ജ് 103, വി​ല: 100 രൂപ
നാഷണൽ ബുക് സ്റ്റാൾ
കുടുംബജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പ്രതിവിധികളും ചൂണ്ടിക്കാണിക്കുന്ന ലേഖനങ്ങൾ. കല്യാണം കച്ചവടമല്ല, മക്കളും പഞ്ചബിരുദങ്ങളും, മൂല്യങ്ങളുടെ പറുദീസ, ഒരുമിച്ചു പ്രാർഥിക്കാം തുടങ്ങി 14 ലേഖനങ്ങളാണ് ഇതിലുള്ളത്. അനുഭവക്കുറിപ്പുകളുടെ വൈവിധ്യവും ശൈലിയും വായനയെ പ്രിയപ്പെട്ടതാക്കുന്നു. മാർ ജോർജ് പുന്നക്കോട്ടിലിന്‍റേതാണ് അവതാരിക.

ഒറ്റയിതൾപ്പൂവ്
ശിവശങ്കരൻ കിണാശേരി
പേ​ജ് 80, വി​ല: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
നീതിയും സമാധാനവും പുലരുന്ന ലോകത്തിനായി സ്വപ്നം കണ്ടുകൊണ്ട് തിന്മയ്ക്കെതിരേ പ്രതികരിക്കുന്ന കവിതകൾ. ലളിതവും വശ്യവുമായ ഭാഷ വായനക്കാരെ ആഹ്ലാദിപ്പിക്കുന്നതാണ്. തസ്മിൻ ഷിഹാബ്, ഉമാദേവി തുരുത്തേരി എന്നിവരുടെ ആസ്വാദനക്കുറിപ്പുകൾ.

കണ്ണാടിയില്ലാത്ത ലോകം
കെ. മുരളീധരൻ
പേ​ജ് 64, വി​ല: 70 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
16 കഥകളാണ് ഈ ചെറു പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചെറിയ കഥകളിലൂടെ വലിയ കാര്യം പങ്കുവയ്ക്കാൻ കഴിഞ്ഞിരിക്കുന്നു. വായനക്കാരനെ അലസനായിരിക്കാൻ അനുവദിക്കാതെ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന രചനാശൈലി. സുരേഷ് കീഴില്ലത്തിന്‍റേതാണ് അവതാരിക.

എൻ.എൻ. പിള്ളയിലേക്ക് ഒരു ഫ്ളാഷ് ബാക്ക്
ബിജു നെട്ടറ
പേ​ജ് 144, വി​ല: 150 രൂപ
നെട്ടറ മീഡിയ പ്രൊഡക്‌ഷൻസ് കൊല്ലം.
ഫോൺ: 9895252542
എൻ.എൻ. പിള്ള ദ ഡ്രമാറ്റിസ്റ്റ് എന്ന ഡോക്യുമെന്‍ററിയുടെ തിരക്കഥയും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളുമാണ് ഉള്ളടക്കം. ഈ പുസ്തകത്തിനുവേണ്ടി എഴുതിയ ലേഖനവും എൻ.എൻ. പിള്ളയുമായി നടത്തിയ അഭിമുഖവും ചേർത്തിട്ടുണ്ട്. നിരവധി ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് വായനയെ കൂടുതൽ രസകരമാക്കുന്നു. ഡോ.പ്രസന്നരാജന്‍റേതാണ് അവതാരിക.