ബിപി നിയന്ത്രണത്തിനു വെളുത്തുള്ളി
* വെളുത്തുളളിക്കു രോഗപ്രതിരോധശക്തി നല്കുന്നതിൽ മുന്തിയ കഴിവാണുളളത്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി വെളുത്തുളളിക്കുണ്ടെന്നു ലബോറട്ടറി പരീക്ഷണങ്ങളുടെ പിൻബലത്തോടെ ഗവേഷകർ പറയുന്നു.
* കാൻസർ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി സഹായകമെന്നു പഠനം.
* ജലദോഷം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ളീറോസിസ് തുടങ്ങിയ രോഗങ്ങൾ തടയുന്നതിനും വെളുത്തുളളി സഹായകം.
* രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി ഫലപ്രദം.
തേൻ ആന്റിഓക്സിഡന്റാണ്
* ദിവസവും തേൻ കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും. തേൻ ആൻറിഓക്സിഡൻറാണ്.
* മൈക്രോബുകൾ, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ തടയുന്നു. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
* തൊണ്ടപഴുപ്പ്, ചുമ മുറിവുകൾ, പൊളളൽ തുടങ്ങിയവ സുഖപ്പെടുത്തുന്നു.
* തേനിനൊപ്പം ഇഞ്ചിനീരു ചേർത്തു കഴിക്കുന്നതും
ഗുണപ്രദം.
ഇഞ്ചി കൊളസ്ട്രോൾ വരുതിയിലാക്കാൻ
ഫ്രീ റാഡിക്കലുകളെ തുരത്തി കോശങ്ങളെ സംരക്ഷിക്കുന്ന ആൻറിഓക്സിഡന്റ് ഗുണം ഇഞ്ചിക്കുണ്ട്. അണുബാധ തടയുന്നു. മൈക്രോബുകൾ, ബാക്ടീരിയ എന്നിവയെ തടയുന്നതിനും ഇഞ്ചി ഫലപ്രദം. ആമാശയ ആരോഗ്യം നിലനിർത്തുന്നതിനും ഇഞ്ചി സഹായകം. തൊണ്ടവേദനയകറ്റുന്നതിനു ഫലപ്രദം. കൊളസ്ട്രോൾ കുറയ്ക്കുന്നു.ഇഞ്ചിനീരും തേനും ചേർത്തു കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും.
* ചായ തയാറാക്കുന്പോൾ അല്പം ഇഞ്ചി കൂടി ചതച്ചുചേർക്കുന്നത് ഉത്തമം. ഇഞ്ചി ചേർത്ത ചായ പതിവാക്കുന്നതു പ്രതിരോധസംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തും.
തൈര് ആമാശയത്തിന്റെ ആരോഗ്യത്തിന്
* തൈരിലുളള ബൈഫിഡോ ബാക്ടീരിയം ലാക്റ്റിസ് എന്ന മിത്ര ബാക്ടീരിയ പ്രതിരോധ വ്യവസ്ഥയിലെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈറസ്, ഉപദ്രവകാരികളായ ബാക്ടീരിയ എന്നിവയ്ക്കെതിരേയുളള പോരാട്ടങ്ങൾക്കു കരുത്തുപകരുന്നു. അവശ്യംവേണ്ട പോഷകങ്ങൾ വലിച്ചെടുക്കുന്നതിനും മിത്ര ബാക്ടീരിയ ശരീരത്തിനു സഹായകം.
* തൈര് ശീലമാക്കിയാൽ കുടലിൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാം. വിവിധതരം വൈറസ് അണുബാധ തടയാം. ദഹനം മെച്ചപ്പെടുത്താം.
ജൈവപച്ചക്കറികൾ ആരോഗ്യജീവിതത്തിന്
പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തിയ ആഹാരക്രമം പ്രതിരോധശക്തി മെച്ചപ്പെടുത്തും..
* അവയിലുളള വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും രോഗാണുക്കള തുരത്താനുളള ശേഷി മെച്ചപ്പെടുത്തുന്നു.
* എന്നാൽ, ജൈവരീതിയിൽ വിളയിച്ച പച്ചക്കറികളാണ് ആരോഗ്യജീവിതത്തിനു വേണ്ടത്. പച്ചയ്ക്കും ജ്യൂസാക്കി കഴിക്കാനും സുരക്ഷിതം ജൈവരീതിയിൽ വിളയിച്ചവതന്നെ. കാരറ്റ് ജ്യൂസാക്കി കഴിക്കാം.
* കാരറ്റിലുളള ബീറ്റ കരോട്ടിനെ ശരീരം വിറ്റാമിൻ എ ആയി മാറ്റുന്നു. വിറ്റാമിൻ എ രോഗപ്രതിരോധ വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
* അന്യപദാർഥങ്ങളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന വെളുത്ത രക്തകോശങ്ങളുടെ പ്രവർത്തനമികവിനും വിറ്റാമിൻ എ സഹായകം.
* ഓറഞ്ച്, മുന്തിരങ്ങ, നാരങ്ങ തുടങ്ങിയവയിലുളള വിറ്റാമിൻ സി എന്ന ആൻറിഓക്സിഡൻറ് ഫ്രീ റാഡിക്കലുകളിൽ നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു.
ശരീരത്തിൽ കടന്നുകൂടുന്ന രോഗകാരികളായ അന്യപദാർഥങ്ങളാണ് ആൻറിജനുകൾ. അവയെ നശിപ്പിക്കുന്ന ആൻറിബോഡികളുടെ ഉത്പാദനത്തിന് വിറ്റാമിൻ സി സഹായകം. വിറ്റാമിൻ എയും സിയും അടങ്ങിയ പച്ചക്കറികളും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു.
-തയാറാക്കിയത് ടിജിബി