കൊ​റോ​ണ സ്മ​ര​ണ​യി​ൽ കൊ​ളോ​സി​യം
വി​ശു​ദ്ധ ന​ഗ​രി​യാ​യ റോ​മി​ന്‍റെ അ​ഭി​മാ​ന​സൗ​ധ​ങ്ങ​ളാ​ണു സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യും വി​ശ്വ​പ്ര​സി​ദ്ധ​മാ​യ കൊ​ളോ​സി​യ​വും. ഓ​രോ വ​ർ​ഷ​വും പ​ത്തു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ടൂ​റി​സ്റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ സിം​ഹാ​സ​ന​വും അ​തു​പോ​ലെ ആ​റു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ൾ ക​ട​ന്നു​പോ​കു​ന്ന റോ​മാ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ സി​രാ​കേ​ന്ദ്ര​മാ​യി​രു​ന്ന കൊ​ളോ​സി​യ​വും ഇ​ന്നു വി​ജ​ന​മാ​ണ്.

ക​ഴി​ഞ്ഞ ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഇ​വ ര​ണ്ടും സ​വി​ശേ​ഷ മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ലോ​ക​ത്തെ നി​ശ്ച​ല​മാ​ക്കി​യ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ഗ​വ​ൺ​മെ​ന്‍റ് ന​ട​പ്പാ​ക്കി​യ ലോ​ക്ക് ഡൗ​ൺ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ റോ​മാ പ​ട്ട​ണ​ത്തി​ന്‍റെ മ​ഹ​ത്താ​യ ച​രി​ത്രം പേ​റു​ന്ന ഈ ​സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളെ​യും നി​ശ്ശ​ബ്ദ​മാ​ക്കി.

പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ വ​ഴി​യി​ൽ

ര​ണ്ടാ​യി​ര​ത്തി​ന​ടു​ത്തു വ​ർ​ഷ​ങ്ങ​ളു​ടെ സം​ഭ​വ​ബ​ഹു​ല​മാ​യ ച​രി​ത്രം ര​ചി​ക്കു​ന്ന കൊ​ളോ​സി​യ​വും, സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​ർ പോ​ലെ​ത​ന്നെ ഇ​റ്റ​ലി​യു​ടെ മു​ഖ​മു​ദ്ര​യാ​ണ്. കൊ​റോ​ണ പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന ഇ​റ്റ​ലി​യു​ടെ സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച കൊ​ളോ​സി​യ​ത്തി​ൽ ഫ്രാ​ൻ​സി​സ് പാ​പ്പ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണം വ​ത്തി​ക്കാ​നി​ലെ പ​ത്രോ​സി​ന്‍റെ ദേ​വാ​ല​യ​ത്തി​ലാ​ണു ന​ട​ന്ന​ത്.

കൊ​റോ​ണ എ​ന്ന മ​ഹാ​മാ​രി വി​ശു​ദ്ധ​മാ​യ ഒ​രു വി​ശ്വാ​സ പാ​ര​മ്പ​ര്യ​ത്തി​ന് ത​ട​സ​മാ​യ​തു ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രൈ​സ്ത​വ​ർ വി​തു​മ്പ​ലോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. റോ​മാ സാ​മ്രാ​ജ്യ​ത്തി​ന്‍റെ ക്രൂ​ര​മാ​യ ര​ക്ത​ച്ചൊ​രി​ച്ചി​ലി​ന്‍റെ​യും അ​ക്ര​മ​ത്തി​ന്‍റെ​യും ഭ​യ​പ്പെ​ടു​ത്തു​ന്ന അ​ല​ർ​ച്ച​ക​ൾ കൊ​ളോ​സി​യം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്നും കേ​ൾ​ക്കാ​ൻ ക​ഴി​യും. കൊ​ളോ​സി​യം പ​ണി​ക​ഴി​പ്പി​ച്ച് ഏ​ക​ദേ​ശം1600 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ് ക്രൈ​സ്ത​വ​രു​ടെ വി​ശു​ദ്ധ സ്ഥ​ല​മാ​യി അ​തു പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു. 1744 -ൽ ​ബെ​ന​ഡി​ക്റ്റ് പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ കൊ​ളോ​സി​യം ക്രി​സ്തു​വി​ന്‍റെ ക്ഷ​ത​ങ്ങ​ൾ​ക്കു സ​മ​ർ​പ്പി​ച്ചു.

റോ​മാ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ നാ​യാ​ട്ടി​ന് ഇ​ര​യാ​യ ക്രൈ​സ്ത​വ ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ്മ​ര​ണ​യാ​യി "കു​രി​ശി​ന്‍റെ വ​ഴി’​യു​ടെ 15 സ്ഥ​ല​ങ്ങ​ൾ നി​ർ​മി​ച്ചു. കൊ​ളോ​സി​യ​ത്തി​ലു​ള്ള "കു​രി​ശി​ന്‍റെ വ​ഴി’ പോ​ൾ ആ​റാ​മ​ൻ പാ​പ്പ 1964-ൽ ​സ​ഭ​യു​ടെ സ​ജീ​വ​മാ​യ പാ​ര​മ്പ​ര്യ​മാ​ക്കി. ആ​ദ്യ​മൊ​ക്കെ കു​രി​ശും ചു​മ​ന്നു​കൊ​ണ്ടു പ്രാ​ർ​ഥ​ന ന​യി​ച്ച​തു പാ​പ്പാ​മാ​ർ ആ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​രു​ടെ വാ​ർ​ധ​ക്യ​വും ആ​രോ​ഗ്യ​ക്കു​റ​വും ആ ​പാ​ര​മ്പ​ര്യ​ത്തി​നൊ​ക്കെ മാ​റ്റം വ​രു​ത്താ​റു​ണ്ട്.

ജീ​വി​ത​ത്തി​ന്‍റെ ക​യ്പ് അ​നു​ഭ​വി​ച്ച​വ​രും, ത​ട​വ​റ​ക​ളു​ടെ ഇ​ര​ട്ട​റ​ക​ളി​ൽ ക​ഴി​ഞ്ഞ​വ​രും, അ​തി​ന്‍റെ തീ​രാ​ത്ത വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ക്കെ ഈ ​വി​ശു​ദ്ധ ക​ർ​മ​ത്തി​ൽ ക്ഷ​ണി​ക്ക​പ്പെ​ടാ​റു​ണ്ട്. വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ (1978-2005), ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യി​ലെ "കു​രി​ശി​ന്‍റെ വ​ഴി" പ്രാ​ർ​ഥ​ന​യി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള​ള ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭ​ക്തി​പൂ​ർ​വം പ​ങ്കു​ചേ​രാ​നും തു​ട​ങ്ങി.

എ​ന്നാ​ൽ, ആ ​ച​രി​ത്ര​സ്മ​ര​ണ​യ്ക്കു ഭം​ഗം വ​രു​ത്തി​ക്കൊ​ണ്ടും ല​ക്ഷ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​ജീ​വ​നു​ക​ൾ വ​ക​വ​രു​ത്തി​ക്കൊ​ണ്ടും കൊ​റോ​ണ ലോ​കം മു​ഴു​വ​നും അ​ഴി​ഞ്ഞാ​ടു​ക യാ​ണ്. ഞാ​ൻ താ​മ​സി​ക്കു​ന്ന ഇ​റ്റ​ലി​യി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ചു ദി​നം​പ്ര​തി ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും സ​മൂ​ഹ വ്യാ​പ​ന​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. അ​തു​കൊ​ണ്ടാ​ണു ജ​ർ​മ​നി​യി​ൽ സ്കൂ​ളു​ക​ളും യൂ​ണി​വേ​ഴ്സി​റ്റി​ക​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴും ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​ത്.

ച​രി​ത്രം പി​റ​ക്കു​ന്നു

എ.​ഡി. 72-ൽ ​വെ​സ്പാ​സി​യ​ൻ ച​ക്ര​വ​ർ​ത്തി ആ​രം​ഭി​ച്ച കൊ​ളോ​സി​യ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത് എ.​ഡി. 80-ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നാ​യ ടൈ​റ്റ​സ് ആ​യി​രു​ന്നു. റോ​മ​ൻ വാ​സ്തു​ക​ല​യു​ടെ ഭാ​വ​മാ​യ ആ​ർ​ച്ച് മാ​തൃ​ക​യി​ലു​ള്ള എ​ൺ​പ​തോ​ളം പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ൾ 55,000 ത്തോ​ളം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മാ​യി​രു​ന്നു. എ.​ഡി. 354 ലെ ​ക്രോ​ണോ​ഗ്രാ​ഫി​യ (Chronographia) അ​നു​സ​രി​ച്ച് 87,000ത്തോ​ളം കാ​ണി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്നും വി​വ​ര​ണ​മു​ണ്ട്. നാ​ലു നി​ല​ക​ളാ​യി​ട്ടാ​ണ് ഈ ​ബൃ​ഹ​ത്താ​യ സ​മു​ച്ച​യം പ​ണി​തു​യ​ർ​ത്തി​യ​ത്. ലോ​ക​ത്തെ അ​മ്പ​ര​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ‌ ഓ​രോ നി​ല​യി​ലെ​യും വാ​സ്തു​വി​ദ്യ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു.

ഡോ​റി​ക് (Doric), അ​യോ​ണി​ക് (Ionic), കൊ​റി​ന്ത്യ​ൻ (Corinthian) തു​ട​ങ്ങി​യ ഗ്രീ​ക്ക് നി​ർ​മാ​ണ വൈ​ദ​ഗ്ധ്യം ആ​ദ്യ മൂ​ന്നു നി​ല​ക​ളി​ലും, റോ​മോ-​ഗ്രീ​ക്ക് സ​ങ്ക​ര​മാ​യ കോം​പോ​സി​റ്റ് (Composite) അ​വ​സാ​ന നി​ല​യി​ലു​മെ​ന്ന രീ​തി​യി​ലാ​ണ് അ​തു പൂ​ർ​ത്തീ​ക​രി​ച്ച​ത്. നീ​റോ ച​ക്ര​വ​ർ​ത്തി​യു​ടെ സു​വ​ർ​ണ കൊ​ട്ടാ​ര​ത്തി​ന്‍റെ മ​ത്സ്യ​ക്കു​ള​മാ​യി​രു​ന്ന സ്ഥ​ല​ത്താ​ണ് കൊ​ളോ​സി​യം ഉ​യ​ർ​ന്ന​തെ​ന്നും ച​രി​ത്ര​കാ​ര​ന്മാ​ർ വി​ല​യി​രു​ത്തു​ന്നു​ണ്ട്. സ​മൂ​ഹ​ത്തി​ലെ സ്ഥാ​നം അ​നു​സ​രി​ച്ചാ​യി​രു​ന്നു ഓ​രോ​രു​ത്ത​രു​ടെ​യും ഇ​രി​പ്പി​ട​ങ്ങ​ൾ. കൊ​ളോ​സി​യ​ത്തി​ലെ വി​നോ​ദ​ങ്ങ​ളു​ടെ തു​ട​ക്കം നൂ​റു ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടേ​താ​യി​രു​ന്നു.

പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ​ത്ത​ന്നെ ഏ​ക​ദേ​ശം 2000 ഗ്ലാ​ഡി​യേ​റ്റേ​ഴ്സി​നെ​യും എ​ണ്ണാ​യി​ര​ത്തോ​ളം വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ക​ശാ​പ്പു ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ടൈ​റ്റ​സ് ച​ക്ര​വ​ർ​ത്തി ത​ന്‍റെ പ്ര​താ​പം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. വി​ജാ​തീ​യ ദൈ​വ​ങ്ങ​ളെ ആ​രാ​ധി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന ക്രൈ​സ്ത​വ​രെ​യും അ​ടി​മ​ക​ളെ​യും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് ആ​രോ​പി​ത​രാ​യ​വ​രെ​യും യു​ദ്ധ​ത്ത​ട​വു​കാ​രെ​യും സ​മൂ​ഹ​ത്തി​ലെ താ​ഴേ​ത്ത​ട്ടി​ലു​ള്ള​വ​രെ​യും ത​ല​വെ​ട്ടി​യും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ത്തും കൊ​ളോ​സി​യം ക്രൂ​ര​ത​യു​ടെ പ​ര്യാ​യ​മാ​യി.

പ്രാ​ണ​ര​ക്ഷാ​ർ​ഥം ഭീ​ക​ര​മൃ​ഗ​ങ്ങ​ളു​മാ​യി മ​നു​ഷ്യ​ർ പോ​ര​ടി​ക്കു​മ്പോ​ൾ, ഗാ​ല​റി​യി​ൽ​നി​ന്നും കാ​ണി​ക​ളു​ടെ അ​ട്ട​ഹാ​സ​ങ്ങ​ളും കൂ​വ​ലു​ക​ളും പ​രി​ഹാ​സ​ശ​ര​ങ്ങ​ളും ഉ​യ​ർ​ന്നു കേ​ൾ​ക്കു​മാ​യി​രു​ന്നു. ത​ളം കെ​ട്ടി കി​ട​ക്കു​ന്ന ര​ക്ത​ത്തി​ൽ പു​ത്ത​ൻ മ​ണ​ൽ വാ​രി​യി​ട്ട് ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി നി​ര​വ​ധി കൂ​ട്ട​ക്കൊ​ല​ക​ൾ ദി​നം​തോ​റും അ​ര​ങ്ങേ​റി.

ക്രൂ​ര​ത​യു​ടെ അ​ഞ്ചു നൂ​റ്റാ​ണ്ടു​ക​ൾ

മ​നു​ഷ്യ​ര​ഹി​ത​മാ​യ കൊ​ളോ​സി​യ​ത്തി​ലെ വി​നോ​ദ​ങ്ങ​ൾ അ​ഞ്ചു നൂ​റ്റാ​ണ്ടോ​ളം തു​ട​ർ​ന്നു; പി​ല്ക്കാ​ല​ത്ത്, ക്രി​സ്തു​മ​തം ഇ​ത്ത​രം കൂ​ട്ട​ക്കൊ​ല​യ്ക്കു വി​രാ​മം കു​റി​ക്കും വ​രെ. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ത​ൽ നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ മ​നു​ഷ്യ​നെ വെ​ണ്ണീ​റാ​ക്കു​ന്ന കൊ​റോ​ണ​യ്ക്കും അ​ന്ത്യം കു​റി​ക്കാ​നു​ള്ള അ​വി​രാ​മ​പ​രി​ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ. അ​നാ​ഥ​രെ​പ്പോ​ലെ, ആ​രെ​യും കാ​ണാ​തെ, ആ​രോ​ടും മി​ണ്ടാ​തെ, ഒ​റ്റ​യ്ക്ക് മ​രി​ക്കേ​ണ്ടി​വ​രു​ന്ന വൈ​റ​സ് ബാ​ധി​ച്ച നി​ര​വ​ധി വൃ​ദ്ധ​രു​ടെ ജീ​വി​താ​വ​സാ​നം എ​ത്ര ദാ​രു​ണ​മാ​ണ്.

മ​നു​ഷ്യ​ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള അ​വ​സാ​ന ക​ച്ചി​ത്തു​രു​മ്പാ​യ വെ​ന്‍റി​ലേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​തു​പോ​ലെ, എ​ത്ര​യോ പേ​രാ​ണു ജീ​വ​ശ്വാ​സം എ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ ദ​യ​നീ​യ​മാ​യി ദി​നം​തോ​റും വീ​ടു​ക​ളി​ൽ മ​ര​ണ​ത്തെ പു​ൽ​കി​യ​ത്? ഇ​റ്റ​ലി​യി​ൽ മാ​ത്ര​മ​ല്ല, ലോ​കം മു​ഴു​വ​നും നി​ര​വ​ധി വീ​ടു​ക​ളും ആ​തു​രാ​ല​യ​ങ്ങ​ളും കൊ​ളോ​സി​യ​ങ്ങ​ളാ​ക്കി കൊ​റോ​ണ സിം​ഹാ​സ​ന​സ്ഥ​നാ​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ​ല്ലോ, കോ​വി​ഡ്-19 എ​ന്ന കൊ​റോ​ണ വൈ​റ​സി​നെ "മ​ഹാ​മാ​രി’​യാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച​ത്.

കൊ​ള്ള​രു​താ​യ്മ​യു​ടെ സ്മാ​ര​കം

കൊ​ളോ​സി​യം എ​ന്ന നാ​മ​ധേ​യം​ത​ന്നെ ദോ​മു​സ് ഔ​റെ​യ (Domus Aurea) എ​ന്ന പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ സ്ഥി​തി​ചെ​യ്തി​രു​ന്ന അ​തി​ബൃ​ഹ​ത്താ​യ നീ​റോ ച​ക്ര​വ​ർ​ത്തി​യു​ടെ വി​ഗ്ര​ഹ​വു​മാ​യി (The Colossus of Nero) ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്നു. റോ​മാ​ന​ഗ​ര​ത്തി​ലു​ണ്ടാ​യ കു​പ്ര​സി​ദ്ധ​മാ​യ അ​ഗ്നി​ബാ​ധ​യെ​ത്തു​ട​ർ​ന്ന് (64 എ.​ഡി.) നീ​റോ ച​ക്ര​വ​ർ​ത്തി പ​ണി​ക​ഴി​പ്പി​ച്ച കൊ​ട്ടാ​ര​മാ​ണ് ദോ​മു​സ് ഔ​റെ​യ. "ഫ്ളാ​വി​യൂ​സ് ആം​ഫി തി​യേ​റ്റ​റി’​നെ "കൊ​ളോ​സി​യം’ എ​ന്നു വി​ളി​ക്കു​മ്പോ​ൾ, നീ​റോ​യു​ടെ കൊ​ള്ള​രു​താ​യ്മ​ക​ളു​ടെ സ്മാ​ര​ക​മാ​യി അ​തു മാ​റു​ന്ന​തു കാ​ല​ത്തി​ന്‍റെ വി​കൃ​തി​ത​ന്നെ. മ​ഹാ​വി​ഗ്ര​ഹം "മ​ഹാ​മാ​രി’​യാ​യി പു​ന​ർ​ജ​നി​ച്ച​തു​പോ​ലെ.

മ​ഹാ​ത്ഭു​ത​ങ്ങ​ളി​ൽ കൊ​ളോ​സി​യ​വും

2007, ജൂ​ലൈ ഏ​ഴാം തീ​യ​തി, സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​ർ സ്ഥി​തി​ചെ​യ്യു​ന്ന വ​ത്തി​ക്കാ​ന്‍റെ ഭാ​ഗ​മാ​യ കൊ​ളോ​സി​യം എ​ന്ന വാ​സ്തു​ശി​ല്പം (4.5 കി​ലോ​മീ​റ്റ​ർ അ​ക​ലെ ആ​ണെ​ങ്കി​ലും, വ​ത്തി​ക്കാ​ൻ രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണു കൊ​ളോ​സി​യം) ലോ​ക​ത്തി​ലെ ഏ​ഴു മ​ഹാ​ത്ഭു​ത​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ച്ചു. സ്വി​സ്-​ക​നേ​ഡി​യ​ൻ സി​നി​മാ വ്യ​വ​സാ​യി​യാ​യ ബെ​ർ​ണാ​ട് വേ​ബ​ർ ന​ട​ത്തി​യ അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള 100 കോ​ടി​യോ​ളം പേ​ർ പ​ങ്കെ​ടു​ത്ത​തി​ൽ​നി​ന്നാ​ണു ഭാ​ര​ത​ത്തി​ലെ താ​ജ്മ​ഹ​ലി​നൊ​പ്പം റോ​മാ​ന​ഗ​രി​യു​ടെ കൊ​ളോ​സി​യ​വും ഉ​ൾ​പ്പെ​ട്ട​ത്.

ആം​ഗ്ലോ-​സാ​ക്സ​ൺ ബെ​ന​ഡി​ക്‌​ടൈ​ൻ സ​ന്യാ​സി​യാ​യി​രു​ന്ന ബേ​ദെ (Bede), കൊ​ളോ​സി​യ​ത്തെ​ക്കു​റി​ച്ച് ഇ​പ്ര​കാ​രം കു​റി​ച്ചി​ട്ടു: കൊ​ളോ​സി​യം സ്ഥി​തി ചെ​യ്യു​മ്പോ​ൾ, റോ​മാ ന​ഗ​രം നി​ല​നി​ൽ​ക്കു​ന്നു; കൊ​ളോ​സി​യം നി​ലം​പ​തി​ക്കു​മ്പോ​ൾ റോ​മാ ന​ഗ​ര​വും സ്ഥാ​ന​ഭ്ര​ഷ്ട​മാ​കു​ന്നു. റോ​മാ​ന​ഗ​രം വീ​ഴു​മ്പോ​ൾ, ലോ​ക​വും നി​ലം പ​രി​ശാ​വു​ന്നു (Quandiu stabit coliseus, stabt et Roma; Quandiu cadt coliseus, cadet et Roma; Quando cadet Roma, cadet et mundus). റോ​മാ​സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​സ്ത​മ​യ​ത്തി​നു ശേ​ഷം (484-508), കൊ​ളോ​സി​യം വി​ജ​ന​മാ​യി. കാ​ല​ക്ര​മേ​ണ, ശ്മ​ശാ​ന​മാ​യും, നി​ല​വ​റ​ക​ളാ​യും, പ്ര​ഭു​ക്ക​ന്മാ​രു​ടെ വ​സ​തി​ക​ളാ​യും അ​തു രൂ​പ​ഭേ​ദ​മെ​ടു​ത്തു.

ഭൂ​ച​ല​ന​ങ്ങ​ളു​ടെ​യും (1231 & 1349), പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളു​ടെ​യും, മ​നു​ഷ്യ ചൂ​ഷ​ണ​ങ്ങ​ളു​ടെ​യും, ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ​യും ഫ​ല​മാ​യി കൊ​ളോ​സി​യ​ത്തി​ന്‍റെ പ്ര​താ​പ​ത്തി​നു സാ​ര​മാ​യ ഇ​ടി​വു സം​ഭ​വി​ച്ചു. പ​ക്ഷേ, ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും നി​ര​പ​രാ​ധി​ക​ളു​ടെ​യും ര​ക്തം ചി​ത​റി​യ ഓ​ർ​മ​ക​ളു​ടെ ബാ​ക്കി​പ​ത്രം ഇ​വി​ടെ ഇ​ന്നും അ​വ​ശേ​ഷി​ക്കു​ന്നു. ആ​ദി​മ​ക്രൈ​സ്ത​വ​രു​ടെ വി​ശ്വാ​സ​സാ​ക്ഷ്യ​ത്തി​ന്‍റെ നേ​ർ​കാ​ഴ്ച​യാ​യ​തി​നാ​ൽ, നൂ​റ്റാ​ണ്ടു​ക​ളാ​യി കൊ​ളോ​സി​യം സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു.

അ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ, ച​ങ്കി​ലെ ചോ​ര​യു​ടെ ഗ​ന്ധ​വും വ​ന്യ​മാ​യ മു​ര​ൾ​ച്ച​ക​ളും ന​മ്മെ ഇ​ന്നും വേ​ട്ട​യാ​ടു​മെ​ന്നു​റ​പ്പാ​ണ്. അ​ന​വ​ധി ഭി​ഷ​ഗ്വ​ര​ന്മാ​രു​ടെ​യും കാ​വ​ൽ മാ​ലാ​ഖ​മാ​രു​ടെ​യും ജീ​വ​ൻ ക​വ​ർ​ന്നെ​ടു​ത്തു​കൊ​ണ്ടു, ലോ​കം മു​ഴു​വ​ൻ കൊ​ളോ​സി​യ​ങ്ങ​ൾ പ​ണി​യു​ന്ന കൊ​റോ​ണ​യു​ടെ രാ​ജ​വാ​ഴ്ച നാ​മാ​വ​ശേ​ഷ​മാ​കു​ന്ന സ​മ​യ​വും അ​തി​വി​ദൂ​ര​ത്ത​ല്ലെ​ന്നു ന​മു​ക്കു പ്ര​തീ​ക്ഷി​ക്കാം...!

ഫാ. ​അ​രു​ൺ​ദാ​സ് തോ​ട്ടു​വാ​ൽ