ആരും അന്യരല്ല, ദൈവത്തിന്‍റെ മക്കൾ
മുംബൈയിൽ ഒരു റസ്റ്ററൻറ് നടത്തുകയായിരുന്നു കദാം കുടുംബം. വലിയ അലച്ചിൽകൂടാതെ അവർ അവിടെ കഴിയുന്പോഴാണ് ഒരു കലാപം പൊട്ടിപ്പുറപ്പെട്ട് അവരുടെ റസ്റ്ററൻറ് അഗ്നിക്കിരയായത്. ആ അഗ്നിതാണ്ഡവത്തിൽ കദാം കുടുംബത്തിൻറെ ശക്തിയായിരുന്ന മമ്മി കദാം വെന്തെരിഞ്ഞു. റസ്റ്ററൻറിലെ പ്രധാന പാചകക്കാരിയായിരുന്നു മമ്മി കദാം.

ഭാര്യയും റസ്റ്ററൻറും നഷ്ടപ്പെട്ട പപ്പ കദാം തൻറെ നാലു മക്കളുമായി ലണ്ടനിലേക്കു കുടിയേറി. അവിടെ ഒരു റസ്റ്ററൻറ് തുടങ്ങിയെങ്കിലും അതു പച്ചപിടിച്ചില്ല. അങ്ങനെയാണ് തൻറെ സന്പാദ്യമെല്ലാം എടുത്തുകൊണ്ടു മക്കളെയും കൂട്ടി പപ്പ കദാം ഒരു വാനിൽ ഫ്രാൻസിലെത്തിയത്.ഫ്രാൻസിലെ യാത്രയ്ക്കിടയിൽ വാനിൻറെ ബ്രേക്ക് തകരാർമൂലം അവർ ഒരു അപകടത്തിൽപ്പെട്ടു. അപ്പോൾ അവർ എത്തിയിരുന്നത് ശാന്തസുന്ദരമായ ഒരു ഗ്രാമത്തിലായിരുന്നു. ആ ഗ്രാമത്തിൽ തങ്ങാൻ തീരുമാനിച്ച പപ്പ കദാം അവിടെ അടഞ്ഞുകിടന്നിരുന്ന ഒരു റസ്റ്ററൻറ് വിലയ്ക്കു വാങ്ങി. ആറസ്റ്ററൻറിനു മുന്നിലുള്ള റോഡിനപ്പുറത്തായി ഒരു മുന്തിയതരം റസ്റ്ററൻറുണ്ടായിരുന്നു.

ആ റസ്റ്ററൻറിൻറെ ഉടമയായ മഡാം മലോറിക്ക് ഇന്ത്യക്കാരുടെ ആഗമനം ഒട്ടും പിടിച്ചില്ല. പുതിയ റസ്റ്ററൻറ് തൻറെ റസ്റ്ററൻറിനു ന്ധീഷണിയാകുമെന്നു മലോറി കണക്കുകൂട്ടി. ത·ൂലം മെയ്സൻ മുംബൈ എന്ന പുതിയ റസ്റ്ററൻറിനെതിരായി ആ സ്ത്രീ ശീതസമരം തുടങ്ങി.റസ്റ്ററൻറിൻറെ ഉദ്ഘാടന ദിവസത്തെ മെനു മനസിലാക്കിയ മലോറി ഫ്രഷായ മത്സ്യവും മാംസവും പച്ചക്കറികളും ലന്ധിക്കുന്ന ആ ഗ്രാമത്തിലെ ഏക മാർക്കറ്റിൽ ചെന്ന് ആ മെനുവിന് ആവശ്യമായി വരാവുന്ന എല്ലാ സാധനങ്ങളും മുഴുവനായും വിലയ്ക്കെടുത്തു. പപ്പ കദാമും റസ്റ്ററൻറിലെ പ്രധാന കുക്കായി ഉയർത്തപ്പെട്ട മകൻ ഹസനും മാർക്കറ്റിൽ എത്തിയപ്പോൾ അവർക്കാവശ്യമായിരുന്ന എല്ലാ ഐറ്റങ്ങളും മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമായിരുന്നു.

മലോറി യുദ്ധം തുടങ്ങിയപ്പോൾ പപ്പ കദാം അതേ നാണയത്തിൽ തിരിച്ചടിച്ചു. അടുത്ത ദിവസം പപ്പ കദാം മാർക്കറ്റിലെത്തി മലോറിയുടെ മെനുവിന് ആവശ്യമായിരുന്ന ഐറ്റങ്ങൾ മുഴുവനും മുൻകൂറായി വാങ്ങിക്കൂട്ടി. അങ്ങനെ മലോറിയെ പപ്പ കദാം ഒരു പാഠം പഠിപ്പിച്ചു. കുറേ കഴിഞ്ഞപ്പോഴാണ് മലോറിയുടെ റസ്റ്ററൻറിലെ ഒരു ഷെഫ് കുറേ അനുയായികളെയും കൂട്ടി കദാമിൻറെ റസ്റ്ററൻറിനു തീയിട്ടത്. അതുപോലെ, ഫ്രാൻസ് ഫ്രഞ്ചുകാർക്ക് എന്നു വലിയ അക്ഷരത്തിൽ കദാമിൻറെ റസ്റ്ററൻറിൻറെ മതിലിൽ വലിയ അക്ഷരത്തിൽ എഴുതിവയ്ക്കുകയും ചെയ്തു.

കാര്യങ്ങൾ പിടിവിട്ടുപോകാൻ തുടങ്ങുന്നു എന്നു മനസിലാക്കിയ മലോറി തെറ്റ് തിരുത്താൻ തയാറായി. തൻറെ അറിവുകൂടാതെ കദാമിൻറെ റസ്റ്ററൻറ് നശിപ്പിക്കാൻ ശ്രമിച്ച ഷെഫിനെ മലോറി പിരിച്ചുവിട്ടു. എന്നു മാത്രമല്ല, കദാമിൻറെ മതിലിൽ ഫ്രാൻസ് ഫ്രഞ്ചുകാർക്ക് എന്ന് എഴുതിവച്ചിരുന്നത് സ്വന്തം കൈകൊണ്ട് മലോറി കഴുകിക്കളയുകയും ചെയ്തു. അതോടെ മലോറിയും കദാമും തമ്മിലുള്ള യുദ്ധം തണുത്തു. സാവധാനം അവർ തമ്മിൽ അടുക്കാൻ തുടങ്ങി. ആ അടുപ്പംമൂലം തൻറെ റസ്റ്ററൻറിലെ ഏറ്റവും നല്ല ഷെഫ് ആയ സ്വന്തം മകൻ ഹസനെ മലോറിയുടെ റസ്റ്ററൻറിനു വിട്ടുകൊടുക്കാൻ തയാറാവുകയും ചെയ്തു. ഹസൻറെ വരവിനെത്തുടർന്ന് മലോറിയുടെ റസ്റ്ററൻറിന് അവർ അതിയായി ആഗ്രഹിച്ചിരുന്ന രണ്ടാമത്തെ മിഷലിൻ സ്റ്റാർ പദവി ലന്ധിക്കുകയും ചെയ്തു.

ദ ഹണ്ട്രഡ് ഫുട്ട് ജേർണി എന്ന ഹോളിവുഡ് സിനിമയുടെ കഥയാണിത്. റിച്ചാർഡ് മെറെയ്സ് ഇതേ പേരിൽ എഴുതിയ നോവലിനെ ആധാരമാക്കി സ്റ്റീഫൻ നെറ്റ് തിരക്കഥയെഴുതി ലസെ ഹാൾസ്ട്രോം സംവിധാനം ചെയ്ത സിനിമയാണിത്. സിനിമയിലെ കഥ മുകളിൽ പറഞ്ഞിരിക്കുന്നിടത്തുവച്ച് അവസാനിക്കുന്നില്ല. എന്നാൽ നമ്മുടെ വിചിന്തനത്തിനു കഥയുടെ ഇത്രയും ഭാഗം മതിയാകും.

അന്യനാട്ടുകാർ നമ്മുടെ നാട്ടിൽ വന്ന് അധ്വാനിച്ചു വലുതാകുന്നതു കാണുന്പോൾ നമുക്ക് അസൂയയും ഭയപ്പാടും തോന്നുന്നുണ്ടോ എങ്കിൽ മലോറിയുടെ മാനസാന്തരകഥ നമുക്ക് പ്രചോദനം നൽകേണ്ടതാണ്. കദാമിനെയും കുടുംബത്തെയും ആദ്യം ആട്ടിയോടിക്കാൻ ശ്രമിച്ച മലോറി അവരും തങ്ങളെപ്പോലെയുള്ള മനുഷ്യരാണെന്ന ബോധ്യം വന്നപ്പോൾ അവരെ ഹൃദയപൂർവം സ്വീകരിക്കാൻ തയാറായി. കദാമിൻറെയും കുടുംബാംഗങ്ങളുടെയും പ്രവർത്തനരീതികൾ അതിനു സഹായിക്കുകയും ചെയ്തു.

മലയാളികളായ നമ്മൾ ചെന്നുപറ്റാത്ത രാജ്യങ്ങൾ ഏറെ ഉണ്ടാവില്ല. നമ്മൾ എവിടെപ്പോയാലും അവരെല്ലാവരും നമ്മെ സ്വീകരിക്കണമെന്നു നാം ആഗ്രഹിക്കാറില്ലേ അതുപോലെ, മറ്റു ദേശക്കാർ നമ്മുടെ നാട്ടിലെത്തി ജീവിതത്തിനുള്ള വക കണ്ടെത്തുന്പോൾ നാം അവരെ ഹൃദയപൂർവം സ്വീകരിക്കുകയല്ലേ വേണ്ടത് അതു മാത്രമോ നമ്മുടെ നാട് വളരുന്നതിൽ അവർ വഹിക്കുന്ന പങ്ക് നമുക്ക് വിസ്മരിക്കാനാവുമോ ആരും നമുക്ക് അന്യരാകരുത്. അവർ വിദേശിയരും ഇതരനാട്ടുകാരും ആയാലും അവരും നമ്മെപ്പോലുള്ളവർ എന്നു കരുതി നാം അവരെ സ്വീകരിക്കുകതന്നെ വേണം. എങ്കിൽ മാത്രമേ ദൈവത്തിൻറെ മക്കളാണ് നാം എന്നു നമുക്ക് അവകാശപ്പെടാനാവൂ.