സങ്കടക്കടൽ കടന്ന്
സ്വന്തം സഹോദരിയെ നിർദയം കുത്തിക്കൊന്ന ക്രൂരതയുടെ കൈകളിൽ, ക്ഷമിക്കുന്ന സ്നേഹവും സാഹോദര്യവും ഇഴചേർത്തൊരുക്കിയ രാഖിനൂൽ കോർക്കുക..! കൊലയാളിയെ ഹൃദയത്തിൽ സഹോദരനെന്നു വിളിക്കുക...! മരണത്തിൻറെ ആഴങ്ങളിലേക്കു കൂട്ടുവിളിച്ച അർബുദബാധയിൽ നിന്ന് അദ്ഭുതകരമായി ജീവിത തീരത്തേക്കു മടങ്ങിയെത്തുക... രക്തസാക്ഷിത്വത്തിൻറെ മഹിതപുണ്യം സ്വന്തമാക്കിയ സഹോദരിയെ തിരുസഭ വാഴ്ത്തപ്പെട്ടവരുടെ മഹത്വത്തിലേക്കുയർത്തുന്നതിനു സാക്ഷിയാവുക....!

തന്‍റെ ജീവിതം സഫലമെന്നു സമ്മതിക്കാൻ സിസ്റ്റർ സെൽമി പോൾ എന്ന സമർപ്പിതയ്ക്ക് ഇനിയെന്തുവേണം സ്നേഹത്തിൻറെ സന്തോഷത്തിലാണു സിസ്റ്റർ സെൽമിപോൾ; അതെ, നവംബർ നാലിനു വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തപ്പെടുന്ന സിസ്റ്റർ റാണി മരിയയുടെ സ്വന്തം അനുജത്തി. ഒപ്പമായിരുന്ന ബാല്യത്തിൽ നിന്നു ദൈവവിളിയുടെ അനന്യതയിലേക്കു ഹൃദയപൂർവം ക്ഷണിച്ചതു മുതൽ 1995 ഫെബ്രുവരി 25ന് ഉദയ്നഗർ-ഇൻഡോർ പാതയിലെ നച്ചാംപുരിൽ ബസ് യാത്രയ്ക്കിടെ കുത്തേറ്റു വീണു രക്തസാക്ഷിത്വം വരിക്കുന്നതു വരെയും ചേച്ചിക്കൊപ്പമായിരുന്നു മനസും ഹൃദയവും. കുടുംബത്തെക്കുറിച്ച്, ദൈവത്തെക്കുറിച്ച്, സഹനങ്ങളെക്കുറിച്ച്, മറ്റുള്ളവർക്കായി മുറിക്കപ്പെടുന്നതിനെക്കുറിച്ച്... ഒരേ ചിന്തകൾ. സമാനചിന്തകളുടെ സമന്വയങ്ങളിൽ ഈ സമർപ്പിത സഹോദരിമാർ സന്യാസിനി സമൂഹത്തിനു പ്രചോദനമായി. മരണശേഷവും തനിക്കു കരുതലും കാവലുമായി, വിശുദ്ധിയുടെ അദൃശ്യസാന്നിധ്യമായി ചേച്ചി കൂടെയുണ്ടെന്നു വിശ്വസിക്കാനാണു സിസ്റ്റർ സെൽമിക്ക് ഇഷ്ടം.

പാവങ്ങളെപ്പറ്റി പറഞ്ഞ ചേച്ചി

സെൽമി അഞ്ചാം ക്ലാസിൽ പഠിക്കുന്പോഴാണു ചേച്ചി മഠത്തിൽ ചേരുന്നത്. മിഷണറിയായിരുന്ന സിസ്റ്റർ റാണി മരിയ മൂന്നു വർഷം കൂടുന്പോഴാണു വീട്ടിൽ വരുന്നതെന്നു സിസ്റ്റർ സെൽമി പോൾ ഓർക്കുന്നു. സന്യാസിനിയായതിനാൽ രാത്രിയിൽ വീട്ടിൽ കിടക്കാൻ അനുവാദമില്ല. പകൽ ചേച്ചിയോടൊപ്പം ചെലവഴിക്കാൻ എനിക്കു വലിയ താത്പര്യമായിരുന്നു. മിഷനിലെ വിശേഷങ്ങളറിയാൻ കൊതിയോടെ ചെവിയോർക്കുന്ന എന്നോടു ചേച്ചിക്കു പറയാനുണ്ടായിരുന്നതു മുഴുവൻ അവിടത്തെ പാവങ്ങളെക്കുറിച്ചായിരുന്നു. ഒന്നുമില്ലാത്തവർ, ഒന്നുമാകാത്തവർ... അവർക്കു വേണ്ടി ശബ്ദിക്കാൻ, അവരെ കൈപിടിച്ചുയർത്താൻ, അവർക്ക് ദൈവത്തെ നൽകാൻ നമ്മളല്ലാതെ മറ്റാരുണ്ട് അതാണെൻറെ ജീവിതം. ചേച്ചിയുടെ വാക്കുകൾ എനിക്കു വിശേഷങ്ങൾ മാത്രമായിരുന്നില്ല, പ്രചോദനത്തിൻറെ പാഠങ്ങൾ കൂടിയായിരുന്നു. സിസ്റ്ററാകണം എന്ന ചിന്തയിലേക്ക് എന്നെ നയിച്ച പാഠങ്ങൾ...! എൻറെ വാക്കുകളല്ല, അടിയുറച്ച ബോധ്യങ്ങളാണു സമർപ്പിതജീവിതത്തിലേക്ക് ആകർഷിക്കേണ്ടതെന്ന് സിസ്റ്റർ റാണി മരിയ ഓർമിപ്പിക്കുമായിരുന്നു.

മിഷൻ എന്ന സ്വപ്നം

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിൽ (എഫ്സിസി) സഭാവസ്ത്രം സ്വീകരിച്ച് ആലുവയിലെ പ്രൊവിൻഷ്യൽ ഹൗസിൽ കഴിഞ്ഞ നാളുകളിൽ ഭോപ്പാൽ പ്രോവിൻസിലെത്തി ചേച്ചിയേപ്പോലെ നല്ല മിഷണറിയാകാനുള്ള തീവ്രമായ ആഗ്രഹമായിരുന്നു ഉള്ളിൽ. ചേച്ചിയ്ക്ക് അക്കാലത്തെഴുതിയ കത്തുകളിലും മറുപടികളിലും ഈ ആഗ്രഹം തന്നെ പ്രധാന ഉള്ളടക്കമായി. സഭാധികാരികൾ പഠനത്തിനയച്ചപ്പോൾ, കൂടുതൽ പഠിച്ചു മിഷൻ മേഖലയിൽ സാമൂഹികസേവനത്തിലേക്കു കടന്നുവരാൻ സിസ്റ്റർ റാണി മരിയ ക്ഷണിച്ചു. മിഷണറിയാകണമെന്ന സ്വപ്നത്തിൻറെ സാക്ഷാത്കാരമായി 1991 ജൂണിൽ ജബൽപൂരിലെ ഖാന ഇടവകയിലേക്കു സിസ്റ്റർ സെൽമി നിയോഗിക്കപ്പെട്ടു. വൈകാതെ നിർഭാഗ്യമെന്നോ ദൈവഹിതമെന്നോ വിളിക്കേണ്ട അർബുദം സിസ്റ്റർ സെൽമിയെ പിടികൂടി. വൻകുടലിലായിരുന്നു അർബുദം. ശസ്ത്രക്രിയ നടത്തി. വിശ്രമനാളുകളിൽ വചനങ്ങളിലെ ഓർമപ്പെടുത്തുലുകളുമായി ചേച്ചിയുടെ സാന്നിധ്യം കരുത്തായി. തിരുവനന്തപുരത്തു റീജണൽ കാൻസർ സെൻററിൽ ചികിത്സയ്ക്കായി പോയപ്പോഴും കൂടെയുണ്ടായിരുന്നു സിസ്റ്റർ റാണി മരിയ. ശേഷം പെരുന്പാവുരിലെ സാൻജോ ആശുപത്രിയിൽ കീമോ തെറാപ്പി.

ചികിത്സ ഏറെ നടത്തിയെങ്കിലും അസുഖം വീണ്ടും മൂർച്ചിച്ചു. കരളിലേക്കുകൂടി അർബുദലക്ഷണങ്ങൾ പടർന്നു. കറുകുറ്റി മഠത്തിൽ താമസിച്ചു ഹോമിയോ ചികിത്സയും പരീക്ഷിച്ചു. മരണം അടുത്തെത്തിയെന്നു തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. മരണം മിഷൻ മേഖലയിലാവണമെന്നായി പിന്നീടുള്ള ആഗ്രഹം.

ഉദയ്നഗറിൽ

1994 ഓഗസ്റ്റ് 15നു ഭോപ്പാൽ പ്രോവിൻഷ്യൽ ഹൗസിലെത്തി. ചേച്ചിയ്ക്കൊപ്പം ആയിരിക്കുന്നതിലെ സന്തോഷവും ആ യാത്രയുടെ പിന്നിലുണ്ടായിരുന്നു. സിസ്റ്റർ റാണി മരിയയുടെ ഉദയ്നഗറിലെ സാമൂഹ്യസേവനത്തിനു ജ·ിമാരുടെയും മറ്റും എതിർപ്പുകളുയർന്ന ഘട്ടമായിരുന്നു. പലയിടത്തുനിന്നും ഭീഷണിയുയരുന്നതിനെക്കുറിച്ചു ചേച്ചി പലവട്ടം പറഞ്ഞു. ദൗത്യവഴിയിൽ നിന്നു പി·ാറില്ലെന്ന ചേച്ചിയുടെ ദൃഢനിശ്ചയവും ആ വാക്കുകളിൽ വായിച്ചെടുത്തു. ഇതിനിടയിലും എൻറെ രോഗാവസ്ഥയിൽ ധൈര്യം പകരാൻ ചേച്ചി മറന്നില്ല. ജീസസ് പ്രയർ ചൊല്ലി പ്രാർഥിച്ചാൽ എല്ലാം സഹിക്കാനുള്ള ശക്തികിട്ടും; ഒടുവിൽ കാണുന്പോൾ സിസ്റ്റർ റാണി മരിയ സഹോദരിയോടു പറഞ്ഞ വാക്കുകൾ. 1995 ഫെബ്രുവരി 25നു നാച്ചംപുർ കാനനപാതയിൽ ആരും തിരിഞ്ഞുനോക്കാനില്ലാതെ ചേച്ചിയുടെ ചേതനയറ്റ ശരീരം കിടക്കുന്നുവെന്ന അറിയിപ്പുമായി മഠത്തിലേക്കു ഫോണ്‍കോൾ എത്തിയപ്പോൾ സങ്കടം നിയന്ത്രിക്കാനായില്ല.... മൃതസംസ്കാരശേഷം ഏറെ നാൾ ഉദയ്നഗർ മഠത്തിലെ ചേച്ചിയുടെ മുറിയിൽ തന്നെയായിരുന്നു താമസം. നവംബറിൽ മഞ്ഞപ്പിത്തം ബാധിച്ചു. ശേഷം ഭോപ്പാലിലേക്കു മടങ്ങി. അർബുദബാധിതയുടെ അവസാനനാളുകളെന്നു ഞാൻ ചിന്തിച്ചു.
എൻറെ രോഗശാന്തിക്കുവേണ്ടി സിസ്റ്റർ റാണി മരിയയുടെ പ്രാർഥനകളോടു ചേർന്നു മറ്റുള്ളവർ പ്രാർഥിച്ചു. എൻറെ സ്വപ്നദർശനത്തിലും ചേച്ചി എന്നോടു സൗഖ്യത്തിൻറെ സദ്വാർത്ത അറിയിക്കുന്നതായി അനുഭവപ്പെട്ടു... ദൈവം കനിഞ്ഞു... ഞാനിപ്പോൾ പൂർണ ആരോഗ്യവതിയാണ്.

സാഹോദര്യത്തിന്‍റെ രാഖി

സിസ്റ്റർ റാണി മരിയയുടെ ഘാതകൻ സമന്ദർ സിംഗിനോടു ക്ഷമിച്ച് അദ്ദേഹത്തെ മാനസാന്തരത്തിലേക്കു കൊണ്ടുവരികയെന്നതു തൻറെ ദൗത്യമാണെന്ന ചിന്ത വളർത്തിയത്, സാഗർ രൂപതയിൽ നരസിംഗപ്പൂരിലുള്ള സച്ചിദാനന്ദ ആശ്രമത്തിലെ സിഎംഐ വൈദികനായിരുന്ന ഫാ. മൈക്കിൾ പുറാട്ടുകര (സ്വാമിയച്ചൻ)യാണ്. 2002 ഓഗസ്റ്റ് 21ന് അച്ചനൊപ്പം ഇൻഡോർ സെൻട്രൽ ജയിലിലെത്തി സമന്ദറിൻറെ കൈകളിൽ സിസ്റ്റർ സെൽമി രാഖി അണിയിച്ചു. അടുത്ത വർഷം ഫെബ്രുവരി 24ന് അമ്മയ്ക്കും സഹോദരൻ സ്റ്റീഫനുമൊപ്പം വീണ്ടും ജയിലിലെത്തി. താൻ കൊലചെയ്ത സന്യാസിനിയുടെ അമ്മയിലും സഹോദരങ്ങളിലും ക്ഷമയുടെ സുവിശേഷം വായിച്ച സമന്ദറിനു കണ്ണുനീർ നിയന്ത്രിക്കാനായില്ല. 2007 ജനുവരി 13നു സമന്ദർസിംഗ് പുല്ലുവഴിയിലെ വട്ടാലിൽ വീട്ടിലെത്തി മാതാപിതാക്കളോടും സഹോദരങ്ങളോടും മാപ്പു ചോദിക്കുന്നതിലേക്ക് ആ ക്ഷമയുടെ താളുകൾ നീണ്ടു.

അതുല്യസമ്മാനം

സിസ്റ്റർ റാണി മരിയുടെ വീരോചിത മരണം ദൈവം നൽകിയ അതുല്യ സമ്മാനമാണെന്നു സിസ്റ്റർ സെൽമി പറയുന്നു. സഹനങ്ങളിലും പ്രതിസന്ധികളിലും ഭീഷണികളിലും പതറാതെ ഈശോയോടു ചേർന്നു നിന്ന് അവിടുത്തെ ദൗത്യം നിർവഹിക്കാൻ ചേച്ചി അല്പം പോലും പേടിച്ചില്ല. നാം സന്യാസിനികൾ പേടിച്ചുമാറിയാൽ പിന്നെ ഈ പാവങ്ങൾക്ക് ആരാണ് ഉള്ളത് അവരും ദൈവത്തിൻറെ മക്കളല്ലേ എന്ന ചേച്ചിയുടെ വാക്കുകൾ ഇപ്പോഴും മനസിൽ മന്ത്രിക്കുന്നു. ചേച്ചിയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി തിരുസഭ ഉയർത്തുന്പോൾ വളരെയേറെ അഭിമാനവും സന്തോഷവുമുണ്ട്. പിതാവ് പൈലിയും അമ്മ ഏലീശ്വയും സ്വർഗത്തിലിരുന്നു സന്തോഷിക്കുന്നു.

സഹോദരങ്ങളായ സ്റ്റീഫൻ, ആനീസ്, വർഗീസ്, ത്രേസ്യാമ്മ, ലൂസി എന്നിവരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനം നടക്കുന്നതിനു അനുഗ്രഹിക്കുന്നതോർത്തു ദൈവത്തിനു നന്ദിപറയാൻ ഈ ജീവിതം പോരാ..! സിസ്റ്റർ സെൽമി പറയുന്നു. നേരത്തെ ഉദയ്നഗറിൽ സിസ്റ്റർ റാണി മരിയ താമസിച്ചിരുന്ന സ്നേഹസദൻ മഠത്തിലെ സുപ്പീരിയറായും റാണി മരിയ സ്കൂളിൽ അധ്യാപികയായും പ്രവർത്തിച്ചിട്ടുള്ള സിസ്റ്റർ സെൽമി ഇപ്പോൾ ഭോപ്പാലിനടുത്തു സാരണിയിലാണ്. ഇവിടെ മഠത്തിൻറെ സുപ്പീരിയറും സ്കൂളിൽ അധ്യാപികയുമായി സേവനം. നവംബർ നാലിലെ അനുഗ്രഹനിമിഷങ്ങൾക്കു പ്രാർഥനാപൂർണമായ ഒരുക്കമാണുള്ളിൽ...!

സിജോ പൈനാടത്ത്