നോഹയുടെ പെട്ടകം
നോഹയുടെ പെട്ടകം
മാത്യുസ് ആർപ്പൂക്കര
പേജ് 64, വില 50
എച്ച്&സി പബ്ലിക്കേഷൻസ്
നോഹയുടെ കാലത്തെ ജലപ്രളയത്തിന്‍റെ കഥ പറയുന്ന പുസ്തകം. വേനൽക്കാലത്ത് മലമുകളിൽ പോയിരുന്നു കപ്പൽ പണിയുന്ന നോഹ ലോകത്തിനു മുന്നിൽ പരിഹാസ പാത്രമായിരുന്നു. ദൈവത്തിന്‍റെ വാക്കുകേട്ട ആ മനുഷ്യന്‍റെ പേടകം പ്രളയത്തിനൊടുവിൽ ഭൂമിയിൽ ബാക്കിയായി. ബൈബിളിലെ ഉജ്വലമായ ഏട് ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു.

കഥ തേടി
ജെസി അലക്സ്
പേ​ജ് 59 , വി​ല 50
സാഹിത്യമിത്രം പബ്ലിക്കേഷൻസ്, കോലഞ്ചേരി
സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തുന്ന വ്യത്യസ്തമായ 13 ചെറുകഥകൾ. കഥകളുള്ള കഥകളിലൂടെ സമൂഹത്തോടു പറയേണ്ട കാര്യങ്ങളെല്ലാം കഥാകാരി മറയില്ലാതെ തുറന്നുപറയുന്നു. അതിരുകടന്ന സ്ത്രീപക്ഷപാതിത്വമോ പൊള്ളയായ വാദപ്രതിവാദങ്ങളോ ഇല്ലാത്ത നേരെഴുത്തുകൾ എന്ന് ഈ കഥകളെ വിശേഷിപ്പിക്കാം. ഉൾക്കാഴ്ച നല്കുന്ന കഥകൾ ലളിതമായ ഭാഷയിൽ പറഞ്ഞിരിക്കുന്നു.

ഹസ്രത് ഇനായത് ഖാൻ
ജീവിതം, ദർശനം, സംഗീതം
കെ.ടി. സൂപ്പി
പേജ് 120, വില 110
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
സംഗീതജ്ഞനും ദാർശനികനുമായ ഹസ്രത് ഇനായത് ഖാനെ അടുത്തറിയാനുള്ള പുസ്തകം. ജീവിതം, ദർശനം, സംഗീതം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഖാന്‍റെ ജീവിതത്തിൽനിന്നെടുത്ത ചെറിയ സംഭവങ്ങളും പ്രഭാഷണങ്ങളും കൊച്ചുകൊച്ചു മറുപടികളുമൊക്കെ ചേർത്തിണക്കി വായനക്കാർക്കു സമ്മാനിക്കുന്നു.

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഗതിവിഗതികൾ
കെ. വേണു
പേ​ജ് 226 , വി​ല 200
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ജനാധിപത്യം തെറ്റും എതിർക്കപ്പെടേണ്ടതുമാണെന്നു വിശ്വസിച്ചിരുന്ന ഗ്രന്ഥകാരൻ പിന്നീട് ജനാധിപത്യത്തിന്‍റെ പക്ഷം ചേർന്ന് എഴുതിയ ലേഖനങ്ങളുടെ സമാഹാരം. പാർലമെന്‍ററി ജനാധിപത്യം ഏറ്റവും മെച്ചപ്പട്ട രാഷ്‌ട്രീയ സന്പ്രദായമാണെന്ന ബോധ്യത്തിൽനിന്നാണ് ഇതെഴുതിയിട്ടുള്ളത്. അപചയങ്ങളെ വിമർശിക്കുകയും ചെയ്യുന്നു.

എന്‍റെ പ്രിയ നോവലെറ്റുകൾ
അക്ബർ കക്കട്ടിൽ
പേ​ജ് 122, വി​ല 100
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
അഞ്ച് നോവലെറ്റുകളാണ് ഇതിലുള്ളത്. ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കാൻ എഴുത്തുകാരനു സാധിക്കുമെന്നതിന്‍റെ തെളിവാണ് ഓരോ കഥയും. കഥാപാത്രങ്ങളെല്ലാം വായനക്കാരന്‍റെ അടുത്ത ആളുകളാണെന്നു തോന്നിപ്പിക്കുംവിധം വശ്യമായ ഭാഷ. ജീവിത നിരീക്ഷണത്തിനുള്ള ഗ്രന്ഥകാരന്‍റെ കഴിവ് എഴുത്തിനെ അർഥമുള്ളതാക്കിയിരിക്കുന്നു. കക്കട്ടിലിന്‍റെ ലളിതഭാഷ വായനക്കാരനെ അനായാസേന ലക്ഷ്യത്തിലെത്തിക്കുന്നു

എന്നെ നീ എപ്പോഴും കാണുന്നപോലെ
വി.ആർ. സുധീഷ്
പേ​ജ് 233 , വി​ല 210
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ജീവിതത്തിൽ കണ്ടതും കേട്ടതും വായിച്ചതുമെല്ലാം ഭാഷയുടെ മാസ്മരികതയോടെ അവതരിപ്പിക്കുന്നു. ഓർമച്ചിത്രം, പഠനം, പാട്ടുവിചാരം, സംഭാഷണം എന്നീ നാലു ഭാഗങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്. ഗ്രന്ഥകാരനുമായി ഒ.പി. സുരേഷ് നടത്തിയിരിക്കുന്ന അഭിമുഖമാണ് ഒടുവിലുള്ളത്. മലബാറിന്‍റെ മണ്ണും ജീവിതവും കാഴ്ചപ്പാടുകളും ലേഖനങ്ങളിലൂടനീളം അനുഭവിക്കാം.

ഹംസഗാനം
ടി. പത്മനാഭൻ
പേ​ജ് 105 , വി​ല 100
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
10 കഥകളുടെ സമാഹാരം. മണ്ണിന്‍റെയും മനുഷ്യന്‍റെയും ഗന്ധമുള്ള കഥകളിലൂടെ വാക്കുകൾ അനായാസേന കയറിയിറങ്ങുന്നു. പത്മനാഭന്‍റെ എഴുത്തിൽ വായനക്കാരന് ഒരിക്കൽകൂടി സ്വയം മറക്കാം. ഗ്രന്ഥകാരനെയും കഥകളെയും കുറിച്ച് അനുബന്ധത്തിൽ പി.കെ. പാറക്കടവ്, സിനിൽ സി.ഇ., വിജോയ് സ്കറിയ എന്നിവർ എഴുതുന്നു.

ജയിക്കാനായി നയിക്കുക
ഹർഷിദ് ബവ്സർ
പരിഭാഷ: അനിൽകുമാർ തട്ടാൻപറന്പിൽ
പേ​ജ് 258, വി​ല 240
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
നേതൃത്വ ഗുണം കൈവരിക്കാൻ സഹായിക്കുന്ന മാർഗനിർദേശങ്ങളും പ്രചോദനാത്മക ചിന്തകളും. മഹാന്മാരായ നേതാക്കന്മാരുടെ ജീവിതത്തെ വിശകലനം ചെയ്തുകൊണ്ട് അതിലെ പൊതുവായ സവിശേഷതകളെ പരിചയപ്പെടുത്തുന്നു. നേതാവാകാൻ കാത്തിരിക്കുന്നവർക്കു മാത്രമല്ല, ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്ന ഏവർക്കും പ്രയോജനപ്രദം.