ടെൻഷൻ എന്ന വാക്ക് മലയാളി ഉപയോഗിച്ചു തുടങ്ങിയിട്ട് കുറെ കാലമായി. മാറിവരുന്ന ജീവിത സാഹചര്യങ്ങൾ, രാഷ്ട്രീയ സാംസ്കാരിക സാന്പത്തിക രംഗങ്ങളിലെ അരക്ഷിതാവസ്ഥ, കുടുംബങ്ങളിലെയും ജോലി സ്ഥലത്തെയും പ്രശ്നങ്ങൾ, സോഷ്യൽ മീഡിയകളുടെ അതിപ്രസരം എന്നിങ്ങനെ നിരവധിയായ പ്രശ്നങ്ങൾ മനുഷ്യജീവിതത്തിന് ഏറെ സമ്മർദം നൽകുന്നു.പരീക്ഷയിൽ ഉദ്ദേശിച്ച മാർക്ക് കിട്ടിയില്ലെങ്കിൽ ജോലിയിൽ വീഴ്ചകൾ ഉണ്ടാകുന്പോൾ, ബന്ധങ്ങൾ തകരുന്പോൾ, സാന്പത്തിക പ്രശ്നങ്ങൾ വരുന്പോൾ എന്നു വേണ്ട നിസാര പ്രശ്നങ്ങൾക്കു വരെ സർവത്ര ടെൻഷനാണ്.
എന്താണ് ടെൻഷൻ?
അമിതമായി അനുഭവപ്പെടാറുള്ള മാനസിക സമ്മർദത്തെ അല്ലെങ്കിൽ ഉത്കണ്ഠയെയാണ് പൊതുവായി ടെൻഷൻ എന്നു പറയുന്നത്. ഉത്കണ്ഠ സാധാരണമായ ഒരനുഭവമാണ്. തിരിച്ചറിയാൻ കഴിയുന്നതോ കഴിയാത്തതോ ആയ അപകട സൂചനകൾക്ക് ശരീരം നടത്തുന്ന ഒരു സാധാരണ പ്രതികരണമാണ് ഭയം അല്ലെങ്കിൽ ഉത്കണ്ഠ എന്നു പറയുന്നത്. ജീവജാലങ്ങൾക്ക് അപകടങ്ങളിൽ നിന്ന് രക്ഷ നേടാനും അതിജീവനത്തിനുമുള്ള ഒരു ആയുധമായാണ് പ്രകൃതി ഉത്കണ്ഠ നൽകിയിരിക്കുന്നത്. എല്ലാ ഉത്കണ്ഠകളും മോശപ്പെട്ടവയല്ല. ഉദാഹരണത്തിന് പരീക്ഷയ്ക്ക് പഠിക്കുന്നതിനും ഒരു ജോലി നിശ്ചിത സമയത്ത് ചെയ്തു തീർക്കുന്നതിനും മിതമായ തോതിലുള്ള ഉത്കണ്ഠ പലപ്പോഴും സഹായകമാണ്. നാളുകൾ കഴിഞ്ഞിട്ടും മാറാതെ നിൽക്കുന്ന തീവ്രവും അടിക്കടിയുണ്ടാകുന്നതുമായ ഉത്കണ്ഠ ദൈനദിന ജീവിതത്തെപ്പോലും ബാധിച്ചു തുടങ്ങുന്പോൾ അതൊരു രോഗാവസ്ഥയായി മാറിക്കഴിഞ്ഞു.
എങ്ങനെ തിരിച്ചറിയാം, ലക്ഷണങ്ങൾ എന്തെല്ലാമാണ്?
ശാരീരികമായ ഹൃദയമിടിപ്പ്, ദ്രുതഗതിയിലുള്ള ശ്വസനം, ശ്വാസതടസം, വിറയൽ, വിയർപ്പ്, ഓക്കാനം, വയറിളക്കം, വിശപ്പില്ലായ്മ, ദഹനക്കുറവ്, തലകറക്കം, തലവേദന, തലയ്ക്കുഭാരം, കണ്ണിലിരുട്ടു കയറുക, പേശികൾ വലിഞ്ഞ് മുറുകിയിരിക്കുക, എപ്പോഴും മൂത്രമൊഴിക്കണമെന്നുള്ള തോന്നൽ തുടങ്ങിയവ.
മനഃശാസ്ത്രപരമായ ലക്ഷണങ്ങൾ
അകാരണമായ ഭയം, വേവലാതി, ആശങ്ക, അക്ഷമ, സംഭ്രമം, മറവി, ദേഷ്യം, സംശയം, ശ്രദ്ധയില്ലായ്മ, ആത്മവിശ്വാസക്കുറവ്, താത്പര്യമില്ലായ്മ, വെറുപ്പ്, നിരാശ, അലസത, ശക്തിചോർന്നുപോകുന്നതായി തോന്നുക തുടങ്ങിയവ.
പ്രത്യേകതരത്തിലുള്ള ഉത്കണ്ഠകൾ
1. സാമാന്യമായ ഉത്കണ്ഠ തകരാർ (ജനറലൈസ്ഡ് ആൽസൈറ്റി ഡിസ്ഓർഡർ)
ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ സംഭവങ്ങളെക്കുറിച്ചുള്ള അമിതമായ വേവലാതി, വിശദീകരിക്കാനാവാത്ത ഭയം, ഭയം മൂലം വിശ്രമിക്കാൻ കഴിയാത്ത അവസ്ഥ, പേശികൾ വലിഞ്ഞു മുറുകിയിരിക്കുക, ഭാവിയെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ എന്നിവ വിട്ടുമാറാതെ മാസങ്ങളോളം നിലനിൽക്കുന്നു.
2. ഫോണിയ
ഏതെങ്കിലും സാധാരണ വസ്തുക്കളോടോ കാര്യമായ ഭയം ആവശ്യമില്ലാത്ത സാഹചര്യങ്ങളോടോ തോന്നുന്ന അസാധാരണമോ അമിതമോ ആയ ഭയം. ഉദാഹരണത്തിന് ചില മൃഗങ്ങൾ, രക്തം, ഇൻജക്ഷൻ, ഉയരം, അടച്ചിട്ടമുറി, ലിഫ്റ്റ് എന്നിവയോടുള്ള ഭയം അതുമൂലം ഇവയിൽനിന്നെല്ലാം ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കുന്നു. അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്പോൾ ശാരീരികവും മാനസികവും ആയ ഉത്കണ്ഠാ ലക്ഷണങ്ങൾ കാണിക്കുന്നു. പെട്ടെന്ന് സഹായം ലഭ്യമായ തോന്നലുകൾ ഉള്ള അവസ്ഥകളിൽ, ഉദാഹരണത്തിന് ബസ്, തീവണ്ടി യാത്ര, ധാരാളം ആളുകൾ തിങ്ങിനിൽക്കുന്ന സ്ഥലങ്ങൾ എന്നീ സാഹചര്യങ്ങളിൽ അമിത മായിവരുന്ന ഉത്കണ്ഠകൾക്ക്, അഗറോഫോണിയ എന്നു പറയുന്നു.
സാമൂഹ്യമായ ഇടപെടലുകൾ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ തുടർച്ചയായി വരുന്ന ഭയവും ഉത്കണ്ഠയും മറ്റുള്ളവരെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട്, ചമ്മൽ എന്നിവ കാണുന്നവരെ പൊതുവേ നാണംകുണുങ്ങികൾ എന്നു വിളിക്കാറുണ്ട്. അതിനെ സോഷ്യൽ ഫോബിയ എന്നു പറയുന്നു.
3. പാനിക് ഡിസ്ഓർഡർ
ഇടവിട്ടുവരുന്ന അമിതമായ ഉത്കണ്ഠ, ഭയാശങ്കകൾ, നെഞ്ചിടിപ്പ്, വിറയൽ, സംഭ്രമം, ശ്വാസതടസം, മരണഭയം എന്നീ ലക്ഷണങ്ങൾ 5,10 മിനിറ്റിനുള്ളിൽ വിട്ടുമാറുന്നു. ഒരു കാരണവുമില്ലാതെ ഇത് അടിക്കടി വന്നുകൊണ്ടേയിരിക്കുന്നു.
4. ഒബ്സസീവ് കംപൽസീവ് ഡിസ്ഓർഡർ
ഉത്കണ്ഠ ജനിപ്പിക്കുന്ന ചില ചിന്തകൾ, ചിത്രങ്ങൾ, ചേതനകൾ ആവർത്തിച്ച് മനസിലേക്ക് തള്ളിക്കയറി വരുകയും അത് ലഘൂകരിക്കുന്നതിനായി അതിനനുബന്ധമായി ചെയ്യുന്ന ചില പ്രവൃത്തികൾ ആവർത്തിച്ച് ചെയ്യുകയും ചെയ്യുന്നു. ഉദാഹരണത്തിന് അമിതമായ വൃത്തിയും വെടിപ്പും ആവർത്തിച്ച് കൈ കഴുകൽ, പിശകുപറ്റിയോ എന്ന ചിന്ത, ആവർത്തിച്ചുവരുത്തുന്നതിന്റെ ഫലമായി തുടർച്ചയായി പരിശോധിച്ച് ഉറപ്പുവരുത്തുക, താത്പര്യമില്ലാത്ത ലൈംഗിക ചിന്തകൾ ആവർത്തിച്ച് മനസിലേക്ക് വരിക, ജോലികൾ തീർക്കാൻ അധികസമയം വേണ്ടിവരിക, തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നു.
ഇതിനെല്ലാം പുറമേ ഉത്കണ്ഠ രോഗമുള്ളവരിൽ വിഷാദരോഗം, ലഹരി ഉപയോഗം, തൊഴിൽരംഗത്തെ സ്ഥിരതയില്ലായ്മ, ബന്ധങ്ങളിൽ ഉലച്ചിൽ, ആത്മഹത്യ സാധ്യത, മെഡിക്കൽ പ്രശ്നങ്ങൾ എന്നിവയും കണ്ടുവരുന്നു.
എന്താണ് കാരണങ്ങൾ?
ഉത്കണ്ഠ രോഗങ്ങൾക്ക് കൃത്യമായ ഒരു കാരണം കണ്ടെത്തുക ബുദ്ധിമുട്ടാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ കാരണങ്ങളാൽ ഉത്കണ്ഠ ഉണ്ടാകാൻ സാധ്യതയുള്ള ആളുകളിൽ പലപ്പോഴും സാഹചര്യങ്ങളുടെ സമ്മർദം, ഉത്കണ്ഠയ്ക്ക് കാരണമാവാറുണ്ട്.
1. ജീവശാസ്ത്രപരമായ കാരണങ്ങൾ
സമ്മർദ പ്രതികരണങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെയും ശരീരത്തിന്റെയും വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന തകരാറുകൾ മസ്തിഷ്കത്തിലെ രാസ പ്രവർത്തനങ്ങളിൽ (ന്യൂറോ ട്രാൻസ്മിറ്ററുകൾ) വരുന്ന വ്യതിയാനം, ഹോർമോണുകളുടെ വ്യതിയാനം, ജനിതക പാരന്പര്യ സവിശേഷതകൾ, മെഡിക്കൽ രോഗങ്ങൾ, ചില മരുന്നുകൾ, ലഹരി ഉപയോഗം.
2. മനഃശാസ്ത്രപരമായ കാരണങ്ങൾ
ഒരാളുടെ സ്വഭാവസവിശേഷതകൾ, കുട്ടിക്കാലത്ത് മാനസികവും ശാരീരികവുമായ പീഡനങ്ങൾ, മാതാപിതാക്കളെ നഷ്ടമാകൽ, പ്രശ്നങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്ത് കുറവ്.
3. പരിസ്ഥിതിയിലെ പിരിമുറുക്കങ്ങൾ
ബന്ധങ്ങളിലെ തകർച്ച, കുടുംബങ്ങളിലെയും ജോലിസ്ഥലത്തേയും പ്രശ്നങ്ങൾ, തോൽവികൾ, അപകടങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം എന്നീ സമ്മർദങ്ങൾ.
രോഗം എങ്ങനെ നിർണയിക്കാം?
മുകളിൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ എത്രയും വേഗം ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണുക എന്നതാണ് ആദ്യപടി. പലപ്പോഴും ചില അബദ്ധ ധാരണകൾ രോഗനിർണയത്തിനും ചികിത്സയ്ക്കും വിഘാതമാകാറുണ്ട്. ഉദാഹരണത്തിന് ഡോക്ടറെ സമീപിച്ചാൽ മറ്റുള്ളവർ എന്തു പറയും. നാണക്കേട്, ഡോക്ടറെ കണ്ടാൽ തീർച്ചയായും മരുന്നു കഴിക്കേണ്ടിവരും. എല്ലാ മരുന്നുകൾക്കും പല പാർശ്വഫലങ്ങളും ഉണ്ട്. മരുന്നുകൾക്ക് അടിമപ്പെടും എന്നിങ്ങനെയുള്ള ധാരണകൾ പലപ്പോഴും ചികിത്സ വൈകിക്കുകയും രോഗം മൂർച്ഛിക്കുന്നതിന് കാരണമാകുകയും ചെയ്യാറുണ്ട്. ഡോക്ടറുടെ അടുത്തെത്തിയാൽ വിശദമായ മെഡിക്കൽ മനഃശാസ്ത്രപരമായ പരിശോധനകൾ നടത്തി രോഗനിർണയം നടത്തുകയാണ് പതിവ്. ആവശ്യമെങ്കിൽ മറ്റുരോഗങ്ങൾ ഇല്ല എന്നുറപ്പാക്കുന്നതിന് രക്തപരിശോധനകളും വേണ്ടിവന്നേക്കാം.
ഇവ എങ്ങനെ ചികിത്സിക്കാം?
രോഗത്തിന്റെ രീതികളും കാഠിന്യവും കണക്കിലെടുത്താണ് പ്രധാനമായും ചികിത്സകൾ നിശ്ചയിക്കാറ്. സൈക്കോ തെറാപ്പി മരുന്നു ചികിത്സ എന്നീ രണ്ടു പ്രധാന ചികിത്സാരീതികൾ ഉണ്ട്.
1. സൈക്കോതെറാപ്പി
മരുന്നുകളുടെ സഹായമില്ലാതെ രോഗികളുടെ ഉത്കണ്ഠ കൗൺസലിംഗ് വഴിമാറ്റുന്ന രീതിയാണിത്. നിശ്ചിത സമയത്ത് തെറാപ്പിസ്റ്റ് നിർദേശിക്കുന്ന ഉപദേശങ്ങൾ പാലിക്കുകുയം ഗൃഹപാഠങ്ങൾ ചെയ്യുകയും ചെയ്യുന്നത് വളരെ ഫലപ്രദമാണ്. ഉദാഹരണത്തിന് റിലാക്സേഷൻ എക്സർസൈസുകൾ, ബിഹേവിയർ തെറാപ്പി, കോഗ്നിറ്റീവ് എന്നിവ.
2. മരുന്നു ചികിത്സ
വളരെ സ്ഥിരതയും ഫലപ്രദവുമായ പാർശ്വഫലങ്ങൾ അധികം ഇല്ലാത്തതുമായ അനവധി മരുന്നുകൾ ഇന്നു ലഭ്യമാണ്. കൃത്യമായി ഒരു മനഃശാസ്ത്ര വിദഗ്ധന്റെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കാം. ഈ മരുന്നുകൾ രോഗിയുടെ സാധാരണ ചിന്തകളെ ബാധിക്കാറില്ല.
3. ജീവിതശൈലിയിലെ മാറ്റങ്ങൾ
ലഘുവായ ഉത്കണ്ഠങ്ങളിൽ പലതും ജീവിതശൈലി മാറ്റങ്ങളിലൂടെ നേരിടാം. കൃത്യമായ വ്യായാമം മാനസിക സംഘർഷം കുറയ്ക്കാനുള്ള നല്ലൊരുപാധിയാണ്. നടത്തം, ഓട്ടം, സൈക്ലിംഗ്, നൃത്തം, നീന്തൽ, യോഗ, മെഡിറ്റേഷൻ എന്നിവ പരിശീലിക്കാം. കൃത്യമായ ആഹാരക്രമവും ആരോഗ്യകരമായ ഭക്ഷണരീതികളും ആവശ്യമായ അളവിലുള്ള വെള്ളം കുടിയും സഹായകമാകാറുണ്ട്. നിശ്ചിതസമയത്ത് കൃത്യമായ ഉറക്കം മനസിനും ശരീരത്തിനും ആവശ്യമായ വിശ്രമം നൽകുന്നു. ബന്ധങ്ങൾ ഊഷ്മളമാക്കുക, കുടുംബം, അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവർക്കൊപ്പം സമയം ചെലവഴിക്കുക, കുടുംബത്തിൽ ഒന്നിച്ചുള്ള പ്രാർഥന, ഭക്ഷണം കഴിക്കൽ, ഒരുമിച്ചു യാത്ര എന്നിവ കുടുംബ ബന്ധങ്ങൾ ഉറപ്പിക്കുന്നതിനു പുറമേ മാനസിക സമ്മർദം ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സമ്മർദങ്ങൾ ഏറുന്പോൾ ഏറ്റവും അടുത്ത ആളുകളോട് അവയെ തുറന്നു സംസാരിക്കുക. ജോലി സ്ഥലത്ത് ആരോഗ്യപരമായ ബന്ധങ്ങൾ സൂക്ഷിക്കുക. ആവശ്യമായ ഇടവേളകൾ എടുക്കാൻ മടിക്കരുത്. അരുത് എന്നു പറയേണ്ട സാഹചര്യങ്ങളിൽ അരുത് എന്നു പറയാൻ ശ്രദ്ധിക്കുക. ലഹരി വസ്തുക്കളുടെ ഉപയോഗം ഉത്കണ്ഠ വർധിക്കാൻ കാരണമാകാറുണ്ട്. എല്ലാ ദിവസവും നിശ്ചിതമായ ഒരു സമയം സ്വന്തം ഇഷ്ടങ്ങൾക്ക് മാറ്റിവയ്ക്കുക. മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സമയം കണ്ടെത്തുക. അമിതമായ മാനസിക സമ്മർദം സമയത്ത് തിരിച്ചറിയുകയും സഹായം തേടുകയും നിയന്ത്രിക്കുകയും ചെയ്യുക, അതുവഴി ആരോഗ്യമുള്ള ഒരു ശരീരത്തിനും മനസിനും ഉടമകളാകാം.
ഡോ. അനു മേരി മാണി
സീനിയർ റസിഡന്റ് (സൈക്യാട്രി), അമല മെഡിക്കൽ കോളജ്
തയാറാക്കിയത്: ജോബ് സ്രായിൽ