കടൽ കടക്കുവോളം റോറോ
1833-ൽ സ്കോട്ട്‌ലൻഡിലാണ് ആദ്യമായി കാര്യക്ഷമമായ ഒരു കടത്തുകപ്പൽ എന്ന ആശയം പ്രാവർത്തികമാകുന്നത്. അവിടത്തെ ഫോർത്ത് ആൻഡ് ക്ലെഡ് കനാലിനു കുറുകേ റെയിൽവേയ്ക്കു വേണ്ടിയായിരുന്നു ഈ സർവീസ്. ട്രെയിനിന്‍റെ വാഗണുകൾ പാളങ്ങളിലൂടെ കപ്പലിലേക്ക് ഓടിക്കയറും. അക്കരെയെത്തിയാൽ മറുപുറത്ത് ഓടിയിറങ്ങും. ചില രാജ്യങ്ങളിൽ ചെറിയ വീതികുറഞ്ഞ പാലങ്ങളിലൂടെ വീതികൂടിയ ട്രെയിനുകൾ കടന്നുപോകുക ദുഷ്കരമെന്നുവന്നപ്പോൾ നദീമുഖങ്ങളിൽ നിന്ന് അവർ ട്രെയിൻ കടത്താൻ ഇത്തരം കപ്പൽ സർവീസുകൾ തുടങ്ങി.

ഒന്നാം ലോകമഹായുദ്ധകാലത്തും ഇത്തരം കടത്തുകപ്പൽ ഉപയോഗപ്പെടുത്തി. ഇംഗ്ലണ്ടിന്‍റെ തെക്കൻതീരത്തുള്ള രഹസ്യ തുറമുഖമായ റിച്ച്ബറോയിൽ നിന്ന് ഫ്രാൻസിലേക്ക് യുദ്ധോപകരണങ്ങളും പടക്കോപ്പുകളും എത്തിച്ചത് ഈവഴിക്കായിരുന്നു.

1953 ആയപ്പോഴേക്ക് ഡോവറിൽനിന്ന് ഇംഗ്ലീഷ് ചാനൽ മുറിച്ച് ഒരു റോറോ സർവീസ് തുടങ്ങി. കാസ്പിയൻ കടലിന്‍റെ ഇരുകരകളിലുമുള്ള രാഷ്‌‌ട്രങ്ങൾ തമ്മിൽ ചരക്കുകൾ കൈമാറാൻ പിന്നീട് വൻതോതിൽ ഇത്തരം കപ്പലുകൾ പായാൻ തുടങ്ങി. ഉദാഹരണത്തിന് റഷ്യയുടെ അയൽരാജ്യമായ അസർബൈജാനിൽനിന്ന് തുർക്മെൻ ബാഷിയിലേക്ക് കാസ്പിയൻ കടലിന്‍റെ വീതി മുറിക്കുന്ന റോറോ സർവീസ്. ഇന്നു പല രാജ്യങ്ങളിലും വളരെ കാര്യക്ഷമമായ ഒരു ചരക്കുഗതാഗത മാർഗമായി റോറോ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ചരക്ക് മാത്രമല്ല ധാരാളം ടൂറിസ്റ്റുകൾക്കും ഇത്തരം റോറോ സർവീസുകൾ പ്രിയംകരമായിരിക്കുന്നു.

റോറോ കപ്പലുകളിലേക്ക് കാറുകളും ട്രക്കുകളുമെല്ലാം ഓടിച്ചുകയറ്റാം. മറ്റു കപ്പലുകളിൽ എന്നതുപോലെ ക്രെയിനും മറ്റും ആവശ്യമില്ല എന്നത് സമയലാഭമുണ്ടാക്കുന്ന വലിയ സൗകര്യമായി മാറിയിരിക്കുന്നു.

2007-ലാണ് ആദ്യമായി ഒരു പടുകൂറ്റൻ റോറോ പണികഴിപ്പിക്കപ്പെട്ടത്. ഫിൻലൻഡിലെ ആക്കർ കന്പനിയായിരുന്നു ഇതിന്‍റെ നിർമാതാക്കൾ. 75100 ജിടി ഭാരവും 223.7 മീറ്റർ നീളവുമുള്ള ഈ കപ്പൽ 550 കാറുകളും 1270 ലെയിൻ മീറ്റർ ചരക്കും കയറ്റാൻ പ്രാപ്തമായിരുന്നു. 2001-ൽ മറ്റൊരു ഭീമൻ റോറോ അയർലൻഡിന്‍റെ തലസ്ഥാനമായ ഡബ്ലിനും ഹോളിഹെഡി(യുകെ)നും ഇടയിൽ പായാൻ തുടങ്ങി. 1342 കാറുകളും 4101 ലെയിൻ മീറ്റർ ചരക്കും കയറ്റാവുന്നതായി ഈ റോറോ.
ചരക്കുനീക്കത്തെയും യാത്രാസൗകര്യങ്ങളെയുമൊക്കെ വിപ്ലവാത്മക രീതിയിൽ മാറ്റിമറിക്കുകയായിരുന്നു റോറോ സർവീസുകൾ. പോർട്ടുകളിൽ അധികംസമയം പാഴാക്കാതെ ഓടിക്കയറി അക്കരെ ഇറങ്ങാനാവുന്നത് വലിയൊരു സൗകര്യമായി അനുഭവപ്പെട്ടു. സ്വകാര്യവാഹനങ്ങളിലും മറ്റും വിനോദയാത്രയ്ക്കു പോകുന്നവർക്ക് ഇത് വലിയ എളുപ്പമായി, സൗകര്യമായി.

തെക്കൻ ഏഷ്യയിൽത്തന്നെ ഇത്തരത്തിലൊരു പ്രഥമ സംരംഭമായാണ് ഇക്കഴിഞ്ഞ ദിവസം ഗോഗ (ഭാവനഗർ അടുത്ത്)യിൽനിന്ന് തുടങ്ങിയിരിക്കുന്നത്. കാംബേ ഉൾക്കടലിന്‍റെ ഇരുകരകളിലുമായി നിലകൊള്ളുന്ന ഭാവനഗറിനെയും അപ്പുറത്തെ ദഹേജിനെയും ബന്ധിപ്പിക്കുന്ന അതിവേഗ ജലപാതയായി ഇതു മാറിയിരിക്കുന്നു. കരമാർഗം 360 കി.മീ. കടൽമാർഗം വെറും 30 കി.മീ. അതാണു വ്യത്യാസം. ഒരു ട്രക്കിന് ഭാവനഗറിൽനിന്നു റോഡിലൂടെ തിരക്കേറിയ ട്രാഫിക് താണ്ടി ബറൂച്ച് നഗരത്തിലെത്താൻ ചിലപ്പോൾ പത്തുമണിക്കൂർ തന്നെ വേണ്ടിവരും. അതിപ്പോൾ ചുരുങ്ങി ഒരുമണിക്കൂർ ആയിരിക്കുന്നു.
ഭാവനഗറിൽ പത്തുവർഷം ജീവിച്ചിരുന്ന ഈ ലേഖകൻ പലപ്പോഴും അവിടത്തെ വയോവൃദ്ധന്മാർ പറയുന്ന ഒരു കഥ കേട്ടിട്ടുണ്ട്. കാംബേ ഉൾക്കടലിന്‍റെ ഇക്കരെ നിന്ന് അക്കരെ നായകൾ ഓലിയിടുന്നത് അവരുടെ ബാല്യകാലങ്ങളിൽ ശ്രദ്ധിച്ചിട്ടുണ്ടത്രേ. അന്നൊന്നും ആരും ഇത്തരം ഒരു സുഗമയാത്ര സ്വപ്നം കണ്ടിരിക്കില്ല. ഏതായാലും നൂറു വാഹനങ്ങളും 250 യാത്രക്കാരും മാത്രമാണ് ഈ ഗുജറാത്ത് റോറോവിന്‍റെ കപ്പാസിറ്റിയെങ്കിലും ഇതൊരു സുപ്രധാന കാൽവയ്പാണ്. അഭിമാനകരമായ നേട്ടമാണ് എന്നു സമ്മതിക്കാതെ വയ്യ.

ജോസ് വഴുതനപ്പള്ളി