സ്റ്റാന്പുകൾക്കുമുണ്ട് കഥ പറയാൻ
സ്റ്റാന്പുകൾ ചരിത്രമാണ്. അതു സംസ്കാരമാണ്. കൗതുകവും വിനോദവുമാണ്. ഫാ. ജോസഫ് ഉപ്പൻമാക്കലിന് തപസ്യകൂടിയാണത്. 30 വർഷമായി തുടരുന്ന സപര്യ. കിട്ടുന്ന സ്റ്റാന്പുകളെല്ലാം വാരിക്കൂട്ടി സൂക്ഷിക്കുന്നതു സ്റ്റാന്പ് കളക്്ഷനല്ല. ഏതെങ്കിലും മാനദണ്ഡമനുസരിച്ച് അവ തരംതിരിക്കണം. രാജ്യം, വർഷം, പ്രത്യേക സംഭവം, ആശയം... അങ്ങനെ പലതുണ്ട് മാനദണ്ഡങ്ങൾ. അങ്ങനെ തരംതിരിക്കുന്ന സ്റ്റാന്പുകൾ ക്രമമനുസരിച്ച് അടുക്കി പ്രത്യേകം ഫയലുകളിൽ സൂക്ഷിക്കണം. അപ്പോഴത് സ്റ്റാന്പ് കളക്്ഷനാകും.
ജോസച്ചൻ എന്നു സുഹൃത്തുക്കൾ വിളിക്കുന്ന ഫാ. ജോസഫ് ഉപ്പൻമാക്കലിനു സെമിനാരി പഠനകാലത്തു തുടങ്ങിയതാണ് ഈ ശീലം. ആദ്യമൊക്കെ കിട്ടുന്ന സ്റ്റാന്പുകളെല്ലാം സൂക്ഷിച്ചുവയ്ക്കുന്നതായിരുന്നു രീതി. എന്നാൽ, പിന്നീട് ജർമനിയിലെത്തിയപ്പോൾ പുതിയ ഉൾക്കാഴ്ചകൾ കിട്ടി. ജർമൻകാരനായ സുഹൃത്തായിരുന്നു അതിനു കാരണക്കാരൻ. അദ്ദേഹം അച്ചനെ തന്‍റെ വീട്ടിൽ കൊണ്ടുപോയി. കളക്്ഷൻ കാണിച്ചു. ശരിക്കും വിസ്മയിച്ചുപോയി. തരംതിരിക്കേണ്ടതെങ്ങനെ? സൂക്ഷിക്കേണ്ടതെങ്ങനെ? അങ്ങനെ പലതും കണ്ടറിഞ്ഞു. സ്റ്റാന്പ് കളക്്ഷന്‍റെ മനോഹാരിത വ്യക്തമായി മനസിലായത് അപ്പോഴാണ്. പിന്നെ വല്ലാത്തൊരാവേശമായി. മടങ്ങുംമുന്പ് ആ കൂട്ടുകാരൻ ഒരു വെല്ലുവിളിയും നൽകി. സുവിശേഷം മുഴുവൻ സ്റ്റാന്പുകളിൽ വിരിയിച്ചെടുക്കാമോ? ഇതുവരെ ലോകത്തിലാരും അതു ചെയ്തതായി അറിവില്ല. ഇപ്പോൾ തുടങ്ങിയാൽ മരിക്കുംമുന്പ് ചിലപ്പോൾ സാധിച്ചേക്കാം എന്ന അനുബന്ധം കൂടി ചേർത്തായിരുന്നു ആ വെല്ലുവിളി. അതൊരു ചോദ്യചിഹ്നമായി മനസിൽ കൊണ്ടു. അമാന്തിച്ചില്ല. അന്നു തുടങ്ങി അതിനുള്ള ശ്രമം.

അതു ഫലം കണ്ടു. ഇന്നു വിലയിടാനാവാത്തൊരു നിധിയാണത്. മംഗളവാർത്ത, എലിസബത്തിന്‍റെ സന്ദർശനം, ബേത്‌ലഹേം യാത്ര, യേശുവിന്‍റെ ജനനം, ആട്ടിടയന്മാരുടെ സന്തോഷം, പൂജരാജാക്കന്മാരുടെ സന്ദർശനം, ആകാശത്തിലെ നക്ഷത്രം, യൗസേപ്പിന്‍റെ സ്വപ്നം, ഈജിപ്തിലേക്കുള്ള പലായനം... അങ്ങനെ തുടങ്ങി ക്രിസ്തു സംഭവം മുഴുവനും. അവസാനം മാതാവിന്‍റെ സ്വർഗാരോപണം വരെ. സ്റ്റാന്പുകൾ നിരത്തിവച്ചാൽ അതു ബൈബിളിന്‍റെ ചിത്രരൂപമാകും. ഫയലിലെ ഒാരോ താളിലും ഓരോ സംഭവങ്ങളാണ്. ഉദാഹരണത്തിന് തിരുജനനത്തിന്‍റെ താളെടുത്താൽ യേശുവിന്‍റെ ജനനവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങൾ വിവിധ കാലഘട്ടങ്ങളിൽ പുറത്തിറക്കിയ സ്റ്റാന്പുകൾ കാണാം. അതുപോലെ കുരിശുമരണം, ഉത്ഥാനം. അങ്ങനെയോരോന്നിനും ഓരോ താള്. യൂറോപ്യൻ രാജ്യങ്ങളിലേതാണു സ്റ്റാന്പുകളിലേറെയും. വർഷങ്ങളെടുത്തു അതു പൂർത്തിയാക്കാൻ. എങ്കിലും അച്ചൻ ഇപ്പോഴും അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. പറ്റുന്ന സ്റ്റാന്പുകൾ കിട്ടിയാൽ കളയില്ല. വാങ്ങി സൂക്ഷിക്കും.

അത്ര നിസാരമല്ല സ്റ്റാന്പ് കളക്്ഷൻ. മടക്കോ ചുളിവോ കീറലോ പശയോ ഒന്നും പാടില്ല. നല്ല വൃത്തിയും വെടിപ്പുമുണ്ടാകണം. അതുകൊണ്ടുതന്നെ കത്തുകളിൽ നിന്ന് അവ വെറുതെ പൊളിച്ചെടുക്കാനാവില്ല. കത്തിൽ സ്റ്റാന്പുള്ള ഭാഗം മുറിച്ചെടുത്ത് വെള്ളത്തിൽ ഇടുന്നതാണ് ആദ്യപടി. പിന്നീട് സാവധാനത്തിൽ സ്റ്റാന്പ് ഇളക്കിയെടുക്കും. എന്നിട്ട് ചെറിയ ബ്രഷ് ഉപയോഗിച്ച് പശയുൾപ്പെടെയുള്ള അഴുക്കുകൾ നീക്കും. ഉണക്കിയശേഷം കട്ടിയുള്ള പുസ്തകത്തിനു കീഴിൽ വയ്ക്കും. ചുളിവുകളുണ്ടെങ്കിൽ നിവർന്നു കിട്ടും. പിന്നെ അതെടുത്ത് തീം അനുസരിച്ച് ഫയലിൽ വയ്ക്കും.

അത്യപൂർവമായ സ്റ്റാന്പുകളുടെ വിലിയ ശേഖരം വേറെയുമുണ്ട്. 1948 മുതൽ 2004 വരെയുള്ള ഒളിന്പിക്സുകളുടെ സ്മരണ നിലനിറുത്താൻ ഇറക്കിയ സ്റ്റാന്പുകൾ അതിൽ പ്രധാനം. പലതരത്തിലുള്ള സ്റ്റാന്പുകളും അദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. ത്രികോണം, വൃത്തം, ചതുരം... അങ്ങനെ പല രൂപങ്ങളിൽ. ബ്ലോക്ക് സ്റ്റാന്പുകൾ കൗതുകം ജനിപ്പിക്കുന്നവയാണ്. കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും 165 രാജ്യങ്ങളിലെ സ്റ്റാന്പുകൾ ശേഖരത്തിലുണ്ടെന്നാണ് കണക്ക്. വിവിധ രാജ്യങ്ങൾ പുറപ്പെടുവിക്കുന്ന വിശുദ്ധരുടെ സ്റ്റാന്പുകളും ജോസച്ചൻ സൂക്ഷിക്കുന്നുണ്ട്.

സ്റ്റാന്പുകൾ മാത്രമല്ല, നാണയങ്ങളോടും കറൻസി നോട്ടുകളോടും ജോസച്ചനു പ്രത്യേക താത്പര്യമുണ്ട്. അവയുടെയും വിപുലമായ ശേഖരം അദ്ദേഹത്തിനു സ്വന്തം. എല്ലാം അതിനിണങ്ങിയ ഫയലുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഓരോന്നും ചരിത്രത്തിന്‍റെ നേർ സാക്ഷ്യങ്ങൾ. 43 രാജ്യങ്ങളുടെ കറൻസികൾ അതിശയം ജനിപ്പിക്കും. പിൻവലിച്ചതും അല്ലാത്തതുമായ നോട്ടുകൾ. പിൻവലിച്ചതിലേറെയും യൂറോപ്യൻ രാജ്യങ്ങളിലെ നോട്ടുകൾ. യൂറോ വരുന്നതിനു മുന്പുള്ളവ. ജർമൻ മാർക്ക്, ഫ്രഞ്ച് ഫ്രാങ്ക്, ഇറ്റാലിയൻ ലിറ, യുഎസ് ഡോളർ, കനേഡിയൻ ഡോളർ, യുകെ പൗണ്ട്, ഓസ്ട്രേലിയൻ ഡോളർ, കുവൈറ്റ് ദിനാർ, സൗദി റിയാൽ, ബഹ്റിൻ ദിനാർ... അങ്ങനെ 43 രാജ്യങ്ങളിലെ നോട്ടുകൾ. അറ്റ്‌ലാന്‍റ ഒളിന്പിക്സിനുവേണ്ടി പ്രത്യേകം ഇറക്കിയ സ്വർണ നാണയം ശേഖരത്തിന്‍റെ തിളക്കം കൂട്ടുന്നു. ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളുടെയും നാണയത്തുട്ടുകളും അദ്ദേഹത്തിനുണ്ട്.
വലിയ ഇരുന്പ് ഷെൽഫുകളിലാണു ജോസച്ചൻ ഫയലുകൾ അടുക്കി സൂക്ഷിച്ചിരിക്കുന്നത്. പ്രത്യേകമായ അടുക്കും ചിട്ടയുമുണ്ടതിന്. ഇതുവരെ പ്രദർശനമൊന്നും നടത്തിയിട്ടില്ല. എന്നാൽ കളക്്ഷനുകളുടെ പ്രാധാന്യം മനസിലാക്കിക്കൊടുക്കാൻ പ്രദർശനങ്ങൾ നല്ലതാണെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്.

സ്റ്റാന്പുകളും നാണയങ്ങളും നോട്ടുകളും കൂടുതലായി സന്പാദിക്കുന്നതു കൊടുക്കൽ വാങ്ങലുകളിലൂടെയാണ്. കൂടുതലുള്ളതു കൊടുത്ത് ഇല്ലാത്തത് വാങ്ങും. അച്ചന്‍റെ കൈവശം മാറ്റിവാങ്ങാനായി അയ്യായിരത്തോളം സ്റ്റാന്പുകളുണ്ട്. വിദേശ നാടുകളിൽ പോകുന്പോൾ എപ്പോഴും ഇതേക്കുറിച്ചൊരു ചിന്തയുണ്ടാകും. അപ്പോൾ കിട്ടുന്നതൊക്കെ വാങ്ങും. ചിലപ്പോൾ വില കൊടുക്കേണ്ടി വരും. അത്യപൂർവ സ്റ്റാന്പുകൾക്ക് പറയുന്നതാണ് വില. സുഹൃത്തുക്കൾ വഴിയും കളക്്ഷൻ നടക്കും. തുടക്കത്തിൽ മടുപ്പു തോന്നുമെങ്കിലും ക്രമേണ അതൊരു പാഷനായി മാറുന്പോഴാണ് കളക്്ഷനുകൾ ഹോബിയായി മാറുന്നത്. ഒപ്പം വെല്ലുവിളിയും. അപ്പോൾ സമയനഷ്്ടമെന്നോ പണനഷ്ടമെന്നോ ഉള്ള ചിന്തകൾ അലട്ടുകയുമില്ല. പാലായ്ക്കടുത്ത് കടനാട് എയ്ഞ്ചൽ ഹോം ഡയറക്ടറാണ് എംഎസ്ടി വൈദികനായ ഫാ. ജോസഫ് ഉപ്പൻമാക്കൽ. ഫോൺ: 8281687443, 9961941846.

ജിമ്മി ഫിലിപ്പ്