ന​ക്ഷ​ത്ര​ങ്ങ​ൾ സാ​ക്ഷി
ത​ണു​പ്പ് അ​രി​ച്ചി​റ​ങ്ങി​യ രാത്രികൾ.
അ​ട​ഞ്ഞ ഇ​രു​ൾ​മു​റി​യു​ടെ ജ​നാ​ല​യ്ക്ക് ക​ടു​കു​മ​ണി​യോ​ള​മെ​ങ്കി​ലും വി​ട​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ച്ചു​പോ​യി. ആകാശവിതാനിപ്പിലെ ഒരു നക്ഷത്രത്തെ കാണാൻ. പ​ക്ഷെ, ഒ​രി​ക്ക​ൽ​പോ​ലും ന​ക്ഷ​ത്ര​ങ്ങ​ളെ കാ​ണാ​ൻ ശ്ര​മി​ച്ചി​ല്ല. കാ​ര​ണം അ​വ​ർ ക​ൽ​പ്പിച്ചി​രു​ന്നു ഒ​രി​ക്ക​ൽ​പോ​ലും പു​റ​ത്തേ​ക്കു നോ​ക്ക​രു​തെ​ന്ന്- കാ​ണാ​തെപോ​യ, അ​റി​യാ​തെപോ​യ ക​ഴി​ഞ്ഞ ക്രി​സ്മ​സിനെ​ക്കു​റി​ച്ച് ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ പ​റ​യു​ക​യാ​ണ്.

പു​ത​ച്ചു​മൂ​ടി​ക്കി​ട​ക്കു​ന്പോ​ൾ മ​ന​സ് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു ഡി​സം​ബ​റാ​ണെ​ന്ന്. കൊ​തി​തോ​ന്നി​യ നി​മി​ഷ​ങ്ങ​ളു​ണ്ട് ആ​കാ​ശ​ത്ത് ഒ​രു ന​ക്ഷ​ത്ര​ത്തെ​യെ​ങ്കി​ലും ക​ണ്‍​കു​ളി​ർ​ക്കെ ഒ​രു നി​മി​ഷം കാ​ണാ​ൻ.

രണ്ടായിരം വർഷങ്ങൾക്കു മുന്പ് യൂ​ദ​യാ മ​ല​ഞ്ചെ​രു​വി​ലെ കാ​ലി​ത്തൊ​ഴു​ത്തി​ലേ​ക്കു വെ​ളി​ച്ചം വി​ത​റി​യ ഓ​ർ​മ​യി​ലെ ന​ക്ഷ​ത്രം ഹൃ​ദ​യ​ത്തെ ത​ലോ​ടു​ന്നു​ണ്ടാ​യി​രു​ന്നു.
കൈ​ക്കു​ന്പി​ളി​ൽ പു​ൽ​ക്കൂ​ടി​നെ കി​നാ​വു ക​ണ്ടു. അ​തി​ൽ തി​രു​ക്കു​ടും​ബം, മാ​ലാ​ഖമാർ, ആ​ട്ടി​ടയർ, ചെ​മ്മ​രി​യാടുകൾ...
ഇ​രു​ട്ട​റ​ക​ളി​ൽ അ​ർ​പ്പി​ച്ച സ​ഹ​നബ​ലി ക്രൂ​ശി​ത​ന്‍റെ തി​രു​മു​റി​വു​ക​ളോ​ടു ചേ​ർ​ത്തു​വ​ച്ച വൈ​ദി​ക​നോ​ടു ചോ​ദി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത് അ​റി​യാ​തെ​പോ​യ കഴിഞ്ഞ ക്രി​സ്മ​സ് കാ​ല​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു. ത​ണു​പ്പ് ചെ​വി​യി​ൽ മൂ​ളു​ന്പോ​ഴൊ​ക്കെ ചി​ന്തി​ച്ചു​കൊ​ണ്ടി​രു​ന്നു; ഇ​ന്നാ​ണോ തി​രു​പ്പി​റ​വി​യെ​ന്ന്. ന​ക്ഷ​ത്ര​വും നാ​ൾ​ക​ല​ണ്ട​റു​മി​ല്ലാ​ത്ത ഇ​രു​ട്ടി​ലെ മ​നു​ഷ്യ​ന് ചി​ന്ത​യി​ൽ ത​പ്പി​ത്ത​ട​യാ​ന​ല്ലേ സാ​ധി​ക്കൂ. പ​ത്ത് വി​ര​ലു​ക​ൾ കൂ​ട്ടു​ക​യും കി​ഴി​ക്കു​ക​യും ചെ​യ്താ​ൽ ഉ​ത്ത​രം കി​ട്ടു​ക​യു​മി​ല്ല​ല്ലോ.
എ​ങ്കി​ലും തി​രു​പ്പി​റ​വി​യു​ടെ സ്മ​ര​ണ മ​ന്ദ​മാ​രു​ത​നെ​പ്പോ​ലെ മ​ന​സി​നെ കു​ളി​ർ​പ്പി​ച്ച ദി​ന​ങ്ങ​ൾ ആയിരുന്നു അത്.

രാ​മ​പു​ര​ത്തെ വീ​ട്ടു​മു​റ്റ​ത്ത് സ​ഹോ​ദ​ര​ങ്ങ​ൾ ചേ​ർ​ന്നൊ​രു​ക്കി​യ ബാ​ല്യ​ത്തി​ലെ പു​ൽ​ക്കൂ​ടു​ക​ൾ. മ​ര​ക്കൊ​ന്പി​ൽ തൂ​ക്കി​യ ഈ​റ്റ​ന​ക്ഷ​ത്ര​ങ്ങ​ൾ. അ​ല​ങ്കാ​ര​വി​ള​ക്കു​ക​ൾ. പൂ​ത്തി​രി​ക​ൾ. പ​ട​ക്ക​ങ്ങ​ൾ. പാ​തി​രാ കു​ർ​ബാ​ന. രാ​വി​ലെ അ​മ്മ തന്ന വ​ട്ട​യ​പ്പ​വും പാ​ല​പ്പ​വും ഇ​റ​ച്ചി​ക്ക​റി​യും.

യെമനിലെ ഏ​ദ​നി​ൽ ബ​ന്ദി​യാ​ക്ക​പ്പെ​ട്ട​തു​മു​ത​ൽ അ​ച്ച​നെ​യോ​ർ​ത്ത് ക​ര​ഞ്ഞ​വ​ർ ഏ​റെ​യാ​ണ്. അ​ച്ച​ൻ കരഞ്ഞി​രു​ന്നോ എന്നു ചോദിച്ചപ്പോൾ ഇ​ല്ല, എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. നാ​ട്ടി​ൽ, വീ​ട്ടി​ൽ, മ​റു​നാ​ട്ടി​ൽ, സ​ലേ​ഷ്യ​നി​ൽ, ആ​ഗോ​ള​സ​ഭ​യി​ൽ ഒ​ക്കെ ആയിരങ്ങൾ എ​നി​ക്കാ​യി ഉ​പ​വാ​സ​മെ​ടു​ത്ത് കൊ​ന്ത​ചൊ​ല്ലി​യ​തി​ന്‍റെ ഫ​ല​മാ​യി​രി​ക്കാം അ​ത്. എ​നി​ക്കാ​യി അ​ർ​പ്പി​ക്ക​പ്പെ​ട്ട വി​ശു​ദ്ധ കു​ർ​ബാ​ന​കളു​ടെ പു​ണ്യം.

രാ​വും പ​ക​ലും തി​രി​ച്ച​റി​യാ​തെ യെ​മ​നി​ൽ എ​വി​ടെ​യൊ​ക്കെ​യോ നാ​ലി​ട​ങ്ങ​ളി​ൽ, അ​ജ്ഞാ​ത​മാ​യ ഒ​റ്റ മു​റി​ക​ളി​ൽ 557 രാ​പ​ക​ലു​ക​ളു​ടെ അ​ട​യ്ക്ക​പ്പെ​ട്ട ജീ​വി​തം. ബ​ന്ദിയാ​ക്കി​യ​വ​രു​ടെ മു​ഖം ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. അ​വ​ർ ക​യ​റിവ​രു​ന്പോ​ൾ ക​ണ്ണു​കെ​ട്ടു​ക​യോ മു​ഖം മൂ​ടു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ഞാ​ൻ കു​നി​ഞ്ഞി​രി​ക്കും. അ​വ​ർ പ​റ​ഞ്ഞി​രു​ന്ന അ​റ​ബി​യൊ​ന്നും മ​ന​സി​ലാ​വു​ക​യു​മി​ല്ല. അ​വ​രി​ലൊ​രാ​ൾ പ​റ​ഞ്ഞി​രു​ന്ന ഇം​ഗ്ളീ​ഷ് മു​റി​വാ​ക്കു​ക​ളി​ൽ നി​ന്ന് എ​ല്ലാം കൂ​ട്ടി​വാ​യി​ച്ചു​കൊ​ള്ള​ണം.

ആ ​ത​ണു​പ്പു​ദി​വ​സ​ങ്ങ​ളി​ലൊ​ന്നി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ണ്ണു​ക​ളെ സ്വ​ത​ന്ത്ര​മാ​ക്കി​യ​പ്പോ​ൾ പ​തി​വി​ൽ കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കു​ബ്ബൂ​സ്, ബി​രി​യാ​ണി, ആട്ടിറച്ചി, ഈ​ന്ത​പ്പ​ഴം, ഓ​റ​ഞ്ച്....
ത​ട​വി​ൽ താ​ൻ പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ണെ​ന്ന് ധ​രി​പ്പി​ച്ച് ആ​രു​മാ​യോ വി​ല​പേ​ശാ​ൻ അവ​ർ ആ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​രു വീഡി​യോ ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ ഒ​രു നി​മി​ഷം കാ​മ​റ​യി​ൽ തെ​ളി​ഞ്ഞ തീ​യ​തി കാ​ഴ്ച​യി​ൽ മി​ന്നി​മ​റി​ഞ്ഞു.
ഡി​സം​ബ​ർ 27!
ക്രി​സ്മസ് ക​ഴി​ഞ്ഞി​രി​ക്കു​ന്നു!
ര​ണ്ടു ദി​വ​സം മു​ൻ​പു കു​ബ്ബൂസും ബി​രി​യാ​ണി​യും ന​ൽ​കി​യ​തി​ന്‍റെ കാ​ര​ണം ഞാ​ൻ തി​രി​ച്ച​റി​ഞ്ഞു. അ​വ​ർ ത​ന്ന​ത് ക്രി​സ്മ​സ് വി​രു​ന്ന്.
2016 മാ​ർ​ച്ച് നാ​ല്.

ആ ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30-ന് യെ​മ​നി​ലെ ഏ​ദ​നി​ൽ മ​ദ​ർ തെ​രേ​സ​യു​ടെ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ഭ​യാ​ന​ക​മാ​യ കൂ​ട്ട​ക്കൊ​ല. ത​ദ്ദേ​ശീ​യ​രാ​യ 71 അ​ന്തേ​വാ​സി​ക​ളെ ശു​ശ്രൂ​ഷി​ച്ചി​രു​ന്ന മ​ദ​ർ തെ​രേ​സ​യു​ടെ നാ​ല് ക​ന്യാ​സ്ത്രീ​ക​ൾ ദാ​രു​ണ​മാ​യി വെ​ടി​യേ​റ്റു​ മ​രി​ച്ചു. ര​ണ്ടു പേ​ർ ക​ണ്‍​മു​ന്നി​ലാ​ണ് വെ​ടി​യേ​റ്റു പി​ട​ഞ്ഞുവീ​ണ​ത്. ര​ണ്ടു പേ​രെ ആ ​മ​ന്ദി​ര​ത്തി​ന്‍റെ മ​റ​വി​ലേ​ക്കു വലിച്ചിഴച്ചു കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടു. നി​മി​ഷം വൈ​കാ​തെ വെ​ടി​യൊ​ച്ച കേ​ട്ടു. അ​രമ​ണി​ക്കൂ​ർ മു​ൻ​പാ​ണ് ഞ​ങ്ങ​ൾ ആറുപേ​രും വി​ശു​ദ്ധകു​ർ​ബാ​ന​യ​ർ​പ്പി​ച്ചു ചാ​പ്പ​ലി​ൽ നി​ന്നു പി​രി​ഞ്ഞ​ത്. പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ സ​ഹാ​യി​ക്കാ​ൻ മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്പോ​ഴാ​ണ് തോക്കുധാരികൾ കൺമുന്നിലെത്തിയത്. എ​ന്നെ ഗേ​റ്റി​നു മു​ന്നി​ൽ പൂ​ന്തോ​ട്ട​ത്തോ​ടു ചേ​ർ​ന്ന കാ​വ​ൽ​ക്കാ​ര​ന്‍റെ മു​റി​യി​ൽ പി​ടി​ച്ചി​രു​ത്തി. ഞാ​ൻ കേ​ട്ടു​കൊ​ണ്ടി​രു​ന്നു, തു​ട​രെ വെ​ടി​യൊ​ച്ച​ക​ൾ. എ​ത്ര പേ​ർ മ​രി​ച്ചെ​ന്ന് അ​പ്പോ​ൾ എ​നി​ക്ക​റി​യാ​മാ​യി​രു​ന്നി​ല്ല.

അരുംകൊലകൾക്കു ശേഷം കൈ​കാ​ലു​ക​ളും ക​ണ്ണും കെ​ട്ടി തോ​ക്കു​ധാ​രി​ക​ൾ എ​ന്നെ അ​വ​രു​ടെ വാ​നി​ന്‍റെ ഡി​ക്കി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു. മ​ണി​ക്കൂ​ർ നീ​ണ്ട ആ ​യാ​ത്ര​യി​ൽ ഡി​ക്കി​യി​ൽ ചു​രു​ണ്ടു​കി​ട​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ.

മു​റി​യി​ൽ അ​ട​യ്ക്കും മു​ൻ​പ് അ​വ​ർ ഞാ​ൻ ധ​രി​ച്ചി​രു​ന്ന പാ​ന്‍റ്സും ഷ​ർ​ട്ടും മാ​റ്റി. ക​ഴു​ത്തി​ൽ നി​ന്നു സ്റ്റീ​ൽ​മാ​ല​യും കാ​ശു​രൂ​പ​വും ഉൗ​രി​വാ​ങ്ങി. പി​ന്നെ ഒൗ​ദാ​ര്യ​മാ​യി കി​ട്ടി​യ ര​ണ്ടു ജോ​ഡി വേ​ഷ​മാ​യി​രു​ന്നു എ​ല്ലാം. ഒ​ന്നു ക​ഴു​കു​ന്പോ​ൾ മ​റ്റൊ​ന്ന്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം കൈ​കാ​ലു​ക​ളി​ലെ കെ​ട്ട​ഴി​ച്ചു​മാ​റ്റാ​ൻ അ​നു​വാ​ദം കി​ട്ടി. ഒ​രു നി​ബ​ന്ധ​ന മാ​ത്രം. കാ​ൽ​പെ​രു​മാ​റ്റം കേ​ട്ടാ​ലു​ട​ൻ ഞാ​ൻ ക​ണ്ണോ മു​ഖ​മോ മ​റ​ച്ചി​രി​ക്ക​ണം.

തടവിലാക്കപ്പെട്ട ശേഷം മൂ​ന്നു നാ​ലു താ​വ​ള​ങ്ങ​ൾ മാ​റ്റി​യി​ട്ടു​ണ്ടാ​വും. ഏ​താ​നും മാ​സ​ങ്ങ​ളി​ലെ വാ​സം ഒ​രു മ​ല​യ​ടി​വാ​ര​ത്താ​യി​രു​ന്നു​വെ​ന്നു തോ​ന്നു​ന്നു. അ​ക​ത്തേ​ക്കു ന​ല്ല കാ​റ്റു​ വീ​ശു​ന്നു​ണ്ടാ​യി​രു​ന്നു. ആദ്യം താമസിപ്പിച്ചിരുന്നിടത്ത് കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ലും വീ​ട്ടി​ലെ സം​ഭാ​ഷണ​ങ്ങ​ളും കേ​ൾ​ക്കാമായിരുന്നു. വീ​ടി​ന്‍റെ ചാ​യ്പോ ഫാം ​ഹൗ​സോ മ​റ്റോ ആ​യി​രു​ന്നി​രി​ക്കാം അ​ത്.
ഭീകരരുടെ തടവിൽനിന്നു മോ​ചി​ത​നാ​യി വീ​ണ്ടു​മൊ​രു ന​ക്ഷ​ത്ര​ശോ​ഭ കാ​ണു​ന്പോ​ൾ അ​ച്ച​ന്‍റെ മ​ന​സി​ലെ ചി​ന്ത എ​ന്താ​ണ് എന്ന് ചോദിച്ചപ്പോൾ അച്ചൻ പറഞ്ഞു സ​ഹ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും അ​ട​യാ​ള​മാ​ണ് ക്രി​സ്മ​സ്. ദൈ​വം ര​ക്ഷ ത​രും എ​ന്ന​തി​ന് തെ​ളി​വാ​ണ് ക്രി​സ്മ​സ്,
ദൈ​വ​കാ​രു​ണ്യ​ത്തി​ന് സാ​ക്ഷി​യാ​വു​ക​യാ​യി​രു​ന്നു എ​ന്‍റെ ദൗ​ത്യം. എന്നോടൊപ്പമുണ്ടായിരുന്ന ആ ​ക​ന്യാ​സ്ത്രീ​ക​ളു​ടെ പി​ട​ച്ചി​ലും ദാരുണ മ​ര​ണ​വും അ​വി​ട​ത്തെ ശു​ശ്രൂ​ഷ​ക​രു​ടെ നി​ശ്ച​ല​ശ​രീ​ര​ങ്ങ​ളും ചോ​ര​ക്ക​ള​വും മ​ന​സി​ൽ മാ​യാ​തി​രി​ക്കു​ന്പോ​ഴും അ​ച്ച​ൻ പ​റ​യു​ന്ന​ത് ക്ഷ​മി​ക്കു​ന്ന ക്രി​സ്തീ​യ സ്നേ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ്.

എ​ന്നെ ബ​ന്ദി​യാ​ക്കി​യ​വ​രു​ടെ മ​ന​സു​ മാ​റ്റ​ണ​മേ​യെ​ന്ന് ത​ട​വി​ൽ ഞാ​ൻ പ്രാ​ർ​ഥി​ച്ചു. അ​വ​ർ നി​സ്ക​രി​ക്കു​ന്ന​തു​കേ​ൾ​ക്കു​ന്പോ​ൾ ക​ര​ങ്ങ​ൾ കൂ​പ്പി ദൈ​വ​മേ അ​വ​രു​ടെ പ്രാ​ർ​ഥ​ന കേ​ൾ​ക്ക​ണ​മേ​യെ​ന്നു ഞാ​നും പ്രാ​ർ​ഥി​ച്ചി​രു​ന്നു. ദൈ​വം ഇ​ട​പെ​ട്ട​തു​കൊ​ണ്ട​ല്ലേ ഒ​രി​ക്ക​ൽ​പോലും അ​വ​ർ എ​നി​ക്കു​ നേ​രേ തോ​ക്കു ചൂ​ണ്ടാ​തി​രു​ന്ന​ത്. അവരുടെ വ്ര​താ​നു​ഷ്ഠാ​ന​കാ​ല​ത്തും മൂ​ന്നു നേ​രം എ​നി​ക്കു ഭ​ക്ഷ​ണം ത​ന്ന​തും പ്ര​മേ​ഹം മൂ​ർ​ച്ഛി​ച്ചു ശ​രീ​രം മെ​ലി​ഞ്ഞ​പ്പോ​ൾ മ​രു​ന്നു ത​ന്നു​കൊ​ണ്ടി​രു​ന്ന​തും. ചി​ല​പ്പോ​ഴെ​ങ്കി​ലും ക​രു​ണ​യു​ടെ സ്പ​ർ​ശം അ​വ​രു​ടെ കൈ​ക​ളി​ൽ​നി​ന്ന് ഞാ​ൻ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തു.

വേ​ന​ൽ​ക്കാ​ല​മാ​യി​രു​ന്നി​രി​ക്കാം ന​ല്ല ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട ഒ​രു ദി​വ​സം ഒ​രു തോ​ന്ന​ൽ...
ഏദനിലെ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ രക്തസാക്ഷികളായ ക​ന്യാ​സ്ത്രീ​ക​ളെ​ല്ലാം ഇ​പ്പോ​ൾ സ്വ​ർ​ഗ​ത്തി​ൽ ഇ​രു​ന്ന് എ​ന്നെ കാ​ണു​ന്നു​ണ്ടാ​കു​മോ. അ​ങ്ങ​നെ​യെ​ങ്കി​ൽ ഒ​രു അ​ട​യാ​ളം കാ​ണി​ച്ചു​ത​രു​മോ ദൈ​വ​മേ‍? ഞാ​ൻ പ്രാ​ർ​ഥി​ച്ചു.

ദൈ​വം ഒട്ടും വൈകാതെ ഒരു അ​ട​യാ​ളം ത​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​ന​സു കു​ളി​ർ​പ്പി​ക്കുംവി​ധം പെ​രു​മ​ഴ പെ​യ്യി​ച്ചു. മ​ഴ​യു​ടെ ആ​ര​വം കേട്ട​പ്പോ​ൾ ഞാ​ൻ ഉ​റ​പ്പി​ച്ചു, ആ ​ക​ന്യാ​സ്ത്രീ​ക​ളെ ദൈ​വം സ്വ​ർ​ഗ​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ന്ന്.

പു​റം​ലോ​ക​ത്ത് സം​ഭ​വി​ക്കു​ന്ന​തൊ​ന്നും എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നി​ല്ല. ലോ​കം മു​ഴു​വ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന​സ് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട​ല്ലേ തോ​ക്കു​ള്ള​വ​ർ ഒ​രി​ക്ക​ൽ​പോ​ലും വേ​ദ​നി​പ്പി​ക്കു​ക​യോ മ​ർ​ദി​ക്കു​ക​യോ ചെ​യ്യാ​തി​രു​ന്ന​ത്. ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ച്ചി​രു​ന്ന​തി​നാ​ൽ നി​രാ​ശ തോ​ന്നി​യി​രു​ന്നി​ല്ല. ഭ​യ​പ്പെ​ട്ട​തു​മി​ല്ല. അ​ന്ധ​നെ​പ്പോ​ലെ ക​ണ്ണു​കെ​ട്ടി മു​റി​യി​ലെ ത​റ​യി​ൽ വൈ​ക്കോ​ൽ​പോ​ലെ ക​നം​കു​റ​ഞ്ഞ പ​രു​പ​രു​ത്ത ഒ​രു മെ​ത്ത. 18 മാ​സം ഞാ​ൻ കരയു​ക​യോ വേ​ദ​നി​ക്കു​ക​യോ ചെ​യ്യാ​തി​രു​ന്ന​ത് ആ​യി​ര​മാ​യി​രം പ്രാ​ർ​ഥ​ന​ക​ൾ നി​മി​ഷ​വും സ്വ​ർ​ഗീ​യ സ​ന്നി​ധി​യി​ൽ എ​ത്തി​യ​തു​കൊ​ണ്ട​ല്ലേ.

സം​സാ​രി​ക്കാ​ൻ ആ​രു​മി​ല്ല. വാ​യി​ക്കാ​ൻ ഒ​ന്നു​മി​ല്ല. മു​ന്നി​ൽ ഇ​രു​ട്ടും നി​ഴ​ലു​ക​ളും മാത്രം. സ​മ​യം അ​റി​യി​ല്ല, മാ​സം അ​റി​യി​ല്ല, കാ​ല​വും കാ​ലാ​വ​സ്ഥ​യും അ​റി​യി​ല്ല.

ഇ​രു​ട്ടു​ക​യ​റു​ന്പോ​ൾ ഞാ​ൻ മ​ന​സി​ൽ പു​ൽ​ക്കൂ​ടു കെ​ട്ടി അ​തി​ൽ വി​ള​ക്കു​ക​ൾ കൊ​ളു​ത്തി. സി​വി​ൽ എ​ൻ​ജി​നിയ​റിം​ഗ് പ​ഠി​ക്കു​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള എ​നി​ക്ക് വ​ര​യും ക​ണ​ക്കും പ​ണ്ടേ ശീ​ല​മാ​യി​രു​ന്നു​. ത​റ കെ​ട്ടി, ഭി​ത്തി​മ​റ​ച്ച്, ഓ​ല​മേ​യു​ന്ന ആ​ട്ടി​ടയ​നെ​പ്പോ​ലെ ഒ​രു​പാ​ടു പു​ൽ​ക്കൂ​ടു​ക​ൾ ഞാൻ മനസിൽ മെനഞ്ഞു.

ഉ​ണ്ണീ​ശോ​യെ ധ്യാ​നി​ച്ച് അ​വ​ർ ത​ന്ന ക​ന്പി​ളി​പ്പു​ത​പ്പി​ൽ ശോ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന എന്‍റെ ശ​രീ​രം മൂ​ടി ഞാ​ൻ ത​റ​യി​ൽ കി​ട​ന്നു, തി​രു​ക്കു​ടും​ബ​ത്തെ ധ്യാ​നി​ച്ചു. ഏ​ദ​ൻ മു​ത​ലു​ള്ള യാ​ത്ര​ക​ളെ ബത്‌‌ല​ഹേ​മി​ൽ​നി​ന്ന് ഈ​ജി​പ്തി​ലേ​ക്കു​ള്ള തിരുക്കുടുംബത്തിന്‍റെ പ​ലാ​യ​നംപോ​ലെ സ​ങ്ക​ൽ​പ്പി​ച്ചു.

ചി​ല​പ്പോ​ഴൊ​ക്കെ കൈ​ക​ൾ വി​ല​ങ്ങ​നെ നെ​ഞ്ചോ​ടു​വ​ച്ച് കു​രി​ശി​ന്‍റെവ​ഴി ചൊ​ല്ലി. പ​തി​നാ​ലു സ്ഥ​ല​ങ്ങ​ളി​ലും ക്രി​സ്തു​വി​ന്‍റെ മു​ഖം കാ​ണാ​മാ​യി​രു​ന്നു. ശി​മ​യോ​ൻ കു​രി​ശു താ​ങ്ങു​ന്ന​തും വെ​റോ​നി​ക്ക തി​രു​മു​ഖം തു​ട​യ്ക്കു​ന്ന​തും കാ​ൽ​വ​രി​യി​ൽ പ​രി​ശു​ദ്ധ അ​മ്മ നി​ൽ​ക്കുന്ന​തും എല്ലാം ഞാൻ കൺമുന്നിൽ ക​ണ്ടു.

തോ​ക്കു​മാ​യി അ​വ​ർ വ​രു​ന്ന​താ​യി ഒ​രി​ക്ക​ലും കി​നാ​വിൽപോലും ഞാൻ ക​ണ്ടി​ട്ടി​ല്ല. മ​ര​ണ​ത്തെ ഭ​യ​പ്പെ​ട്ടു​മി​ല്ല. എ​ന്നെ​ങ്കി​ലും മോ​ചി​ത​നാ​കും എ​ന്നു മ​ന​സ് പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. ദൈ​വ​ത്തെ മു​റു​കെ​പ്പി​ടി​ച്ച​തി​നാ​ൽ കാ​ലു​ക​ൾ ഇ​ട​റി​യി​ല്ല.

അ​ജ്ഞാ​ത​മാ​യ ​മു​റി​യു​ടെ പു​റ​ത്ത് അ​വ​ർ തോ​ക്കു​പി​ടി​ച്ച കാ​വ​ൽ​ക്കാ​ര​നെ നി​റു​ത്തി​യി​ട്ടു​ണ്ടാ​വും. ഇ​റ​ങ്ങി​യോ​ടാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും വേ​ണ​മെ​ങ്കി​ൽ ര​ക്ഷ​പ്പെ​ട്ടു​കൊ​ള്ളാ​ൻ ഒ​രി​ക്ക​ൽ അവരിലൊരാൾ പ​റ​ഞ്ഞു. ഇ​ല്ല, എ​ന്ന് ഞാ​നും. പക്ഷേ അ​ത് അ​വ​രു​ടെ ഒ​രു പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു.

ലോ​ക​ത്തി​നും സ​ഭ​യ്ക്കും ബ​ന്ധു​ക്ക​ൾ​ക്കും വേണ്ടി മാ​ത്ര​മ​ല്ല ഇ​രു​ട്ടു​മു​റി​യി​ൽ എ​നി​ക്കു ഭ​ക്ഷ​ണം ത​ന്നിരുന്നവർക്കുവേണ്ടിയും ഞാ​ൻ പ്രാ​ർ​ഥി​ച്ചി​രു​ന്നു. അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ കൂ​ട്ട​ക്കൊ​ല​യ്​ക്കു ശേ​ഷം എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യാ​ൻ എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഭീകരരുടെ പി​ടി​യി​ലാ​യി​രി​ക്കെ ഏ​റെ നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഞാ​ന​വ​രോ​ട് ചോ​ദി​ച്ചു. അ​വ​ർ പ​റ​ഞ്ഞു, നാ​ലു ക​ന്യാ​സ്ത്രീ​ക​ളെ അവിടെ വ​ധി​ച്ചെന്ന്. ഒരു കന്യാസ്ത്രീ ഫ്രി​ഡ്ജി​നു പിന്നിൽ ഒ​ളി​ച്ച​തി​നാ​ൽ കൊ​ല​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ന്നു പ​റ​ഞ്ഞു. അപ്പോൾ ഞാൻ ഊഹിച്ചു അ​ത് സി​സ്റ്റ​ർ സാ​ലി​യാ​യി​രി​ക്കു​മെ​ന്ന്.

നാ​ട്ടി​ലും വീ​ട്ടി​ലുംനി​ന്നൊ​ക്കെ എ​ന്നെ മോ​ചി​പ്പി​ക്കാ​ൻ അ​പേ​ക്ഷി​ച്ചു ക​ത്തു​ക​ൾ വ​ന്ന കാ​ര്യ​വും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.
ക​ർ​ത്താ​വി​ന്‍റെ മാ​ലാ​ഖ എ​ന്നു തു​ട​ങ്ങു​ന്ന പ്രാ​ർ​ഥ​ന ചൊ​ല്ലി​ത്തു​ട​ങ്ങു​ന്ന ദി​വ​സ​ങ്ങ​ൾ. ഏ​ദ​നി​ൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ ക​ന്യാ​സ്ത്രീ​ക​ൾ ഓ​രോ​രു​ത്ത​ർ​ക്കും വേ​ണ്ടി ഓ​രോ സ്വ​ർ​ഗ​സ്ഥ​നാ​യ പി​താ​വേ​യും ഓ​രോ നന്മ​നി​റ​ഞ്ഞ മ​റി​യ​വും ചൊ​ല്ലി കാ​ഴ്ച​വ​ച്ചി​രു​ന്നു.
സ​ഹ​ന​ബ​ലി​യു​ടെ മ​റ്റൊ​രു ചി​ത്രം കൂ​ടി.
കൈ ​നി​വ​ർ​ത്തി അ​തി​ൽ അ​ൾ​ത്താ​ര​യെ പ്ര​തി​ഷ്ഠി​ച്ചു. കൈ​ക്കു​ന്പി​ളി​ൽ തിരുവോസ്തിയും തി​രു​ര​ക്തവും സങ്കൽപിച്ചു. കാ​ഴ്ച​വ​യ്പു പ്രാ​ർ​ഥ​ന ഉ​രു​വി​ട്ട് ബ​ലി അ​ർ​പ്പിച്ചു. മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി, അ​ന്നു മ​രി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി, അ​ന്നു ജ​നി​ക്കുന്നവർക്കു​വേ​ണ്ടി, പ്രി​യ​പ്പെ​ട്ട​വ​ർ​ക്കു മാ​ത്ര​മ​ല്ല ബ​ന്ദിയാ​ക്കി​യ​വ​ർ​ക്കുംവേ​ണ്ടി എല്ലാ ബലികളും സ​മ​ർ​പ്പി​ച്ചു.
തുടർന്ന് കൈെ ​കൂ​പ്പി ത​ല കു​ന്പി​ട്ടി​രു​ന്ന് ക​രു​ണ​ക്കൊ​ന്ത​ക​ൾ ചൊ​ല്ലി​ക്കൂ​ട്ടി. ക​ണ്ണ​ട​യുംവ​രെ കൊ​ന്ത. ഉ​റ​ക്കം തെ​ളി​യു​ന്പോ​ൾ ഭ​ക്ഷി​ക്കാ​നു​ള്ള​ത് അ​വ​ർ ത​റ​യു​ടെ കോ​ണി​ൽ അ​ട​ച്ചു​വ​ച്ചി​ട്ടു​ണ്ടാ​വും.

ര​ണ്ടി​ട​ത്തു മു​റി​യോ​ടു ചേ​ർ​ന്നു ടോ​യ്‌‌ലറ്റു​ണ്ടാ​യി​രു​ന്നു. മ​റ്റു ര​ണ്ടി​ട​ത്ത് അ​ൽ​പം മാ​റി​യും. ടോ​യ്‌‌ലറ്റി​ൽ പോകുന്പോൾ മാത്രം ക​ണ്ണു കെ​ട്ടി​യ തു​ണി അ​ഴി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു.
അ​വ​രു​ടെ മു​ഖം ഞാ​ൻ കാ​ണ​രു​തെ​ന്ന് അ​വ​ർ​ക്കു നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ, കെ​ട്ട് ഒ​രു നി​മി​ഷം ഉ​യ​ർ​ത്തി നോ​ക്കാ​ൻ അ​നു​വ​ദി​ക്കും. പാ​ത്ര​ത്തി​ൽ മാ​ത്രം എ​നി​ക്കു നോ​ക്കാം.
പാ​ലും മു​ട്ട​യും ബ​ദാ​മും ചോ​റു​മൊ​ക്കെ ത​ന്നു. ഞാ​ൻ ഇ​ന്ത്യ​ക്കാ​ര​നും ക്രൈസ്തവ വൈ​ദി​ക​നു​മാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട്.
പു​റു​ത്തു​ പോ​യിവ​രു​ന്പോ​ൾ അ​വ​രി​ലൊ​രാ​ൾ ചോ​ക്ലേ​റ്റ് കൊ​ണ്ടു​വ​രു​മാ​യി​രു​ന്നു. എ​നി​ക്കു പ്ര​മേ​ഹം ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞി​ട്ടും അ​യാ​ളു​ടെ ഉ​ള്ളി​ലെ സ്നേ​ഹം അ​ങ്ങ​നെ കാ​ണി​ച്ചി​രു​ന്നു. പ​ണ​ത്തി​നുവേ​ണ്ടി വി​ല​പേ​ശു​ക​യും എ​ന്നെ മ​ർ​ദി​ക്കു​ന്ന​താ​യി കാ​ണി​ച്ച് വീ​ഡി​യോ എ​ടു​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ അ​വ​ർ എ​ഴു​തി​ത്ത​ന്ന​തൊ​ക്കെ പ​റ​യു​ക​യ​ല്ലേ എ​നി​ക്കു സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ.
ബ​ന്ദി​യാ​ക്ക​പ്പെ​ട്ട​തു​പോ​ലെ ക​ണ്ണു​ കെ​ട്ടി​യാ​യി​രു​ന്നു അ​വ​രു​ടെ പി​ടി​യി​ൽ നി​ന്നു​ള്ള മോ​ച​ന​വും. അവസാനത്തെ തടവറയിൽനിന്ന് ഒ​ന്ന​ര ദി​വ​സം നീ​ണ്ട വി​മോ​ച​ന യാ​ത്ര. ഇ​ട​യ്ക്കെ​പ്പോ​ഴോ വാ​ഹ​നം മാ​റി. ഒ​മാ​നി​ലെ​ത്തി​യ​പ്പോ​ൾ ആ​രോ ക​ണ്ണു​ക​ളെ സ്വ​ത​ന്ത്ര​മാ​ക്കി. കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട എ​ന്നെ ഏ​റ്റെ​ടു​ത്ത​വ​രു​ടെ മു​ഖ​മാ​ണ് ഞാ​ൻ ആ​ദ്യം ക​ണ്ട​ത്. പി​ന്നെ വി​മാ​നം ഖ​ത്ത​റി​ലേ​ക്ക് ഉ​യ​രു​ന്പോ​ൾ ഞാ​ൻ ലോ​ക​ത്തെ ക​ണ്ടു. അ​ങ്ങു​ ദൂ​രെ യെ​മ​നും ഏ​ദ​നും. മ​ദ​ർ തെ​രേ​സ​യു​ടെ അ​ഗ​തി​മ​ന്ദി​രം. അ​വി​ടെ ര​ക്തം ചി​ന്തി​യ നാ​ലു സ​ഹോ​ദ​രി​മാ​ർ.

അ​ട​ച്ചു​പൂ​ട്ട​പ്പെ​ട്ട ആ ​ദി​ന​രാ​ത്ര​ങ്ങ​ളി​ലൊ​ന്നും ക​ര​ഞ്ഞി​ല്ലെ​ന്നു പ​റ​ഞ്ഞ അ​ച്ച​ൻ അ​വ​സാ​നം തി​രു​ത്തി. ഞാ​ൻ ഒ​രി​ക്ക​ൽ​ മാ​ത്രം കരഞ്ഞു; റോ​മി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്കു മു​ന്നി​ൽ മു​ട്ടു​കു​ത്തി നി​ന്ന​ വേ​ള​യി​ൽ. ആ ​നാ​ലു ക​ന്യാ​സ്ത്രീ​ക​ൾ എ​ന്‍റെ ക​ണ്‍​മു​ൻ​പി​ലാ​ണ് പി​താ​വേ മ​രി​ച്ചു​വീ​ണ​തെ​ന്നു പാ​പ്പാ​യോ​ടു പ​റ​ഞ്ഞ​പ്പോ​ൾ ഞാ​ൻ വി​തു​ന്പി​പ്പോ​യി.

ന​ക്ഷ​ത്ര​ങ്ങ​ളു​ടെ വ​ർ​ണ​പ്ര​ഭ​യി​ൽ, മഞ്ഞുപെയ്യുന്ന ഈ ക്രി​സ്മ​സ് രാ​ത്രി, സ്വ​ർ​ഗ​ത്തി​ൽ മ​ഹി​മ​യു​ടെ സിം​ഹാ​സ​ന​ത്ത​ന​രി​കെ നാ​ലു പ്ര​ഭാ​വ​ല​യ​ങ്ങ​ൾ തെ​ളി​യു​ന്പോ​ൾ പ്രത്യാശിക്കാം അ​വ​ർ ഏ​ദ​നിൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ വി​ശു​ദ്ധ താ​ര​ക​ങ്ങ​ളാ​ണെ​ന്ന്.

റെ​ജി ജോ​സ​ഫ്