ആൽഫ്രഡ് ആത്മവിശ്വാസം
ജിബിൻ കുര്യൻ
Sunday, May 4, 2025 12:23 AM IST
മുടങ്ങാതെ പത്രം വായന, ദിവസം എട്ടു മുതൽ പത്തു മണിക്കൂർ വരെ പഠനം, തോറ്റിട്ടും പിന്മാറാത്ത പോരാട്ടവീര്യം... സിവിൽ സർവീസിന്റെ റെഡ്കാർപെറ്റിലൂടെ അങ്ങനെ ആൽഫ്രഡ് ചുവടുവച്ചു.
നാലാം പ്രാവശ്യവും സിവിൽ സർവീസ് കടന്പയുടെ അവസാനത്തെ ബാറിൽ തട്ടി വീണപ്പോൾ ആൽഫ്രഡ് തോമസ് തന്നോടു തന്നെ ചോദിച്ചു. ഇനി ഞാൻ ഇതിനു വേണ്ടി ശ്രമിക്കണോ? അതോ മതിയാക്കി മടങ്ങണമോ? പാടില്ല. നാലു തവണ നീ പ്രിലിമിനറി കടന്നില്ലേ... ആ ആത്മവിശ്വാസം മതി, അവസാന കടന്പയും നീ കടക്കും... ഉള്ളിലിരുന്ന് ആരോ മന്ത്രിച്ച ആ വാക്കുകൾ ഊർജമായപ്പോൾ ഇതാ ആൽഫ്രഡ് തോമസ് സിവിൽ സർവീസിന്റെ റെഡ് കാർപെറ്റിലൂടെ ചുവടുവയ്ക്കുന്നു.
തോൽക്കും പിന്മാറരുത്
അഞ്ചാം വട്ട ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ മലയാളികളിൽ ഏറ്റവും ഉയർന്ന റാങ്ക് എന്ന ബഹുമതിയുമായിട്ടാണ് ആൽഫ്രഡ് നിൽക്കുന്നത്. ഏതു ദൗത്യത്തിനും തുടക്കത്തിൽ പരാജയം ഉണ്ടായേക്കാം. എന്നാൽ, മനസും ശരീരവും തളരുത്. മുന്നേറുക, തോൽവി വിജയത്തിനു വഴിമാറും... ഈ വാക്കുകളിലുണ്ട് ആൽഫ്രഡിന്റെ ആത്മവിശ്വാസം.
സിവിൽ സർവീസ് പരീക്ഷയിൽ 33-ാം റാങ്ക് നേടിയ ആൽഫ്രഡ് തോമസ് കോട്ടയം പാലാ പാറപ്പള്ളി കാരിക്കക്കുന്നേൽ കുടുംബാംഗമാണ്. പിതാവ് തോമസ് ആന്റണി ഡൽഹിയിൽ ഫ്രീലാൻസ് കണ്‍സൾട്ടന്റായും അമ്മ മുണ്ടക്കയം ഇഞ്ചിയാനി ആലക്കളം ടെസി തോമസ് ഡൽഹി സെന്റ് ജോണ്‍സ് അക്കാഡമിയിൽ അധ്യാപികയായും ജോലി ചെയ്യുകയായിരുന്നു. ഏറെക്കാലം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ ആൽഫ്രഡിന്റെ മാതാപിതാക്കൾ വിരമിച്ച ശേഷം രണ്ടു വർഷം മുന്‍പാണ് പാലായിൽ താമസമാക്കിയത്.
സിവിൽ സർവീസ് സ്വപ്നം
ആൽഫ്രഡിന്റെ സ്കൂൾ, കോളജ് പഠനം ഡൽഹിയിലായിരുന്നു. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ബിടെക് വിദ്യാർഥിയായിരിക്കുന്പോഴാണ് സിവിൽ സർവീസ് മോഹം ഉദിക്കുന്നത്. മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗ് എന്ന വിഷയത്തിലായിരുന്നു എൻജിനിയറിംഗ് പഠനം. പഠന ഭാഗമായുള്ള ഇന്റേണ്‍ഷിപ് ചെയ്യുമ്പോൾ ഈ ജോലിയിൽ ഒരു തൃപ്തിയില്ലെന്നു തോന്നി. ജനങ്ങളുമായി കുറച്ചുകൂടി ഇടപെട്ടുള്ള ജോലി വേണമെന്ന ചിന്ത ശക്തമായി.
പിതാവ് തോമസ് ആന്റണിയുടെ ജോലിയും പ്രചോദനവും സിവിൽ സർവീസ് എന്ന സ്വപ്നത്തിനു ചിറകേകി. ചാർട്ടേഡ് അക്കൗണ്ടൻസി ആർട്ടിക്കിൾഷിപ് ചെയ്യുന്ന ഏക സഹോദരി എയ്ഞ്ചലയുടെ പിന്തുണ കൂടിയായതോടെ 2019ൽ ബിടെക് പൂർത്തിയാക്കി സിവിൽ സർവീസ് പഠനത്തിനു തുടക്കം കുറിച്ചു. ഗണിതം തന്നെ ഐച്ഛിക വിഷയമാക്കി. ഡൽഹിയിലും പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലുമായിരുന്നു പരിശീലനം.
പഠനം ഇങ്ങനെ
ദിവസവും എട്ടു മണിക്കൂർ മുതൽ 10 മണിക്കൂർ വരെ പഠിക്കുന്നതായിരുന്നു രീതി. രാത്രി വൈകിയും പുലർച്ചെയുമൊക്കെയായിരുന്നു പഠനം. മാതാപിതാക്കൾ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. കോളജ് പഠനകാലത്തെ അധ്യാപകരായ അവിനാശ്, നവ്യ എന്നിവർ മോട്ടിവേഷനുമായി മെന്റർമാരായി.
ആനുകാലിക സംഭവങ്ങളും വാർത്തകളും സമഗ്രമായി നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും ചെയ്തിരുന്ന ആൽഫ്രഡ് മലയാളം, ഇംഗ്ലീഷ് പത്രവായന മുടക്കില്ല. ദിനപത്ര വായന ഒരു തപസ്യയാക്കി. ദിവസവും പഠനത്തിനും അറിവിനുമായി നോട്ടുകൾ കുറിച്ചുവച്ചു. അതേസമയം, ചത്തുപഠിക്കുകയല്ലായിരുന്നു, വിനോദത്തിനും വിശ്രമത്തിനുമൊക്കെ സമയം കണ്ടെത്തിയിരുന്നു. ഫുട്ബോൾ എറെ ഇഷ്ടമുള്ള ആൽഫ്രഡ് ചാനലുകളിൽ പ്രധാന ഫുട്ബോൾ മത്സരങ്ങളും കാണുക മാത്രവുമല്ല ഡൽഹിയിലും പാലായിലും ഇടവേളകളിൽ ഫുട്ബോൾ കളിക്കാനും സമയം കണ്ടെത്തി.
ഹൃദ്യമായിരുന്ന അഭിമുഖം
ദിവസവും പഠിച്ചുതീർക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു ആൽഫ്രഡ് പദ്ധതി തയാറാക്കിയിരുന്നു. അതു പഠിക്കുന്നതിൽ വീഴ്ച വരുത്തിയില്ല. അഭിമുഖമായിരുന്നു മറ്റൊരു പ്രധാന കടന്പ. അഭിമുഖത്തിനായി പല തവണ പലേടങ്ങളിൽ പ്രത്യേകം പരിശീലനം നടത്തിയെങ്കിലും പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു കൂടുതൽ പരിശീലനം.
സൗഹാർദപരമായ സംഭാഷണം പോലെ സിവിൽ സർവീസ് അഭിമുഖ പരീക്ഷ ഹൃദ്യമായിരുന്നുവെന്നാണ് ആൽഫ്രഡിന്റെ അനുഭവം. ഫുട്ബോൾ ഇഷ്ടമാണെന്ന് ബയോഡേറ്റയിൽ കുറിച്ചിരുന്നതിനാൽ ബംഗാളിലെ ഫുട്ബോൾ ക്ലബുകളും ഫുട്ബോളിൽ ഇന്ത്യയുടെ പ്രകടനവും ലോകകപ്പും ഒക്കെ ആവർത്തിച്ചുള്ള ചോദ്യങ്ങളായി. ഏപ്രിൽ നാലിനായിരുന്നു ഡൽഹി യുപിഎസ്സി ആസ്ഥാനത്ത് ഇന്റർവ്യു. അന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. അതേക്കുറിച്ചും അഭിമുഖത്തിൽ ഗൗരവമുള്ള ചോദ്യങ്ങളുണ്ടായി.
മുടക്കാത്ത പ്രാർഥന
പഠനത്തിനൊപ്പം പ്രാർഥനയ്ക്കും ആൽഫ്രഡ് സമയം മാറ്റിവച്ചിരുന്നു. ഡൽഹിയിൽ സെന്റ് ഫ്രാൻസിസ് അസീസി, സെന്റ് സെബാസ്റ്റ്യൻസ് പള്ളികളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കും. പിന്നെ സമയം കിട്ടുന്പോഴൊക്കെ പള്ളികളിൽ പോയി നിശബ്ദമായി ഇരിക്കും.
നാട്ടിലായിരിക്കെ ഇടവക ദേവാലയമായ പാലാ സെന്റ് തോമസ് കത്തീഡ്രലിലും ളാലം പഴയ പള്ളിയിലും വിശുദ്ധ കുർബാനയിലും നൊവേനയിലും പങ്കെടുക്കുന്നതു മുടക്കിയിട്ടില്ല. ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യവും തേടിയിരുന്നു.
ഡൽഹി സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർ, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോണ്‍. സെബാസ്റ്റ്യൻ വേത്താനം, പ്രിൻസിപ്പൽ ഡോ. വി.വി. ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഏറെപ്പേരുടെ പിന്തുണയും അനുഗ്രഹവും ലഭിച്ചു. സാമൂഹിക സേവനം ആഗ്രഹിക്കുന്നതിനാൽ സിവിൽ സർവീസിൽ ഐഎഎസ് തന്നെ ലഭിക്കണമെന്നാണ് വലിയ ആഗ്രഹം.
പ്ലസ് ടുവിനു ശേഷം ഇക്കാലത്തു മിക്കവരും വിദേശരാജ്യങ്ങളിൽ പഠനവും ജോലിയും തേടി നാടുവിടുകയാണ്. നമ്മുടെ നാട്ടിൽ ധാരാളം പഠന കേന്ദ്രങ്ങളും തൊഴിലവസരവുമുണ്ട്. നല്ല പരിശ്രമവും കൃത്യമായ ആസൂത്രണവും കഠിനാധ്വാനത്തിനുള്ള മനസുമുണ്ടെങ്കിൽ ജീവിതവിജയത്തിന് എവിടെയും പോയി അലയേണ്ടതില്ലെന്നാണ് ആൽഫ്രഡിന്റെ ഉറച്ച വാക്കുകൾ.