ഭൂമിയിൽ കാണാത്ത സൂര്യഗ്രഹണം ഒപ്പിയെടുത്ത് എസ്ഡിഒ
പി.ടി. ബിനു
Sunday, May 4, 2025 1:13 AM IST
ബഹിരാകാശത്തു മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങൾ ജ്യോതിശാസ്ത്രജ്ഞന്മാർക്ക് അദ്ഭുതമായി! യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി (Solar Dynamics Observatory- SDO) ആണ് സൂര്യഗ്രഹണത്തിന്റെ അപൂർവദൃശ്യങ്ങൾ ഒപ്പിയെടുത്തത്. ഏപ്രിൽ 27നായിരുന്നു സംഭവം. സൂര്യന്റെ 23 ശതമാനവും മറഞ്ഞതായിരുന്നു. എന്നാൽ, ഭൂമിയിൽനിന്ന് കാണാനാകുമായിരുന്നില്ല.
2010 ഫെബ്രുവരിയിലാണ് സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി നാസ വിക്ഷേപിച്ചത്. പ്രധാനമായും സൂര്യനെ നിരീക്ഷിക്കുകയാണു ലക്ഷ്യം. തുടർച്ചയായ നിരീക്ഷണത്തിനു സാധ്യമാകുന്ന ഉപഗ്രഹമാണ് എസ്ഡിഒ. വിക്ഷേപണശേഷം ഗ്രഹണങ്ങൾ സംഭവിച്ചിട്ടുണ്ട്. അവയിൽ പലതും ഭൂമിയിൽനിന്നു ദൃശ്യമായിരുന്നില്ല. നാസയുടെ കണക്കനുസരിച്ച്, മേയ് 25ന് സൂര്യന്റെ നാലു ശതമാനം മാത്രം മൂടുന്ന മറ്റൊരു ഗ്രഹണം ഉണ്ടാകും. സൂര്യന്റെ 62% മൂടുന്ന മറ്റൊരു ഗ്രഹണം ജൂലൈ 25ന് സംഭവിക്കുമെന്നും നാസ അറിയിച്ചു.
ബ്ലഡ് മൂൺ
ഭൂമിയിൽനിന്നു ദൃശ്യമായ അവസാന സൂര്യഗ്രഹണം മാർച്ചിലായിരുന്നു. അതിനു ശേഷമാണ് ചന്ദ്രൻ ചുവപ്പ് നിറത്തിലേക്കു മാറിയത്. അസ്തമയ സൂര്യൻ ചുവപ്പായി കാണപ്പെടുന്ന അതേ അന്തരീക്ഷ പ്രഭാവം ചന്ദ്രനെ ബാധിക്കുന്നതിനാൽ ഈ പ്രതിഭാസം "ബ്ലഡ് മൂൺ' എന്നാണ് അറിയപ്പെടുന്നത്. ഭൂമിയിൽനിന്നു ദൃശ്യമാകുന്ന അടുത്ത സൂര്യഗ്രഹണം സെപ്റ്റംബർ 21ന് ആണ്. ന്യൂസിലാൻഡ്, ദക്ഷിണ പസഫിക്, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാകും.
2026 ഓഗസ്റ്റ് 12ന് പൂർണ സൂര്യഗ്രഹണം സംഭവിക്കും. കിഴക്കൻ ഗ്രീൻലാൻഡ്, പടിഞ്ഞാറൻ ഐസ്ലാൻഡ്, വടക്കൻ സ്പെയിൻ എന്നിവിടങ്ങളിൽ ദൃശ്യമാകും. പൂർണ സൂര്യഗ്രഹണം രണ്ടു മിനിറ്റിലേറെ നീളും. പൂർണസൂര്യഗ്രഹണം ശരിക്കും താരമഹോത്സവമാണ്.