വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലയാളിയായ ഷോൺ ജെ. എബ്രഹാം (ഷാൻ) ഷിക്കാഗോ ഇമിഗ്രേഷൻ കോടതിയിലെ പുതിയ ഇമിഗ്രേഷൻ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
മേയ് മൂന്നാം വാരം വാഷിംഗ്ടൺ ഡിസിയിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. അമേരിക്കയിലെ ഇമിഗ്രേഷൻ കേസുകൾ കൈകാര്യം ചെയ്യുന്ന ഷിക്കാഗോ ഫെഡറൽ ജഡ്ജ് ആയിട്ടാണ് അദ്ദേഹം ഇനി സേവനമനുഷ്ഠിക്കുക.
ഷിക്കാഗോയിൽ താമസിക്കുന്ന മാത്യുസ് അബ്രഹാമിന്റെയും (കുഞ്ഞുമോൻ) ഗ്രേസ് എബ്രഹാമിന്റെയും (ബേബി) മകനാണ് ഷോൺ. നിമ്മി എബ്രഹാമാണ് ഭാര്യ. മക്കൾ: സെക്കി, സാറ. ട്രെയ്സി കുരിയൻ ഏക സഹോദരിയുമാണ്.
മികച്ച വിദ്യാഭ്യാസ പശ്ചാത്തലവും നിയമരംഗത്തെ നീണ്ട പ്രവൃത്തിപരിചയവുമാണ് ഷോൺ എബ്രഹാമിനെ ഈ ഉന്നത പദവിയിൽ എത്തിച്ചത്.
2008-ൽ ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ സ്റ്റഡീസിൽ ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നേടിയ അദ്ദേഹം, 2011-ൽ ഒക്ലഹോമ സിറ്റി യൂണിവേഴ്സിറ്റി കോളജ് ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടറേറ്റും (നിയമ ബിരുദം) കരസ്ഥമാക്കി. നിലവിൽ ഇല്ലിനോയിസ് സ്റ്റേറ്റ് ബാറിലെ സജീവ അംഗമാണ് ജഡ്ജി എബ്രഹാം.