രാജാക്കാട്: ചിന്നക്കനാലിൽ തിങ്കളാഴ്ച രാവിലെ മക്കളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോകുമ്പോൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സിംഗുകണ്ടം അങ്കണവാടിത്തെരുവ് സ്വദേശി മാരി(36)യുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സൂര്യനെല്ലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
കാട്ടാന ആക്രമിച്ചു വീഴ്ത്തിയ സ്ഥലത്തിനു സമീപത്തായിതന്നെയായിരുന്നു പൊതുദർശനം. കാട്ടാനകളുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മകൻ രക്ഷിൻ(11) സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തില്ല.
ഇന്നലെ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ആരംഭിച്ചത്. ഉച്ചയ്ക്ക് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മാരിയുടെ മൃതദേഹം സുര്യനെല്ലിയിൽ എത്തിച്ചത്.
10 മിനിറ്റ് പൊതുദർശനത്തിനു ശേഷം പൊതുശ്മശാനത്തിൽ മൃതദേഹം എത്തിച്ചു സംസ്കരിച്ചു. മകൾ രക്ഷിണയാണ് ചിതയ്ക്കു തീ കൊളുത്തിയത് എംഎൽഎമാരായ സേനാപതി വേണു, എഫ്. രാജ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ സാബു, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.