ഒരു സ്റ്റാൻഡ്-അപ്പ് കോമഡി ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വെബ് ഡെവലപ്പറെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗുരുഗ്രാം സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ഹിമാൻഷു ജാൻഗ്രയെയാണ് ഇയാൾ ജോലി ചെയ്തിരുന്ന 'സ്റ്റാർവിക് ഡിസൈൻ' എന്ന സ്ഥാപനം പുറത്താക്കിയത്.
കൊമേഡിയൻ പ്രണീത് മോറെ പങ്കുവെച്ച ഒരു വീഡിയോയിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. മുൻപ് ഒരു ഡേറ്റിങ്ങിന് പോയപ്പോൾ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയ്ക്ക് 370 രൂപയുടെ ബിരിയാണി വാങ്ങിനൽകിയെന്നും, പണം ചിലവാക്കിയ സ്ഥിതിക്ക് അതിന് പകരമായി അവരിൽ നിന്നും ശാരീരികമായ ചില ആവശ്യങ്ങൾ താൻ പ്രതീക്ഷിച്ചിരുന്നു എന്നുമാണ് ഹിമാൻഷു വീഡിയോയിൽ പറയുന്നത്.
കൂടാതെ വെളിച്ചമില്ലാത്ത ഇരുണ്ട പാർക്കിലേക്ക് പോകാൻ പെൺകുട്ടിയെ നിർബന്ധിച്ചതായും ഇയാൾ സമ്മതിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ജനരോഷം ഉയരുകയും, ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ പ്രതിഷേധിക്കുകയും ചെയ്തു.
ഇതോടെ, ഓഫീസിന് പുറത്തുനടന്ന ഈ സംഭവം സ്ഥാപനത്തിന്റെ സൽപേരിനെയും തൊഴിലന്തരീക്ഷത്തെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി കമ്പനി ഉടമ വിവേക് വിശ്വകർമ ഹിമാൻഷുവിനെ ജോലിയിൽ നിന്നും നീക്കുകയായിരുന്നു. ഇയാളുടെ നിലപാടുകളെ കമ്പനി യാതൊരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.