ഡൽഹിയെ ഞെട്ടിച്ച ഒരു പുതിയ തട്ടിപ്പ് രീതിയെക്കുറിച്ചുള്ള യുവാവിന്റെ മുന്നറിയിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്.
ലക്ഷ്മി നഗർ സ്വദേശിയായ ഒരു യുവാവാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ നിന്നും ഉൾക്കൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ ഈ കവർച്ചാ ആസൂത്രണം പുറത്തുവിട്ടത്.
കാർ യാത്രക്കാരുടെ ശ്രദ്ധ തെറ്റിച്ച് അവരുടെ വിലപിടിപ്പുള്ള സാധനങ്ങൾ കവരുന്ന ഉത്തരേന്ത്യൻ സംഘങ്ങളുടെ പുതിയ തന്ത്രമാണ് ഇപ്പോൾ വെളിച്ചത്തായിരിക്കുന്നത്.
തന്റെ വാഹനം പാർക്ക് ചെയ്തിരുന്ന സമയത്ത് ഒരാൾ അടുത്ത് വരികയും കാറിനരികിൽ കുറച്ചു പണം വീണുകിടക്കുന്നുണ്ടെന്ന് പറയുകയുമായിരുന്നു എന്ന് യുവാവ് വ്യക്തമാക്കുന്നു.
എന്നാൽ ഇതിന് പിന്നിലെ ചതിക്കുഴി മനസിലാക്കിയ അദ്ദേഹം പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ താഴെ കിടക്കുന്ന പണമെടുക്കാൻ ഡ്രൈവർമാർ ഡോർ തുറക്കുമ്പോൾ കാറിന്റെ സെൻട്രൽ ലോക്കിംഗ് സംവിധാനം പൂർണമായും അൺലോക്കാകും.
ഈ തക്കം നോക്കി വാഹനത്തിന്റെ മറുഭാഗത്ത് ഒളിച്ചുനിൽക്കുന്ന മറ്റ് സംഘാംഗങ്ങൾ ലാപ്ടോപ്പോ പണമടങ്ങിയ ബാഗോ കവർന്ന് നിമിഷങ്ങൾക്കകം രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.
നൂറോ ഇരുന്നൂറോ രൂപ നഷ്ടപ്പെടുത്തി ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ തട്ടിയെടുക്കുന്ന ഈ ബുദ്ധിപരമായ കവർച്ചയെക്കുറിച്ച് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇയാൾ ദൃശ്യങ്ങൾ സഹിതം പങ്കുവെച്ചത്.
ഇതിനോടകം നാല് കോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. തട്ടിപ്പുകാരുടെ പുതിയ ആശയങ്ങളെ പരിഹസിച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
വെറും 150 രൂപയുടെ നിക്ഷേപത്തിലൂടെ ഒരു ലക്ഷത്തിന്റെ ലാഭമുണ്ടാക്കുന്ന തസ്കര ബുദ്ധിയെ ചിലർ പരിഹസിക്കുമ്പോൾ, ചണ്ഡീഗഢ് പോലുള്ള മറ്റ് നഗരങ്ങളിലും തങ്ങളുടെ പരിചയക്കാർക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു.
അപരിചിതർ വന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുമ്പോൾ വാഹനത്തിനുള്ളിലിരിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന വലിയൊരു സന്ദേശമാണ് ഈ സംഭവം നൽകുന്നത്.