പാരിപ്പള്ളി: ദേശീയപാതയില്‍ പാരിപ്പള്ളിയില്‍ മേല്‍പാതയുടെ മണ്‍ഭിത്തിയുടെ മതില് (ആര്‍ഇ വോള്‍) പുറത്തേക്കു തള്ളിയ നിലയില്‍. മേല്‍പാതയിലെ വെള്ളം ഒഴുകിപ്പോകുന്നതിന് 30 അടിയോളം ഉയരത്തില്‍ നിന്നു സ്ഥാപിച്ച പൈപ്പുകള്‍ വളഞ്ഞു നില്‍ക്കുകയാണ്.
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത വീണ്ടും ആശങ്ക വിതയ്ക്കുകയാണ്. തിരുവനന്തപുരം ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്കുള്ള പാതയില്‍ അമൃത സ്കൂളിനും പാരിപ്പള്ളി ജംഗ്ഷനും ഇടയില്‍ മേല്‍പാത അപകടാവസ്ഥയിലാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സ്കൂള്‍ പരിസരത്തു മേല്‍പ്പാത പുറത്തേക്കു തള്ളിനില്‍ക്കുന്നത് വലിയ അപകടത്തിന് വഴിയൊരുക്കുമെന്ന ഭയത്തിലാണ് നാട്ടുകാര്‍.
ഇതിനു സമീപം മേല്‍പാതയുടെ ആര്‍ഇ ദ്വാരത്തില്‍ ആപ്പ് കണക്കെ ഇരുമ്പു കമ്പികള്‍ അടിച്ചു കയറ്റിയിട്ടുണ്ട്. തുളച്ചു കയറ്റുന്ന കമ്പികള്‍ മണ്ണില്‍ ചെന്നു നില്ക്കുന്നതിനാല് ബലം ഉണ്ടാകില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. മേല്‍പാതയുടെ ബലക്ഷയം മൂലമാണ് ഓരോ കോണ്‍ക്രീറ്റ് സ്ലാബിന്റെ നാലു മൂലകളും തുളച്ചു ഇരുമ്പു കമ്പി അടിക്കുന്നതെന്നും സ്ലാബുകള്‍ ഇളകി വീഴാതിരിക്കാനാണ് ഇതെന്നും നാട്ടുകാര്‍ ആരോപിച്ചു. മറ്റ് മേല്‍പ്പാതകളില്‍ ഇത്തരം നിര്‍മാണ രീതി ഇല്ല. മണ്ണിനു ബലക്ഷയം ഉള്ള പ്രദേശമാണിവിടം.
ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് ഇടയിലൂടെ വെള്ളം ഒഴുകുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. മേല്‍പ്പാതയിലെ മഴ വെള്ളം സര്‍വീസ് റോഡിലേക്ക് ഒഴുക്കുന്നതിനു മറ്റു ഭാഗങ്ങളില്‍ നിശ്ചിത അകലത്തിലാണ് പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ അടുത്തടുത്തായി പൈപ്പ് സ്ഥാപിച്ചിരിക്കുകയാണ്. ഇങ്ങനെ സ്ഥാപിച്ച പൈപ്പും മതിലിനൊപ്പം വളഞ്ഞു നില്‍ക്കുകയാണ്.