തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തി. മാധ്യമപ്രവർത്തകർക്ക് സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനി മുതൽ അവർ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് നിർബന്ധമാക്കി. ശിപാർശ ഇല്ലാത്ത പക്ഷം മാധ്യമപ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.
മാധ്യമ നിയന്ത്രണത്തിന് പുറമെ സെക്രട്ടറിയേറ്റിലെ പ്രധാന കവാടമായ സമര ഗേറ്റും അധികൃതർ അടച്ചുപൂട്ടി. ഇടക്കാലത്ത് കുറച്ചുദിവസത്തേക്ക് തുറന്നുകൊടുത്തിരുന്ന ഈ പ്രധാന ഗേറ്റാണ് ഇപ്പോൾ വീണ്ടും വലിയ ബാരിക്കേഡുകൾ സ്ഥാപിച്ച് പൂർണമായി അടച്ചിട്ടിരിക്കുന്നത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്തായിരുന്നു സെക്രട്ടറിയേറ്റിൽ ആദ്യമായി മാധ്യമപ്രവർത്തകർക്ക് സമാനമായ രീതിയിൽ വിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിത്തുടങ്ങിയത്. അന്ന് ഈ നടപടിക്കെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷവും ഈ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്ന നിലപാടാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.