ആലപ്പുഴ: ഊത്തപിടിത്തം ഇനി നടക്കില്ല. ഒഴുക്കിനെതിരേ സഞ്ചരിക്കുന്ന നാടൻ മത്സ്യങ്ങളെ ലക്ഷ്യമിട്ട് മഴക്കാലത്ത് നടക്കുന്ന മത്സ്യബന്ധനത്തിനെതിരേ ഫിഷറീസ് വകുപ്പ് ശക്തമായ നടപടികളുമായി രംഗത്ത്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തോടെ പ്രജനനത്തിനായി പുഴകളിൽനിന്നു തോടുകളിലേക്കും പാടശേഖരങ്ങളിലേക്കുമാണ് ഊത്തകയറ്റം എന്നറിയപ്പെടുന്ന മത്സ്യങ്ങളുടെ പലായനം നടക്കുന്നത്.
ഈ പ്രജനനകാല സഞ്ചാരത്തിനിടെ വയർ നിറയെ മുട്ടകളുമായി എത്തുന്ന മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാണ്. മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം തടസപ്പെടുത്തി തൂമ്പിൽ വലകളും അനധികൃത കൂടുകളും സ്ഥാപിച്ച് മത്സ്യങ്ങളെ പിടിക്കുന്ന പ്രവണത സമീപകാലത്ത് വ്യാപകമായിട്ടുണ്ട്.
കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട്, 2010 പ്രകാരം പ്രജനനക്ഷമതയുള്ള മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നതും മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരത്തിനു തടസം സൃഷ്ടിക്കുന്നരീതിയിൽ വലകളോ മറ്റ് ഉപകരണങ്ങളോ സ്ഥാപിക്കുന്നതും കുറ്റകരമാണ്.
കൂടാതെ 20 മില്ലിമീറ്ററിൽ താഴെ കണ്ണിവലുപ്പമുള്ള വലകൾ ഉപയോഗിക്കൽ, ലൈസൻസില്ലാതെയുള്ള മത്സ്യബന്ധനം, മത്സ്യസങ്കേതങ്ങളിലെ അനധികൃത മത്സ്യബന്ധനം, വിഷം, വൈദ്യുതി, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവ നിയമവിരുദ്ധമാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്.
ആക്ട് പ്രകാരമുള്ള കുറ്റങ്ങൾക്ക് പിഴയും തടവും ലഭിക്കാം. ആദ്യകുറ്റത്തിന് പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് കൂടുതൽ കർശന ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
പള്ളിപ്പാടും വീയപുരവും കേന്ദ്രീകരിച്ച് പട്രോളിംഗ്
നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി, ആലപ്പുഴ ഫിഷറീസ് വകുപ്പിന്റെയും തൃക്കുന്നപ്പുഴ മത്സ്യഭവന്റെയും ആഭിമുഖ്യത്തിൽ പള്ളിപ്പാട് നാലുകെട്ടുംചിറ, 28ൽകടവ്, വീയപുരം വള്ളക്കാലുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഉൾനാടൻ മത്സ്യബന്ധന പട്രോളിംഗ് നടത്തി. പള്ളിപ്പാട് നാലുകെട്ടുംചിറയിലും 28ൽകടവിലും നടത്തിയ പരിശോധനയിൽ തൂമ്പിൽ വല സ്ഥാപിച്ച് മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം തടസപ്പെടുത്തി ചെറുമത്സ്യങ്ങളെയും പ്രജനനക്ഷമതയുള്ള മത്സ്യങ്ങളെയും പിടിക്കുന്ന അനധികൃതമത്സ്യബന്ധന പ്രവർത്തനങ്ങൾ ചെയ്ത അഞ്ചു പേർക്ക് നിയമാനുസൃത നോട്ടീസ് നൽകി.
കൂടാതെ വീയപുരം വള്ളക്കാലുകൾ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന നിരവധി മത്സ്യക്കൂടുകളും നശിപ്പിച്ചു. ഇതിലൂടെ ആയിരക്കണക്കിന് ചെറുമത്സ്യങ്ങളെയും ഭാവിയിൽ പ്രജനനത്തിന് തയാറായ മത്സ്യങ്ങളെയും സംരക്ഷിക്കാൻ സാധിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. പള്ളിപ്പാട്, വീയപുരം മേഖലകളിലെ തോടുകളിലും അനുബന്ധ ജലാശയങ്ങളിലുമായി അനധികൃത മത്സ്യബന്ധനം തുടരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ, ജില്ലയുടെ പല ഭാഗങ്ങളിൽ ശക്തമായ പട്രോളിംഗ് നടപടികൾ തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അനധികൃത മത്സ്യബന്ധനം അറിയിക്കാം
അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ ഉള്‍നാടന്‍ ആക്ട് പ്രാരം കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. പരാതികള്‍ ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടര്‍ ഓഫീസിലോ, മത്സ്യഭവന് ഓഫീസുകളിലോ അറിയിക്കാവുന്നതാണ്. ഫോണ്‍-0477-2251103.