ചാത്തന്നൂര്‍: ആദിച്ചനല്ലൂര്‍ ചിറമുക്ക് തൈക്കാവ് രണ്ടാംനമ്പര്‍ ട്രാന്‍സ്ഫോമറിന്റെ പരിധിയിലുള്ള വീടുകളില്‍ പതിവായുണ്ടാകുന്ന അമിത വോള്‍ട്ടേജ് കാരണം വൈദ്യുതോപകരണങ്ങള്‍ വ്യാപകമായി നശിക്കുന്നു.
രണ്ടുദിവസങ്ങളിലായി ഈ ഭാഗത്തുമാത്രം രണ്ടുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. പരാതിപ്പെട്ടിട്ടും ഇതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കെഎസ്ഇബി അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ട്രാന്‍സ്ഫോമറാണ് ഇവിടെയുള്ളത്.മിക്ക ദിവസങ്ങളിലും പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നത് പതിവാണ്.
വീടുകളിലെ വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വൈദ്യുതി മുടങ്ങിയശേഷം തിരികെ വരുന്പോൾ അമിത വോള്‍ട്ടേജ് പ്രവാഹം കാരണം കത്തിപ്പോകുന്നു. പഞ്ചായത്ത് സ്കൂള്‍ മുതല്‍ ചിറയുടെ കിഴക്കേഭാഗം വരെയുള്ള പ്രദേശം ഇപ്പോഴും സിംഗിള്‍ഫെയ്സ് ലൈനിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതും വോള്‍ട്ടേജ് വ്യതിയാനത്തിന്റെ ആക്കം കൂട്ടുന്നു. പ്രദേശവാസികള്‍ക്കുണ്ടായ വന്‍ സാമ്പത്തിക നഷ്ടത്തിന് കെഎസ്ഇബി അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ വാര്‍ഡ് മെമ്പര്‍ ബി. ഹരികുമാര്‍ ആവശ്യപ്പെട്ടു.