മൂന്നു കോടി സ്മാര്‍ട്ഫോണ്‍, 50,000 വാട്‌സ്ആപ് ഗ്രൂപ്; ബംഗാള്‍ വിജയത്തിനു പിന്നില്‍ വാട്‌സ്ആപ് ആര്‍മി


മൂന്നു കോടി സ്മാര്‍ട് ഫോണ്‍, 50000 വാട്‌സ്ആപ് ഗ്രൂപ്. പതിനായിരത്തോളം പ്രവര്‍ത്തകര്‍. എട്ടു മാസം നീണ്ട രാപ്പകലില്ലാത്ത പ്രവര്‍ത്തനം. ബിജെപിയുടെ ബംഗാള്‍ വിജയത്തിനു പിന്നില്‍ ബിജെപി വാട്‌സ്ആപ് ആര്‍മി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ 48 സീറ്റുകളില്‍ 18 എണ്ണം നേടിക്കൊണ്ട് ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2014 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിയുടെ വോട്ടു ഷെയറില്‍ 17 ശതമാനം വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയകളെയടക്കം ഉപയോഗിച്ച് സംഘടനാ തലത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.ജെ.പി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇവിടെ ഇത്രയും വലിയ നേട്ടം അവര്‍ നേടിയെടുത്തത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഇടയ്ക്കിടെയുള്ള സന്ദര്‍ശനങ്ങളും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. സോഷ്യല്‍ മീഡിയ ടീം കൃത്യമായി ആസൂത്രണം ചെയ്ത തെരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നു ബിജെപിയുടെ പ്രചരണത്തിന് ഊര്‍ജം പകര്‍ന്നത്.
വടക്കന്‍ കൊല്‍ക്കത്തയില്‍ മൂന്ന് ബെഡ്‌റൂമുള്ള ഫ്‌ളാറ്റായിരുന്നു ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ കേന്ദ്രം. 2019ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനായി പതിനായിരത്തോളം പേര്‍ രാപ്പകലില്ലാതെ കഴിഞ്ഞ എട്ടു മാസമായി ബിജെപിയുടെ വിജയത്തിനായി പ്രയത്‌നിക്കുകയായിരുന്നു. ബംഗാളില്‍ 23 സീറ്റുകള്‍ നേടിയെടുക്കുകയായിരുന്നു ലക്ഷ്യം.
സാങ്കേതിക വിദഗ്ധനായ ഉജ്ജ്വല്‍ പരീക്കാണ് ബി.ജെ.പിയുടെ ബംഗാളിലെ സോഷ്യല്‍ മീഡിയ കാമ്പെയ്‌നിങ്ങിനെ നയിച്ചത്. ലണ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍മുല വണ്‍ടീമിലെ അംഗമാണ് ഉജ്ജ്വല്‍. ബി.ജെ.പി ഐ.ടി സെല്‍ മേധാവായിയ അമിത് മാളവ്യയില്‍ നിന്നു നേരിട്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നതും ഉജ്ജ്വലാണ്.

വിമത വിശ്വാസികള്‍ക്കു പോലും ത്രിണമൂല്‍ കോണ്‍ഗ്രസ് നോട്ടീസുകള്‍ അയക്കുന്ന ബംഗാള്‍ പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സോഷ്യല്‍ മീഡിയ കാംപെയിന്‍ നടത്തുക അത്ര എളുപ്പമല്ലായിരുന്നു എന്നാണ് ഉജ്ജ്വല്‍ പറഞ്ഞത്. ' ഞങ്ങള്‍ തുടര്‍ച്ചയായി ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടേയിരുന്നു. ഞങ്ങള്‍ ഫേസ്ബുക്കില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താലുടന്‍ സൈബര്‍ സെല്ലില്‍ നിന്ന് ഫോണ്‍ വരും. അതുകൊണ്ടാണ് പ്രചരണത്തിനായി ഞങ്ങള്‍ വാട്‌സ്ആപ്പിനെ പ്രയോജനപ്പെടുത്തി. ബംഗാളിലുള്ള മൂന്നു കോടിയോളം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ എത്തുക എന്ന ലക്ഷ്യത്തോടെ 50000 വാട്‌സ്ആപ് ഗ്രൂപ്പുകള്‍ ഞങ്ങള്‍ ഉണ്ടാക്കി. ഷെയര്‍ ചാറ്റ് എന്ന ആപ് ഉപയോഗിച്ചാണ് ബംഗാളിയില്‍ സന്ദേശങ്ങള്‍ അയച്ചത്. അവസാന 60 ദിവസത്തിനിടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിന് ലഭിച്ചത് രണ്ട് കോടി ഇംപ്രഷനുകളാണ്.' ഉജ്ജ്വല്‍ പറയുന്നു.
ഓരോരുത്തരിലേക്കും അരിച്ചിറങ്ങുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കിയതെന്നു ലോക്‌സഭ തലത്തില്‍ മത്സരിച്ച 42 പേരിലും ഇതേ മാതൃകയാണ് സ്വീകരിച്ചതെന്നും ഉജ്ജ്വല്‍ കൂട്ടിച്ചേര്‍ത്തു.
294പേര്‍ക്ക് നിയമസഭാ തലത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ബൂത്തുതലത്തിലുള്ള ഒരുക്കങ്ങള്‍ക്കായി ഞങ്ങള്‍ക്ക് മണ്ഡലങ്ങളും ശക്തി കേന്ദ്രങ്ങളുമുണ്ട്. 13,000 ശക്തികേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ 10,000ത്തോളം കേന്ദ്രങ്ങള്‍ക്ക് ഒരു ഐ.ടി ടീമുമുണ്ട്. ജയ് ശ്രീറാം എന്ന് ജനങ്ങള്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ മമത ദേഷ്യപ്പെടുന്നതിന്റെ മീമുകള്‍ ഈ വാട്‌സ്ആപ്പ് സൈന്യമാണ് വൈറലാക്കിയത്. അത് പ്രചരണത്തില്‍ ഏറെ സഹായിച്ചെന്നും ഇവര്‍ പറയുന്നു.