പാലക്കാടിനെ ഞടുക്കിയ അരുംകൊല! 5 പേര്‍ പിടിയില്‍


പാലക്കാട് കമ്പ, പാറലടി, പാറക്കല്‍ വീട്ടില്‍ ഷമീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 5 പ്രതികളെ ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ C. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.

കമ്പ, പാറക്കല്‍ വീട്ടില്‍, റഈസ് (19), അജ്മല്‍ എന്ന മുനീര്‍ (23), ഷുഹൈബ് (18), മേപ്പറമ്പ്, പേഴുംകര സ്വദേശി ഷഫീഖ് (24), പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ മേപ്പറമ്പു വെച്ചു കസ്റ്റഡിയിലെടുത്തത്.

ഈ മാസം 8 നു വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുട്ടിക്കുളങ്ങര ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായ ഷമീര്‍ ഓട്ടോയില്‍ വരുന്ന സമയം പാറലോട് എന്ന സ്ഥലത്തു ബൈക്കില്‍ കാത്തുനിന്ന നാല്‍വര്‍ സംഘം സ്റ്റീല്‍ പൈപ്പ് കൊണ്ട് തലക്കടിച്ചും, കത്തികൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയത്.

ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടിയ ഷമീറിനെ പിന്നിലൂടെ ഓടിച്ചിട്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്ത് വീണു കിടന്ന ഷമീറിനെ നേരം ഇരുട്ടിയതിനാല്‍ ആരും ശ്രദ്ധിച്ചില്ല. സംഭവത്തിനു ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.

പ്രതികളുടെ കുടുംബത്തിലെ ഒരു സത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് പ്രതികള്‍ ആയുധവുമായി കാത്തുനിന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഷമീര്‍ അവിവാഹിതനാണ്.


ഒളിവില്‍ പോയ പ്രതികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയ കുറ്റത്തിനാണ് ഷഫീഖിനെ അറസ്റ്റു ചെയ്തത്. ഷഫീഖിന്റെ പേഴുംകരയിലുള്ള വാടക വീട്ടിലാണ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ IPS ന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത് .

പോലീസിന്റെ ഊര്‍ ജ്ജിതമായ അന്വേഷണമാണ് രണ്ടു ദിവസത്തിനകം പ്രതികളെ പിടികൂടാന്‍ സാധിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്, പ്രതികള്‍ ഒളിച്ചു താമസിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. നടപടി ക്രമങ്ങള്‍ക്കു ശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പാലക്കാട് ഡി.വൈ.എസ്.പി. G. D. വിജയകുമാര്‍ , സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. ഷംസുദ്ദീന്‍, ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ C. പ്രേമാനന്ദ കൃഷ്ണന്‍, S.I. S. രജീഷ്, ASI ശിവചന്ദ്രന്‍ , SCPO സതീഷ് ബാബു, പ്രശോഭ്, CPO മാരായ M. A.ബിജു ,A. നവോജ് ഷാ, C. N. ബിജു , V.B ജമ്പു , അജേഷ് ,ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ SI.ജലീല്‍, C.S. സാജിദ് , R. കിഷോര്‍, K. അഹമ്മദ് കബീര്‍, R. വിനീഷ്, R. രാജീദ്, S. ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.