സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ചു
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ അജ്ഞാതരുടെ ആക്രമണം. പൂജപ്പുര കുണ്ടമണ്‍ഭാഗം ദേവിനഗറില്‍ സ്ഥിതിചെയ്യുന്ന സാളഗ്രാമം ആശ്രമത്തിനുനേരേ ഇന്നു പുലര്‍ച്ചെ 2.30ഓടെയായിരുന്നു ആക്രമണം. അക്രമികള്‍ ആശ്രമത്തിനു മുന്നില്‍ ഉണ്ടായിരുന്ന 3 വാഹനങ്ങള്‍ കത്തിച്ചു. ഒരു മാരുതി ഒമ്‌നി വാന്‍, ഹോണ്ട സി.ആര്‍.വി കാര്‍, ഒരു ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ എന്നിവയാണ് അഗ്‌നിക്കിരയാക്കിയത്. ഒമ്‌നിവാന്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

വാഹനങ്ങള്‍ക്കു സമീപം ഒരു സ്‌കൂള്‍ബസ് നിര്‍ത്തിയിട്ടിരുന്നുവെങ്കിലും ബസ്സിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.

സംഭവം നടക്കുമ്പോള്‍ സ്വാമി ആശ്രമത്തിലുണ്ടായിരുന്നു. 3 മണിയോടെ വസതിയില്‍ നിന്നു തീയും പുകയും ഉയരുന്നതുകണ്ട പരിസരവാസികളാണ് ആശ്രമത്തില്‍ വിവരമറിയിക്കുന്നത്. തുടര്‍ന്ന് പൂജപ്പുര പോലീസിലും ചെങ്കല്‍ച്ചുള്ള ഫയര്‍‌സ്റ്റേഷനിലും അറിയിക്കുകയായിരുന്നു.



അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്. വാഹനങ്ങളെല്ലാം ഉപയോഗിക്കാന്‍ കഴിയാത്തവിധം കത്തിനശിച്ചിട്ടുണ്ട്. സന്ദീപാനന്ദഗിരി താമസിക്കുന്ന വീടിന്റെ സിറ്റ്ഔട്ടില്‍ പി.കെ ഷിബു, ഇത് ഒരു സൂചനമാത്രം...'' എന്നു രേഖപ്പെടുത്തിയ ഒരു റീത്ത് ഉണ്ടായിരുന്നു.


അടുത്ത കാലത്ത് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സന്ദീപാനന്ദഗിരി സ്വീകരിച്ച നിലപാടില്‍ അമര്‍ഷം പൂണ്ടവരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രതിഷേധസമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറും ബിജെപി സംസ്ഥാന പ്രസിഡന്റുമാണെന്ന് സന്ദീപാനന്ദഗിരി മാധ്യമങ്ങളോട് പറഞ്ഞു. പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മറാനാകില്ല.

നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം. ഭയപ്പെടുന്നില്ലെന്നും ആക്രമണത്തിനു മറുപടി പറയിപ്പിക്കുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണവിവരം അറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.