താരജാഡയുമില്ല, പ്രൗഡിയുമില്ല! കൗതുകമായി ആദിവാസികള്‍ക്കൊപ്പം മമ്മൂട്ടിയുടെ ഉടുക്കുകൊട്ട്!


കാസറഗോഡ്; സംസ്ഥാനം ഒട്ടാകെയുള്ള അംഗ പരിമിതരായ ആദിവാസികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ തുടക്കമിട്ടു.

മുള്ളേരിയ ഊരിലെ തൊണ്ണൂറു വയസുള്ള ആലമി മൂപ്പരെ സാക്ഷി നിര്‍ത്തി കാസറഗോഡ് ജില്ലാ കലക്ടര്‍ സജിത്തിനു മമ്മൂട്ടി ഉപകരണങ്ങള്‍ ആദ്യമായി കൈമാറി.

ആദ്യം കാസറഗോഡ് ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആദിവാസികള്‍ക്കും കളക്ടര്‍ വഴി സഹായം എത്തിക്കും. സമാനമായ ആവശ്യമുള്ള കേരളത്തിലെ മുഴുവന്‍ ആദിവാസികള്‍ക്കും വരും ദിവസങ്ങളില്‍ ഉപകരണങ്ങള്‍ എത്തിച്ചു കൊടുക്കും.

ആദിവാസികളുടെ കുടികളില്‍ അടിയന്തിരമായി ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് ബേളകം കോളനിയിലെ ആദിവാസികളുടെ സാന്നിധ്യത്തില്‍ കളക്ടര്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി.

അടുത്ത സാമ്പത്തിക വര്‍ഷം കെയര്‍ ആന്‍ഡ് ഷെയറിന്റ കൂടുതല്‍ സഹായങ്ങള്‍ കാസറഗോഡ് ജില്ലയിലെത്തിക്കാന്‍ സംഘടനയുടെ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴയെ മമ്മൂട്ടി ചുമതലപ്പെടുത്തി. സഹായം ആവശ്യമുള്ളവര്‍ക്ക് 04842377369 എന്ന നമ്പറില്‍ പ്രൊമോട്ടര്‍മാര്‍ മുഖേന ബന്ധപ്പെടണം എന്ന് ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ അറിയിച്ചു.

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ക്കു നന്ദി പറയാനും കൂടുതല്‍ സഹായങ്ങള്‍ ആവശ്യപ്പെടാനുമാണ് മൂപ്പനും സംഘവും കാടിറങ്ങി വന്നത്. വന്നവരാകട്ടെ തങ്ങളുടെ പരമ്പരാഗത ശൈലിയില്‍ ഉള്ള തുടി കൊട്ടി പാടിയപ്പോള്‍, മെഗാസ്റ്റാര്‍ അവരോടൊപ്പം ചേര്‍ന്നു.


ഒരു തുടി ചോദിച്ചു വാങ്ങി അവരോടൊപ്പം ചേര്‍ന്നു പതിനഞ്ചു മിനിറ്റോളം ആണ് മമ്മൂട്ടി കൊട്ടാന്‍ ശ്രമിച്ചത്. തങ്ങളുടെ തനതു ശൈലിയിലുള്ള കരകൗശല വസ്തുക്കളും പലഹാരങ്ങളുമെല്ലാം മമ്മൂട്ടിക്ക് സമ്മാനിക്കാനായി വന്ന മൂപ്പരുടെ നേതൃത്വത്തില്‍ മമ്മൂട്ടിയെ മുളകൊണ്ടുള്ള മാല അണിയിച്ചത് കൗതുകം ഉണര്‍ത്തി. കളക്ടറേയും മാല അണിയിക്കാന്‍ അവര്‍ മറന്നില്ല.

സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടു പത്തു വര്‍ഷം മുമ്പ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ രൂപീകരിച്ച ജീവകാരുണ്യ സംഘടനയാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. ആദിവാസിക്ഷേമത്തിനായി 'പൂര്‍വ്വികം' പദ്ധതി വഴി പലവിധ സഹായങ്ങള്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ലഭ്യമാക്കുന്നുണ്ട്.

ഹൃദ്രോഗികളായ നിര്‍ധനകുട്ടികള്‍ക്ക് ശസ്ത്രക്രിയാ സഹായമെത്തിക്കുന്ന 'ഹൃദയ സ്പര്‍ശം', അനാഥ കുട്ടികള്‍ക്കു വിദ്യാഭ്യാസ സഹായം എത്തിക്കുന്ന 'വിദ്യാമൃതം', ലഹരി ബോധവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള 'വഴികാട്ടി', വൃക്ക രോഗികള്‍ക്ക് ശസ്ത്രക്രിയാ സഹായം ലഭ്യമാക്കുന്ന 'സുകൃതം ' എന്നിവയാണ് കെയര്‍ ആന്‍ഡ് ഷെയറിന്റെ മറ്റു പദ്ധതികള്‍.

കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍മാരായ റോബര്‍ട്ട് കുര്യാക്കോസ്, എസ് ജോര്‍ജ് തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.

മമ്മൂട്ടി ഫാന്‍സ് ജില്ലാ ഭാരവാഹികള്‍ ആയ ഷാജഹാനും അന്‍ഷാദ് ചെമ്മാടും ചേര്‍ന്നു മുന്‍കൈയ്യെടുത്താണ് മൂപ്പനും സംഘത്തിനും മമ്മൂട്ടിയെ കാണാനുള്ള സാഹചര്യം ഒരുക്കിയത്. ഷൂട്ടിങ് പുരോഗമിക്കുന്ന 'ഉണ്ട' എന്ന പുതിയ ചിത്രത്തിന്‌റെ ലൊക്കേഷനായ കാസറഗോഡ് മുള്ളേരിയായിരുന്നു കൂടിക്കാഴ്ച്ച വേദി.