കുട്ടികളെ കുരുക്കാന്‍ ലഹരി നിറച്ച മിഠായികളും ഐസ്‌ക്രീമുമായി മാഫിയ, മാതാപിതാക്കള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന വീണ്ടും വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. മിഠായിയുടെയും ഐസ്‌ക്രീമിന്റെയും രൂപത്തിലുള്ള ലഹരിയുമായാണ് മാഫിയ കുട്ടികളെ പിടികൂടുന്നത്. പഴയ തരം സ്റ്റിക് ഐസുകളും ഇക്കൂട്ടത്തില്‍പ്പെടും.



വില കുറവായതുകൊണ്ടു തന്നെ ഇത്തരം മിഠായികള്‍ക്ക് വലിയ ഡിമാന്‍ന്‌റാണ് കുട്ടികള്‍ക്കിടയില്‍. ജെല്‍ മാതൃകയിലുള്ള മിഠായികളാണ് ഇവര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ചുണ്ടിലൊന്നു തൊട്ടാല്‍ തന്നെ കുട്ടികളെ ലഹരിക്കടിമയാക്കാന്‍ ഇത്തരം മിഠായികള്‍ക്കു സാധിക്കും.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ റെയ്ഡില്‍ ഇത്തരം ലഹരി കലര്‍ത്തിയ മിഠായികള്‍ കണ്ടെടുത്തിട്ടുണ്ട്.


കുട്ടികളെ ലഹരിക്കടിമയാക്കുന്ന മിഠായികള്‍ മുന്‍പും വിപണിയിലെത്തിരുന്നു. കടയുടമകളില്‍ പലരും ഇവയുടെ ദൂഷ്യവശമറിയാതെയാണ് വില്‍പന നടത്തിയിരുന്നത്.

ഒടുവില്‍ വലിയ ബോധവത്കരണ പരിപാടികള്‍ക്കുശേഷം ഇവയെ വിപണിയില്‍ നിന്നു തുടച്ചു നീക്കിയെന്ന് ആശ്വസിച്ചിരിക്കുന്നതിനിടയിലാണ് പുതിയ തന്ത്രങ്ങളുമായി ലഹരി മാഫിയ എത്തിയിരിക്കുന്നത്. മാത്രമല്ല കടക്കാര്‍ തന്നെ ഇത്തരം മാഫിയകള്‍ക്കു കുട പിടിക്കുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

കൂടുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രശ്നത്തിന്റെ തീവ്രത ഉള്‍ക്കൊണ്ടുകൊണ്ട് മാതാപിതാക്കളും അധ്യാപകരും പൊതു സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.