അശ്ലീല വിഡിയോയുടെ ഇരയല്ല ഞാന്‍! ആത്മാഭിമാനം പോരാടി നേടിയ ശോഭയുടെ ജീവിതം സൈബര്‍ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് മാതൃക
വാട്ട്‌സാപ്പില്‍ പ്രചരിച്ചതു തന്‌റെ നഗ്നചിത്രമല്ലെന്ന് കെഞ്ചിപറഞ്ഞിട്ടും വിശ്വസിക്കാതെ ഭര്‍ത്താവും മക്കളും കൈവിട്ടപ്പോഴും, ഉണ്ടായ നാണക്കേട് മായ്ക്കാന്‍ യുദ്ധത്തിനിറങ്ങി പുറപ്പെട്ട പെണ്‍മനസിന്‌റെ പേരാണ് ഇന്ന് ശോഭ. ശോഭയുടേതെന്ന പേരില്‍ വാട്ട്‌സാപ്പില്‍ പ്രചരിച്ച ആ നഗ്നചിത്രത്തിനു പിന്നില്‍ ഭര്‍ത്താവിന്‌റെ പങ്കും പോലീസ് പരിശോധിച്ചു വരികയാണ്...



സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ആക്രമണത്തിന് ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഇത്തരം ആക്രമണത്തിന് ഇരയാകുന്നത്. സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലുതാണ് അവരുടെ ആത്മാഭിമാനം. ചെയ്യാത്ത തെറ്റിന് ഇരയാകുമ്പോള്‍ അവരുടെ വിശുദ്ധി ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവര്‍ക്കതു താങ്ങാനാകില്ല. ഇത്തരം ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകളില്‍ ചിലരെങ്കിലും ആത്മാഭിമാനം നഷ്ടപ്പെടുമെന്നു ഭയന്ന് ആത്മഹത്യ ചെയ്യുമ്പോള്‍ ചിലര്‍ അസാമാന്യ ധൈര്യം കാട്ടി അനീതിക്കെതിരെ പോരാടും.

ഇങ്ങനെ പോരാടുന്നവരുടെ, പോരാടാനുറച്ചവരുടെ കൂട്ടത്തില്‍ തന്‌റെ പേര് കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ് തൊടുപുഴ കരിങ്കുന്നം സ്വദേശി ശോഭ. 2016 മുതല്‍ ഇക്കഴിഞ്ഞ രണ്ടരവര്‍ഷക്കാലം താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ക്കും വേദനയ്ക്കും പകരമാവില്ലെങ്കിലും ഈ വിധി തന്‌റെ ആത്മാഭിമാനം തിരികെ തന്നുവെന്നതിന്‌റെ സന്തോഷത്തിലാണ് ശോഭ.

സംഭവം ഇങ്ങനെ. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവിന്‌റെ സുഹ്ൃത്തുക്കളുടെ ഗ്രൂപ്പിലാണ് ആദ്യം ആ നഗ്നചിത്രം പ്രത്യക്ഷപ്പെട്ടത്. ശോഭയുടെതെന്ന പേരില്‍ ഈ ചിത്രം പ്രചരിച്ചതോടെ ഭര്‍ത്താവ് പിണങ്ങിപ്പോയി. ചിത്രം പ്രചരിക്കുന്നതിനു മുന്‍പുതന്നെ ശോഭയുമായി ചെറിയ സ്വരക്കേടുകളുണ്ടായിരുന്ന ഭര്‍ത്താവു 10-ാം നാള്‍ വിവാഹമോചനത്തിനു നോട്ടീസ് അയച്ചു. ആകെ തകര്‍ന്നു പോയ ശോഭയെ മനസിലാക്കാതെ മക്കളും കുറ്റപ്പെടുത്തി. അവരും അകന്നു.


എന്നാല്‍ തകര്‍ന്നുപോകാന്‍ ശോഭ തയാറായിരുന്നില്ല. പ്രചരിക്കുന്ന ചിത്രം തന്‌റേതല്ലെന്ന് തെളിയിക്കണം എന്നുറച്ച് അവര്‍ പിന്നീടുളള പോരാട്ടം നടത്തിയത് ഇതിനു വേണ്ടിയായിരുന്നു.

ഈ ചിത്രം വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ച ഭര്‍ത്താവിന്‌റെ കമ്പനിയിലെ ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്തു. ഈ ചിത്രം അയച്ച ആളെക്കുറിച്ചും സൂചന കിട്ടിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സംസ്ഥാനത്തെ പോലീസ് ഫോറന്‍സിക് ലാബില്‍ രണ്ടു തവണ പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ചിത്രം സിഡാക്കിനു കൈമാറുന്നത്.

രണ്ടര വര്‍ഷത്തിനിപ്പുറം നീണ്ട പോരാട്ടത്തിനൊടുവില്‍ സൈബര്‍ ഫോറന്‍സിക് കേസുകളില്‍ അന്തിമവാക്കായ സിഡാക് ആ ചിത്രം ശോഭയുടേതല്ലെന്നു വിധിച്ചപ്പോള്‍ തെളിഞ്ഞത് ഈ വീട്ടമ്മയുടെ ആത്മാഭിമാനമാണ്. താന്‍ തെറ്റുകാരിയല്ലെന്ന് മക്കളുടെ മുന്നില്‍ തെളിയിക്കാനും നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാനുമായിരുന്നു തന്‌റെ പോരാട്ടമെന്നാണു ശോഭ പറയുന്നത്. ഈ വിധിയോടെ നഷ്ടപ്പെട്ട ആത്മാഭിമാനം തിരിച്ചുകിട്ടിയെങ്കിലും പോരാട്ടം അവസാനിപ്പിക്കാന്‍ ശോഭ തയാറല്ല.

നഗ്നചിത്രം നിര്‍മിച്ചവനെയും തന്‌റെ പേരില്‍ പ്രചരിപ്പിച്ചവനെയും കണ്ടെത്തും വരെ പോരാട്ടം തുടരാനാണു ശോഭയുടെ തീരുമാനം.

ഭര്‍ത്താവുമായി രസക്കേടുകള്‍ ഉണ്ടായിരുന്നുവെന്നും ഭര്‍ത്താവിനെ സംശയിക്കുന്നുണ്ടെന്നു ശോഭ പരാതി നല്‍കിയിട്ടുണ്ടെന്നും കൊച്ചി അസിസ്റ്റന്‌റ് പോലീസ് കമ്മീഷണര്‍ കെ. ലാല്‍ജി വെളിപ്പെടുത്തി. ഇത്തരത്തില്‍ അപവാദം പ്രചരിപ്പിക്കുന്നതു കുറ്റകൃത്യമാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുവാന്‍ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.

എന്തായാലും, സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്നുപോകുന്ന സ്ത്രീകള്‍ക്കു മാതൃകയും പ്രചോദനവുമാകുകയാണ് രണ്ടരവര്‍ഷം നീണ്ട കഠിന പോരാട്ടത്തിലൂടെ ശോഭ സജു നേടിയ വിജയം.