"മഹുവ' മോന്താന്‍ എത്തിയവര്‍ കണ്ടത് അടിച്ച് പൂസായി ഉറങ്ങുന്ന ആനകളെ; സംഭവം ഒഡീഷയിൽ
Thursday, November 10, 2022 8:20 AM IST
സാധാരണയായി മദ്യപിച്ചെത്തുന്നവരെ "നാല് കാലില്‍ വരിക’ എന്ന് പറയാറുണ്ടല്ലൊ. എന്നാല്‍ ഒഡീഷയിലെ ഒരു ഗ്രാമത്തില്‍ വെള്ളമടിച്ചവര്‍ നാലുകാലുള്ളവര്‍ തന്നെയായിരുന്നു.

പക്ഷെ ഈ കുടിയന്മാര്‍ മറ്റാരുമല്ല കാട്ടിലെ ആനകളായിരുന്നു. ഒന്നും രണ്ടുമല്ല ഒന്‍പതു കൊമ്പന്മാരും ആറു പിടിയാനകളും ഒമ്പത് കുട്ടിയാനകളുമടക്കം 24 ആനകളാണ് ഇത്തരത്തില്‍ മദ്യപിച്ചത്.

കിയോഞ്ചര്‍ ജില്ലയിലാണ് സംഭവം. അവിടുത്തെ ഗ്രാമവാസികള്‍ അവരുടെ പരമ്പരാഗത നാടന്‍ മദ്യമായ "മഹുവ’ തയ്യാറാക്കാന്‍ വനത്തിനുള്ളിലേക്ക് പോയപ്പോഴാണ് ഈ കാഴ്ച കണ്ടത്.

മഹുവ തയ്യാറാക്കാനായി മഹുവ മരത്തിന്‍റെ പൂക്കള്‍ (മധൂക്ക ലോങ്കിഫോളിയ) ഇവര്‍ ഉപയോഗിക്കുമായിരുന്നു. ഇത്തരത്തില്‍ മഹുവ പൂക്കള്‍ വെള്ളത്തിലിട്ട് വെച്ച് പുളിപ്പിച്ചെടുത്ത് തയാറാക്കുന്ന നാടന്‍ മദ്യമാണ് ആനകള്‍ കുടിച്ചുതീര്‍ത്തത്.

നാട്ടുകാര്‍ കാട്ടില്‍ കോട സൂക്ഷിച്ചിടത്ത് എത്തുമ്പോള്‍ ആനകള്‍ കൂട്ടമായി ഉറങ്ങുന്നതു കണ്ടു. പരിശോധിച്ചപ്പോള്‍ ലഹരിപാനീയം മുഴുവന്‍ കുടിച്ച ശേഷമാണ് ഈ ഉറക്കമെന്നും മനസിലായി.

അവര്‍ പലതരത്തില്‍ ആനകളെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ സമീപത്തെ പടാന്ന റേഞ്ചില്‍ നിന്നെത്തിയ വനംവകുപ്പ് ജീവനക്കാര്‍ ഡ്രമ്മില്‍ ശബ്ദമുണ്ടാക്കിയാണ് ആനകളെ എഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് ആനകള്‍ ഉള്‍ക്കാട്ടിലേക്ക് പോവുകയും ചെയ്തു.

എന്നാല്‍ കോട ആനകള്‍ കുടിച്ചിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ഏതായാലും ആനകളുടെ ഒരൊന്നൊന്നര ചെയ്ത്തായിപ്പോയി എന്നാണ് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.