"ഇന്ത്യയില്‍ നിന്ന് സ്നേഹം അയയ്ക്കുന്നു'; വൈറലായി തുര്‍ക്കി അംബാസഡറുടെ കുറിപ്പ്
Saturday, February 11, 2023 12:33 PM IST
ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഒന്നാണല്ലൊ തുര്‍ക്കിയിലുണ്ടായ ഭൂകമ്പവും തുടര്‍ന്നുള്ള നാശനഷ്ടവും. ഏകദേശം 25,000ല്‍ പരം ജനങ്ങള്‍ക്കാണ് ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.
വിവിധ രാജ്യങ്ങള്‍ സഹായഹസ്തവുമായി തുര്‍ക്കിയിലേക്കും സിറിയയിലേക്കും എത്തിയിട്ടുണ്ട്. ഇന്ത്യയും തുര്‍ക്കിക്ക് സഹായവുമായി എത്തുകയുണ്ടായി.
ഇപ്പോഴിതാ തുര്‍ക്കി അംബാസഡര്‍ ഫിരത് സുനല്‍ പങ്കുവച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഭൂകമ്പം ബാധിച്ച തുര്‍ക്കിക്ക് ഒരു ഇന്ത്യന്‍ കുടുംബം 100 പുതപ്പുകള്‍ സംഭാവന ചെയ്തതിനെക്കുറിച്ചാണ് കുറിപ്പിലുള്ളത്.പുതപ്പയച്ച ഇന്ത്യക്കാര്‍ ഒപ്പം വച്ച കത്തിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയില്‍ നിന്ന് സ്നേഹം അയയ്ക്കുന്നു എന്നുതുടങ്ങുന്ന കത്തില്‍ എല്ലാ തുര്‍ക്കി ജനതയ്ക്കും ഞങ്ങളുടെ ആദരവ്. തുര്‍ക്കിയിലെ പ്രകൃതി ദുരന്തത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടതില്‍ ഞങ്ങളെല്ലാവരും വളരെ ആശങ്കാകുലരാണ്. ഈ വേളയില്‍ ഞങ്ങള്‍ എല്ലാ ഇന്ത്യക്കാരും ദുഃഖത്തില്‍ തുര്‍ക്കിക്കൊപ്പം നില്‍ക്കുന്നു. ദൈവം തുര്‍ക്കിയെ അനുഗ്രഹിക്കുകയും ഈ പ്രശ്നത്തെ നേരിടാന്‍ ധൈര്യം നല്‍കുകയും ചെയ്യട്ടെ.' എന്നിങ്ങനെയാണുള്ളത്.
കുല്‍ദീപ്, അമര്‍ജീത്, സുഖ്ദേവ്, ഗൗരവ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ലോകമെല്ലാം ഒരു കുടുംബമെന്ന് സൂചിപ്പിച്ചവസാനിപ്പിക്കുന്ന ഈ കത്ത് സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായി.
വൈറലായി മാറിയ പോസ്റ്റിന് നിരവധി അഭിപ്രായങ്ങളും ലഭിക്കുകയുണ്ടായി. "എല്ലാവരുടെയും കരങ്ങള്‍ അവിടേയ്ക്കെത്തട്ടെ; തുര്‍ക്കി വേഗം പഴയതുപോലെയാകട്ടെ' എന്നാണൊരാള്‍ കുറിച്ചത്.