'തീക്കളി' കൊണ്ട് ഗിന്നസ് റിക്കാര്‍ഡ്സിൽ ഇടംപിടിച്ച് യുവതി
Saturday, September 16, 2023 12:45 PM IST
ഗിന്നസ് റിക്കാര്‍ഡ്സില്‍ ഇടംപിടിക്കാന്‍ മറ്റാരും സഞ്ചരിക്കാത്ത പാതകളിലൂടെ സഞ്ചരിക്കുന്ന നിരവധിപേര്‍ ഈ ലോകത്തുണ്ട്.
ചിലരാകട്ടെ ഒരു കാര്യം മറ്റുള്ളവര്‍ ചെയ്യുന്നതിലും മികച്ച രീതിയില്‍ ചെയ്തുകൊണ്ടായിരിക്കും റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിക്കുക.
അത്തരത്തിലൊരാളാണ് ഗ്രേസ് ഗുഡ്, ലോകമറിയപ്പെടുന്ന സര്‍ക്കസ് അഭ്യാസിയായ ഗ്രേസ് തന്റെ അസാധാരണ മെയ്വഴക്കത്താല് ആരാധകരെ നിരന്തരം വിസ്മയിപ്പിക്കാറുണ്ട്.
തീകൊണ്ടുള്ള അഭ്യാസങ്ങളാണ് ഗ്രേസിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. ശരീരത്തില്‍ തീവളയങ്ങള്‍ ചലിപ്പിച്ചു കൊണ്ടുള്ള ഗ്രേസിന്റെ പ്രകടനം അടുത്തിടെ അവരെ രണ്ട് ഗിന്നസ് റിക്കാര്ഡുകളിലേക്ക് നയിക്കുകയും ചെയ്തു.
ഒരേ സമയം എട്ട് അഗ്നിവളയങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ചുഴറ്റിയാണ് അവര്‍ ആദ്യ ഗിന്നസ് റിക്കാര്‍ഡ് കരസ്ഥമാക്കിയത്. എട്ടു തീവളയങ്ങളാണ് ഗ്രേസ് ഒരേസമയം ശരീരത്തില്‍ ഇട്ടു ചലിപ്പിച്ചത്.
ഉരുളുന്ന ഗോളത്തിനു മുകളില്‍ കയറി ശരീരത്തില്‍ അഗ്നിവളയങ്ങള്‍ ചുഴറ്റി മറ്റൊരു ഗിന്നസ് റിക്കാര്‍ഡു കൂടി ഈ 30കാരി സ്വന്തമാക്കി. 28 തവണ ശരീരത്തിലൂടെ അഗ്നിവളയങ്ങള്‍ ചുഴറ്റിയാണ് ഈ റിക്കാര്‍ഡ് സ്ഥാപിച്ചത്.
18-ാം വയസില്‍ ശാരീരിക അഭ്യാസം തുടങ്ങിയ ഗ്രേസ് തന്റെ റിക്കാര്‍ഡിന്റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സില്‍ ഇടം പിടിക്കുക തന്റെ ജീവിതത്തിലെ വലിയൊരു ലക്ഷ്യമായിരുന്നുവെന്നും 'അമേരിക്കാസ് ഗോട്ട് ടാലന്റില്‍' പ്രകടനം നടത്തുകയായിരുന്നു മറ്റൊരു ലക്ഷ്യമെന്നും പറഞ്ഞ ഗ്രേസ് ഇതു രണ്ടും ഒരേ സമയം നടന്നതില്‍ അതീവ സന്തുഷ്ടയാണെന്നും വ്യക്തമാക്കി.