ഒന്നല്ല 70,000 ലോലിപോപ്പുകൾ, അക്കൗണ്ടിൽ നിന്നും പോയത് 3.3 ലക്ഷം; എട്ടു വയസുകാരന്റെ വികൃതി
Thursday, May 8, 2025 11:48 AM IST
ഫോൺ ഉപയോഗത്തിലെ കുട്ടികളുടെ വേഗവും കൃത്യതയുമൊക്കെ ആരെയും അതിശയിപ്പിക്കും. കാരണം കുഞ്ഞു വിരലുകൾ ഉപയോഗിച്ച് ടച്ച് സ്ക്രീനിൽ തോണ്ടി തോണ്ടി നീക്കുന്നതുമൊക്കെ കാണാൻ നല്ല രസമാണല്ലേ. പക്ഷേ, ചിലപ്പോഴൊക്കെ കുട്ടികളുടെ ഫോൺ ഉപയോഗം മാതാപിതാക്കൾക്ക് വലിയ പണിയും നൽകും.
ചിലപ്പോൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൊക്കെ കയറി അവർക്കു വേണ്ടത് അങ്ങു വാങ്ങിക്കും. പണമെത്രയാണെന്നൊന്നും നോക്കില്ല. അങ്ങനെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അതുപോലൊന്നാണ് കെന്റക്കിയിലെ ഒരു എട്ട് വയസ്സുകാരൻ ചെയ്തത്. മാതാപിതാക്കൾ അറിയാതെ ആമസോൺ വഴി ഓർഡർ ചെയ്തത് ഒന്നും രണ്ടുമല്ല എഴുപതിനായിരം ലോലിപോപ്പുകള്‍. അവയുടെ വില എത്രായണെന്നോ ഏകദേശം 3.3 ലക്ഷം രൂപ.
കെന്റക്കിയിലെ ഹോളി ലാഫേഴ്സിന്റെ മകനാണ് എട്ട് വയസുള്ള ലിയാം. അവൻ ഒരു ദിവസം അമ്മയുടെ ഫോൺ എടുത്ത് എഴുപതിനായിരത്തോളം ലോലിപോപ്പുകൾക്ക് ഓർഡർ കൊടുത്തു. എപ്പഴോ ലാഫേഴ്സ് ഫോൺ പരിശോധിച്ചപ്പോഴാണ് ഈ ഓർഡർ കണ്ട് ഞെട്ടിയത്. ഓറ്്ഡർ ക്യാൻസൽ ചെയ്യാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും 22 വലിയ പെട്ടികളിലായി ലോലിപോപ്പ് വീട്ടുപടിക്കൽ എത്തിയിരുന്നു.
അതിനേക്കാളൊക്കെ ലാഫേഴ്സ് ഞെട്ടിയത് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ്.
അക്കൗണ്ടിൽ നിന്നും 4,000 ഡോളർ അതായത് 3.3 ലക്ഷം രൂപയാണ് ആ ഒറ്റ ഓർഡറിൽ ബാങ്കില്‍ നിന്നും പോയത്. ഇത്രയും കണ്ടതോടെ അവർ ബോധരഹിതയായിപ്പോയിയെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവേ അവർ പറഞ്ഞത്.
ഒന്നൂടെ ഫോൺ പരിശോധിച്ചപ്പോൾ ഇനിയും വരാനുണ്ട് എട്ടുപെട്ടി ലോലിപോപ്പുകൾ എന്നു മനസിലായത്. ഉടനെ കൊറിയർ സർവീസുകാരുമായി ബന്ധപ്പെട്ട് ആ പാക്കേജുകൾ തിരിച്ചയച്ചു. ആമസോണുമായി ബന്ധപ്പെട്ട് കാര്യങ്ങളൊക്കെ അവരോട് വിശദമായി വിവരിച്ചതോടെ അവർ സാധനം തിരികെ എടുത്ത് പണം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ലാഫേഴ്സ് പറയുന്നു.